25 April Thursday

ഇനിയെങ്കിലും നിര്‍ത്തുമോ തെറിയഭിക്ഷേകം:എം സ്വരാജ് ചോദിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 29, 2016

കൊച്ചി> ഫേസ് ബുക്കിലൂടെ അപവാദ പ്രചരണം നടത്തിയവര്‍ക്ക് എം സ്വരാജിന്റെ മറുപടി. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന വിധം വ്യാജ പ്രചരണം നടത്തിയ ആള്‍ ഫോണില്‍ വിളിച്ച് ഖേദ പ്രകടനം നടത്തിയതായും സ്വരാജ് ഫേസ് ബുക്കില്‍ അറിയിച്ചു.”ഏതായാലും എനിക്കെതിരായി നടന്ന വ്യാജ പ്രചരണം നടത്തിയ ആള്‍ തന്നെ പിന്‍വലിച്ച് മാപ്പു പറഞ്ഞ സ്ഥിതിക്ക് . അത്തരം പ്രചരണങ്ങളുമായി എനിക്കെതിരെ തെറിയഭിഷേകം നടത്തുന്ന മാന്യ മിത്രങ്ങള്‍ ഈ കലാ പരിപാടി ഇനിയെങ്കിലും നിര്‍ത്തുമോ ആവോ.””സ്വരാജ് ചോദിക്കുന്നു.

പൂര്‍ണ രൂപം താഴെ:

ഇപ്പോള്‍ സം‘വിച്ചത്...
എം. സ്വരാജ്.

ഞാനിപ്പോള്‍ സി.പി.ഐ (എം) മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഉള്ളത്. ജില്ലാ സെക്രട്ടറിയറ്റ് യോഗം 11 മണിക്ക് ആരംഭിക്കും. ഇപ്പോള്‍ എന്റെ ഫോണിലേക്ക് വന്ന കോള്‍ കൊട്ടാരക്കരയിലെ ഒരു റേഷന്‍ വ്യാപാരിയുടേതാണ്. അദ്ദേഹം എന്നെ വിളിച്ചത് ഖേദം പ്രകടിപ്പിക്കാനും ക്ഷമ ചോദിക്കുവാനുമായിരുന്നു,

ആരാണ് അദ്ദേഹമെന്നല്ലേ ഈസുഹൃത്താണത്രെ ‘വിവേക് മാധവന്‍ മണപ്പുറം’. കഴിഞ്ഞ ദിവസം എനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാജ പ്രചരണം നടത്തിയ ആള്‍. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരില്‍ പ്രചരിപ്പിച്ചു കൊണ്ട് ഞാന്‍ ഈഴവ സമുദായത്തിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ആള്‍.

 

ഇപ്പോൾ സംഭവിച്ചത്. ..എം. സ്വരാജ്.ഞാനിപ്പോൾ സി.പി.ഐ (എം) മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഉള്ളത്. ജില്ലാ സെക്രട്ടറി...

Posted by M Swaraj on Monday, March 28, 2016


എനിക്കെതിരായ പല വ്യാജ പ്രചരണങ്ങളെയും, ആക്ഷേപങ്ങളെയും അവഗണിക്കുന്ന സമീപനമാണ് ഞാന്‍ പൊതുവില്‍ സ്വീകരിക്കാറുള്ളത് . ഇതൊരു സൌകര്യമായെടുത്ത് ‘ഇയാള്‍ക്കെതിരെ എന്തുമാവാം’ എന്നു കരുതുന്നവരുണ്ട്. എന്റെ പോസ്റ്റുകള്‍ക്ക് താഴെ വന്ന് എന്നെ തെറി വിളിക്കുകയും അങ്ങേയറ്റം സംസ്കാര ശൂന്യമായി ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്യുന്നവരുണ്ട്. അതില്‍ പലതും ഫേക് ഐ ഡി കളുമാണ്. എന്നിട്ടും ഞാനിതുവരെ അതില്‍ ഒരാളെ പോലും ബ്ളോക്ക് ചെയ്തിട്ടില്ല. അവരുടെ ഒരു തെറി പോലും ഡിലിറ്റ് ചെയ്തിട്ടുമില്ല. അതിനൊന്നും മറുപടി രൂപത്തില്‍ തിരിച്ച് തെറി വിളിച്ചിട്ടുമില്ല, വലിയ തോതില്‍ ജനാധിപത്യം പ്രസംഗിക്കുന്ന ചില യുവതാരങ്ങള്‍ എതിരഭിപ്രായം പറയുന്നവരെ പോലും ബ്ളോക്കു ചെയ്യുന്ന അനുഭവങ്ങള്‍ നമ്മുടെ മുന്നിലുല്ലോ. പക്ഷേ ഞാന്‍ ചിന്തിക്കുന്നത് എന്റെ പോസ്റ്റുകളോടുള്ള എല്ലാ പ്രതികരണങ്ങളും കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ ബോധത്തിനും സംസ്കാരത്തിനും അനുസരിച്ച് പ്രതികരിക്കുന്നു എന്നു മാത്രം. അന്തസായി പ്രതികരിക്കുകയും എതിര്‍ക്കുകയും ചെയ്യാന്‍ ചിലര്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് അവരുടെ മാത്രം പ്രശ്നമാണ്. തെറി മാത്രം പറയുന്ന ശല്യക്കാരെയും ഫേക്ക് ഐ ഡി ക ളെയും ബ്ളോക്കു ചെയ്യുന്നതാണ് നല്ലതെന്ന് ഞാന്‍ ബഹുമാനിക്കുന്ന പലരും എന്നെ ഇപ്പോഴും ഉപദേശിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഞാന്‍ പരാതി കൊടുക്കാന്‍ കാരണം സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രചരണം ഉയര്‍ന്നത് കൊണ്ടാണ്. പിന്നീട് ‘വിവേക് മാധവന്‍ മണപ്പുറം’ എന്ന പേരിലുള്ള ആ അക്കൌണ്ട് അപ്രത്യക്ഷമായി. ഇക്കാര്യം കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു.

