07 June Wednesday

ആംബുലൻസ് വൈകിയില്ലെന്ന് രോഗി, വൈകിയെന്ന് അവതാരകൻ; നുണവാർത്തകളെ തുറന്നുകാട്ടി സോഷ്യൽമീഡിയ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 28, 2020

കോട്ടയത്തെ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാൻ അനാസ്ഥ കാണിക്കുന്നുവെന്ന് പ്രചരണം നടത്തിയ മാധ്യമങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി സോഷ്യൽ മീഡിയ. കോവിഡ് പ്രതിരോധത്തിൽ ലോകമാതൃക പുലർത്തുന്ന സംസ്ഥാന സർക്കാരിനെതിരെ അടിക്കാൻ വടി കിട്ടിയെന്ന ആവേശത്തിലായിരുന്നു ചില കോൺഗ്രസ് നേതാക്കളും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് നുണക്കഥ ചമച്ചത്. എന്നാൽ കെട്ടിപ്പൊക്കിയ നുണ തകരാൻ കേവലം മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

കോവിഡ് സ്ഥിരീകരിച്ച രോഗി തന്നെ, വാർത്തകൾ നൽകിയ ചാനലുകളുടെ ഗൂഢാലോചനക്കെതിരെ പ്രതികരിച്ചു. മനോരമ ന്യൂസിന്റെ രാത്രി ചർച്ചയായ 'കൗണ്ടർ പോയിന്റ്' ആരംഭിച്ചത് കോട്ടയം മണർകാട് സ്വദേശിയായ കോവിഡ് രോഗിയെ ടെലി ഇൻ വിളിച്ചുകൊണ്ടായിരുന്നു. തന്റെ പേരിൽ നുണ വാർത്ത ചമയ്ക്കാനുള്ള മനോരമ അവതാരകന്റെ ശ്രമം ചർച്ചയുടെ തുടക്കത്തിലേ രോഗി തടഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിക്കാൻ ബോധപൂർവം വൈകിക്കുന്നുവെന്നാണ് മനോരമ ലേഖകൻ കോട്ടയത്ത് നിന്നും റിപ്പോർട്ട് ചെയ്തത്. ഇത് ഏറ്റു പിടിച്ച്, രോഗം സ്ഥിരീകരിച്ചാൽ ആ നിമിഷം തന്നെ ആശുപത്രിയിലെത്തണമെന്ന് ചർച്ച നടത്തിക്കൊണ്ടിരുന്ന അവതാരകനും വാദിച്ചു. എന്നാൽ ഈ വാദങ്ങളെ പൊളിക്കുന്ന മറുപടിയായിരുന്നു രോഗിയുടേത്.

'എന്റെ വീട് മണർകാടാണ്. ഏകദേശം പതിനഞ്ച് മിനിറ്റ് മുമ്പ് മെഡിക്കൽ കോളേജിൽ നിന്നും വിളിച്ചു. ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസ് അയക്കുന്നുണ്ട് എന്നാണവർ പറഞ്ഞത്. അവർ വരാം എന്ന് പറഞ്ഞിട്ടുണ്ട്. അവർ വന്നോളും. എനിക്ക് ഇതിലൊരു പരാതിയുമില്ല. നിങ്ങൾ എന്തിനാണ് ഇങ്ങനെ ആംബുലൻസ് എത്തിയില്ല എന്ന വാർത്ത കൊടുക്കുന്നത് ? - രോഗി തത്സമയം ചർച്ചയിൽ പറഞ്ഞു.

രോഗിയുടെ മറുപടിയുടെ മറുപടിയിൽ നുണപ്രചരണത്തിനുള്ള ശ്രമം തകർന്നപ്പോൾ, ഇത് ആരെയും കുടുക്കാനായി നൽകിയ വാർത്തയല്ലെന്നായിരുന്നു അവതാരകന്റെ വാദം. കൂടാതെ, രോഗം സ്ഥിരീകരിച്ചാൽ, ആ നിമിഷം തന്നെ ആശുപത്രിയിലെത്തിക്കണമെന്നും അവതാരകൻ പറഞ്ഞു. എന്നാൽ, താൻ അത്രമേൽ ഗുരുതരാവസ്ഥയിലുള്ള ആളല്ലെന്ന് രോഗി പറഞ്ഞു. 'രോഗം സ്ഥിരീകരിച്ചിട്ടും പറഞ്ഞിട്ടും 20 മിനിറ്റ് ആയിട്ടില്ല. ആംബുലൻസ് ഇവിടെ ഓടിയെത്താനുള്ള സമയം എങ്കിലും വേണ്ടേ? അതിനു മുന്നേ നിങ്ങൾ ഇതൊക്കെ വാർത്തയാക്കേണ്ട കാര്യം എന്താണ്?'- അവതാരകനോട് രോഗി ചോദിച്ചു.

റിസൾട്ട് കിട്ടിയ ഉടനെ തന്നെ അറിയിച്ചുവെന്നും കൃത്യമായ ഇടപെടൽ നടത്തിയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവിധ ചാനൽ ചർച്ചകളിൽ തന്നെ വ്യക്തമാക്കുകയും ചെയ്തു. നേരിയ ലക്ഷണങ്ങൾ മാത്രമുള്ള രോഗിയാണ്. ആംബുലൻസ് ഡ്രൈവർ പിപിഇ കിറ്റെല്ലാം ധരിച്ച് എത്താനുള്ള സാധാരണ സമയം മാത്രമാണ് എടുത്തത്. ആംബുലൻസ് ജില്ലാ കേന്ദ്രത്തിലാണ്, പഞ്ചായത്തിന്റെ കീഴിലല്ല. ഇതെല്ലാം നാട് കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഗുരുതരാവസ്ഥ ഇല്ലാത്തവർക്ക് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ആശുപത്രി പ്രവേശനം നിഷേധിക്കുന്ന ഈ കാലത്ത്, രോഗം സ്ഥിരീകരിച്ച എല്ലാവരെയും ആശുപത്രിയിലെത്തിച്ച്, മികച്ച ചികിത്സ നൽകുകയും ഐസൊലേഷൻ ഏർപ്പെടുകയും ചെയ്യാൻ ശ്രമിക്കുകയാണ് കേരളത്തിലെ ആരോഗ്യവകുപ്പ്. അതിനാലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളം കോവിഡിനെ നേരിടുന്ന രീതിക്ക് അഭിനന്ദനം ലഭിച്ച് വരുന്നതും.

സോഷ്യൽ മീഡിയയിലെ ചില പ്രതികരണങ്ങൾ ചുവടെ


 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top