05 December Tuesday

'അസഭ്യം പറഞ്ഞാല്‍ ചാഞ്ചല്യമില്ലാതെ കേട്ടുനില്‍ക്കാന്‍ അറുപത് വര്‍ഷത്തെ ജീവിതാനുഭവം എനിക്ക് പ്രാപ്തി തന്നിട്ടുണ്ട്'; വി ടി ബല്‍റാമിന്റെ അസഭ്യം വിളിക്കെതിരെ അശോകന്‍ ചരുവില്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

കൊച്ചി > കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം ഫേസ്‌ബുക്ക് മെസ്സഞ്ചറിലൂടെ  അസഭ്യം പറഞ്ഞതില്‍ പ്രതികരണവുമായി അശോകന്‍ ചരുവില്‍. തന്റെ ഫേസ്‌ബുക്ക് പേജിലാണ് അലോകന്‍ ചരുവില്‍ കുറിപ്പിട്ടിറിക്കുന്നത്.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മലയാളികള്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചതിനെ എതിര്‍ത്ത് വി ടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സംവാദം നടക്കവെയാണ് ബല്‍റാം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരനെ അസഭ്യം പറഞ്ഞത്.

ഈ വിഷയം സ്‌ക്രീന്‍ഷോട്ട് സഹിതം അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമം വി ടി ബല്‍റാമിന്റെ ഭാഗത്തും നിന്നും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് അശോകന്‍ ചരുവിലിന്റെ പോസ്റ്റ്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ബഹു. തൃത്താല എം.എല്‍.എ.യുമായി ബന്ധപ്പെട്ട് ഏതാനും വാക്കുകള്‍ കൂടി വായിക്കാന്‍ ദയവുണ്ടാകണം:

1924ലെ പ്രളയദുരന്തമാണ് നമ്മുടെ സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനം അഥവാ രാഷ്ട്രീയപ്രവര്‍ത്തനം (സഹജീവിക്കു വേണ്ടിയുള്ള ജീവിത സമര്‍പ്പണം) എന്ന മഹാപ്രസ്ഥാനത്തെ സൃഷ്ടിച്ചത് എന്ന് ഞാന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. പൊതു പ്രവര്‍ത്തകരോട് എനിക്ക് എന്നും ആദരവാണുള്ളത്. രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച ഒരാളാണ് ഞാന്‍. വഴിതെറ്റി വന്ന് എഴുത്തുകാരനായതാണ്. ഓരോ പാര്‍ടിയിലേയും വാഗ്ദാനങ്ങളായ യുവാക്കളെ പിന്തുടരുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് ഓര്‍ക്കുമ്പോള്‍ തെല്ലു ലജ്ജയുണ്ടെങ്കിലും പറയട്ടെ: ബഹു. എം.എല്‍.എ. ശ്രി.വി.ടി.ബലറാമിനെക്കുറിച്ച് മംഗളം പത്രത്തിലെ എന്റെ കോളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആവേശപൂര്‍വ്വം എഴുതിയിട്ടുണ്ട്.

ഒരാള്‍ മുന്നില്‍ വന്ന് അസഭ്യം പറഞ്ഞാല്‍ ചാഞ്ചല്യമില്ലാതെ കേട്ടുനില്‍ക്കാന്‍ അറുപത് വര്‍ഷത്തെ ജീവിതാനുഭവം എനിക്ക് പ്രാപ്തി തന്നിട്ടുണ്ട്. പക്ഷെ വലിയ അധികാരവും പ്രിവിലേജും അനുയായിവൃന്ദവും ഉള്ള ഒരു യുവ എം.എല്‍.എ; രാഷ്ട്രീയ നേതാവ്, യാതൊരുവിധ അധികാരവും ഔദ്യോഗികമായ ഒരുവക സ്ഥാനവും അംഗത്വവും ഇല്ലാത്ത കേവലം ഒരു എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഒരാളുടെ സ്വകാര്യ മെസഞ്ചറില്‍ കടന്നു വന്ന് 'എമ്പോക്കി', 'പുന്നാരമോന്‍' എന്നൊക്കെ അസഭ്യമായി വിളിക്കുമ്പോള്‍ അമ്പരപ്പാണുണ്ടാവുന്നത്. 1924ലെ പ്രളയകാലത്ത് ദുരിതമനുഭവിക്കുന്ന സഹജീവിക്കുവേണ്ടി തന്നെയും കുടുംബത്തെയും മറന്ന് ഒരു പറ്റം യുവാക്കള്‍ തുടങ്ങിവെച്ച കേരളത്തിലെ പൊതുപ്രവര്‍ത്തനം എവിടെവരെ എത്തിയിരിക്കുന്നു എന്നതോര്‍ത്ത്.

ഇങ്ങനെയൊക്കെ പെരുമാറുന്ന ഒരാള്‍ കോണ്‍ഗ്രസ് എം.എല്‍.എ.യാണ് എന്ന് കാണുമ്പോള്‍ പ്രതീക്ഷാനഷ്ടം ഇരട്ടിയാണ്. രാജ്യം നേരിടുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ ജനങ്ങള്‍ക്ക് നേതൃത്തം കൊടുക്കേണ്ട പ്രതിപക്ഷത്തെ പ്രധാന പാര്‍ടിയാണ് അത്. വലിയ ഉത്തരവാദിത്തം ഉണ്ട്.

തന്റെ പോസ്റ്റിനെതിരായ തൃത്താലയിലെ ഒരു വോട്ടറുടെ കമന്റില്‍ ഞാന്‍ ലൈക്ക് ചെയ്തു എന്നതാണത്രെ എം.എല്‍.എ.യെ പ്രകോപിപ്പിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം തേടിയുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വിമര്‍ശിക്കുന്നതായിരുന്നു എം.എല്‍.എയുടെ പോസ്റ്റ്. വോട്ടറുടെ പ്രതികരണത്തിലെ അഭിസംബോധന ശരിയായിരുന്നില്ല. അക്കാര്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഭിസംബോധന മോശമായതുകൊണ്ട് അദ്ദേഹം പറഞ്ഞ വസ്തുതകള്‍ അതല്ലാതാവുന്നില്ലല്ലോ.

ശ്രി.വി.ടി.ബല്‍റാമിലൂടെ കേരളത്തിലെ പൊതുപ്രവര്‍ത്തകരെ മുഴുവന്‍ വിലയിരുത്തുന്നത് ശരിയല്ലെന്ന വീണ്ടുവിചാരവും എനിക്കുണ്ട്. പ്രക്ഷോഭ രംഗത്തും അധികാരത്തിനു നേരെയും ചിലപ്പോള്‍ ക്ഷോഭിച്ചു സംസാരിക്കുമെങ്കിലും നമ്മുടെ എല്ലാ പാര്‍ട്ടികളിലേയും നേതാക്കള്‍ വ്യക്തികളാടു പെരുമാറുമ്പോള്‍ വലിയ അന്തസ്സു കാണിക്കാറുണ്ട്.

പ്രിയപ്പെട്ട ശ്രി.ബലറാം, ഇതു സംബന്ധിച്ച സംവാദങ്ങള്‍ തല്‍ക്കാലം നടക്കട്ടെ. മനസ്സുണ്ടെങ്കില്‍ അങ്ങ് സ്വയം തിരുത്തുക. ഇല്ലെങ്കിലും നമുക്ക് സുഹൃത്തുക്കളായി തുടരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top