09 December Saturday

"കോൺഗ്രസ്, നിങ്ങൾ കത്തിച്ചുകളഞ്ഞ ഭൂതകാല ശരികൾക്കൊക്കെയും ഇന്ന് തീപിടിക്കുകയാണ്..'

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

കോൺഗ്രസ്, നിങ്ങൾ കത്തിച്ചു ചാമ്പലാക്കിയ ഭൂതകാല ശരികൾക്കൊക്കെയും ഇന്ന് തീപിടിക്കുകയാണ്..! കർണാടകത്തിൽ നിന്നുള്ള #congRSS വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു. ജെയ‌്ക്ക‌് സി തോമസ‌് എഴുതുന്നു...

പൂർണരൂപം...

കോൺഗ്രസ്,നിങ്ങൾ കത്തിച്ചു ചാമ്പലാക്കിയ ഭൂതകാല ശരികൾക്കൊക്കെയും ഇന്ന് തീപിടിക്കുകയാണ്..!
കർണാടകത്തിൽ നിന്നുള്ള #congRSS വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു.

മരണംവരെയും കോൺഗ്രസ്സുകാരൻ ആവണമെന്നതായിരുന്നു ആഗ്രഹം പക്ഷെ എന്റെ മരണത്തിനും എത്രയോ മുമ്പേ കോൺഗ്രസ് മരിച്ചിരിക്കുന്നു എന്നൊരിക്കൽ വിളിച്ചു പറഞ്ഞത് അഴീക്കോട് മാഷ് എന്ന് നാം ഊഷ്മളമായ സ്നേഹത്തോടെ വിളിച്ച സുകുമാർ അഴീക്കോട് ആയിരുന്നു. നമ്മളിൽ ഭൂരിപക്ഷത്തിനും അദ്ദേഹത്തിന്റെ ക്ലാസ്സ്മുറിയിൽ ഇരിക്കുവാനുള്ള ഭാഗ്യം ലഭിച്ചില്ല പക്ഷെ അന്യാദൃശ്യമായ സ്നേഹത്തോടെ കേരളം അഴീക്കോട് മാഷ് എന്ന് വിളിച്ച അദ്ദേഹത്തിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച അന്നത്തെ അഭിമുഖം അവസാനിക്കുന്നത് താൻ ഇനി സിപിഐ എമ്മിന്റെ സുപ്പീരിയർ അഡ്വൈസർ ആയിരിക്കും എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു.

അഴീക്കോട് മാഷിന്റെ കോലം കത്തിക്കൽ അക്കാലയളവിൽ യൂത്ത് കോൺഗ്രസ് ഉണ്ടെന്നു മാധ്യമങ്ങളിൽ എങ്കിലുമൊന്നു തെളിയിക്കാൻ അവരെ സാഹിയിച്ചു.അതുപോലെ രാജ്യത്തെ പലഭാഗങ്ങളിലും പ്രസിദ്ധീകരണാനന്തരം കോൺഗ്രസ് കത്തിച്ചു കളയാൻ ശ്രമിച്ച പുസ്തകമായിരുന്നു അരുന്ധതി റോയിയുടെ ‘ദി ഗ്രെയ്റ്റർ കോമൺ ഗുഡ്’.ഹിരാക്കുഡ് അണക്കെട്ടിന്റെ നിർമാണ വേളയിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങളോടുള്ള നെഹ്രുവിന്റെ പ്രഖ്യാപനം ” നിങ്ങൾ ത്യാഗം അനുഭവിക്കുന്നു എങ്കിൽ അത് രാജ്യതാല്പര്യത്തെ മുൻനിർത്തിയാവണം” അതിലെ ചരിത്രം മാപ്പു നൽകാത്ത പ്രഖ്യാപനങ്ങളും ചതിവുകളും തുറന്നു കാട്ടിയപ്പോൾ ഇ.എം.എസ്സ് ന്റെ ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരവും’, അഴീക്കോട് മാഷിന്റെ കോലവും പോലെ അത് കോൺഗ്രസ് കത്തിച്ചു.

പക്ഷെ കത്തിച്ചു കളഞ്ഞ ഭൂതകാല ശരികൾക്കൊക്കെയും വർത്തമാനകാലത്തു തീപിടിക്കുകയാണ്.
സംഘ് സൈന്യം തല്ലിക്കൊന്ന പെഹലൂഖാന്റെ കുടുംബത്തെ പ്രതി ചേർത്ത് കേസ് എടുത്ത സർക്കാർ അത് കോൺഗ്രസിന്റെ തന്നെ ആണ്.

