18 April Thursday
യൂണിവേഴ്സിറ്റി കോളജ് മര്‍ദ്ദനം

തെറ്റിദ്ധാരണാ ജനകമായ പ്രചരണങ്ങളുടെ കുത്തൊഴുക്ക്, ഏകപക്ഷീയമായ കായികാക്രമം എസ്എഫ്ഐയുടെ നയമല്ല- ജെയ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 11, 2017

തിരുവനന്തപുരം > തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നം സംബന്ധിച്ച് തെറ്റിദ്ധാരണാ ജനകമായ പ്രചരണങ്ങളുടെ കുത്തൊഴുക്കാണ്  ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് പറഞ്ഞു.  ജിജീഷ് എന്ന യുവാവിന് കോളജ് ക്യാംപസിനുള്ളില്‍ വച്ച് മര്‍ദനമേല്‍ക്കേണ്ടി വന്നത് അങ്ങേയറ്റം അപലപനീയവും ദൌര്‍‘ഭാഗ്യകരവുമാണ്. ഏതൊരു ഘട്ടത്തിലും ഏകപക്ഷീയമായ കായികാക്രമം എസ്എഫ്ഐയുടെ നയമല്ല. ഒഴിവാക്കപ്പെടേണ്ടിയിരുന്ന അത്തരമൊരു അക്രമണത്തില്‍ എസ് എഫ് ഐയുടെ മെമ്പര്‍ഷിപ്പെങ്കിലുമുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പുറത്തു നിന്നെത്തിയ ഒരു യുവാവ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ എത്തി എന്നത് കയ്യൂക്കു കൊണ്ട് മറുപടി പറയാൻ മാത്രമുള്ള ഒരു മഹാ അപരാധമായി ഒരു കാരണവശാലും കാണാൻ കഴിയില്ല. ആ യുവാവിന്റെയും യുവതിയുടെയും ഒരുമിച്ചുള്ള ചിത്രം പ്രചരിപ്പിക്കുന്നവരോടും, സ്വകാര്യതയുടെ വമ്പു തകർത്ത് കുലീനതയുടെയും തറവാട്ടു മഹിമയുടെയും ആസ്ഥാന സംരക്ഷകർ ചമയുന്നവരോടും ‘അനാശാസ്യ’ത പ്രചരിപ്പിക്കുന്ന പൊതുബോധത്തിന്റെ കാവൽപ്പടയാളികളോടും ഉള്ളത് കലർപ്പില്ലാത്ത വിയോജിപ്പും ഒരിഞ്ചു വിട്ടു വീഴ്ചയില്ലാത്ത എതിർപ്പും മാത്രമാണ്. നിങ്ങൾ നിൽക്കുന്ന പക്ഷം എസ്എഫ്ഐയുടേതോ ഇടതുപക്ഷ ബോധത്തിന്റെയോ അല്ല തന്നെ. ക്ലാസ്മുറിയിൽ വിദ്യാർഥികൾക്ക് അലോസരമുണ്ടാക്കുന്ന അപരസാന്നിധ്യവും ഏതു സാഹചര്യത്തിലും സൃഷ്ടിക്കപ്പെടുന്ന കയ്യൂക്കിന്റെ ബലപ്രയോഗത്തെയും ഒരേ പോലെ തള്ളിക്കളയുകയാണ്. എമൃ എമൃ ളൃീാ വേല ാമററശിഴ രൃീംറ എന്ന കവിതാശകലമാണ് മോബോക്രസിയുടെയും പലപ്പോഴും ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ ഇത്തരം അപകടകരമായ പ്രവണതകളെയും സൂചിപ്പിക്കുന്നത് ഒാർമിപ്പിക്കുന്നത്.

