26 April Friday
നിലമ്പൂര്‍ വെടിവെപ്പ്

പോലീസ് ഭാഷ്യം അതേപടി അംഗീകരിക്കുന്ന സര്‍ക്കാരല്ല ഇപ്പോഴത്തേത്: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2016

കൊച്ചി> വര്‍ഗീസിന്റെയും പി രാജന്റെയും കൊലപാതകങ്ങളില്‍ ഉണ്ടായതുപോലെ, നിലമ്പൂര്‍ കേസില്‍ പോലീസ് ഭാഷ്യം അതേപടി അംഗീകരിച്ച് ഫയല്‍ അടയ്ക്കുന്ന സമീപനം സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകില്ലെന്നു എം സ്വരാജ് എം എല്‍ എ .ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കിയാല്‍ നിലമ്പൂര്‍ സംഭവത്തില്‍ പോലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്നും സ്വരാജ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:

മൂന്ന് കാര്യങ്ങളെക്കുറിച്ച് ...

(1) നിലമ്പൂരിലെ സംഭവം.

നിലമ്പൂര്‍ വനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള പോലീസിന്റെ വിശദീകരണം ഏറ്റുമുട്ടലിനിടെയുണ്ടായ മരണമെന്നാണ്. എന്നാല്‍ പോലീസ് പറയുന്നത് കളവാണെന്നും പിടികൂടിയ ശേഷം വെടിവെച്ചുകൊന്നതാണെന്നുമുള്ള വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സംശയിക്കുന്നവര്‍ക്ക് അതിന് മതിയായ കാരണങ്ങളുണ്ട്. വര്‍ഗീസിന്റെ അനുഭവം മറക്കാറായിട്ടില്ലല്ലോ. (അന്ന് ഏറ്റുമുട്ടല്‍ കൊലയെന്ന് മനോരമാദികള്‍ സമര്‍ത്ഥിച്ചപ്പോള്‍ , ഏറ്റുമുട്ടലല്ല പിടിച്ചുകെട്ടി വെടിവെച്ചു കൊന്നതാണെന്ന സത്യം വിളിച്ചു പറഞ്ഞത് ദേശാഭിമാനി മാത്രമായിരുന്നു.) . രാജന്റെ ഓര്‍മകള്‍ക്കും മരണമില്ല .
ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കിയാല്‍ നിലമ്പൂര്‍ സംഭവത്തിലും പോലീസിനെ കണ്ണടച്ചു വിശ്വസിക്കാന്‍ പ്രയാസമാണെന്ന് എനിക്ക് തോന്നുന്നു.

ഏതായാലും വര്‍ഗീസ് / രാജന്‍ സംഭവങ്ങളെപ്പോലെ പോലീസ് ഭാഷ്യം അപ്പടി സ്വീകരിച്ച് ഫയല്‍ അടയ്ക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലണമെന്ന നിലപാട് സി പി ഐ (എം) ന് ഇല്ല . ഇവിടെ സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരും. ഇപ്പോഴുയരുന്ന സംശയങ്ങള്‍ ശരിയാണെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥന്‍മാര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ. കൊലപാതകം സിറിയയിലായാലും നിലമ്പൂരിലായാലും എതിര്‍ക്കപ്പെടണം. നമ്മുടെ ലോകത്ത് ആരും കൊല്ലപ്പെടാന്‍ പാടില്ല. പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പോലും മരണം വേദനാജനകമാണ്. അത് ആരുടേതായാലും.

(2) മാവോയിസം..

പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആദിവാസികളും വന്‍കിടക്കാരുടെ കാല്‍ക്കീഴിലെ പുഴുക്കളെ പോലെ നരകിക്കുമ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെടുകയും നീതി അനാഥമാവുകയും ചെയ്യുമ്പോള്‍, ഇതെല്ലാം തകര്‍ക്കപ്പെടണമെന്ന് തോന്നുക സ്വാഭാവികമാണ്. ആരെയും ഒരു നക്‌സലൈറ്റോ തീവ്ര ചിന്താഗതിക്കാരനോ ആക്കി മാറ്റാവുന്ന സാഹചര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിലുള്ളത്. തച്ചുടയക്കപ്പെടേണ്ടതാണ് ഈ സാമൂഹ്യ വ്യവസ്ഥയെന്ന് കരുതുന്ന, കണ്ണീരും പട്ടിണിയും ചൂഷണവുമില്ലാത്ത ലോകം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരെയും കുറ്റപ്പെടുത്താന്‍ എനിക്കാവില്ല.

