12 June Wednesday

നിപാ: അകലുന്ന ഭീതി, തുടരുന്ന ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

ഡോക്‌ടര്‍മാരുടെ ഫേസ്‌‌ബുക്ക് കൂട്ടായ്‌മയായ ഇന്‍ഫോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്

മുന്‍പ് നേരിട്ടിട്ടില്ലാത്തതും തികച്ചും അപ്രതീക്ഷിതവുമായ ഒരു വെല്ലുവിളിയിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം കഴിഞ്ഞദിവസങ്ങളില്‍ കടന്നുപോയത്. ടെക്സ്റ്റ് ബുക്കുകളില്‍ മാത്രം പരിചയമുള്ള, ഒരിക്കലും നേരിട്ടു കണ്ടിട്ടില്ലാത്ത അപൂര്‍വ്വരോഗങ്ങളുടെ പട്ടികയില്‍ പെട്ട ഒന്ന്. രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ കണ്ടെത്തുകയെന്ന അഭിമാനപൂര്‍വമായ നേട്ടത്തിനിടയിലും 'ഇനിയെന്ത്' എന്ന ആശങ്ക വിട്ടൊഴിയാതെ കേരളത്തിലെ കണ്ണുകളും കാതുകളും മുഴുവന് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കും തിരിച്ചു വെച്ച നാളുകള്‍.

രോഗനിയന്ത്രണവും പ്രതിരോധവും തുടര്‍നടപടികളും ഏകോപിപ്പിക്കുന്ന നിപ്പ പ്രതിരോധ സെല്‍ തമ്പടിച്ചിരിക്കുന്ന കോഴിക്കോട് സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ഇപ്പോഴും ആളൊഴിഞ്ഞ നേരമില്ല. മന്ത്രിമാരും കളക്ടറും ഡോക്ടര്‍മാരും മറ്റു പ്രവര്‍ത്തകരും ആരോഗ്യവകുപ്പ് ഡയറക്‌റുടെ നേതൃത്വത്തില് അവിടെ സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി ദിനത്തില്‍ അവര്‍ക്കിടയിലെ അതിഥികളായി ഞങ്ങളും ചേര്‍ന്നു. നിപ്പ സെല്ലില്‍ ഞങ്ങള്‍ പങ്കിട്ട ചില മണിക്കൂറുകള്‍ പകര്‍ന്ന വിവരങ്ങളാണ് ഇവിടെ ചേര്‍ക്കുന്നത്.

മെയ് അഞ്ചാം തീയതി ആദ്യത്തെ മരണത്തിന് കാരണമായ നിപാ വൈറസ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിനഞ്ച് ജീവന്‍ അപഹരിക്കുകയായിരുന്നു. അഞ്ചാംതീയതി രോഗം ബാധിച്ചു മരിച്ച ആളില്‍നിന്ന് രോഗം പകര്‍ന്ന അദ്ദേഹത്തിന്റെ ബന്ധുക്കളടക്കമുള്ളവര്‍ മെയ് 17ന് ശേഷമുള്ള ദിനങ്ങളില്‍ മരണപ്പെടുകയായിരുന്നു.

രോഗാണു ശരീരത്തില്‍ പ്രവേശിച്ചശേഷം എഴു മുതല്‍ 16 ദിവസം വരെയുള്ള കാലയളവിലാണ് എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായത്. രോഗലക്ഷണങ്ങള്‍ പ്രകടമായി ഒരാഴ്ചയ്ക്ക് താഴെയുള്ള കാലയളവില്‍ മസ്തിഷ്‌ക വീക്കവും ഹൃദയ വീക്കവും ശ്വാസകോശത്തെ ബാധിക്കുന്ന നീര്‍ക്കെട്ടും അടക്കമുള്ള സങ്കീര്‍ണതകള്‍.

മെയ് പതിനേഴാം തീയതിയാണ് ആരോഗ്യവകുപ്പിന് അജ്ഞാതമായ വൈറല്‍ രോഗത്തിന്റെ സാധ്യതയെക്കുറിച്ച് ആദ്യമായി അറിവ് ലഭിക്കുന്നത്. ഒരു വീട്ടിലെ ഒരാള്‍ മരണമടയുകയും സമാനമായ രോഗലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറും വെറ്റിനറി സ്‌പെഷ്യലിസ്റ്റും വെക്റ്റര്‍ കണ്ട്രോള്‍ യൂണിറ്റും അടങ്ങിയ സംഘം ആ വീട്ടില്‍ എത്തുന്നത്.

