29 March Friday

മോഡിയുടെ പരിപാടിയില്‍ വനിതാ ജനപ്രതിനിധികള്‍ക്ക് തട്ടത്തിന് വിലക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2017

കൊച്ചി> ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധികള്‍ക്ക് തട്ടമിടാന്‍ വിലക്ക്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ സംഘാടകര്‍ എതിര്‍ത്തു. മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി അശ്വതിയാണ് ഇക്കാര്യം ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സ്ഥലം എസ് പിയോട്  കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പരാതിപ്പെട്ടശേഷമാണ് ഒടുവില്‍  അനുകൂലമായ തീരുമാനമുണ്ടായതെന്നു അശ്വതി വ്യക്തമാക്കി. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിടണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപില്‍ പങ്കെടുക്കാന്‍ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാന്‍. രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു. കേരളത്തില്‍ നിന്നും പഞ്ചായത്ത് പ്രസിഡണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് ഞാന്‍.

തുടക്കം മുതല്‍ ബിജെപിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുമെത്തിയ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശഹര്‍ബാനത്ത് തലയില്‍ തട്ടമിട്ടതിനെ എതിര്‍ത്ത സംഘാടകര്‍ ,മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നാണ് പറഞ്ഞത്. സ്ഥലം ടജയോട് പരാതിപ്പെട്ട കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമില്ലാത്ത ഈ നാട്ടില്‍ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണ്...?

6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വര്‍ഷത്തെ വനിതാദിനാഘോഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top