25 April Thursday

പ്രവാസികളുടെ കോവിഡ് കാലം...സാം പൈനുംമൂട് എഴുതുന്നു

സാം പൈനുംമൂട്Updated: Monday Jun 29, 2020

പ്രവാസികളുടെ കോവിഡ് കാലം കണ്ണീർ താഴ്‌വാരത്തിനു സമാനമാണ്. പ്രവാസ ജീവിതത്തിൻ്റെ സമകാലികാവസ്ഥ ദുരിതപൂർണമായതിനാൽ വാർത്താ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയവുമാണ്. വാർത്താ ചാനലുകളിൽ ഇത്രയധികം "Air Time" ചെലവഴിച്ച മറ്റൊരു വിഷയവും ഓർമ്മയിലില്ല.

പ്രവാസ ലോകത്തിലെ മരണവാർത്തകൾ ആശങ്കാജനകമാണ്. പ്രവാസ ഭൂമികയിൽ മാനസികാഘാതമേറ്റ് തളർന്നു പോകുന്നവർ നിരവധി. രോഗികൾ, ജോലി നഷ്ടപ്പെട്ടവർ , വേതനം ലഭിക്കാത്തവർ, പാർപ്പിടവും ഭക്ഷണവും ഇല്ലാത്തവർ, വിസാ കാലാവധി തീർന്നവർ, കടബാധ്യതയുള്ളവർ, പുറം തള്ളപ്പെട്ടവർ, ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നവർ , മനസ്സിൻ്റെ ഭാരം പങ്കുവെക്കാനാകാതെ മൃത്യു സ്വയം വരിക്കുന്നവർ ... പട്ടിക നീളുകയാണ്. അതു കൊണ്ടു തന്നെ മാധ്യമ സംവാദത്തിന് വിഷയങ്ങൾ സുലഭം!

മാനവരാശിക്ക് പരിചിതമല്ലാത്ത കോവിഡ് - 19 എന്ന മഹാവ്യാധി എന്തെല്ലാം പരിവർത്തനങ്ങളാണ് സമൂഹത്തിൽ വരുത്തിയിരിക്കുന്നത്. ലോകം വീടിനകത്തേക്കു കടന്നു കോവിഡ് കാലത്ത്.തൊഴിലിടങ്ങൾ, ബിസിനസ്സ് ഇടപാടുകൾ ,സർവ്വീസ് സെൻ്ററുകൾ , ക്രയവിക്രയങ്ങൾ.എന്തിനധികം വീടുകൾ സരസ്വതി ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമായി കോവിഡ് കാലത്ത്.

കോവിഡ് കാലം പുതിയ ശീലങ്ങൾ നമ്മളെ ശീലിപ്പിച്ചു. ശുചിത്വം പാലിക്കുക, അകലം സൂക്ഷിക്കുക, മാസ്ക് ഉപയോഗിക്കുക , വ്യായാമം നിർബ്ബന്ധമാക്കുക, കൂടിചേരലുകൾ ഒഴിവാക്കുക , ക്വാറൻ്റീൻ നിർബ്ബന്ധമാക്കുക , ആതിഥ്യ മര്യാദകൾക്ക് അവധി കൊടുക്കുക . ജീവിത യാഥാർത്ഥ്യങ്ങൾക്ക് പാoഭേദങ്ങൾ നൽകിയ കാലം. കോവിഡ് കാലം ഒരു പരിവർത്തന കാലം എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം.

കോവിഡ് കാലം രോഗാതുരമാണ് എല്ലാ അർത്ഥത്തിലും. മനുഷ്യൻ്റെ ആരോഗ്യ പ്രശ്നം മാത്രമല്ല പിന്നെയോ, സാമൂഹ്യ സാമ്പത്തിക പ്രശ്നം കൂടിയാണ്. കോവിഡ് കാലം കിംവദന്തികളുടെ കാലം എന്നതും വിസ്മരിക്കാവുന്നതല്ല. ശരിതെറ്റുകൾ ഏതെന്ന് വിവേചിക്കാൻ കഴിയാത്ത കാലം. ഒരു Virtual ലോകത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രവാസ ലോകത്തിരുന്നുകൊണ്ട് മാധ്യമങ്ങളെ ശ്രദ്ധിക്കുമ്പോൾ ബോധ്യമാകുന്ന വസ്തുതയാണിത്.

