08 December Friday

സാധാരണ പ്രവര്‍ത്തകരെ വലിയൊരു രാഷ്‌‌ട്രീയ വിദ്യാഭ്യാസ പ്രക്രിയയിലേയ്‌ക്ക് നയിക്കുകയാണ് സിപിഐ എം; 45 ഇന പരിപാടിയുടെ വിമര്‍ശകര്‍ക്ക് തോമസ് ഐസക്കിന്റെ മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 28, 2018

കൊച്ചി > സിപിഐ എം സംസ്ഥാന സമ്മേളനം തീരുമാനിച്ച 45 ഇന കര്‍മപരിപാടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്. ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രാദേശിക വികസന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ആഹ്വാനമാണ് സംസ്ഥാന സമ്മേളനം നല്‍കിയത്. പാര്‍ടി തീരുമാനിച്ച 45 ഇന പരിപാടികളില്‍ മഹാഭൂരിപക്ഷവും സംഘടനാപരമായ കടമകളും പാര്‍ടി വിദ്യാഭ്യാസത്തിനുള്ള പദ്ധതികളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ്. സാധാരണഗതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാര്‍ടി പ്രവര്‍ത്തകരുടെ കടമകളില്‍ സ്ഥാനം പിടിക്കുക. അതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ചില തീരുമാനങ്ങളെടുത്തു. അര്‍ഹരായ ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി പാര്‍ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരം മുന്‍കൈകള്‍ ആദ്യമായല്ല പാര്‍ടി രേഖകളില്‍ സ്ഥാനം പിടിക്കുന്നതെന്നും തോമസ് ഐസക്ക് ഫേസ്‌‌‌ബുക്കില്‍ കുറിച്ചു.

ഫേസ്‌‌ബുക്ക് പോസ്റ്റ് 

പാര്‍ടി എന്‍ജിഒ ആവുകയാണോ? മറ്റൊരു ചാരിറ്റി സംഘടന? പരിഷ്‌കരണവാദത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക്? ചില സുഹൃത്തുക്കള്‍ നവമാധ്യമങ്ങളില്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ്. ബഹുജന സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി പ്രാദേശിക വികസന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സംസ്ഥാന സമ്മേളനത്തിന്റെ ആഹ്വാനമാണ് അവരെ പ്രകോപിപ്പിച്ചത്. ആ വാദങ്ങള്‍ വായിക്കുമ്പോള്‍ പഴയ ജനകീയാസൂത്രണ വിവാദമാണ് ഓര്‍മ്മ വരുന്നത്. ഇന്നത്തെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ അക്കാലത്തിന്റെ വിദൂരനിഴലുകള്‍ മാത്രം. ഇത്തരം സംശയങ്ങളും അതിനുള്ള മറുപടികളും രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.

ചിലരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നുക, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഭാവി കടമകളെന്ന് പാര്‍ടി സമ്മേളനം തീരുമാനിച്ചുവെന്നാണ്. അതല്ല യാഥാര്‍ത്ഥ്യം. പാര്‍ടി തീരുമാനിച്ച 45 ഇന പരിപാടികളില്‍ മഹാഭൂരിപക്ഷവും സംഘടനാപരമായ കടമകളും പാര്‍ടി വിദ്യാഭ്യാസത്തിനുള്ള പദ്ധതികളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ്. സാധാരണഗതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാര്‍ടി പ്രവര്‍ത്തകരുടെ കടമകളില്‍ സ്ഥാനം പിടിക്കുക. അതില്‍നിന്നു വ്യത്യസ്തമായി ഇപ്പോള്‍ ചില തീരുമാനങ്ങളെടുത്തു. അര്‍ഹരായ ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി പാര്‍ടി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരം മുന്‍കൈകള്‍ ആദ്യമായല്ല പാര്‍ടി രേഖകളില്‍ സ്ഥാനം പിടിക്കുന്നത് എന്നും കൂടി കൂട്ടിച്ചേര്‍ക്കട്ടെ. കഴിഞ്ഞ പാര്‍ടി സമ്മേളന റിപ്പോര്‍ട്ടിലും ഇത്തരം മുന്‍കൈകള്‍ ഉണ്ടായിരുന്നു.

