20 May Monday

നാടണയാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കണം: പ്രവാസി സമൂഹത്തിൽ പ്രതിഷേധം ഇരമ്പുന്നു

സാം പൈനുംമൂട്‌Updated: Thursday Jun 4, 2020

സാം പൈനുംമൂട്‌

സാം പൈനുംമൂട്‌

നമ്മുടെ അയൽ രാജ്യങ്ങളും പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ടവരുമായ ശ്രീലങ്ക , നേപ്പാൾ, ബർമ്മ, ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരോട് ആ രാജ്യങ്ങളിലെ ഭരണാധികാരികൾ കാണിക്കുന്ന പ്രവാസി സൗഹാർദ്ദസമീപനം ഇന്ത്യൻ അധികൃതരിൽ നിന്നും ഉണ്ടാകാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. വന്ദേ ഭാരത് മിഷൻ മേയ് മാസം 7 ന് ആരംഭിച്ചുവെങ്കിലും എത്ര പ്രവാസികളെ മാതൃരാജ്യത്ത് എത്തിച്ചു? ജോലിയും വേതനവുമില്ലാതെ കഴിഞ്ഞ മൂന്നു മാസമായി അടച്ചിട്ട മുറിയിൽ കഴിയുന്ന മിച്ച ക്രയ ശക്തിയില്ലാത്ത ജനങ്ങളിൽ നിന്നും വലിയ തുകയാണ് വിമാനക്കൂലിയായും ക്വാറൻ്റെൻ ഫീസ് ഇനത്തിലും ഈടാക്കുന്നത്.മുൻഗണനാ പട്ടികയിലെ തിരിമറികൾ വേറെയും. തിങ്ങി വിങ്ങുകയാണ് പ്രവാസി സമൂഹം! കേന്ദ്ര ഗവൺമെൻ്റ് ആർത്തിയുടെ കെണിയിലാണോ? ഗവൺമെൻ്റിൻ്റെ അധാർമ്മികമായ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയാണ് പ്രവാസി സമൂഹത്തിൽ...സാം പൈനുംമൂട്‌ എഴുതുന്നു

കുടിയിറക്കം , രോഗം , മരണം , പട്ടിണി ,മടക്കയാത്ര , പുനരധിവാസം ..... പ്രവാസ ലോകത്തിൽ പ്രതിഷേധം ഇരമ്പുന്നു. പ്രവാസ ലോകത്തു നിത്യേന നടക്കുന്ന മരണങ്ങളാണ് കോവിഡ് കാലത്തെ പ്രധാന സംസാരം. ഇന്ത്യക്കാരൻ്റെ ദേശാന്തര കുടിയേറ്റം മറ്റൊരു കാലത്തും ഇത്രയേറെ ചർച്ചയായിട്ടില്ല. അതിനു നിദാനമായതാകട്ടെ ലോകമാസകലം ആഞ്ഞടിക്കുന്ന കോവിഡ് എന്ന "ഈശാന മൂലൻ " കൊടുങ്കാറ്റാണ്. പല കപ്പലുകളിൽ ജീവിതയാത്ര നടത്തുന്ന മനുഷ്യസമൂഹത്തെ കൊടുങ്കാറ്റുകൾ എങ്ങനെയൊക്കെ പ്രതികൂലമാക്കുന്നുവെന്ന ചരിത്ര സംഭവങ്ങൾ വേദപുസ്തകത്തിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും പ്രതിപാദിക്കുന്നുണ്ട്.പുതിയ നിയമത്തിൽ അപ്പോസ്തോല പ്രവർത്തികൾ 27 : 14 ലാണ് ഈശാനമൂലൻ പ്രതിപാദ്യം രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രവാസം എന്നും ആശങ്കാജനകമായ മാനസികാവസ്ഥയാണ് പരദേശികൾക്ക് സമ്മാനിക്കുന്നത്. പ്രവാസ ലോകത്തു നടക്കുന്ന മരണം നിത്യേന വർദ്ധിക്കുന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു. ഇത് എഴുതുമ്പോൾ കുവൈറ്റിൽ നടന്ന കോവിഡ് മരണങ്ങളുടെ എണ്ണം 220. ഇന്ത്യക്കാർ 115. അതിൽ മലയാളികൾ 32. കോവിഡ് ഇതര മരണങ്ങൾ മലയാളിയുടേത് 16. ഗൾഫിൽ ആകെ മരണം ആയിരം കവിഞ്ഞത് ആശങ്കാജനകമാകുന്നു. ആത്മഹത്യ പ്രവണതയും കുറവല്ല. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പല സുഹൃത്തുക്കളും ആരോഗ്യരംഗത്തെ പ്രവർത്തകരും നിലവിൽ രോഗബാധിതരായി ആശുപത്രികളിലും വീടുകളിലുമായി കഴിയുന്ന സാഹചര്യമാണ്
സംജാതമായിരിക്കുന്നത്.