ആഗോളതലത്തിൽ സ്വന്തം വീടുകളിൽ നിന്നും ദേശത്തു നിന്നും പാലായനം ചെയ്യാൻ നിർബ്ബന്ധിക്കപ്പെട്ടവരുടെ എണ്ണം ചരിത്രത്തിലാദ്യമായി എഴുപതു ദശലക്ഷം കവിഞ്ഞുവെന്ന് യു. എൻ. അഭയാർത്ഥി ഏജൻസിയുടെ ഒരു പഠനം വ്യക്തമാക്കുന്നു. ലോക ജനസംഖ്യയിൽ 108 പേരിൽ ഒരാൾ , അതായത് 70.8 ദശലക്ഷം പേർ, 2018 ൽ പാലായനം ചെയ്തു . 2019 ൽ വീടുകളിൽ നിന്ന് പാലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളും , വർഷങ്ങളായി സ്വന്തം മണ്ണിലേക്ക് മടങ്ങാൻ കഴിയാത്ത ആളുകളും ഇതിൽ ഉൾപ്പെടുന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയുടെ ആഘാതം കൂടി കൃത്യമായി തിട്ടപ്പെടുത്തിയാൽ പ്രശ്നം കൂടുതൽ ഗൗരവമെന്ന് ബോധ്യപ്പെടും.

ഡൊണാൾഡ് ട്രംപ് അടക്കമുള്ള കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സമൂഹത്തിന് ഭീഷണിയായി ചിത്രീകരിക്കുന്ന എല്ലാ നേതാക്കളുടേയും, അവരെ പിൻതുണക്കുന്നവരുടെയും നിലപാടുകൾ മനുഷ്യത്വരഹിതമാണ്,
അപലപനീയമാണ്. നമ്മുടെ ജോലികൾ അപഹരിക്കുന്ന ഒരു വിഭാഗമായിട്ടാണ് ലോകത്തിൻ്റെ എല്ലായിടങ്ങളിലും അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും ഇക്കൂട്ടർ കാണുന്നത്.

നിലവിൽ കുടിയൊഴിക്കപ്പെട്ടവരിൽ 25.9 ദശലക്ഷം ആളുകൾ അഭയാർത്ഥികളാണ്. 41.3 ദശലക്ഷം ആളുകൾ സ്വന്തം രാജ്യത്തിനകത്തു തന്നെ കുടിയൊഴിക്കപ്പെട്ടവരാണ്. 3.5 ദശലക്ഷം ജനങ്ങൾ അഭയാർത്ഥി പരിഗണനകൾക്കായി കാത്തു നിൽക്കുകയാണ്. അഭയാർത്ഥികളുടെ ജനസംഖ്യയിൽ പകുതിയോളം കുട്ടികളാണെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

2018 ൽ മാത്രം 13.6 ദശലക്ഷം പുതുതായി കുടിയൊഴിക്കപ്പെട്ടു . നാലു ലക്ഷത്തിലധികം വെനുസലേക്കാർ കഴിഞ്ഞ വർഷം അവരുടെ രാജ്യം വിട്ടിട്ടുണ്ടെന്ന് യു. എൻ പoനം ചൂണ്ടി കാട്ടുന്നു. അവർ ലാറ്റിൻ അമേരിക്കയിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കുമാണ് പാലായനം ചെയ്യുന്നത്. 2009 ൽ 43.3 ദശലക്ഷം ആളുകളാണ് കിടപ്പാടം വിട്ട് ഇറങ്ങേണ്ടി വന്നത്. 2019 ലാകട്ടെ അത് 70.8 ദശലക്ഷം ആയി ഉയർന്നു. പലസ്തീൻ , സിറിയ , അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ , മ്യാൻമാർ , സൊമാലിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് അഭയാർത്ഥികളിൽ ബഹുഭൂരി പക്ഷവും. 2020ൽ പശ്ചിമേഷ്യയിൽ നിന്നുമുള്ള കുടിയിറക്കം പ്രവചനാതീതമാണ്‌. 80 ലക്ഷം ഇന്ത്യക്കാരാണ് ഗൾഫ് പ്രവാസികൾ. അതിൽ 40 ലക്ഷത്തോളം മലയാളികളും. ഗൾഫ് മലയാളികളുടെ അഭയകേന്ദ്രമായിട്ടാണ് കേരളത്തെ നാം കാണുന്നത്. കൂടണയാൻ മനസ്സുകൊണ്ട് ഒരുങ്ങുകയാണ് അതിജീവനസാധ്യത ഇവിടെ നഷ്ടപ്പെട്ട പ്രവാസികൾ.

