28 May Sunday

ലക്ഷ്യം കമ്മ്യൂണിസ്റ്റ് ഉന്മൂലനമെന്ന് റാം മാധവ്‌: അഭിനന്ദനമറിയിച് മാധവിന് വിദേശ നയതന്ത്ര പ്രതിനിധി കത്തെഴുതിയെന്നു എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 6, 2018

ന്യൂഡൽഹി  >  ത്രിപുര വിജയത്തിന് പിന്നാലെ കമ്മ്യൂണിസ്റ്റ് ഉന്മൂലനമാണ് ബിജെപിയുടെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് റാം മാധവിനെ അഭിനന്ദിച്ച്   ഒരു വിദേശ നയതന്ത്ര പ്രതിനിധിയുടെ കത്ത് വന്നതായി എം ബി രാജേഷ് എം പി . ഫേസ്ബുക്കിലാണ്   എം ബി രാജേഷിന്റെ പ്രതികരണം .  വിദേശരാഷ്ട്രത്തിന് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഇത്ര താത്പര്യത്തിന്റെ കാരണമെന്ത് എന്ന് എം ബി രാജേഷ് ചോദിക്കുന്നു
പോസ്‌റ്റ്‌ ചുവടെ

'അഭിനന്ദനങ്ങൾ റാം. ലോകത്തിനിപ്പോൾ അധികം കമ്മ്യൂണിസ്റ്റുകാരെ ആവശ്യമില്ല'.ത്രിപുരയിൽ സി.പി.എം.തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ ഏറ്റവും മുതിർന്ന ആർ.എസ്.എസ്.ബി.ജെ.പി. നേതാവിന് ഒരു വിദേശ നയതന്ത്ര പ്രതിനിധി അയച്ച അഭിനന്ദന സന്ദേശമത്രേ ഇത്! ഏത് വിദേശ രാഷ്ട്രത്തിന്റെ പ്രതിനിധി എന്നത് വ്യക്തമല്ല.

ത്രിപുരയിൽ കമ്മ്യൂണിസ്റ്റുകാരെ തോൽപ്പിച്ചതിന് മാത്രമായുള്ള അഭിനന്ദനമാണിതെന്നോർക്കണം.എന്നാൽ വിദേശരാഷ്ട്രത്തിന് ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഇത്ര താത്പര്യത്തിന്റെ കാരണമെന്ത്? അത് ഇന്ത്യയുടെ ആഭ്യന്തരകാര്യമല്ലേ? അവിടെ കമ്മ്യൂണിസ്റ്റുകാർ പരാജയപ്പെട്ടതിന് ഈ 'വിദേശി' മതിമറന്ന്
ആഹ്ളാദിക്കുക മാത്രമല്ല, ആ ആഹ്ളാദം പങ്കുവച്ച് ത്രിപുരയുടെ ചുമതലക്കാരനായ ആർ.എസ്.എസ്.ബി.ജെ.പി.നേതാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നതിൽ ഒരു അസ്വാഭാവികതയും തോന്നുന്നില്ലേ?

അങ്ങിനെ അഭിനന്ദിക്കാൻ സി.പി.എം.നെ പരാജയപ്പെടുത്തൽ ഇരുകൂട്ടരുടെയും പൊതുതാത്പര്യവും ഒരു സ്വദേശിവിദേശി സംയുക്ത സംരഭവുമായിരുന്നോ? അത്ര ഔത്സുക്യത്തോടെ ത്രിപുരയുടെ ഫലം ഇരുകൂട്ടരും കാത്തിരുന്നത് വളരെ നിഷ്‌കളങ്കമായിരുന്നോ? ഒരു മുൻ പ്രധാനമന്ത്രി മുൻ സേനാമേധാവികൾക്കും മുൻ ഇന്ത്യൻ നയതന്ത്രവിദഗ്ദ്ധർക്കുമൊപ്പം വിദേശ നയതന്ത്രപ്രതിനിധികളുമായി അത്താഴമുണ്ടത് രാജ്യദ്രോഹമാണെന്ന് ആരോപിച്ചവർ ഈ 'വിദേശി' അഭിനന്ദനം സ്വീകരിക്കുന്നത് എന്തുകൊണ്ടാവാം? ചോദ്യങ്ങൾ അനേകം ഉയരുമ്പോൾ ജയത്തിന്റെ ഹുങ്കിൽ തെറിമാത്രമായിരിക്കും ഉത്തരം.


ഈ കുറിപ്പിന്റെ പ്രധാന വിഷയം ഇതല്ല. ആർ.എസ്.എസ്ബി.ജെ.പി. നേതാവ് റാം മാധവിന്റെ കൂട്ടക്കൊലക്കുള്ള ആഹ്വാനമാണ്. ഇന്നത്തെ (5.03.18) 'ദി ഇന്ത്യൻ എക്‌സ്പ്രസ്സ്' ദിനപത്രത്തിൽ റാംമാധവ് എല്ലാ മുഖംമൂടിയും പറിച്ചെറിഞ്ഞ്, സംഘദംഷ്ട്രകൾ മടിയില്ലാതെ പ്രദർശിപ്പിച്ച് രക്തദാഹത്തോടെ തങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ 'ഉന്മൂലനംചെയ്യൽ'ആണ് തങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്നാണ് ആ പ്രഖ്യാപനം.

