25 April Thursday

അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ? എം വിന്‍സെന്റിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം എം മണി

വെബ് ഡെസ്‌ക്‌Updated: Monday Aug 7, 2017

തിരുവനന്തപുരം > വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എംഎം മണി. മൂന്നാറിലെ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ തനിക്കെതിരെ സമരം നടത്തിയ പ്രതിപക്ഷം എം വിന്‍സെന്റിനെ പിന്തുണയ്ക്കുന്നതിനെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

തനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന വിന്‍സെന്റിനെ   ഇപ്പോള്‍ പിന്തുണയ്ക്കുന്ന യുഡിഎഫുകാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണെന്നും എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.


വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയായ എം വിന്‍സെന്റ് ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. വിന്‍സെന്റിന്റെ ജാമ്യം തിങ്കളാഴ്ചയും കോടതി നിഷേധിച്ചിരുന്നു. ബാലരാമപുരം സ്വദേശിനിയെ എം വിന്‍സന്റ് എംഎല്‍എ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിലാണ് വിന്‍സെന്റിനെതിരെ പൊലീസ് കേസെടുത്തത്. 

എംഎല്‍എ കടയില്‍ കയറിയും  പീഡിപ്പിച്ചെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതം ആണെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കള്‍ വിന്‍സെന്റിനെ സംരക്ഷിക്കുന്ന നിലപാടാണെടുത്തത്. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നുള്ള പൊതുസമൂഹത്തിന്റെ ആവശ്യം തള്ളുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ ഈ ഇരട്ടത്താപ്പിനെയാണ് മന്ത്രി എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുകാട്ടിയത്.


എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം....

14ാം കേരള നിയമസഭയുടെ 7ാം സമ്മേളനം ഇന്നാരംഭിച്ചു.

ഇന്ന് സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് പ്രതിപക്ഷ ബഞ്ചില്‍ കോവളം എം.എല്‍.എ യുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.

തിരക്കിയപ്പോഴാണ് മനസ്സിലായത് കോവളത്തെ മെമ്പര്‍ക്ക് സഭയില്‍ വരാന്‍ കഴിയില്ലെന്ന്.

എന്താ കാര്യം?

അദ്ദേഹം ജയിലിലാണത്രെ!

അത് എന്തിന്?

'വീട്ടമ്മയെ പീഡിപ്പിച്ചതിനും നിരന്തരം ഫോണിലൂടെ ശല്യം ചെയ്തതിനും'.

കഴിഞ്ഞ സഭാ കാലത്ത് ഞാന്‍ പെമ്പിളൈ ഒരുമയുടെ പേരില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് കള്ളക്കഥ പ്രചരിപ്പിച്ച് സഭയില്‍ എനിക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു കോവളത്തെ അദ്ദേഹം.

അന്നുയര്‍ത്തിയ സ്ത്രീപക്ഷ തുണി ബാനറുകളൊക്കെ അവിടെത്തന്നെ ഉണ്ടോ?

യു.ഡി.എഫ് കാരുടെ മുഖംമൂടികള്‍ അഴിഞ്ഞ് വീഴുകയാണ്.

ഇനിയും ഏറെ മുഖം മൂടികള്‍ അഴിഞ്ഞ് വീഴാനുണ്ട്...



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top