കുടിയേറ്റക്കാരൻ്റെ അനുഭവവും പ്രവാസ ജീവിതവും കോവിഡാനന്തര കാലത്തും ഏറെ ചർച്ച ചെയ്യുപ്പെടുന്ന വിഷയങ്ങളാകും. ജീവസന്ധാരണത്തിനായി കുടിയേറ്റം നടത്തിയ മനുഷ്യർ വിദേശ പൗരത്വം സ്വീകരിച്ചാലും അവർ തായ് സംസ്ക്കാരത്തെ തിരസ്കരിക്കുന്നവരാകുമോ? ജീവിതത്തിൽ ഏറിയ പങ്കും വിദേശത്ത് കഴിഞ്ഞിട്ടും, വിദേശ പൗരത്വം അനുവദിച്ചുകിട്ടിയാലും ഇല്ലെങ്കിലും, വിദേശ മണ്ണിൽ പിറന്നു വീണ മക്കളും പേരക്കുട്ടികളും ഉണ്ടായിട്ടും, അവർ ഒരിക്കലും സ്വദേശികളാവുന്നില്ല. അവർ എന്നും കുടികിടപ്പുകാരാണ് ! ഒരു കാലത്ത് കേരളത്തിലടക്കം നിലനിന്നിരുന്ന അവർണ - സവർണ വിഭാഗങ്ങളെ പോലെ !

കുടിയേറ്റം , പ്രവാസം , ദാരിദ്ര്യം , അധിനിവേശം - ലോകത്തെവിടെയും സാഹിത്യകാരന്മാരുടെ ശ്രദ്ധ പതിഞ്ഞ വിഷയങ്ങളാണ്. സർഗ്ഗാത്മകതയുള്ള എഴുത്തുകാർ പ്രവാസവും അനുഭവവും മികച്ച സാഹിത്യ സൃഷ്ടികളായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രവാസ ജീവിതത്തിൽ നിന്നും തിരസ്കൃതരായി ജന്മദേശത്തു ചെല്ലുമ്പോൾ സ്വന്തക്കാരും നാട്ടുകാരും നൽകുന്ന വേദനിപ്പിക്കുന്ന ചില അനുഭവങ്ങൾ ഇന്ന് വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇടം പിടിച്ചിരിക്കുന്നത് ലജ്ജയോടെയാണ് കാണേണ്ടിവരുന്നത്.

പ്രമുഖ മാധ്യമ പ്രവർത്തക രേഖ ചന്ദ്ര തൻ്റെ കോവിഡ് കാല അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ഹൃദയ ഭേദകമായിരുന്നു. ഒറ്റപ്പെട്ട സംഭവമാകാം ഇത്.എങ്കിലും കേരളത്തിൻ്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലും മടങ്ങി എത്തുന്ന പ്രവാസികളെ ഏതോ അത്ഭുത ജീവികളെ പോലെ കാണുന്ന കാഴ്ചയും സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടാകുന്നത് സാക്ഷര കേരളത്തിന് അപമാനമാണ്. പ്രതിഷേധാർഹവും. സാമൂഹ്യാവബോധവും സംസ്കാര സമ്പന്നവുമായ കേരള ജനതയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത നടപടികളായിരുന്നു എന്ന് പറയാതെ വയ്യാ.

കോവിഡിനേക്കാൾ ഭീകരമായി അന്ധവിശ്വാസം പടർന്നു പിടിക്കുന്നുവോ കേരളത്തിൽ? കൊല്ലം ജില്ലയിലെ ചിതറയിൽ കൊറോണ വൈറസിനെ വിഗ്രഹമാക്കി അമ്പലം പണിത് ആരാധന ആരംഭിച്ചതായി പത്ര വാർത്ത ഉണ്ടായിരുന്നു! ചേർപ്പിളശേരിയിൽ സ്വന്തം അമ്മയുടെ മൃതദേഹം ഉയിർത്തെഴുന്നേൽക്കുമെന്ന് വിശ്വസിച്ച ഹോമിയോ ഡോക്ടറുടെ അന്ധവിശ്വാസവും വാർത്തയായിരുന്നു, ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ. മനുഷ്യ ദൈവങ്ങളാൽ സുലഭമാണ് നമ്മുടെ കൊച്ചു കേരളം. ഈശ്വരവിശ്വാസവും അന്ധവിശ്വാസവും കേരള വിപണിയിലെ ഏറ്റവും ലാഭകരമായ വിപണന സാധ്യതകളാണ്.

ഈ ജീർണിച്ച അവസ്ഥയെ മറികടക്കാൻ കുറുക്കുവഴികളൊന്നുമില്ല. പിന്നെയോ, ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുക വഴി മാത്രമെ പരിഹാരം സാധ്യമാകുകയുള്ളൂ.ജനങ്ങൾക്കു ശാസ്ത്രബോധം ഉണ്ടാകണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഓരോ മലയാളിയും ആധുനിക ശാസ്ത്രത്തിൽ പരിജ്ഞാനി ആകണമെന്നല്ല. ശാസ്ത്രത്തിൻ്റെ രീതിയും സവിശേഷതകളും കാഴ്ചപ്പാടും അറിഞ്ഞിരിക്കേണം. സമൂഹത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശാസ്ത്രം ശക്തമായൊരു ആയുധമാണെന്ന വസ്തുതയാണ് ജനങ്ങൾക്ക് ബോധ്യമാകേണ്ടത്.