(റാം മാധവ് പ്രയോഗിച്ച റലരശാമലേ എന്ന വാക്കിന് ഓക്‌സ്‌ഫോർഡ് നിഘണ്ടുവിൽ കൊല്ലുക, നശിപ്പിക്കുക, തുടച്ചുനീക്കുക എന്നെല്ലാമാണ് അർത്ഥം)ഇന്ത്യയിൽ ആ ദൗത്യം നിർവഹിക്കുക നരേന്ദ്രമോദിയാണെന്ന പച്ചയായ ഭീഷണി തന്നെ മുഴക്കുന്നുണ്ട് സംഘപരിവാറിന്റെ ദേശീയ നേതൃനിരയിലെ ഈ പ്രമുഖൻ. ഹിറ്റ്‌ലർ ജർമനിയിൽ ചെയ്തതു പോലെ എന്ന് വരികൾക്കിടയിൽ നമുക്ക് പൂരിപ്പിക്കാം. റാംമാധവിന്റെ കമ്മ്യൂണിസ്റ്റ് ഉന്മൂലനത്തിന്റെ ആഹ്വാനം ത്രിപുരയിലെ സംഘപരിവാർ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.

ഇന്ന് ഉച്ചവരെയുള്ള മാധ്യമ റിപ്പോർട്ടുകളനുസരിച്ച് സി.പി.ഐ(എം) പ്രവർത്തകർക്കെതിരെ 200 അക്രമസംഭവങ്ങളാണ് നടന്നിരിക്കുന്നത്. വിജയവാർത്ത വന്നപ്പോഴേക്കും ഇതാണവസ്ഥയെങ്കിൽ വരാനിരിക്കുന്നത് എന്ത് എന്നതിന്റെ സൂചനയാണത്. സി.പി.ഐ(എം) ഭരണത്തിന് മുമ്പുണ്ടായിരുന്ന ചോരയുണങ്ങാത്ത തെരുവുകളിലേക്കും വെടിയൊച്ചകളാൽ മുഖരിതമായ അരക്ഷിത ദിനരാത്രങ്ങളിലേക്കുമുള്ള ത്രിപുരയുടെ പിൻമടക്കം ആരംഭിച്ചിരിക്കുന്നു. സംഘപരിവാറിന് ഹിംസ മാത്രമേ വാഗ്ദാനം ചെയ്യാനുള്ളൂവെന്ന് എത്ര പെട്ടെന്നാണ് ത്രിപുര തെളിയിക്കുന്നത്!


ത്രിപുരയിലെ പരാജയത്തിൽ നിന്ന് സി.പി.ഐ.(എം) ന് പഠിക്കാനും തിരുത്താനുമുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ അതിലേറെ രാജ്യത്തിന് പഠിക്കാനുള്ള പാഠങ്ങളുണ്ട്. റാംമാധവ് പറഞ്ഞകാര്യം നേരത്തെ പ്രചരണ യോഗങ്ങളിൽ മോദിയും പറഞ്ഞിരുന്നുവെന്നോർക്കുക. 'കമ്മ്യൂണിസ്റ്റുകാരെ തുടച്ചു നീക്കണം' എന്ന മോദിയുടെ ആഹ്വാനത്തിലെ ഹിംസാത്മകതയാണ് ത്രിപുരയിൽ ഇപ്പോൾ വെളിപ്പെടുന്നത്.കമ്മ്യൂണിസ്റ്റുകാർക്ക് അത്ഭുതം തോന്നേണ്ട വിധം അപ്രതീക്ഷിതമല്ലിത്.

'വിചാരധാര'യിൽ പറയുന്ന മൂന്ന് ആഭ്യന്തര ശത്രുക്കളുടെ പട്ടികയിൽ മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരെയാണല്ലോ ഗോൾവാൾക്കർ ഉൾപ്പെടുത്തിയിട്ടുള്ളത്. അധികാരം കയ്യടക്കിയ ഉടൻ ആദ്യത്തെ കൂട്ടരോട് ഗുജറാത്തിൽ ചെയ്തത് ത്രിപുര പിടിച്ചപ്പോൾ കമ്മ്യൂണിസ്റ്റുകാരോട് ചെയ്യുന്നു.

ഈ രണ്ട് ഉന്മൂലന പദ്ധതിയുമാകട്ടെ മൂന്നാമത്തെ വിഭാഗത്തിനുള്ള നടുക്കുന്ന മുന്നറിയിപ്പുമാണ്. ഹിറ്റ്‌ലറുടെ ജർമ്മനിയിൽ ജീവിച്ച കവി മാർട്ടിൻ നിയോമുള്ളറുടെ വരികൾ ഏറെ ഉദ്ധരിച്ചതാണെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിലും അത്രമേൽ പ്രസക്തമായിത്തീരുന്നു. പ്രത്യേകിച്ച്, സ്വന്തം ചോരയിൽപ്പെട്ട പ്രവീൺതൊഗാഡിയയുടെ ജീവനെടുക്കാൻ വരെ അവരെത്തുമ്പോൾ.....
"First they came for the Jews
I did not speak out
because I was not a Jew
Then they came for the Cathalics
I did not speak out
because I was not a Cathalic
then they came for the Communists
I did not speak out
because I was not a Communist
Finally, they came for me
and there was no one left
to speak for me"


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top