27 April Saturday

സ്ഥാനാര്‍ഥിത്വം രാഷ്ട്രീയ നിലപാടുകളുടെ തുടര്‍ച്ച: നികേഷ് കുമാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 30, 2016

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുപരിചിതനായ എം വി നികേഷ് കുമാര്‍ ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്തേക്ക് എത്തിയിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് നികേഷ്കുമാര്‍ മാറുകയാണ്. എന്നാല്‍, രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് ഈ തീരുമാനത്തിനുപിന്നിലെന്ന് നികേഷ് കുമാര്‍ വ്യക്തമാക്കുന്നു.

സാമൂഹിക ജീവിതത്തില്‍ വേര്‍തിരിവുകളും അസഹിഷ്ണുതയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാന്‍ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്‌ട്രീ‌യത്തിനാണ് എന്ന് നികേഷ്‌ കുമാര്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് ഇടതു ജനാധിപത്യ മുന്നണി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.

രാഷ്ട്രീയം എന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ്മമണ്ഡലമാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഏഷ്യാനെറ്റിലെ ചെറിയ കാലം കഴിഞ്ഞ് ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ ചുമതലയിലിരുന്നുകൊണ്ടാണ് ഒന്നര പതിറ്റാണ്ടോളം ആ ജോലി ചെയ്തത്. മാധ്യമപ്രവര്‍ത്തനം എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം തന്നെയായിരുന്നു. മലയാളത്തില്‍ ടെലിവിഷന്‍ വാര്‍ത്താസംസ്‌കാരം രൂപപ്പെട്ടുവന്ന കാലമായിരുന്നു ഇത്. ഈ കാലത്തുടനീളം നമ്മുടെ നാടിനെ കൂടുതല്‍ നീതിയുക്തമായ ഒരു സമൂഹമാക്കാനും നമ്മുടെ രാഷ്ട്രീയ മേഖലയെ കൂടുതല്‍ സുതാര്യമാക്കാനും നടക്കുന്ന എണ്ണമറ്റ പരിശ്രമങ്ങളുടെ ഭാഗമാകാനാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രമിച്ചത്.

ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. എന്നാല്‍ രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസിലുള്ളത്.

നമ്മുടെ രാഷ്ട്രീയം ചരിത്രപരമായ ഒരു സന്ധിയില്‍ നില്‍ക്കുന്പോഴാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹിക ജീവിതത്തില്‍ വേര്‍തിരിവുകളും അസഹിഷ്ണുതയും വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ബഹുസ്വരവും മതനിരപേക്ഷവുമായ നമ്മുടെ രാഷ്ട്ര മനസിനെ സങ്കുചിതവും മതാത്മകവുമാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഇതിന് ഫലപ്രദമായി തടയിടാന്‍ കഴിയുക ഇടതുപക്ഷ മനസുള്ള ഒരു രാഷ്ട്രീയത്തിനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ഇടതുമുന്നണി പിന്തുണയുടെ വിശദീകരണം ഇതുമാത്രമാണ്.

അഴീക്കോട് എന്റെ ജന്മനാനാടാണ്. നാടുമായി എനിക്ക് വൈകാരിക ബന്ധമുണ്ട്. ഞാന്‍ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. ഈ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് ഈ കുറിപ്പ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top