ജാതിയോ മതമോ വർഗമോ രാഷ്ട്രീയമോ പ്രതികൂലമാവാതെ പരസ്പര സഹകരണത്തിൻ്റെയും പരസ്പര ബഹുമാനത്തിൻ്റെയും പ്രയോക്താക്കളായാൽ നല്ല നിലയിൽ ശാസ്ത്രബോധം നേടിയവരായി മാറാം നമുക്ക് . മലയാളികൾക്ക് തിരിച്ചറിവിൻ്റെയും വിവേകത്തിൻ്റെയും, പാരസ്പര്യത്തിൻ്റെയും നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെയും വേദിയായി മാറണം കോവിഡ് കാലം.

Covid 19 Pandemic മാതൃകാപരമായി കേരളം കൈകാര്യം ചെയ്യുന്നതിനെ വില കുറച്ചു കാണാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ട്. കേരളത്തിലെ പ്രതിപക്ഷം പല പ്പോഴും അപഹാസ്യരാകുന്ന സന്ദർഭങ്ങൾക്കും വേദിയായി കോവിഡ് കാലം. പ്രതിപക്ഷ നിലപാട് അപ്രസക്തമാണ്. ഗവൺമെൻ്റിൻ്റെ Break the Chain Campaign ശക്തിപ്പെടുത്തുക, Social distancing ദൗത്യത്തോട് പൂർണമായും സഹകരിക്കുക, പ്രതിപക്ഷ ധർമ്മം ക്രിയാത്മകമാക്കുക.

ലോക മാധ്യമങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെ തന്നെ കേരള വാർത്തകൾ ഇടം പിടിച്ചിരിക്കുന്നത് ആശ്ചര്യത്തോടെയാണ് എൻ്റെ അറബ് സുഹൃത്തുക്കൾ കാണുന്നത്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന അന്വേഷണവും കുറവല്ല. ആഗോളതലത്തിൽ മാതൃകാപരമായി കോവിഡിനെ നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ശാസ്ത്രീയമായ നമ്മുടെ സമീപനവും അർപ്പണബോധമുള്ള ആരോഗ്യ പ്രവർത്തകരും ജനങ്ങളുടെ സഹകരണവും ഏകോപിപ്പിക്കുവാൻ ഗവൺമെൻ്റിന് കഴിഞ്ഞതാണ് ഈ മഹാവ്യാധിയെ പ്രതിരോധിക്കാൻ കേരളത്തിന് കഴിയുന്നത്.അതിനു നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ . കെ. ശൈലജക്കു ലഭിക്കുന്ന അനുമോദനങ്ങൾ അർഹതക്കുള്ള അംഗീകാരങ്ങളാണ്.അത് സമ്മതിക്കാൻ പ്രതിപക്ഷ നേതൃത്വത്തിന് കഴിയാത്തത് ദൗർഭാഗ്യകരമാണ്. ഈ മഹാവ്യാധിയെ പ്രതിരോധിക്കാൻ ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ താഴെ തട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

ഇന്ത്യയിലെന്നല്ല, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് കേരളം. കേരളത്തിൻ്റെ കുറവുകൾ ഉയർത്തിപ്പിടിക്കുന്നവർ കേരളത്തിൻ്റെ നന്മയും ഐക്യവും കാണാതെ പോകരുത്. അയൽ സംസ്ഥാനമായ തമിഴ്നാടിൻ്റെ സ്ഥിതി അറിയാൻ ശ്രമിക്കുക. കർണാടകയിലും ആന്ധ്രയിലും സ്ഥിതിഗതി ആശാവഹമല്ല. മുംബെയിൽ നിന്നും ഡെൽഹിയിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ ആശങ്കാകരമാണ്. ഈ സാഹചര്യത്തിലാവണം ഇഛാശക്തിയുള്ള ഗവൺമെൻ്റ് സംവിധാനത്തെയും അതിൻ്റെ അമരക്കാരനായ സഖാവ് പിണറായി വിജയനെയും പ്രതീക്ഷയോടെ ജനങ്ങൾ വീക്ഷിക്കുന്നത്. അത് നിലനിർത്തണമെന്നത് നാടിൻ്റെ പൊതുവികാരമാണ്. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. ഒരു പ്രതിസന്ധി വരുമ്പോൾ എല്ലാവരും ഒരുമിച്ചു നിൽക്കും കേരളത്തിൽ.ഈ കോവിഡ് കാലത്ത് ലോകജനതക്ക് കേരളം നൽകുന്ന സന്ദേശം ഇതാകട്ടെ !


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top