പരദേശവാസികളായ ഇന്ത്യക്കാരുടെ ഔദ്യോഗിക കണക്ക് എവിടെയും ലഭ്യമല്ല. ഇന്ത്യയിൽ നിന്നുമുള്ള ഗൾഫ് പ്രവാസികളുടെ കണക്ക് 80 ലക്ഷം എന്നാണ് കരുതപ്പെടുന്നത്. ഇതിൽ പകുതിയോളം മലയാളികൾ എന്നതും ഏകദേശ കണക്കാണ്. ഇന്ത്യൻ എംബസികളുടെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിൻ്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നത് യാഥാർഥ്യമാണ്. ആയതിനാൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ സൗഹൃദമല്ലാത്ത നിലപാടുകൾ പ്രവാസ ലോകത്ത് വലിയ നിരാശ പരത്തിയിരിക്കുകയാണ്‌. ദോഷം പറയരുതല്ലോ, ഇന്ത്യൻ എംബസിയിലുള്ള മലയാളി ഉദ്യോഗസ്ഥന്മാർ അവരുടെ കടമ നിർവ്വഹിക്കുന്നുവെന്നത് പ്രവാസി സമൂഹത്തിന് അത്താണിയാണ്.

നമ്മുടെ അയൽ രാജ്യങ്ങളും പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ടവരുമായ ശ്രീലങ്ക , നേപ്പാൾ, ബർമ്മ, ബംഗ്ലാദേശ് ,പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരോട് ആ രാജ്യങ്ങളിലെ ഭരണാധികാരികൾ കാണിക്കുന്ന പ്രവാസി സൗഹാർദ്ദസമീപനം ഇന്ത്യൻ അധികൃതരിൽ നിന്നും ഉണ്ടാകാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. വന്ദേ ഭാരത് മിഷൻ മേയ് മാസം 7 ന് ആരംഭിച്ചുവെങ്കിലും എത്ര പ്രവാസികളെ മാതൃരാജ്യത്ത് എത്തിച്ചു? ജോലിയും വേതനവുമില്ലാതെ കഴിഞ്ഞ മൂന്നു മാസമായി അടച്ചിട്ട മുറിയിൽ കഴിയുന്ന മിച്ച ക്രയ ശക്തിയില്ലാത്ത ജനങ്ങളിൽ നിന്നും വലിയ തുകയാണ് വിമാനക്കൂലിയായും ക്വാറൻ്റെൻ ഫീസ് ഇനത്തിലും ഈടാക്കുന്നത്.മുൻഗണനാ പട്ടികയിലെ തിരിമറികൾ വേറെയും. തിങ്ങി വിങ്ങുകയാണ് പ്രവാസി സമൂഹം! കേന്ദ്ര ഗവൺമെൻ്റ് ആർത്തിയുടെ കെണിയിലാണോ? ഗവൺമെൻ്റിൻ്റെ അധാർമ്മികമായ നിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയാണ് പ്രവാസി സമൂഹത്തിൽ.

