20 April Saturday

ഹജ്ജിന് സൗജന്യയാത്ര അനുവദിക്കുന്ന സര്‍ക്കാര്‍ ശബരിമല ഭക്തരില്‍ നിന്നും പണം പിഴിയുന്നുവെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍: കണ്ണന്‍ പികെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

മുസ്ലിങ്ങള്‍ക്ക് ഹജ്ജിന് പോകാന്‍ സൗജന്യ കെഎസ്ആര്‍ടിസി ഒരുക്കുന്ന കേരള സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും പണം പിഴിയുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന്റെ വ്യാജ പ്രചരണം. ഹജ്ജിന് പോകുന്നവര്‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് 'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന രീതിയില്‍ സംഘപരിവാര്‍ നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്. 

ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്താറുണ്ട്. കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റില്‍ ഈ സര്‍വീസുകളുടെ വിവരങ്ങള്‍ ലഭ്യമാണ്


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'ഹജ്ജിന് പോകുന്ന മുസ്ലീമുകള്‍ക്ക് എയര്‍പോര്‍ട്ട് വരെ കെ എസ് ആര്‍ ടി സിയില്‍ സൗജന്യയാത്ര അനുവദിക്കുന്ന കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുക്കളായ ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള യാത്രക്ക് 100 രൂപ ടിക്കറ്റിന് ഈടാക്കുന്നു' എന്ന ഒരു വ്യാജവാര്‍ത്ത സംഘപരിവാറിന്റെ സൈബര്‍ ടീം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഭക്തജനങ്ങളെ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന ഈ വ്യാജവാര്‍ത്തയുടെ നിജസ്ഥിതി അറിയിക്കുവാനാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുന്നത്.

കഴിഞ്ഞ ഉത്സവകാലത്ത് 31 രൂപയായിരുന്നു നിലക്കല്‍ മുതല്‍ പമ്പ വരെയുള്ള ടിക്കറ്റിന് കെ എസ് ആര്‍ ടി സി ഈടാക്കിയിരുന്നത്. അന്ന് ഡീസലിന്റെ വില ലിറ്ററിന് 63 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 80 രൂപയോളമാണ്. ഇക്കാലയളവില്‍ 25 ശതമാനത്തോളമാണ് കേന്ദ്ര സര്‍ക്കാര്‍ 'കക്കൂസ് നിര്‍മ്മാണ പദ്ധതിക്ക്' വേണ്ടി ഡീസലിന് വില വര്‍ധിപ്പിച്ചത്.

റിട്ട: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരിയില്‍ കെ എസ് ആര്‍ ടി സി യുടെ നിരക്കുകള്‍ പുനര്‍ നിര്‍ണ്ണയിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. (G.O.(P) No.4/2018/TRANS dated 26-02-2018) 2018 ഫെബ്രുവരിക്ക് ശേഷം എല്ലാ റൂട്ടുകളിലെയും നിരക്കുകള്‍ കെ എസ് ആര്‍ ടി സി വര്‍ധിപ്പിച്ചിരുന്നു. എല്ലാ സര്‍വ്വീസുകള്‍ക്കും ഈ വര്‍ധനവ് ബാധകമായിരുന്നുവെങ്കിലും മാരാമണ്‍ കണ്‍വെന്‍ഷന്‍, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവ സീസണുകള്‍ക്ക് വേണ്ടി ഷെഡ്യൂള്‍ ചെയ്ത സ്‌പെഷ്യല്‍ സര്‍വീസ് ബസ്സുകളില്‍ അവയുടെ ഷെഡ്യൂള്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ് നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്.

 അതുകൊണ്ട് മാത്രമാണ് ശബരിമല ഉത്സവക്കാലത്ത് മാത്രമായി കെ എസ് ആര്‍ ടി സി നടത്തുന്ന ഈ സ്പെഷ്യല്‍ സര്‍വീസിന്റെ ടിക്കറ്റിലുണ്ടായ വര്‍ധനവ് ഷെഡ്യൂള്‍ ആരംഭിച്ചപ്പോള്‍ നടപ്പിലാക്കിയതും.