സാധാരണഗതിയില്‍ നടത്തേണ്ട എല്ലാ പരിശോധനകളും നടത്തി. കുടിവെള്ളം ശുചിത്വമുള്ളതാണോ എന്ന് പരിശോധിച്ചു. ക്ലോറിനേഷന്‍ ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.

പതിനേഴാം തീയതി രണ്ടാമത്തെ ആളും പതിനെട്ടാം തീയതി മൂന്നാമത്തെ ആളും ആശുപത്രിയില്‍വച്ച് മരണമടഞ്ഞതോടെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ കണക്കാക്കേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പിന് മനസ്സിലായി. പത്തൊമ്പതാം തിയതി തന്നെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുന്നു. ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് മേധാവിയും നേരിട്ട് ഇടപെടലുകള്‍ നടത്തിത്തുടങ്ങി. മരണകാരണം കണ്ടുപിടിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം പരിശോധനയും നടത്തി.

ഇരുപതാം തീയതി രാവിലെ മുതല്‍ മസ്തിഷ്‌കവീക്കം അടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയാല്‍, ചികിത്സ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങി. ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ആശുപത്രി പ്രതിനിധികളുടെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികളുടെയും യോഗങ്ങള്‍ വിളിച്ചുകൂട്ടി. ഏതെങ്കിലും സാഹചര്യവശാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്റര്‍ കുറവു വന്നാല്‍, അവ നല്‍കാമെന്ന് സ്വകാര്യ ആശുപത്രികള്‍ വാഗ്ദാനം ചെയ്യുകയും സര്‍വീസ് സംഘടനകള്‍ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

മെയ് ഇരുപതാം തീയതി വൈകുന്നേരം രോഗങ്ങള്‍ക്ക് കാരണം നിപ്പാ വൈറസ് തന്നെയാണെന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ജില്ലയിലെ ആരോഗ്യ സംവിധാനത്തിന്റെ ഏകോപനം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറും അടങ്ങുന്ന സംഘം കോഴിക്കോട് ക്യാമ്പ് ചെയ്യുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ചികിത്സയുടെ കേന്ദ്രബിന്ദുവാക്കുകയും ചെയ്തു. ജില്ലയിലെ ആശുപത്രികളും ഡോക്ടര്‍മാരും അവര്‍ സ്വകാര്യമേഖലയിലാണോ സര്‍ക്കാര്‍ മേഖലയിലാണോ എന്നതു പരിഗണിക്കാതെ ഒറ്റക്കെട്ടായി ഈ ആരോഗ്യഭീഷണിയെ നേരിടാന്‍ തയ്യാറായി എന്നതും ഈ വേളയില്‍ സ്മരിക്കേണ്ടതുണ്ട്. തുടര്‍ന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് നിപ്പാ പ്രതിരോധ ഏകോപന സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. ഡിസ്ട്രിക്ട് ടാസ്‌ക്‌ഫോഴ്‌സും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു.

ഈ വൈറസുമായി നേരിട്ട് സമ്പര്‍ക്കം വരുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് അവര്‍ക്ക് പരിചയപ്പെടുത്തി, പരിശീലിപ്പിച്ചു. ജനങ്ങള്‍ നിപ്പയെ ഭയന്ന് പൊതുവിടങ്ങളില്‍ നിന്നും പിന്മാറുന്ന നേരത്തും ആരോഗ്യപ്രവര്‍ത്തകര്‍ വൈറസുമായി മുഖാമുഖം നില്‍ക്കേണ്ടി വരുമെന്നത് അന്നേ വ്യക്തമായിരുന്നു.