ഇങ്ങനൊക്കെയാണ് നെഹ്‌റുവിന്റെ വാക്കുകൾ നിർദ്ദയമാംവിധം അറംപറ്റുന്നത് രാജ്യത്തിന് വേണ്ടി ത്യാഗം അനുഭവിക്കാൻ ഒരാൾ പോലും അവശേഷിക്കാത്ത പോലെ കോൺഗ്രസ് ആർഎസ്എസ്സിലേക്കുള്ള ഒരു പാലം മാത്രമായി തീരുകയാണ്. ആർഎസ്എസ് ഈ രാജ്യത്തു വിജയിച്ചതല്ല കോൺഗ്രസ് പരാജയപെടുത്തിയതാണ് ഈ രാജ്യത്തെ. കൊല്ലപ്പെട്ട പെഹലുഖനെ പ്രതിസ്ഥാനത്തു നിർത്തി കേസ് എടുത്ത പോലെ രാമായണം സീരിയൽ ആയപ്പോൾ അതിലെ ശ്രീരാമനെ ആദ്യം വോട്ട് ലഭിക്കാൻ യുപിയുടെ മണ്ണിലെറിക്കിയത് ആർഎസ്എസ്സിന് വഴി സുഗമമാക്കി നൽകിയ കോൺഗ്രസ് ആയിരുന്നു. സീരിയലിലെ രാമനെ ഉപയോഗിച്ചാൽ യഥാർത്ഥ ശ്രീരാമനെ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് തങ്ങൾ കാണിച്ചു നൽകാം എന്നതായിരുന്നു സംഘിന്റെ രാഷ്ട്രീയ പ്രഖ്യാപനം.

ശിലയുടെ സ്ഥാനം സരയു നദിയിലാണ് എന്ന് പ്രഖ്യാപിച്ചവർ തന്നെ പിന്നീട് ആരാധനയുടെ കപട നാമത്തിൽ അയോധ്യയെ സംഘർഷ കേന്ദ്രമാക്കി. ഗംഗയിൽ മുങ്ങിയും ഗോവധം നിരോധിക്കാൻ മത്സരിച്ചും അവർ ബഹുസ്വരമായ ഇന്ത്യയെ തോൽപ്പിക്കാൻ മത്സരിച്ചു കൊണ്ടേയിരുന്നു. ഇപ്പോൾ ഏതാണ്ട് മത്സരിക്കാൻ തങ്ങൾ ഇല്ലാത്തവിധം കോൺഗ്രസ് അപ്രത്യക്ഷമായിരിക്കുന്നു.

ഏക ശിലാത്മകമായ ഒരു രാജ്യത്തിലേക്കുള്ള കരുക്കളിലാണ് സംഘപരിവാർ. ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ്, ഒരൊറ്റ ദേശീയ ഭാഷ, ഒരൊറ്റ മതം, ഒരൊറ്റ സംസ്‌കൃതി..! പരാജയത്തിനു മുൻപിൽ അഭയമായി തീർന്നതു, ഇടതുപക്ഷം പകർന്ന രാഷ്ട്രീയ പാഠങ്ങളുടെ വഴിയിൽ ഒരിഞ്ചു പിന്മടക്കം ഇല്ലാതെ വർഗീയതയ്ക്ക് എതിരെ പൊരുതുവാൻ ശീലിച്ച കേരളമായിരുന്നു.
രാഹുൽ ഇഫക്ട് പൂർത്തിയാക്കി കർണാടകത്തിലും തങ്ങളുടെ വിശ്വസ്തർ സംഘ് പാളയത്തിലേക്ക് ‘നേരോടെ നിർഭയം നിരന്തരം’ പടയാടുന്ന മാധ്യമ മുതലാളിയുടെ സ്വകാര്യ ഫ്ലൈറ്റിൽ കടന്നതായിയാണ് വിവരം.

കൊല്ലപ്പെട്ട പെഹ്ലുഖാന്റെ രക്തം ഇനിയും വീഴ്ത്തിയിട്ടല്ല, അഭിനന്ദൻ വർധമാന്റെ മീശയെ ദേശീയ മീശയാക്കണം എന്ന് ലോക്സഭയിൽ ചർച്ച ചെയ്തിട്ടല്ല വർഗീയതയെ ചെറുക്കേണ്ടത് എന്ന് ഏതു അനുഭവ പാഠങ്ങളിൽ നിന്നാണ് നിങ്ങൾ പഠിക്കുക. തെളിമയുള്ള, വിട്ടുവീഴ്ചയില്ലാതെ രാഷ്ട്രീയം മാത്രമാണ് കുറുക്കുകൾ അന്യമായ രാജ്യത്തിന്റെ നിലനിൽപിലേക്കുള്ള രാഷ്ട്രീയ പാതയെന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top