ഭീമാ പള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്‍വെന്‍ഷന്‍, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ശബരിമല മകരവിളക്ക്, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്താറുണ്ട്. കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്സൈറ്റില്‍ ഈ സര്‍വീസുകളുടെ വിവരങ്ങള്‍ ലഭ്യമാണ്. (https://mvd.kerala.gov.in/.../notif.../state/2018/not_4_2018.pdf)

നിലക്കല്‍ കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മുതല്‍ പമ്പ ത്രിവേണി വരെ 21 .5 കിലോമീറ്ററാണുള്ളത്. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് പത്ത് രൂപയാണ് മിനിമം ചാര്‍ജ്ജ് ഈടാക്കുന്നത്. നിലക്കല്‍ മുതല്‍ പമ്പ വരെ ഒമ്പത് ഫെയര്‍ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയര്‍ സ്റ്റേജുകള്‍ക്ക് കിലോമീറ്ററിന് 80 പൈസയാണ് കെ എസ് ആര്‍ ടി സി ഈടാക്കാറുള്ളത്. ഒമ്പത് ഫെയര്‍ സ്റ്റേജുകള്‍ക്ക് ആകെ വരുന്ന 22 .5 കിലോമീറ്ററില്‍ നിന്ന് മിനിമം ചാര്‍ജ്ജ് ഈടാക്കുന്ന ആദ്യത്തെ അഞ്ച് കിലോമീറ്റര്‍ ദൂരം കുറച്ചുള്ള (22 .5 - 5 = 17 .5 ) ദൂരത്തിനാണ് കിലോമീറ്ററിന് 80 പൈസ എന്ന നിരക്കില്‍ ( 17 .5 x 0.80 = 14 രൂപ) ചാര്‍ജ്ജ് ഈടാക്കുന്നത്.

 ഇതടക്കം 24 രൂപയാണ് വരുന്നത്. ഈ 24 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയര്‍ ചാര്‍ജ്ജ് ആയി ഈടാക്കുന്നുണ്ട്. അതായത് 10 രൂപ (മിനിമം ചാര്‍ജ്ജ്) + 14 രൂപ (ഫെയര്‍ ചാര്‍ജ്ജ്) + 6 രൂപ (ഗാട്ട് റോഡ് ഫെയര്‍ ചാര്‍ജ്ജ് ) = 30 രൂപയാണ് ആകെ ഫെയര്‍. ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവല്‍ ഫെയര്‍ ആയി ഈടാക്കുന്നത്. അതായത് 30 x 30 % = 9 രൂപ. ഇത് കൂടാതെ സെസ് ഇനത്തില്‍ 2 രൂപയും ഈടാക്കുന്നുണ്ട്.

അതായത് 10 രൂപ (മിനിമം ചാര്‍ജ്ജ്) + 14 രൂപ (ഫെയര്‍ ചാര്‍ജ്ജ്) + 6 രൂപ (ഗാട്ട് റോഡ് ഫെയര്‍ ചാര്‍ജ്ജ് ) + 9 രൂപ (ഫെസ്റ്റിവല്‍ ഫെയര്‍) + 2 രൂപ (സെസ്) = 41 രൂപയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം യഥാര്‍ത്ഥത്തില്‍ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ നിരക്കില്‍ നിന്ന് ഒരു രൂപ കുറച്ചു കൊണ്ടാണ് 40 രൂപ നിരക്കില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് നടത്തുന്നത്.

ഹജ്ജിന് പോകുന്നവര്‍ക്ക് മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരിയിലേക്ക് അനുവദിച്ച കെ എസ് ആര്‍ ടി സി ബസ്സിലെ ടിക്കറ്റ് നിരക്ക് 350 രൂപയാണെന്ന വസ്തുത മറച്ച് വെച്ചുകൊണ്ടാണ് 'ഹജ്ജ് യാത്രികര്‍ക്ക് സൗജന്യ യാത്ര' എന്ന രീതിയില്‍ സംഘപരിവാര്‍ നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് .

https://www.mediaonetv.in/.../13004-KSRTC-launches-special-ai...

പച്ചക്കള്ളവും വ്യാജവാര്‍ത്തകളും പടച്ചു വിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങള്‍ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ പ്രസ്ഥാനമാണ് സംഘപരിവാര്‍. എന്നും വ്യാജ വാര്‍ത്തകളാണ് സംഘപരിവാര്‍പ്രചാരണങ്ങള്‍ക്കുപയോഗിക്കാറുള്ളത്. ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുമെന്നായിരുന്നു ഹിറ്റ്‌ലറുടെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ സിദ്ധാന്തം.

ഫാസിസത്തിന്റെ ഇന്ത്യന്‍ പ്രതിരൂപമായ സംഘപരിവാറും പിന്തുടരുന്നത് ഇതേ ചിന്താധാര തന്നെയാണ്. ഒരു നുണ നൂറാവര്‍ത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ രീതിയാണ് ശബരിമല വിഷയത്തിലും സംഘപരിവാര്‍ സ്വീകരിച്ചു പോരുന്നത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top