രാഷ്ട്രത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ പൂർണമായും മായ്ച്ചുകളയുന്ന ഒരു ദശാബ്ദക്കാലമാണ് അപകടകരമായ രീതിയിൽ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായ ആസൂത്രിതമായ പ്രഖ്യാപനമാണ് അനേകദശാബ്ദങ്ങളിലൂടെ ഇന്ത്യൻ ബഹിരാകാശഗവേഷണരംഗത്തെ അനേകായിരം മനുഷ്യരുടെ ശ്രമഫലമായി ഉണ്ടായ ചാന്ദ്രധൂളിയിലെ ഇന്ത്യൻ സ്പർശത്തെ കാവിയണിയിക്കുന്നതിലൂടെ നടന്നിരിക്കുന്നത്.
ഏകശിലയിൽ ശിവശക്തിയായി പ്രതിഷ്ഠിക്കപ്പെടാവുന്ന ഒന്നല്ല ഇന്ത്യ എന്ന വികാരം. അത് സാരേ ജഹാൻ സെ അച്ഛാ എന്ന കവിതയിൽ ഇഖ്ബാലെഴുതിയ പോലെ ബഹുസ്വരതയുടെ പൂങ്കാവനമാണ്. അതുകൊണ്ടു തന്നെ, ഒരു റഷ്യൻ പേടകത്തിലിരിക്കുന്ന ഇന്ത്യൻ ബഹിരാകാശയാത്രികന്റെ ചുണ്ടിലൂടെ ശൂന്യാകാശത്ത് അടയാളപ്പെട്ട പാക്കിസ്ഥാനി രാഷ്ട്രകവിയെ നമ്മൾ എളുപ്പത്തിൽ മറന്നുപോകാനും പാടില്ല- കവി നിരഞ്ജൻ ടി ജി എഴുതുന്നു
ഏറ്റവുമൊടുവിൽ മൂന്നാമത് ചാന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തോടെ പുതിയൊരു ചരിത്രം കുറിച്ച ഇന്ത്യയുടെ ബഹിരാകാശഗവേഷണരംഗത്ത് പ്രധാനപ്പെട്ട ഒരു സംഭവം നടന്നത് മുപ്പത്തൊമ്പത് വർഷങ്ങൾക്കു മുമ്പാണ്. 1984ൽ. സോവിയറ്റ് യൂണിയനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട സോയൂസ് ടി-11 ഉപഗ്രഹത്തിലിരുന്ന് സ്ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മ എന്ന ഇന്ത്യക്കാരൻ ശൂന്യാകാശത്തിലൂടെ ഭൂമിയെ ചുറ്റിയപ്പോഴായിരുന്നു അത്. അന്ന് നടത്തിയ ടെലിവിഷൻ വിനിമയത്തിനിടയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാകേഷ് ശർമ്മയോട് കൗതുകത്തോടെ ഒരു ചോദ്യം ചോദിച്ചു.
“ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ട്?”
ദേശാഭിമാനിയായ ആ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മറുപടി ഉടൻ വന്നു
“സാരേ ജഹാൻ സെ അച്ഛാ.. ഹിന്ദുസ്ഥാൻ ഹമാരാ”
മേഘപാളികൾ മുറിച്ചു കടന്നുവന്ന ശബ്ദതരംഗങ്ങളിലൂടെയെത്തിയ ആ രണ്ടു വരി, ഇന്ത്യ എന്ന വികാരത്തെ നെഞ്ചിലേറ്റുന്ന ലക്ഷക്കണക്കിനു മനുഷ്യർ ലോകമെമ്പാടുമിരുന്ന് കോരിത്തരിപ്പോടെ കേട്ടു. ഇന്ത്യ എന്ന വിശാലതയുടെ അനേകായിരം ഗ്രാമാന്തരങ്ങളിലിരുന്ന് സാധാരണക്കാരായ കോടിക്കണക്കിന് മനുഷ്യർ അതിനെപ്പറ്റി അഭിമാനത്തോടെ വായിച്ചു.
