28 March Thursday

'ആഹാ..എന്നിട്ട് ? നിലമ്പൂര്‍ വിജയത്തില്‍ ആര്യാടനെ ട്രോളി അന്‍വര്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020

സ്വന്തം തട്ടകമായി കരുതിപ്പോന്ന നിലമ്പൂര്‍ നഗരസഭ ഇടതുപക്ഷം പിടിച്ചെടുത്തതിന്റെ ആഘാതത്തില്‍ നിന്ന് യുഡിഎഫ് ഇപ്പോഴും മുക്തമായിട്ടില്ല. അത്രയേറെ ആത്മവിശ്വാത്തിലായിരുന്നു യുഡിഎഫ് ക്യാമ്പ്. എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയ അഞ്ച് സീറ്റ്‌പോലും ഇത്തവണ നേടാന്‍ പോകുന്നില്ലെന്ന് വെല്ലുവിളിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ ട്രോളിയിരിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.

ആര്യാടന്‍ ഷൗക്കത്തിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം 'ആഹാ..എന്നിട്ട് ?? അഞ്ച് ഞങ്ങള്‍ ഇരുപത്തി രണ്ടാക്കിയിട്ടുണ്ടേ?' എന്ന അടിക്കുറപ്പോടെയാണ് അന്‍വര്‍ കുറിക്കുകൊള്ളുന്ന മറുപടി കൊടുത്തിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂര്‍ നഗരസഭയില്‍ ആദ്യമായാണ് എല്‍ഡിഎഫ് നഗര ഭരണത്തിലേറുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ യുഡിഎഫിന്റെ ദുര്‍ഭരണത്തിനേറ്റ തിരിച്ചടിയായി എല്‍ഡിഎഫിന്റെ വിജയം.

ആകെയുള്ള 33 ഡിവിഷനുകളില്‍ 22 ഡിവിഷനുകള്‍ എല്‍ഡിഎഫ് നേടി. എല്‍ഡിഎഫ് -- വികസനമുന്നണി പേരിലാണ്  തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫ് 9 സീറ്റില്‍ ഒതുങ്ങി. ഓരോ സീറ്റില്‍ ബിജെപിയും സ്വതന്ത്ര സ്ഥാനാര്‍ഥിയും വിജയിച്ചു. 9 സീറ്റില്‍ മത്സരിച്ച മുസ്ലിംലീഗ് മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടു.

2015ലെ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റ് മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. ഇത്തവണ യുഡിഎഫിന്റെ 18 സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോവിലകത്തുമുറി ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ ഗോപിനാഥ് വന്‍ പരാജയം ഏറ്റുവാങ്ങി.

കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുകയാണ്. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറിപ്പ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് എന്നിവര്‍ രാജിവച്ചു.

യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ പോലും ചെറിയ ഭൂരിപക്ഷമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.  ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥിന്റെ തോല്‍വി കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാക്കി. സിറ്റിംഗ് സീറ്റുകള്‍ പലതും തോറ്റത് ആര്യാടന്‍ മുഹമ്മദിന്റെ ധാര്‍ഷ്ട്യമാണെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.

കെപിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്യാടന്‍മാരുടെ ശിങ്കടികളാണ് സാനാര്‍ത്ഥികളായതെന്നും തോല്‍വി ആര്യാടന്‍ കുടുംബാധിപത്യത്തിന് ഏറ്റതിരിച്ചടിയാണെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top