ഇതിനു മുന്‍പ് ഇത്തരത്തിലൊരു അടിയന്തരസാഹചര്യം നേരിട്ട് പരിചയമോ അതിനുള്ള സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാല്‍ നിപ്പ രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള സംവിധാനം പുതുതായി നിര്‍മ്മിച്ചെടുക്കേണ്ടിയിരുന്നു. ലോകത്തെമ്പാടും ഈ രോഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടിയും ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയപഠനങ്ങള്‍ വായിച്ചും ഇവയിലുള്ള നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേണ്ട രീതിയില്‍ മാറ്റം വരുത്തിയുമാണ് രോഗത്തെ നേരിടാനുള്ള മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കിയത്.

എന്നാല്‍ രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉള്‍പ്പെടെ വായുവിലൂടെ വൈറസ് പകരുന്ന രോഗമായതിനാല്‍ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികളും അടിയന്തരമായിത്തന്നെ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ഇതിനുവേണ്ട പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് ഉപകരണങ്ങള്‍, മാസ്‌കുകള്‍ എന്നിവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കി. രോഗം പകരാത്ത രീതിയില്‍ രോഗികളെ പാര്‍പ്പിക്കാനായി ഐസൊലേഷ്യന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. ഇവര്‍ക്കുവേണ്ട വെന്റിലേറ്റര്‍ സൗകര്യവും മറ്റും കിട്ടുമെന്ന് ഉറപ്പു വരുത്തി. സ്വകാര്യ ആശുപത്രികളുടെ ശക്തമായ പങ്കാളിത്തവും ലഭ്യമാക്കി.

ആദ്യം മരിച്ച ആളുടെ വിവരങ്ങളെക്കുറിച്ചും അയാള്‍ക്കു രോഗം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റിയും ഇതിനിടെ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അടുത്തുള്ള എക്കോ ടൂറിസം സെന്ററായ ജാനകിക്കാട് ഇരുപത്തിയൊന്നാം തീയതി തന്നെ മുന്‍കരുതല്‍ എന്ന നിലയില്‍ അടച്ചിട്ടു.

ഇരുപത്തിയൊന്നാം തീയതി മുതല്‍ കൂടുതല്‍ ആള്‍ക്കാരില്‍ രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടുതുടങ്ങി, കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രം പകരുന്ന അസുഖമായതിനാല്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ തപ്പിപ്പിടിക്കുക എന്നുള്ളത് അതിപ്രധാനമെന്നു മനസിലാക്കി. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക, അവരില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍.

റവന്യൂ ഡിപ്പാര്‍ട്ടുമെന്റും ആരോഗ്യവകുപ്പും കുറെയൊക്കെ പോലീസ് വിഭാഗവും ഒരുമിച്ച് അന്വേഷണം നടത്തിയ അവസരം. രോഗം ബാധിച്ചു മരിച്ച നേഴ്‌സടക്കം ആരുടേയും വീട്ടില്‍ മന്ത്രിമാര്‍ അടക്കമുള്ളവരുടെ പ്രവേശനം നിരോധിച്ച സ്റ്റേറ്റ് പബ്ലിക് ഹെല്‍ത് അതോറിറ്റിയും അതനുസരിച്ച മന്ത്രിമാരും ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം എന്തെന്നു കാണിച്ചു.

തുടര്‍ന്ന് രോഗംബാധിച്ച ഓരോരുത്തരുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും വളരെയധികം. രണ്ടാമത് മരിച്ച വ്യക്തിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ നാല് ഡോക്ടര്‍മാര്‍, സഹായികള്‍, സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും അങ്ങനെ കോണ്ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്നു. മാത്രമല്ല കുറച്ച് മാസങ്ങള്‍ക്ക് മുന്‍പുള്ള എല്ലാ റിപ്പോര്‍ട്ടുകളും പരിശോധനയ്ക്ക് എടുത്തു, സമാനമായ രീതിയില്‍ എന്തെങ്കിലും മരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍.

ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ 17 പേരുടെ ഓരോരുത്തരുടെയും സമ്പര്‍ക്ക പട്ടിക, കൂടാതെ ഈ 17 പേര്‍ക്ക് എവിടെ നിന്നും ലഭിച്ചു എന്നുള്ളതും കണ്ടുപിടിക്കേണ്ടതായി വന്നു.

ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ ബന്ധുക്കളില്‍ രോഗം പകര്‍ന്നു ലഭിച്ചത് മൂന്നു പേര്‍ക്ക്. ആ വ്യക്തിയെ ആദ്യം ചികിത്സിച്ച പേരാമ്പ്ര ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്നും സിടി സ്‌കാന്‍ റൂമിന്റെ വെയിറ്റിംഗ് റൂമില്‍ നിന്നും ഒക്കെ അസുഖം പകര്‍ന്ന് ലഭിച്ചവരും. ഇവര്‍ എങ്ങനെ രോഗംബാധിച്ച ആദ്യത്തെ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നു എന്നുള്ള വലിയ അന്വേഷണം ബാക്കിയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെസ്റ്റ് മെഡിസിന്‍ വിഭാഗം ഐസിയുവിലായിരുന്നു ആദ്യം രോഗികളെ പ്രവേശിപ്പിച്ചത്. ഇതിനായി സജ്ജമായ തീവ്രപരിചരണ വിഭാഗമോ ഐസലേഷന്‍ വാര്‍ഡോ ഇല്ലാത്ത ഒരു സ്ഥലത്ത് നിമിഷങ്ങള്‍ക്കൊണ്ട് എല്ലാം കെട്ടിപ്പൊക്കേണ്ട അവസ്ഥ. മുന്‍പരിചയമോ മുന്നൊരുക്കം ഇല്ലാതിരുന്നിട്ടു പോലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാം സജ്ജമാക്കി. 100% പരിപൂര്‍ണമെന്നു പറയാനാവില്ലെങ്കിലും സാധിക്കാവുന്നതിന്റെ പരമാവധി ചെയ്തു. ഒരു പരാതിയുമില്ലാതെ ഡ്യൂട്ടി ചെയ്തു തുടങ്ങിയ നേഴ്‌സുമാരും ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാരും റസിഡന്റ് ഡോക്ടര്‍മാരും ദുരന്തത്തിന്റെ വ്യാപ്തി നിയന്ത്രിച്ചു നിര്‍ത്തി.

പലര്‍ക്കും വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടായി എന്ന് പറയാതിരിക്കാന്‍ വയ്യ. അധ്യാപകരും നിപ്പ വാര്‍ഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ഡ്യൂട്ടി എടുത്തു തുടങ്ങി. വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങളുടെ കുറവ് പരിഹരിക്കാന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടായി. ഒരു പരിധി വരെ എല്ലാം പരിഹരിക്കപ്പെടുകയും ചെയ്തു . മെഡിസിന്‍ ഐസിയു, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വാര്‍ഡ് എന്നീ സ്ഥലങ്ങളും രോഗികളെ പാര്‍പ്പിക്കാനായി തുടക്കത്തില്‍ ഉപയോഗിച്ചെങ്കിലും മെഡിക്കല്‍ കോളേജ് പോലെ തിരക്കേറിയ ഒരു സ്ഥലത്ത് മറ്റു രോഗികളില്‍ നിന്നും വളരെ മാറി ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അധികം വൈകാതെ തന്നെ തെളിഞ്ഞു.

നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഇവരെ പാര്‍പ്പിക്കാന്‍ അനുയോജ്യമായ കെട്ടിടം മെഡിക്കല്‍ കോളേജിലെ പേവാര്‍ഡ് ആണ് എന്ന് മനസ്സിലാക്കിയതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഐസൊലേഷന്‍ അങ്ങോട്ടു മാറ്റി. രോഗത്തിന് പരിപൂര്‍ണ്ണമായ രക്ഷപ്പെടല്‍ ഉറപ്പാക്കുന്ന ഒരു മരുന്ന് ഇല്ലെങ്കിലും അല്പമെങ്കിലും പ്രയോജനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന റിബാവിറിന്‍ എന്ന ആന്റിവൈറല്‍ മരുന്ന് ലഭ്യമാക്കുകയും ചികിത്സയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. ഈ രോഗത്തില്‍ ഗവേഷണം നടത്തി ങീിീരഹീിമഹ മിശേയീറ്യ വികസിപ്പിച്ചെടുത്ത ക്വീന്‍സ് ലാന്‍ഡില്‍നിന്ന് 50 യൂണിറ്റ് ാീിീരഹീിമഹ മിശേയീറ്യ സംസ്ഥാനത്ത് എത്തിക്കാനും സാധിച്ചു. (ഈ മരുന്ന് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായില്ല)

ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായാണ് സംസ്ഥാനത്ത് രണ്ട് പേര്‍ രോഗത്തിന്റെ സകല സങ്കീര്‍ണതകളും പ്രകടിപ്പിച്ച ശേഷവും ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നത്.
രോഗബാധിതരുടെ ചികിത്സ പോലെത്തന്നെ പ്രധാനമായിരുന്നു ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ആളുകളുടെ നിരീക്ഷണം. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്താകട്ടെ ഇതു ദുഷ്‌കരവുമായിരുന്നു, അതും കോഴിക്കോട് മലപ്പുറം എന്നീ രണ്ട് ജില്ലകളിലായി ഉള്ള നിരീക്ഷണ പട്ടികകള്‍.

ആശുപത്രിയിലും മരുന്നുഷോപ്പിലും ലാബുകളിലും മറ്റും വച്ച് അനേകം പേരുമായി ഓരോ രോഗിയും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്. ഇതെല്ലാം തിരഞ്ഞു കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആരോഗ്യവകുപ്പിന്റെ അടിസ്ഥാന തലത്തിലുള്ള ശക്തമായ ഘടനാശേഷി ഉപയോഗിച്ച് വീടുകളില്‍ ചെന്നും ടെലിഫോണ്‍ വഴിയും ഒട്ടുമിക്ക കോണ്‍ടാക്റ്റുകളേയും കണ്ടെത്താനും അവരെ രോഗിയിലേക്ക് ബന്ധിപ്പിക്കുന്ന കണ്ണികള്‍ തിരിച്ചറിയാനും ഓരോരുത്തരെയും നിരീക്ഷിക്കാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കാനുമുള്ള സൗകര്യം ദിവസങ്ങള്‍ക്കകം തന്നെ ഒരുക്കി. ഈ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തകര്‍ നിപ്പാ സെല്ലില്‍ തന്നെ പ്രവര്‍ത്തിച്ചു വിവരങ്ങള്‍ കൃത്യമായി ഡോക്യുമെന്റ് ചെയ്യുകയും ഫോളോഅപ്പ് ചെയ്യുകയും ചെയ്തു.

രോഗികളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ മനശാസ്ത്ര പിന്തുണയാണ് എടുത്തുപറയത്തക്ക മറ്റൊരു പ്രവര്‍ത്തനം. ഡോക്ടര്‍മാരും നിരവധി ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ പലരും മാരകമായ ഈ രോഗവുമായി സമ്പര്‍ക്കത്തില്‍ വന്നിരുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറെയുണ്ടായിരുന്നു എന്നുള്ളത് ലളിതമായ വിഷയമല്ല. അവര്‍ക്ക് തുറന്നു സംസാരിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ഉള്ള സൗകര്യം മാനസികാരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കി എന്നത് ശ്രദ്ധേയമാണ്.

നിപ്പാ ബാധിതരുടെ മൃതദേഹ സംസ്‌കരണം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തേണ്ടതായും വന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് സഹായിക്കാന്‍ ബന്ധുക്കള്‍പോലും മടിച്ചപ്പോള്‍ ആ ഉത്തരവാദിത്വം ആരോഗ്യവകുപ്പിലെ ജീവനക്കാര്‍തന്നെ പലപ്പോഴും നിറവേറ്റേണ്ടി വന്നു.

