06 June Tuesday

'ചരിത്ര ബോധമുണ്ടാകുന്നത് അശ്ലീലമല്ലെന്ന് ഇവരോട് ആര് പറയും '; നിതീഷ് നാരായണന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

നിതീഷ് നാരായണന്‍

നിതീഷ് നാരായണന്‍

കൊച്ചി > ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ചരിത്രപരമായ വസ്തുതകള്‍ നിരത്തി ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ആവശ്യകത ചൂണ്ടികാണിക്കുകയാണ് എസ്എഫ്‌ഐ ദേശീയ കമ്മിറ്റി അംഗവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാല വിദ്യാര്‍ഥിയുമായ നിതീഷ് നാരായണന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നിതീഷ് കാര്യങ്ങള്‍ വിശദമാക്കുന്നത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'വിയോജിക്കുന്നത് ഒരു കുറ്റമാകുന്നതെങ്ങനെ?'
-അര്‍ത്തൂര്‍ സെല്‍വിന്‍ ക്രൌസ്

'എന്റെ മകന്‍ ഭീരുവായിരുന്നില്ല. ധീരനായാണ് അവന്‍ മരിക്കുന്നത്'
-കെ വി വാസു

1970 മെയ് 4ന് അമേരിക്കയിലെ കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട പത്തൊന്‍പത് വയസുകാരി അല്ലിസണ്‍ ക്രൗസിന്റെ അച്ഛനാണ് അര്‍ത്തൂര്‍ സെല്‍വിന്‍ ക്രൌസ്. വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കും എന്ന് വാഗ്ദാനം നല്‍കി തിരഞ്ഞെടുപ്പില്‍ ജയിച്ച് പ്രസിഡന്റായ നിക്‌സണ്‍ ആ ഉറപ്പില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ ആദ്യം സമരമുഖരിതമായത് അമേരിക്കയിലെ കാമ്പസുകള്‍ ആയിരുന്നു. അറിയപ്പെടാത്ത ലോകത്തെ മനുഷ്യരുമായി നീയെനിക്ക് സാഹോദര്യം നല്‍കി എന്ന നെരൂദയുടെ വരികള്‍ പോലെ തങ്ങളുടെ മാതൃരാജ്യത്താല്‍ ആക്രമിക്കപ്പെടുന്ന വിയറ്റ്‌നാമിലെ ജനതയുമായി അവര്‍ അചഞ്ചലമായ സാഹോദര്യം പ്രഖ്യാപിച്ചു. കെന്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അല്ലിസണും കൂട്ടരും വാക്ക് പാലിക്കാത്ത ഭരണകൂടത്തിനെതിരെ സമരത്തിനൊരുങ്ങി. യുദ്ധവിരുദ്ധ സമരത്തെ ഭരണവര്‍ഗത്തിനു വേണ്ടി പോലീസ് നേരിട്ടത് വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. അല്ലിസണ്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചുവീണു. ഇടനെഞ്ചില്‍ വെടിയേറ്റ് മരിക്കുക എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള പ്രയോഗമല്ല. അല്ലിസന്റെ അനുഭവമാണ്. കൊല്ലപ്പെട്ട് കിടക്കുന്ന അവള്‍ക്കരികില്‍ ഒരു പെണ്‍കുട്ടി മുട്ടുകുത്തിയിരുന്ന് നിലവിളിക്കുന്ന ചിത്രം ലോകമാകെ സഞ്ചരിച്ചു. '
Flowers are better than bullets' എന്നായിരുന്നുവത്രേ മരിക്കുന്നതിന്റെ തലേ ദിവസം അവള്‍ പറഞ്ഞത്. പതിമൂന്ന് സെക്കന്റുകള്‍ നീണ്ട് നിന്ന, 67 തന്നെ കാഞ്ചി വലിക്കപ്പെട്ട പോലീസ് അതിക്രമത്തില്‍ വെടിയേറ്റത് ഒന്‍പത് പേര്‍ക്കും രക്തസാക്ഷികള്‍ ആയത് നാലുപേരും ആണെങ്കിലും തീ കൊളുത്തപ്പെട്ടത് അമേരിക്കയിലെമ്പാടും ഉള്ള കലാലയങ്ങള്‍ക്കായിരുന്നു. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രങ്ങളായി അവ മാറി. തൊട്ടടുത്ത ദിവസം അഞ്ഞൂറിലധികം കോളേജുകള്‍ പ്രവര്‍ത്തനരഹിതമാക്കി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. പിന്നീട് വിയറ്റ്‌നാം ജനതയുടെ അനിവാര്യമായ വിജയം അമേരിക്കയിലെ പോരാളികളായ വിദ്യാര്‍ഥികളുടെ കൂടി വിജയമാണെന്ന് ചരിത്രം എഴുതി വച്ചു. ഒരു പ്രിന്‍സിപ്പാളിനും മാനേജ്‌മെന്റിനും സര്‍ക്കാറിനും പുറത്താക്കാന്‍ സാധിക്കാത്ത വിധം അല്ലിസണ്‍ ക്രൗസും കൂട്ടുകാരും അസൂയാവഹമായ അമരത്വത്തിലേക്ക് ജനിക്കപ്പെട്ടു.

വിദ്യാഭ്യാസ കച്ചവടത്തിനെതിരായ ഐതിഹാസികമായ കൂത്തുപറമ്പ സമരത്തില്‍ വെടിയേറ്റ് വീണ എസ് എഫ് ഐ പ്രവര്‍ത്തകന്‍ റോഷന്റെ അച്ഛനാണ് വാസുവേട്ടന്‍. രജനി എസ് ആനന്ദില്‍ തുടങ്ങി ജിഷ്ണു പ്രണോയ് വരെയുള്ള കൊലപാതകങ്ങള്‍ തീ പിടിപ്പിച്ച തെരുവുകള്‍ക്ക് ദിശാബോധം നല്‍കിയത് പഠനം സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ട ഒന്ന് തന്നെയാണ് എന്ന തിരിച്ചറിവുണ്ടായിരുന്ന ഈ രക്ഷിതാക്കള്‍ കൂടിയാണ്, ആത്മാഭിമാനമുള്ള മനുഷ്യന്റെ പോരാട്ട വീര്യത്തെക്കുറിച്ച് തരിമ്പും ബോധ്യമില്ലാത്ത ന്യായാധിപന്മാരല്ല. കേരള ഹൈക്കോടതി വിധി കത്തിച്ച് തീ കായുന്നവരില്‍ അല്ലിസണ്‍ ക്രൗസിന്റെയും റോഷന്റെയും മറ്റനേകം ധീരരുടെയും അച്ഛനമ്മമാര്‍ ഉണ്ടാകും. അവര്‍ക്കൊപ്പം 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന് ആഹ്വാനം ചെയ്ത നാരായണ ഗുരുവും '
Educate, Agitate, Organize' എന്ന് അടിച്ചമര്‍ത്തപ്പെട്ടവരോട് ആകെ ആവശ്യപ്പെട്ട അംബേദ്ക്കറും ഉണ്ടാകും.

ചരിത്രബോധമുണ്ടാവുകയെന്നത് ഒരു അശ്ലീല പ്രയോഗമേയല്ലെന്ന് ആരാണ് നമ്മുടെ ന്യായാധിപ ശ്രേഷ്ഠന്മാരോട് ഒന്നുച്ചത്തില്‍ പറയുക...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top