കോവിഡ് കാല ദുരിതാനുഭവങ്ങൾ പ്രവാസികളെ നാടണയാൻ പ്രേരിപ്പിക്കുകയാണ്. ടിക്കറ്റ് എടുക്കാൻ ശേഷിയില്ലാത്തവർ , ഗർഭിണികൾ , രോഗികൾ , വിസാ കാലാവധി തീർന്നവർ,വയോധികർ , വിദ്യാർത്ഥികൾ മുൻഗണനാക്രമങ്ങൾ നീളുകയാണ്. വിമാനകൂലി കൂടാതെ ക്വാറൻ്റൈൻ ഫീസ് , കോവിഡ് ടെസ്റ്റ് അടക്കമുള്ള തുക കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിൽ നിന്നും വന്ദേ ഭാരത് മിഷൻ്റെ ഭാഗമായി ഈടാക്കുന്നുണ്ട്. ഒഴിപ്പിക്കൽ നടപടികൾ ഇന്ത്യക്ക് ഇത് ആദ്യമല്ല. 1990 ലെ ഇറാഖ്‌ - കുവൈറ്റ് അധിനിവേശത്തെതുടർന്നു നടന്ന ഒഴിപ്പിക്കൽ പ്രക്രീയയിൽ ഞാനും പങ്കാളിയായിരുന്നു. അന്ന് കുവൈറ്റിൽ ഉപജീവനം നടത്തിയിരുന്ന ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാർക്ക് തിരിച്ചു പോകുവാനും നഷ്ടപരിഹാരം ഉറപ്പാക്കാനും അന്നത്തെ കേന്ദ്ര ഗവൺമെൻ്റ് നടപടികൾ സ്വീകരിച്ചു . കേരളം ഭരിച്ചിരുന്ന ഇടത് പക്ഷ ജനാധിപത്യ ഗവൺമെൻ്റും നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾ സ്മരണീയമാണ്. അഭിമാനകരവും.

ഇതിനോടകം എത്ര ഇന്ത്യക്കാർ പ്രവാസ ലോകത്തു മരണപ്പെട്ടു? അതിൽ കോവിഡ് ബാധിതർ എത്ര? അനുബന്ധ മരണങ്ങൾ എത്ര? കോവിഡു ബാധിച്ച് മരിക്കുന്നതു കൃത്യമായി ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുമോ? ഈ ദാരുണ മരണ വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ സമൂഹത്തെ അറിയിക്കേണ്ടതല്ലേ? ജാഗ്രതയോടു കൂടി പ്രവർത്തിക്കുന്ന മലയാളി മാധ്യമ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലുകളാണ് കൃത്യമായ സ്ഥിതിവിവര കണക്കുകൾ പുറംലോകം അറിയാൻ സഹായിക്കുന്നത്. പ്രവാസ ലോകത്തു പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും ഈ കോവിഡ് കാലത്തു വഹിക്കുന്ന ദൗത്യം ശ്ലാഘനീയമാണ്.

കേരളത്തിന് പുറത്ത് എല്ലായിടങ്ങളിലും"നോർക്ക ഹെൽപ്പ് ഡെസ്ക് " പ്രവാസി പ്രവർത്തനങ്ങളെ കേരള ഗവൺമെൻ്റുമായി ഏകോപിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നു. കുവൈറ്റിൽ കല, കെ. എം. സി. സി , കെ. ഐ. ജി , കെ. കെ. എം. എ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,ഒ. ഐ. സി. സി എന്നീ സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെങ്കിൽ ചൂഷണത്തിൻ്റെ കഥകൾ തുടർകഥകളാകുമായിരുന്നു. ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിക്കുന്നതിൽ ഈ സംഘടനകൾ തമ്മിൽ മത്സരിക്കുന്നതും കാണാമായിരുന്നു.

ബിഷപ് മൂർ കോളേജ് അലൂമിനി അസോസിയേഷൻ , തനിമ , സാന്ത്വനം , സാരഥി , G K P A , S M C A , ഇന്ത്യൻ ബിസിനസ്സ് കൗൺസിൽ, I C S G , Foke , കുവൈറ്റ് എഞ്ചിനിയേഴ്സ് ഫോറം തുടങ്ങിയ ചെറുതും വലുതുമായ സംഘങ്ങളും നൽകിയ സേവനങ്ങൾ വിസ്മരിക്കാവുന്നതല്ല. പ്രവാസ ലോകത്ത് പൊതുവേ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സാമൂഹ്യ പ്രതിബന്ധതയുള്ള സന്നദ്ധ സംഘങ്ങളാണ്. ചില വ്യവസായ പ്രമുഖരും അവരുടെ സ്ഥാപനങ്ങളും പേരു വെളിപ്പെടുത്താനിഷ്ടപ്പെടാത്ത നിരവധി വ്യക്തിത്വങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈയ്യ്താങ്ങുമായി എത്തിയതും അഭിമാനപൂർവ്വം രേഖപ്പെടുത്തുന്നു.