ഒരു വികസിത രാജ്യം അജ്ഞാതമായ പകര്‍ച്ചവ്യാധിയെ നേരിടുന്ന മാതൃകയോട് സമാനമായ രീതിയിലാണ് നാം നിപ്പാ പനിയെ നേരിട്ടത്. നിപ്പാ രോഗപ്രതിരോധത്തിന് 2500ലധികം പേരുള്‍പ്പെടുന്ന സമ്പര്‍ക്ക പട്ടിക മറ്റെവിടെങ്കിലും രൂപീകരിച്ചോ എന്നുള്ളത് തന്നെ സംശയം. എന്നാലും പോരായ്മകള്‍ കാണാതെ പോയിക്കൂടാ. മെഡിക്കല്‍ കോളേജിലെ തിരക്ക് പിടിച്ച കാഷ്വലിറ്റിയിലും സിടി സ്‌കാന്‍ മുറിയുടെ അടുത്തുള്ള വീതി കുറഞ്ഞ ഇടനാഴിയിലും വെച്ച് രോഗം പകര്‍ന്നു എന്നത് അവഗണിക്കാവുന്ന വസ്തുതയല്ല. അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രോഗികളുടെ ബാഹുല്യവും മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയ ഒരു പരിമിതിയാണ് എങ്കിലും പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനുള്ള മുന്‍കരുതലുകള്‍ ഇനിയും ശക്തിപ്പെടേണ്ടി
യിരിക്കുന്നു.

നിപ്പാ രോഗചികിത്സയും പ്രതിരോധവും നിരീക്ഷണവും നടത്തുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള ചില കാര്യങ്ങള്‍ കൂടി അരങ്ങേറി. ഓരോ ദിവസവും പ്രചരിച്ചുകൊണ്ടിരുന്ന വ്യാജസന്ദേശങ്ങള്‍ ആയിരുന്നു അത്. സര്‍ക്കാര്‍ നോട്ടീസുകള്‍ പോലെതന്നെ തോന്നിക്കുന്ന ഫോട്ടോഷോപ്പ് വ്യാജസന്ദേശങ്ങള്‍ വരെ പുറത്തിറങ്ങി. ഇവയൊക്കെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും വലിയൊരളവ് ഊര്‍ജം ചെലവഴിക്കേണ്ടി വന്നു. എങ്കിലും അതൊന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ കൈകാര്യം ചെയ്യാന്‍ വകുപ്പിനായി.

മന്ത്രിമാരുടെയും ആരോഗ്യവകുപ്പ് മേധാവിയുടെയും ജില്ലാ കളക്ടറുടെയും ആഭിമുഖ്യത്തില്‍ എല്ലാ ദിവസവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും, സത്യസന്ധമായി ആ വിവരങ്ങള്‍ എല്ലാദിവസവും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഏവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുമ്പോട്ടുപോകുക എന്നതാണ് ചെയ്തിരുന്നത്.

നിപ്പ പഠിപ്പിച്ച പാഠങ്ങളും ആരോഗ്യ രംഗത്തിന്റെ സമഗ്രമായ പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങളും മറ്റൊരു ലേഖനമായി എഴുതുന്നതാണ്.

നിരീക്ഷണത്തില്‍ വെച്ചിരിക്കുന്ന മിക്കവരും തന്നെ രോഗലക്ഷണങ്ങള്‍ പുറത്തു കാണിക്കാതെ ആരോഗ്യകരമായി ഇന്‍ക്യുബെഷന്‍ പിരീഡിന് പുറത്തെത്തിക്കൊണ്ടിരിക്കുന്നു. രോഗം ബാധിച്ച രണ്ട് പേര്‍ രോഗ വിമുക്തരായി ഡിസ്ചാര്‍ജ് കാത്തിരിക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. മുഴുവനും കൊഴിഞ്ഞു തീര്‍ന്നുവെന്ന് കരുതാറായിട്ടില്ല. എങ്കിലും ആശങ്കകളില്‍ നിന്നും പതുക്കെ മാറി നമുക്ക് ജാഗ്രതയുടെ കളത്തില്‍ തുടരാം.

കേരളം നിപ്പയില്‍ നിന്നും പൂര്‍ണ സുരക്ഷിതമെന്ന് പ്രഖ്യാപിക്കാന്‍ ഇനിയും കുറച്ചു നാളുകള്‍ കൂടിയുണ്ട്. കാലം പഠിപ്പിച്ച വൃത്തിയുടെ ശീലങ്ങളുമായി ശ്രദ്ധയോടെ തന്നെ മുന്നോട്ടു പോകാം. 

എഴുതിയത്: Dr. Arun Mangalath, Dr. Shimna Azeez, Dr. Mohandas Nair & Dr. Jinesh P S


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top