ഈ മുന്‍കൈകളുടെ വിമര്‍ശകര്‍ ഒരുതരം രൂപഭദ്രതാ വാദക്കാരാണ്. പ്രത്യേക തരത്തിലുള്ള പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം. കൂലി വര്‍ദ്ധനയ്ക്കു പോലുള്ള സമരം പോലും അരാഷ്ട്രീയമാകാം. വെറും സാമ്പത്തിക മാത്ര വാദത്തില്‍ ഈ സമരം ഒതുങ്ങി നിന്നാല്‍. ഏതു പ്രവൃത്തിയെയും രാഷ്ട്രീയമാക്കുന്നത് നമ്മുടെ ലക്ഷ്യബോധവും ഇടപെടലുമാണ്. വല്ലഭനു പുല്ലും ആയുധം. നമുക്കു രാഷ്ട്രീയബോധമുണ്ടെങ്കില്‍, അക്ഷരം പഠിപ്പിക്കുന്നതുപോലും ഒരു രാഷ്ട്രീയ ഇടപെടലായി മാറ്റാം.

ഏതാനും ഉദാഹരണങ്ങള്‍ നോക്കൂ. സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പങ്കാളികളാവുകയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ നവലിബറല്‍ കടന്നാക്രമണങ്ങളില്‍ നിന്നു പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗമായാണ് ആ ഇടപെടലിനെ പാര്‍ടി കാണുന്നത്. സര്‍ക്കാര്‍ ഉത്തരവിറക്കി ഉദ്യോഗസ്ഥരെ മാത്രം ഉപയോഗപ്പെടുത്തി ആ ദൌത്യം നിര്‍വഹിക്കാന്‍ കഴിയുമോ എന്ന് വിമര്‍ശകര്‍ ചിന്തിക്കൂ. നവലിബറല്‍ നയങ്ങള്‍ക്കുള്ള ബദലുകള്‍ ഭരണയന്ത്രം വഴി സൃഷ്ടിക്കുന്നതാണ് വിപ്ലവകരം എന്നു കരുതുന്നതിനേക്കാള്‍ മൗഢ്യം വേറൊന്നില്ല. സമകാലീന യാഥാര്‍ത്ഥ്യങ്ങളെ പാടെ വിസ്മരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരമൊരു നിലപാടെടുക്കാനാവൂ.

സ്‌കൂളുകളില്‍ പാര്‍ടി ഇടപെടുന്നത്, കെട്ടിടവും കമ്പ്യൂട്ടറും മറ്റു ഭൗതിക സാഹചര്യങ്ങളുമൊരുക്കാനല്ല. അതൊക്കെ സര്‍ക്കാര്‍ ചെയ്യും. ഈ സൗകര്യങ്ങളുപയോഗപ്പെടുത്തി വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താന്‍ രക്ഷാകര്‍ത്താക്കളെയും നാട്ടുകാരെയും പങ്കാളികളാക്കാനുള്ള ചുമതലയാണ് പാര്‍ടി ഏറ്റെടുക്കുന്നത്. അധ്യയനം അധ്യാപകരുടെ ചുമതലയായിരിക്കും. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ അവരെ സജ്ജമാക്കും. അതോടൊപ്പം എത്രയോ പാഠ്യാനുബന്ധ, പാഠ്യേതര പ്രവര്‍ത്തനങ്ങളുണ്ട്. പഠനത്തിന്റെ തന്നെ നല്ലൊരു പങ്ക് ക്ലാസ് മുറിയ്ക്കു പുറത്തല്ലേ. ഈ തലത്തില്‍ ഇടപെടാന്‍ രക്ഷിതാക്കളെയും മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തകരെയും പ്രപ്തരാക്കുകയാണ് പാര്‍ടി ചെയ്യുന്നത്. ഓരോ രക്ഷിതാവിന്റെയും സ്വപ്നം അവരുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുക എന്നതാണ്. ആ ലക്ഷ്യം നേടുമെന്നുറപ്പുവരുത്താന്‍ സ്‌കൂളുകളില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് എങ്ങനെയാണ് രാഷ്ട്രീയ നേതൃത്വം വീക്ഷണമില്ലാത്തവരായി മാറുക?

ആരോഗ്യമേഖലയിലെ ഇടപെടല്‍ നോക്കൂ. പൊതു ആരോഗ്യ സംവിധാനങ്ങളെ തകര്‍ത്ത് ഇന്‍ഷ്വറന്‍സ് മാതൃക രാജ്യത്ത് നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നത്തെ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ തള്ളിക്കളയാനാവില്ല. പക്ഷേ, അവയെ കേരളത്തിലെ പൊതുആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്താനുതകുന്ന തരത്തില്‍ പ്രയോജനപ്പെടുത്താനാവും. അതാണ് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ പരിപാടി. ഏറ്റവും നല്ല ചികിത്സ പൊതുസംവിധാനത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ മുതല്‍മുടക്കും. പക്ഷേ, ചികിത്സ പോലെ തന്നെ പ്രധാനമാണ് രോഗപ്രതിരോധവും സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങളും. രണ്ടിനും ജനങ്ങളെ വലിയ തോതില്‍ അണിനിരത്തിയേ തീരൂ. ഇവിടെയാണ് പാര്‍ടി ഇടപെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാപ്തരായ വോളണ്ടിയര്‍മാരെ സൃഷ്ടിക്കാനാണ് പാര്‍ടി ശ്രമിക്കുന്നത്. അല്ലാതെ ബ്രാഞ്ചു സെക്രട്ടറി മുതലുള്ളവരെ നാളെ മുതല്‍ സാന്ത്വനപരിചരണത്തിനു നിയോഗിക്കുകയെന്നല്ല.