കോവിഡ് കാലത്തു കേട്ട സന്തോഷ വാർത്തകളിൽ ഏറെ പ്രാധാന്യമുള്ളതാണ് കേരള ഹൈക്കോടതി വിധി.നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന, വിമാന ടിക്കറ്റ് വിലക്കു വാങ്ങാൻ കഴിവില്ലാത്ത എല്ലാ പാവപ്പെട്ട പ്രവാസികൾക്കും ഇന്ത്യൻ എംബസിയുടെ ക്ഷേമനിധിയിൽ നിന്നും ടിക്കറ്റ് നൽകണമെന്നാണ് കേരള ഹൈക്കോടതിയുടെ വിധിന്യായത്തിൽ പറയുന്നത്. നിവൃത്തിയില്ലാത്ത പ്രവാസികൾ വ്യക്തിഗതമായ നിവേദനം അതാതു രാജ്യങ്ങളിലെ എംബസിക്കു കൊടുത്താൽ അവരുടെ നിജസ്ഥിതി പരിശോധിച്ച് വൈകാതെ എംബസി തീരുമാനം നടപ്പാക്കണം. ഇതാണ് ജസ്റ്റിസ് അനു ശിവരാമൻ വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നത്. പ്രവാസി സംഘങ്ങളായ " ഇടം " റിയാദ് , "കരുണ'' ഖത്തർ , "ഗ്രാമം" യു. എ. ഇ. എന്നിവരുടെ നേതൃത്വമാണ് ഈ ചരിത്രവിധി നേടിയെടുത്തത്. വിവിധ GCC രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസ്സികളിൽ കോടികണക്കിന് രൂപയാണ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടായി (I C W F) സ്വരൂപിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ ഗവൺമെൻ്റ് നൽകുന്ന ഔദാര്യമല്ല. പിന്നെയോ, കാലാകാലങ്ങളായി പ്രവാസികളിൽ നിന്നും സമാഹരിച്ചതാണ് ഈ തുക !

പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അർഹിക്കുന്ന രീതിയിൽ പരിഗണിക്കപ്പെടുകയോ , പരിഹരിക്കപ്പെടുകയോ ചെയ്യാൻ ശ്രമിച്ചത് കേരളമാണ്. ലോക കേരള സഭ എന്ന ആശയം സാർത്ഥകമായത് അങ്ങനെയാണ്.
ലോകത്തിൻ്റെ എല്ലാ വൻകരകളിലുമായി ചിതറി കിടക്കുന്ന മലയാളിയുടെ ക്രയശേഷിയും ബൗദ്ധിക സമ്പത്തും പ്രവാസി സമൂഹത്തിനും കേരളത്തിനും ഒരു പോലെ ഉപകരിക്കുന്ന ഏകോപനം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ദൗർഭാഗ്യവശാൽ ഈ വിശാലവീക്ഷണം കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനും അതിലെ ചില നേതാക്കൾക്കും ഇനിയും ബോധ്യപ്പെട്ടിട്ടില്ലായെന്നത് ദുഃഖകരമാണ്.പ്രതിബന്ധങ്ങളെ മറികടന്നു കൊണ്ട് ലോക കേരളസഭയും അതിൻ്റെ പ്രതിനിധികളും കയ്യും മെയ്യും മറന്ന് കേരള ജനതയോടൊപ്പം നിന്നു. 2018 ലെ പ്രളയത്തിലും 2019ലെ മഹാമാരിയിലും 2020ൽ സംഭവിച്ച കോവിഡ് ദുരന്തത്തിലും തെളിയിക്കപ്പെട്ടു ലോക കേരളസഭയും അതിൻ്റെ ആവശ്യകതയും. കോൺഗ്രസ് സുഹൃത്തുക്കൾ ഈ വിഷയത്തിൽ നിലപാട് പുനപരിശോധിക്കും എന്ന് കരുതാം.