എന്നാൽ ചാനൽ മാധ്യമങ്ങളിൽ ഏഷ്യാനെറ്റ് എസ്എഫ്ഐ വിരുദ്ധ പൊതുബോധ നിർമിതിക്കായുള്ള അശ്ലീല പ്രവണതകളിൽ ചാംപ്യൻ ചെയ്യാനുള്ള ശ്രമങ്ങൾ അനസ്യൂതം തുടരുകയാണ്. മഹാരാജാസ് കോളജിലും ലോ അക്കാദമിയിലും മടപ്പള്ളി കോളജിലും യുണിവേഴ്സിറ്റി കോളജിലും ഒരേ പോലെ എസ്എഫ്ഐ വിരുദ്ധ വാർത്തകളുടെ നിർമിതിക്കായാണ് ഏഷ്യാനെറ്റ് ശ്രമങ്ങൾ. രാജീവ് ചന്ദ്രശേഖരനെന്ന സംഘപരിവാർ നേതാവായ ചാനൽ മേധാവിയുടെ മനമറിഞ്ഞു പെരുമാറുന്ന വാർത്താ അവതാരകനെ ഒാർമിപ്പിക്കുന്നത് കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗത്തെയാണ്. ചോംസ്കിയുടെ ‘മാധ്യമ അരിപ്പകളും’ ബോധ നിർമിതിയിൽ ‘കമ്യൂണിസ്റ്റ് വിരുദ്ധതയും’ നിർദയമായ യാഥാർഥ്യമാണെന്നു തന്നെയാണ് ഏഷ്യാനെറ്റും തെളിയിക്കുന്നത്.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർക്ക് അംഗത്വം നൽകി അവരെ മൂന്നാംകിട പൗരന്മാരായി കാണുന്ന പൊതുബോധ നിർമിതിക്ക് കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടാണ് ഇൗ അക്കാദമിക്ക് വർഷം എസ്എഫ്ഐ അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കേരളത്തിലെ എല്ലാ സർവകലാശാല യൂണിയനുകളിലേക്കും കലാലയങ്ങളിലേക്കും എസ്എഫ്ഐ അവേശപൂർവം അവരെ സ്വാഗതം ചെയ്തു. ആണും പെണ്ണും ഒരുമിച്ചിരിക്കാൻ പാടില്ലെന്ന തിട്ടൂരം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പുറത്തിറക്കയിപ്പോൾ ‘ഇസ്ലാമോഫോബിയ’ എന്ന ന്യൂനപക്ഷ സംരക്ഷകരുടെ അക്ഷേപങ്ങളിലും തെല്ലും പതറാതെ ആണും പെണ്ണും ഒരുമിച്ചിരുന്ന പ്രതിഷേധ ക്ലാസ്മുറികൾക്ക് കേരളത്തിന്റെ തെരുവോരങ്ങളിൽ എസ്എഫ്ഐ നേതൃത്വം നൽകിയിട്ട് അധികകാലമായിട്ടില്ല. ചുംബനസമരത്തിൽ പങ്കെടുത്തവരെ ലോ അക്കാദമി സമരത്തിലെന്ന പോലെ കെ എസ് യു മുതൽ എബിവിപി വരെയുള്ള സംഘടനകൾ ഒരേ പോലെ കൊടി കെട്ടിയ കുറുവടികളുമായി നേരിടാനെത്തിയപ്പോൾ അതേ തെരുവുകളിൽ നിന്ന് സദാചാര ഗുണ്ടായിസത്തിന് മറുപടി മാനവികതയാണെന്ന് എന്നു വിളിച്ചു പറഞ്ഞതും മറ്റാരുമായിരുന്നില്ല. പൊതുബോധത്തിനും ഭൂരിപക്ഷ മതത്തിന്റെ വ്യവസ്ഥാ സംരക്ഷണ നിലപാടുകളോടും എക്കാലവും കലഹിച്ചും കലാപം ചെയ്തും തന്നെയാണ് കലാലയങ്ങളുടെ ഹൃദയപക്ഷമായി എസ്എഫ്ഐ മാറിയത്.

അതു കൊണ്ട് തന്നെ നിരന്തരമായ തിരുത്തലുകൾ തന്നെയാണ് ഇടതുപക്ഷമെന്നാണ് പരിമിതമായ അറിവിലും രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ അനുഭവപാഠങ്ങൾ പറഞ്ഞു നൽകിയിട്ടുള്ളത്. ശരിതെറ്റുകളിൽ ഭൂരിപക്ഷത്തിന്റെ കണക്കെടുക്കാതെ പതറാതെ ശരികളെ തന്നെ പതാകയാക്കി എസ്എഫ്ഐ ഇനിയും മുന്നോട്ടു തന്നെ നീങ്ങും. സദാചാര സംരക്ഷണത്തിന്റെ ക്ലാസ്സെടുക്കാൻ വരുന്ന സംഘപരിവാറിനെയും അവരുടെ കളിപ്പാവകളായി മാത്രമാടുന്ന മറ്റു ‘ചില’ സംഘടനകളെയും അവരുടെ വാദങ്ങളെയും അർഹിക്കുന്ന അവഞ്ജയോടെ തള്ളുന്നു ജെയ്ക്ക് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top