ഭൂപരിഷ്‌കരണം നടപ്പാക്കിയ കേരളത്തില്‍ ഭൂമിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നത് പ്രധാനപ്പെട്ട ഒരു കടമയാണ്. ഇതിന് നീര്‍ത്തട ആസൂത്രണവും സംയോജിത ശാസ്ത്രീയ കൃഷിയും അനിവാര്യമാണ്. ഇതില്‍ നിന്നു മാറി നിന്നുകൊണ്ട് കൃഷിക്കാരെ സംഘടിപ്പിക്കാനാവുമോ? കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഐക്യം സൃഷ്ടിക്കാനാവുമോ?

ഭക്ഷണവിതരണ പദ്ധതി, ഭിന്നശേഷിക്കാരെയും അഗതികളെയും സഹായിക്കല്‍ എല്ലാം പ്രത്യക്ഷത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന അവശ ജനവിഭാഗത്തോട് ബന്ധപ്പെടാനുള്ള ഒരു മാര്‍ഗമായിട്ടാണ് ഇതൊക്കെ കാണേണ്ടത്. ഇവരില്‍ പലര്‍ക്കും അവകാശബോധമോ അതുനേടിയെടുക്കാന്‍ സമരം ചെയ്യുന്നതിനോ ഉള്ള കഴിവില്ലാത്തവരാണ്. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതിനുള്ള പ്രാപ്തിയില്ലാത്തവരുടെ കൈ പിടിക്കേണ്ടത് അവകാശബോധമുള്ള പ്രസ്ഥാനങ്ങളുടെ ചുമതലയാണ് അത്.

വന്‍കിട പശ്ചാത്തല സൗകര്യ വ്യവസായ വികസന മേഖലകളില്‍ സര്‍ക്കാര്‍ ഭരണയന്ത്രത്തിന്റെ പ്രോത്സാഹനത്തിനും നിയന്ത്രണത്തിനും മൂലധനശക്തികള്‍ക്കുമായിരിക്കും മുന്‍കൈ. പക്ഷേ, ഭൂപരിഷ്‌കരണവും വലിയ തോതില്‍ സഹകരണ പ്രസ്ഥാനങ്ങളും സ്വാശ്രയ സംഘങ്ങളും സാമൂഹ്യക്ഷേമ മേഖലകളിലെ ജനകീയ പാരമ്പര്യവും ഉള്ള കേരളത്തില്‍ ഈ മേഖലകളില്‍ ജനങ്ങളെ മാറ്റിനിര്‍ത്തി ഉദ്യോഗസ്ഥരെ മാത്രം ഉപയോഗപ്പെടുത്തി ഒരു ബദലും സൃഷ്ടിക്കാനാവില്ല.

ഇനി ഭരണയന്ത്രത്തെ ഇന്നത്തെ അതേ നിലയില്‍ നിലനിര്‍ത്തി അവരെക്കൊണ്ട് ഭരിക്കുകയല്ല കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ഉത്തരവാദിത്തം. ഈ ഭരണയന്ത്രത്തെ അടിച്ചുപൊളിക്കാന്‍ ഇന്നു കഴിയില്ല. പക്ഷേ, നിശ്ചയമായും രൂപാന്തരപ്പെടുത്താനാവും. ഭരണയന്ത്രത്തെ ജനാധിപത്യവത്കരിക്കുന്നിന് ഭരണതലത്തില്‍ മാത്രം ഇടപെട്ടാല്‍ പോര. ബഹുജനങ്ങളുമായി സഹകരിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഭരണയന്ത്രത്തെ ജനകീയമാക്കാന്‍ പറ്റൂ. എങ്കില്‍ മാത്രമേ സാമൂഹ്യക്ഷേമമേഖലയിലെയും ചെറുകിട ഉല്‍പാദന മേഖലകളിലെയും ബദലുകള്‍ക്കു രൂപം നല്‍കാനാവൂ.