രാകേഷ് ശർമ്മ ഉദ്ധരിച്ച ആ രണ്ടു വരി അതേ കോരിത്തരിപ്പോടെയും അഭിമാനത്തോടെയും ഭാരതത്തിലെ മനുഷ്യർ ഏറ്റെടുത്ത ഒരു കാലമുണ്ടായിരുന്നു. അത് സ്വാതന്ത്ര്യസമരകാലമാണ്. കൃത്യം പറഞ്ഞാൽ 1904 ആഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച ഇത്തിഹാദ് എന്ന വാരികയിൽ മുഹമ്മദ് ഇഖ്ബാൽ എന്ന യുവകവി എഴുതിയ കവിതയുടെ തുടക്കമായിരുന്നു അത്. ഇപ്പോഴത്തെ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശുമടങ്ങുന്ന ഹിന്ദുസ്ഥാൻ എന്ന് പരാമർശിക്കപ്പെട്ടിരുന്ന അവിഭക്തദേശത്തിലെ ജനങ്ങളെ, അവരുടെ വൈവിദ്ധ്യത്തിലും ഒന്നിച്ചുനിർത്തി അഭിസംബോധന ചെയ്യുന്ന ആ കവിത വളരെ പെട്ടെന്ന് ബ്രിട്ടീഷ് രാജിനെതിരെ പൊരുതുന്നവരുടെ ദേശീയഗാനമായി.
"സാരേ ജഹാൻ സെ അച്ഛാ.. ഹിന്ദുസ്ഥാൻ ഹമാരാ
ഹം ബുൾബുലേ ഹെ ഇസ് കീ, യേ ഗുൽസിതാ ഹമാരാ"
"ലോകത്തേറ്റവും മഹത്തരം നമ്മുടെ ഹിന്ദുസ്ഥാനാണ്
നമ്മുടെ പൂങ്കാവനവും നമ്മളതിന്റെ വാനമ്പാടികളും ആണ് "- എന്ന് ആരംഭിക്കുന്ന ആ കവിതയിലെ രണ്ട് വരികളുണ്ട്:
"മസ്ഹബ് നഹീ സിഖാതാ ആപസ് മെ ബൈർ രഖ്നാ
ഹിന്ദീ ഹെ ഹം, വതൻ ഹെ ഹിന്ദുസ്ഥാൻ ഹമാരാ " – എന്ന്
"പരസ്പരം ശത്രുത സൂക്ഷിക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല
ഇന്ത്യക്കാരാണു നമ്മൾ, നമ്മുടെ മണ്ണ് ഹിന്ദുസ്ഥാനാണ് "- എന്നർത്ഥം.
മുഹമ്മദ് ഇഖ്ബാൽ എന്ന ആ യുവാവിന്റെ ദേശീയബോധം പിന്നീട് സാർവദേശീയമായ മതാധിഷ്ഠിതനിലപാടുകളിലേക്ക് മാറി. മുഹമ്മദലി ജിന്നയോടൊപ്പം അദ്ദേഹം മുസ്ലീം ലീഗ് നേതാവായി. പാക്കിസ്ഥാൻ എന്ന ആശയത്തോടൊപ്പം നിന്നു. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുമ്പ് 1938ൽ പഞ്ചാബിലെ ലാഹോറിൽ അദ്ദേഹം അന്തരിച്ചു. സ്വതന്ത്ര പാക്കിസ്ഥാന്റെ രാഷ്ട്രകവിയായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു.
സാരേ ജഹാൻ സെ അച്ഛാ പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയവികാരം ചേർത്തുനിർത്തുന്ന ഗാനമായിത്തന്നെ തുടർന്നു. ഇടതുപക്ഷകലാകാരന്മാർ രൂപികരിച്ച ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷനു (ഇപ്റ്റ) വേണ്ടി പണ്ഡിറ്റ് രവിശങ്കർ ആ ഗാനത്തെ ഇന്നു കേൾക്കുന്ന ചടുലമായ ഈണത്തിലേക്ക് മാറ്റി. ദേശീയബോധത്തിന്റെ അർത്ഥം തന്നെ പരിശോധനയിലായ ആഗോളതയുടെ ഈ കാലത്തും ആകാശവാണി ഗായകസംഘം ആ ഗാനം റേഡിയോവിൽ പാടുമ്പോൾ കേട്ട് കോരിത്തരിക്കുന്നവരുണ്ട്.