‘വിവേക് മാധവന്‍’ എന്നത് അദ്ദേഹത്തിന്റെ ശരിയായ പേരല്ല. തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നും ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അത് ആത്മാര്‍ത്ഥമായി പറയുന്നതാണെന്നു തന്നെയാണ് എനിക്ക് തോന്നിയത്.കൊട്ടാരക്കര എംഎലഎയോട് സംസാരിച്ച് എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ അദ്ദേഹം എന്നോട് സൂചിപ്പിച്ചു.
എനിക്കെതിരായി നടന്നു വരുന്ന വ്യാജ പ്രചരണങ്ങളാണ് എനിക്കെതിരെ തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

തുറന്ന് പറയാനുള്ള സന്നദ്ധത കാണിച്ചതിനാല്‍ ഞാന്‍ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ സംസാരിച്ചു.കാസര്‍കോട്ടു മുതല്‍ തിരുവനന്തപുരം വരെ കാല്‍നടയായി സഞ്ചരിച്ച് ശ്രീ നാരായണ ധര്‍മത്തെ കുറിച്ച് പ്രസംഗിച്ചവരാണ് ഞങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവധാര പുറത്തിറക്കിയ കലറിലെ ചിത്രം ഗുരുവിന്റെയായിരുന്നു, ആലുവ അദ്വതാശ്രമത്തിലും ശിവഗിരിയിലും പല തവണ സന്ദര്‍ശിച്ചവരാണ് ഞങ്ങള്‍.ശിവഗിരിയില്‍ ഞാന്‍ നട്ട മാവിന്‍തൈ ഇപ്പോള്‍ വൃക്ഷമായി വളര്‍ന്നിരിക്കുന്നു. 1980കളില്‍ എസ്എന്‍ഡിപിയില്‍ അംഗത്വമുള്ളവരായിരുന്നു എന്റെ മാതാപിതാക്കള്‍. അന്നൊക്കെ എസ്എന്‍ഡിപിയില്‍ എല്ലാ ജാതിയിലും, മതത്തിലും പെട്ടവര്‍ക്ക് അംഗത്വം ഉണ്ടായിരുന്നു. കേരളം കണ്ട മഹാനായ നവോത്ഥാന നായകനാണ് ഗുരുവെന്ന് എപ്പോഴും പ്രസംഗിക്കുന്നവരാണ് ഞാനുള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഒരു സമുദായത്തിനെതിരാണെന്ന് പ്രചരിപ്പിക്കുന്നവരെ ഓര്‍ത്ത് സഹതപിക്കാനല്ലേ കഴിയു.

അരുവിപ്പുറത്തും മുരിക്കുംപുഴയിലും ഗുരുവെഴുതിയ സന്ദേശങ്ങളുടെ വെളിച്ചം പ്രചരിപ്പിക്കുന്ന സംഘടന കൂടിയാണ് ഡിവൈഎഫ്ഐ എന്നറിയാത്ത മലയാളികളുണ്ടാവില്ലല്ലോ.
തെറ്റിദ്ധരിക്കപ്പെട്ട് എനിക്കെതിരെ നീങ്ങിയ സുഹൃത്തിനോട് എനിക്കൊരു വിരോധവുമില്ല. അദ്ദേഹം തെറ്റ് തിരുത്തിയല്ലോ. അക്കാര്യം വ്യക്തമാക്കിയ സഹോദരനോട് സ്നേഹമേയുള്ളൂ. ഈ കുറിപ്പ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ്. ഇത്തരം പ്രചരണങ്ങളില്‍ കുടുങ്ങിയ സകലരോടും ഞങ്ങള്‍ ഒരിക്കല്‍ കൂടി വ്യകതമാക്കട്ടെ, ഞങ്ങളാരും ഒരു സമുദായത്തിനുമെതിരല്ല. അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പമാണു ഞങ്ങളെല്ലാക്കാലവും. സമുദായങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരെയും സഹോദരങ്ങളായി കാണുന്ന മാനവികതയാണ് ഞങ്ങളുടെ രാഷ്ട്രീയം

ഏതായാലും എനിക്കെതിരായി നടന്ന വ്യാജ പ്രചരണം നടത്തിയ ആള്‍ തന്നെ പിന്‍വലിച്ച് മാപ്പു പറഞ്ഞ സ്ഥിതിക്ക് . അത്തരം പ്രചരണങ്ങളുമായി എനിക്കെതിരെ തെറിയഭിഷേകം നടത്തുന്ന മാന്യ മിത്രങ്ങള്‍ ഈ കലാ പരിപാടി ഇനിയെങ്കിലും നിര്‍ത്തുമോ ആവോ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top