എന്നാല്‍ ഇന്ന് 'മാവോയിസ്റ്റുകള്‍ ' എന്ന് വിളിക്കപ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങളോട് എനിക്ക് ശകതമായ വിയോജിപ്പാണുള്ളത്. സ്വാധീന മേഖലകളില്‍ ലക്ഷണമൊത്ത കൊള്ള സംഘമായാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. കുത്തകകളോട് വിലപേശി കാശുവാങ്ങി അവരുടെ വ്യവസായ സാമ്രാജ്യത്തിന്റെ കാവല്‍ക്കാരായും, തൃണമൂല്‍ കോണ്‍ഗ്രസിനോട് തുക പറഞ്ഞുറപ്പിച്ച് സി പി ഐ (എം) പ്രവര്‍ത്തകരെ കൊന്നു തള്ളുന്ന കൊട്ടേഷന്‍സംഘമായും പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാവോയിസത്തെ കുറിച്ചൊന്നും പറയാന്‍ അവകാശമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവുകയാണ് വേണ്ടത്.

(3) 'മോര്‍ഫിംഗ് കലാകാരന്മാര്‍' ....

ഇപ്പോഴത്തെ സംഭവങ്ങളെ തുടര്‍ന്നും അല്ലാതെയും എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിക്കാന്‍ ഇഷ്ടമില്ലാത്തവരുടെ ചിത്രം മോര്‍ഫ് ചെയ്യുന്ന പരിപാടി ശുദ്ധ തോന്നിവാസമാണ്. നിലമ്പൂര്‍ സംഭവത്തില്‍ മുഖ്യമന്ത്രിയെയും സി പി ഐ (എം)നെയും തെറി വിളിക്കുന്ന ചിലരുണ്ട്. അക്കൂട്ടര്‍ക്ക് തെറി വിളി നടത്തിയില്ലെങ്കില്‍ ഉറങ്ങാനാവില്ല. ഒരുതരം അസുഖമാണിത്. തെറി വിളിക്കാന്‍ എന്തെങ്കിലും ഒരു കാരണം അവര്‍ കണ്ടെത്തിക്കൊള്ളും, അത്തരക്കാര്‍ക്ക് മറുപടി പറയാനില്ല.

മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രതിഷേധിച്ചവരില്‍ ശ്രീ .വി .ടി .ബല്‍റാം എംഎല്‍എയുമുണ്ട്..!. ഇങ്ങനെയൊക്കെ ചെയ്യുന്ന അല്‍പ്പന്മാരുടെ അതേ നിലവാരമാണ് തനിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനുള്ള ബല്‍റാമിന്റെ സ്വാതന്ത്ര്യത്തെ ഞാന്‍ എതിര്‍ക്കുന്നില്ല. ഇതിന് മറുപടിയായി ബല്‍റാമിന്റെ ചിത്രവും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു. സഖാക്കള്‍ എന്നവകാശപ്പെട്ടാണ് ചിലര്‍ ഇത് ചെയ്തത്. തുല്യനാണയ പ്രതികരണം എന്ന നിലക്കാവാം ഇത്. അതും അംഗീകരിക്കാനാവില്ല.

തര്‍ക്കങ്ങളും സംവാദങ്ങളും ഇങ്ങനെ ദുര്‍ഗന്ധപൂരിതമാക്കരുത്, പറയാനുള്ള കാര്യങ്ങള്‍ ഒട്ടുംമൂര്‍ച്ച കുറയ്ക്കാതെ പറയുകയും തര്‍ക്കിക്കുകയും ചെയ്യുന്നത് നിലപാടുകള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കും. പിശകുകള്‍ തിരുത്താന്‍ എല്ലാവര്‍ക്കും അവസരം കിട്ടുകയും ചെയ്യും. എന്നാല്‍ 'ചിത്രവധങ്ങള്‍' ഇടുങ്ങിയ മനസിന്റെ ദുഷ്ടലാക്കാണ് വെളിപ്പെടുത്തുന്നത്. ബല്‍റാമിനെതിരായ നിരവധി മോര്‍ഫിംഗ് പോസ്റ്റുകളില്‍ ഒന്നില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയതായി കണ്ടു. അതിനൊന്നും ഒരു ന്യായീകരണവുമില്ല. സഖാക്കള്‍ എന്ന് സ്വയം അവകാശപ്പെട്ടാല്‍ ആരും സഖാവാകില്ല. ബല്‍റാമിന്റ നിലവാരം സഖാക്കള്‍ക്ക് ചേരുകയുമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top