28 November Tuesday

'ജീവിച്ചിരിക്കുമ്പോൾ ശവമാകരുത്, മനുഷ്യനാകണം; ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്'- ചിന്തിപ്പിച്ച് ന്യായാധിപന്റെ കുറിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 30, 2020

തൊടുപുഴ >  ''മരിച്ചു കഴിഞ്ഞാൽ ഏതു മനുഷ്യനും ശവം തന്നെയാണ്. പക്ഷേ ജീവിച്ചിരിക്കുമ്പോൾ ശവമാകരുത്, മനുഷ്യനാകാൻ കഴിയണം.'' കോവിഡ് കാലത്ത് സഹജീവികളെ സഹായിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്ന് ഓർമിപ്പിക്കുകയാണ് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ് സുദീപ്. ഒരു മാസത്തെ ശമ്പളമെങ്കിലും നാടിനു നൽകേണ്ടത് തന്റെ ചുമതലയാണെന്നും അത് നിറവേറ്റുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോവിഡ് ദുരിതാശ്വാസത്തിനായി ചീഫ് ജസ്റ്റിന്റെയും ജഡ്ജിമാരുടെയും ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് കത്ത് നൽകിയ സാഹചര്യത്തിലാണ് ഈ ന്യായാധിപന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറെ കൈയടിയോടെ ചർച്ച ചെയ്യപ്പെടുന്നത്.

ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്: വിചാരണ കോടതി ജഡ്ജിയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് പതിനെട്ടു വർഷമായി. മാസശമ്പളം 1,43,000 രൂപ. 20,000 രൂപ പ്രതിമാസ വാടക വീടെടുക്കാം. മെട്രോ നഗരങ്ങളിൽ അതിലധികം വാടകയുള്ള വീടെടുക്കാം. - കേന്ദ്ര സർക്കാർ ഡിഎ എല്ലാ ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളിൽ വർധിപ്പിക്കും. - ഔദ്യോഗിക വാഹനം അല്ലെങ്കിൽ പ്രതിമാസം 50 ലിറ്റർ പെട്രോൾ/ഡീസൽ തുക. - വീട്ടിലെ വൈദ്യുതി, വെള്ളം എന്നിവയുടെ പകുതി സർക്കാർ തരും. രണ്ടു പത്രങ്ങൾ, ഒരു ആനുകാലികം എന്നിവയുടെ തുക. - മൂന്നു വർഷത്തിലൊരിക്കൽ 6,000 രൂപ റോബ് (യൂണീഫോം) അലവൻസ്. - നാലു വർഷത്തിലൊരിക്കൽ ഇന്ത്യയിലെവിടെയും കുടുംബസമേതം വിനോദയാത്രക്ക് വിമാന ടിക്കറ്റ് കൂടാതെ പത്തു ദിവസത്തെ കാഷ്വൽ ലീവ് സറണ്ടർ തുകയും. രണ്ടു വർഷത്തിലൊരിക്കൽ ആർജ്ജിത അവധി സറണ്ടറിലൂടെ ഒരു മാസത്തെ അധിക ശമ്പളം. കണ്ണട ഫ്രെയിമിന് 5,000 രൂപ. ലെൻസ് തുകയ്ക്ക് പരിധിയില്ല. ആശുപത്രി ചികിത്സക്ക് ജഡ്ജിക്കും കുടുംബത്തിനും മെഡിക്കൽ റീ- ഇംബേഴ്‌സ്‌മെന്റ്. വിരമിച്ച ശേഷവും ജഡ്ജിക്ക് ഈ ആനുകൂല്യം. പേ റിവിഷൻ നടപ്പായിട്ടില്ല, 2016 ജനുവരി ഒന്നു മുതൽ പിൻകാല പ്രാബല്യത്തോടെ നടപ്പിലാകേണ്ടതാണ്. ഇതിൽ മെഡിക്കൽ, കണ്ണട, വിനോദയാത്ര ആനുകൂല്യങ്ങളിൽ പത്തു പൈസ പോലും നാളിതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജൂനിയർ വക്കീലായിരുന്നപ്പോൾ വല്ലപ്പോഴും സീനിയർ തരുന്ന 35 രൂപയിലും ജീവിച്ചിരുന്നപ്പോൾ ചിന്തിച്ചിരുന്നത് അതുപോലും കിട്ടാത്ത ജൂനിയർ വക്കീലന്മാരെക്കുറിച്ചായിരുന്നുവെന്നും എസ് സുദീപ് മറ്റൊരു കുറിപ്പിലൂടെ സൂചിപ്പിച്ചു. ഈ ലോക്ഡൗൺ ജോലി ചെയ്യാതെ ശമ്പളം വാങ്ങുമ്പോൾ ഓർക്കുന്നതും ഓർക്കേണ്ടതും ജോലിയും ശമ്പളവുമില്ലാത്ത മഹാഭൂരിപക്ഷത്തെയാണ്. ആ മഹാഭൂരിപക്ഷത്തിൽ എല്ലാ വിഭാഗക്കാരുമുണ്ട്. മരിച്ചു കഴിഞ്ഞാൽ ശവങ്ങളുടെ കീശയിൽ മുഴുവൻ ശമ്പളവും കാണുമായിരിക്കും, പക്ഷേ ശവങ്ങൾക്ക് ആറടി മണ്ണുമാത്രം മതിയെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top