രാകേഷ് ശർമ്മയോട് ആ ചോദ്യം ചോദിച്ച പ്രധാനമന്ത്രിയുടെ പേര് ഇന്ദിരാ പ്രിയദർശിനി എന്നായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജയിലിലടക്കപ്പെട്ട ഒരച്ഛന്റെ കത്തുകളിലൂടെ, ഭൂമിയിലെ ഒരു കല്ലിനു പോലും കഥ പറയാനുണ്ടെന്ന് ശാസ്ത്രത്തേയും ചരിത്രത്തേയും മനസ്സിലാക്കിയ ഒരു പെൺകുട്ടിയുടെ കൗതുകമായിരിക്കണം അവരെ അതിനു പ്രേരിപ്പിച്ചത്. ശാസ്ത്രീയവീക്ഷണങ്ങളിലും യുക്തികളിലും ഊന്നിയാവണം രാജ്യത്തിന്റെ പുരോഗതി എന്ന് വിശ്വസിച്ചുകൊണ്ട് വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ ശ്രമിച്ച, ജവഹർലാൽ നെഹ്രു എന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി അടിത്തറയിട്ട സ്വപ്നങ്ങളുടെ തുടർച്ചയായ ഒരു നിമിഷവുമായിരുന്നു അത്. വിക്രം സാരാഭായിയുടെ നിർദേശത്തെ മാനിച്ച് 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് ആരംഭിച്ച തന്റെ പിതാവിന്റെ ലക്ഷ്യങ്ങളെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആക്കി സ്ഥാപനരൂപം കൊടുത്തതും ഇന്ദിരാഗാന്ധിയാണ്.
അങ്ങനെ സ്വാതന്ത്ര്യാനന്തര ഇന്ത്യ അടിസ്ഥാനമാക്കിയ ശാസ്ത്രീയചിന്താഗതികളിലും മതനിരപേക്ഷതയിലും ഊന്നിയ നെഹ്രൂവിയൻ മൂല്യങ്ങൾക്ക് പിന്നീട് എന്തു സംഭവിച്ചു എന്നത് ചരിത്രമാണ്. അത് എന്തു തന്നെയായാലും രാഷ്ട്രത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ പൂർണമായും മായ്ച്ചുകളയുന്ന ഒരു ദശാബ്ദക്കാലമാണ് അപകടകരമായ രീതിയിൽ ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായ ആസൂത്രിതമായ പ്രഖ്യാപനമാണ് അനേകദശാബ്ദങ്ങളിലൂടെ ഇന്ത്യൻ ബഹിരാകാശഗവേഷണരംഗത്തെ അനേകായിരം മനുഷ്യരുടെ ശ്രമഫലമായി ഉണ്ടായ ചാന്ദ്രധൂളിയിലെ ഇന്ത്യൻ സ്പർശത്തെ കാവിയണിയിക്കുന്നതിലൂടെ നടന്നിരിക്കുന്നത്. ഇത്ര നാളും ശാസ്ത്രീയ ചിന്താഗതികളെ എതിർക്കാനും അന്ധവിശ്വാസങ്ങളേയും ആൾദൈവങ്ങളേയും അനാചാരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പണിപ്പെട്ടു നടന്നവരാണ് അതിന് ഉത്സാഹിച്ചത് എന്നതുകൂടി ഓർക്കണം.
ഒന്നു മാത്രം ഓർമ്മിപ്പിക്കട്ടെ. ഏകശിലയിൽ ശിവശക്തിയായി പ്രതിഷ്ഠിക്കപ്പെടാവുന്ന ഒന്നല്ല ഇന്ത്യ എന്ന വികാരം. അത് സാരേ ജഹാൻ സെ അച്ഛാ എന്ന കവിതയിൽ ഇഖ്ബാലെഴുതിയ പോലെ ബഹുസ്വരതയുടെ പൂങ്കാവനമാണ്. നമ്മളതിനെ വാഴ്ത്തുന്ന വാനമ്പാടികളും. ലോകത്തെ എണ്ണപ്പെട്ട സായുധസേനകളിൽ ഒന്നായ ഇന്ത്യൻ പട്ടാളത്തിന്റെ മാർച്ച് പാസ്റ്റിൽ ബ്യൂഗിളും ബാൻഡും സാക്സോഫോണുമായി ഇപ്പോഴും ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാൻ സെ അച്ഛാ മുഴങ്ങുന്നുണ്ട്. പരസ്പരം ശത്രുത സൂക്ഷിക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല, ഇന്ത്യക്കാരാണു നമ്മൾ, നമ്മുടെ മണ്ണ് ഹിന്ദുസ്ഥാനാണ് എന്ന രണ്ടു വരികളുടെ അർത്ഥം ആ മുഴക്കത്തിൽ ഉൾക്കൊള്ളുന്നുമുണ്ട്. അതുകൊണ്ടു തന്നെ, ഒരു റഷ്യൻ പേടകത്തിലിരിക്കുന്ന ഇന്ത്യൻ ബഹിരാകാശയാത്രികന്റെ ചുണ്ടിലൂടെ ശൂന്യാകാശത്ത് അടയാളപ്പെട്ട പാക്കിസ്ഥാനി രാഷ്ട്രകവിയെ നമ്മൾ എളുപ്പത്തിൽ മറന്നുപോകാനും പാടില്ല.
-നിരഞ്ജൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..