ഒരു സമഗ്ര കൂടിയേറ്റ നിയമത്തിൻ്റെ അഭാവം ബോധ്യപ്പെട്ടിരിക്കുന്നു ഈ കോവിഡ് കാലത്ത്. ബ്രിട്ടീഷ് കോളനികളിലേക്ക് കൂലിത്തൊഴിലാളികളെ കൊണ്ടുപോകാൻ സൃഷ്ടിച്ച കുടിയേറ്റ നിയമമാണ് ഇന്നും നമുക്കുള്ളത്. 1922 ലെ ബ്രിട്ടീഷ് നിയമത്തിൽ സ്വാതന്ത്ര്യാനന്തരം മാറ്റം വരുത്തിയെങ്കിലും അതിൻ്റെ കൊളോണിയൽ സ്വഭാവം ഇന്നും തുടരുന്നു. മൂന്നാം ലോകരാജ്യങ്ങളിൽപ്പെട്ട ഫിലിപ്പൈൻസ് അടക്കം പല രാജ്യങ്ങളും പ്രവാസ ലോകത്ത് സ്വന്തം പൗരന്മാർക്ക് സംരക്ഷണം ലഭിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും നിരന്തരം ഇടപെടുന്ന കാഴ്ച ഇനിയും ഇന്ത്യൻ ഭരണസാരഥികൾ കണ്ടില്ലെന്നുണ്ടോ? പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണ വിഷയത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘനയും യു. എൻ. ഏജൻസികളും സമ്മർദ്ദം ചെലുത്തുന്നത് ഇനിയും ഫലപ്രദമായിട്ടില്ല. തൊഴിൽ കരാറിൽ വരുന്ന പ്രവാസികളെ കുടിയേറ്റ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഗൾഫ് രാജ്വങ്ങൾ ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടു തന്നെ Contract Migrant Workers വിഭാഗത്തിൽപ്പെടുന്ന പ്രവാസി തൊഴിൽശക്തി അര നൂറ്റാണ്ട് കാലം ഇവിടെ ജീവസന്ധാരണം നടത്തിയാലും കുടിയേറ്റ വിഭാഗത്തിൽപ്പെടില്ല എന്ന് സാരം.

കോവിഡ് തിരിച്ചടിയിൽ ഏറ്റവും വലിയ പ്രഹരം ഏൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളമാകും മുന്നിൽ. ഇതിനെ അതിജീവിക്കാൻ കേരള ഗവൺമെൻ്റ് മുന്നോട്ട് വെച്ച പ്രവാസി സൗഹൃദ പദ്ധതികൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ മടങ്ങി എത്തുന്നവർക്ക് കഴിയണം. ഗുജറാത്ത്, രാജസ്ഥാൻ , പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് , മഹാരാഷ്ട്ര എന്നിവയും തിരിച്ചടി ഏൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ പെടും.

മലയാളത്തിൻ്റെ അനുഗ്രഹീത കഥാകാരൻ എം. മുകുന്ദൻ " പ്രവാസം " എന്ന നോവലിൽ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടാലും :
" ഉറക്കം വരാതെ കഷ്ടപ്പെടുന്ന എത്രയോ കുടിയേറ്റക്കാർ ഗൾഫ് നാടുകളിലുണ്ട്.
കടം വീട്ടാൻ വഴികാണാതെ വലയുന്നവർ,
വിസയും ഇഖാമയും (താമസ രേഖ ) ഇല്ലാതെ
ഒളിച്ചു നടക്കുന്നവർ, നടുവേദന ഉണ്ടായിട്ടും കൺസ്ട്രക്ഷൻ സൈറ്റിൽ പൊരിവെയിലത്ത് ഭാരമുള്ള ടയിൽസും കോൺക്രീറ്റ് സ്ലാബും ചുമന്നു നടക്കുന്നവർ, കല്യാണം കഴിഞ്ഞ് കൊതി തീരുന്നതിനു മുമ്പ് പെണ്ണിനെ വീട്ടിൽ നിറുത്തി പോരേണ്ടി വന്നതിൻ്റെ വിരഹ വേദനയുമായി നെഞ്ചുരുകി കഴിയുന്നവർ,
ബി. എ. പരീക്ഷ എഴുതിയ അതേ കൈകൾ കൊണ്ട് കക്കൂസ് കഴുകി വൃത്തിയാക്കുന്നവർ, നാഭിക്കു ചവിട്ടും മുഖത്തു തുപ്പലും തല കുനിച്ചു നിന്ന് ഏറ്റുവാങ്ങുന്നവർ...........
അവർ , നമ്മുടെ സഹോദരങ്ങൾ , കേരള നാട്ടിൽ നിന്ന് ഗൾഫിലേക്ക് കുടിയേറിയവർ,
പ്രവാസികൾ ".

പ്രവാസ ലോകത്ത് പ്രതിഷേധം ഇരമ്പുന്നു.പ്രവാസികൾക്ക് നാടണയാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കണം. അതിനു കേന്ദ്രം ഗവൺമെൻ്റെ തയ്യാറാകുക.പ്രവാസികളുടെ ആശങ്കയും സങ്കടവും പരിഹരിക്കുക. മറു ന്യായങ്ങൾക്ക് പ്രസക്തിയില്ല .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top