യുദ്ധകാലത്തും തുടര്‍ന്ന് കയര്‍ വ്യവസായ തകര്‍ച്ചയുടെ കാലത്തും ആലപ്പുഴയില്‍ ട്രേഡ് യൂണിയനുകളാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. ഭക്ഷ്യക്ഷാമകാലത്തും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചപ്പോഴും കര്‍ഷകസംഘം ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ മലബാറിലെ പാര്‍ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു. ഇത്തരത്തില്‍ സമൂഹവുമായി ജൈവബന്ധം സ്ഥാപിച്ച് ബഹുജനസ്വാധീനം വര്‍ദ്ധിപ്പിച്ചു മാത്രമേ സംഘടനയ്ക്ക് അതിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോകാനാവൂ. വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ, കിണറും കുളവും വൃത്തിയാക്കാനും റോഡു വെട്ടാനും കല്യാണവും മരണവും നടക്കുന്ന വീടുകളില്‍ എല്ലാ സഹായങ്ങള്‍ക്കും ഓടി നടന്നും രക്തദാനം നടത്തിയും ചികിത്സാ സഹായം സംഘടിപ്പിച്ചുകൊടുത്തുമൊക്കെത്തന്നെയാണ് മുന്‍കാല പ്രവര്‍ത്തകര്‍ പാര്‍ടി വളര്‍ത്തിയത്. ഇന്നും നല്ലൊരു വിഭാഗം സഖാക്കള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. അത്തരം ദൌത്യങ്ങള്‍ ശാസ്ത്രീയമായി ഏറ്റെടുത്തു വിജയിപ്പിക്കാന്‍ ശേഷിയുള്ള വാളണ്ടിയര്‍ സംഘങ്ങളെ വാര്‍ത്തെടുക്കാന്‍ പാര്‍ടി തീരുമാനിക്കുന്നത്, നേതൃത്വത്തിന് വീക്ഷണവും ദിശാബോധവുമുള്ളതുകൊണ്ടാണ്. ജനങ്ങളുമായി ജൈവബന്ധം ഊട്ടിയുറപ്പിക്കുന്നതിലൂടെയാണ് പാര്‍ടിയുടെ ബഹുജനസ്വാധീനം വര്‍ദ്ധിക്കുന്നത് എന്ന ശരിയായ കാഴ്ചപ്പാട് സിപിഐഎം നേതൃത്വത്തിനുണ്ട്.

ആശുപത്രിയില്‍ സ്ഥിരമായി പൊതിച്ചോറെത്തിക്കാനും രക്തദാനം മാതൃകാപരമായി ഏറ്റെടുക്കുമ്പോഴും ഡിവൈഎഫ്‌ഐ നിര്‍വഹിക്കുന്നത്, ആ ജൈവബന്ധത്തിന്റെ ദൃഢപ്പെടുത്തലാണ്. ട്രാന്‍സ്‌‌‌‌‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയിലേയ്ക്ക് പാര്‍ടി പ്രവര്‍ത്തകരെ വളര്‍ത്തണമെങ്കില്‍, വേരുറച്ചുപോയ ഒരുപാടു മുന്‍വിധികളെ കടപുഴക്കിയെറിയേണ്ടതുണ്ട്. ആ ഒരൊറ്റതീരുമാനത്തിലൂടെ സാധാരണ പ്രവര്‍ത്തകരെ വലിയൊരു രാഷ്ട്രീയവിദ്യാഭ്യാസ പ്രക്രിയയിലേയ്ക്ക് നയിക്കുകയാണ് സിപിഎം. അങ്ങനെ വളരുന്നവര്‍ ശരിയായ രാഷ്ട്രീയ പ്രവര്‍ത്തകരായിത്തന്നെയാണ് പരുവപ്പെടുക. സിപിഐഎം നേതൃത്വത്തിന് ഇക്കാര്യങ്ങളിലൊന്നും യാതൊരു ആശയക്കുഴപ്പവുമില്ല.

പുരോഗമന മുന്നേറ്റങ്ങള്‍ ഇന്നുണ്ടായിരിക്കുന്ന ലത്തീന്‍ അമേരിക്കന്‍ അനുഭവങ്ങളെയും ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളെയും പാടെ വിസ്മരിക്കുന്ന സ്വപ്നാടനക്കാരാണ് ബഹുജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ച മുന്‍കൈകളുടെ വിമര്‍ശകര്‍. ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം നിയോലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ അഭേദ്യഭാഗമായിരുന്നു അധികാരവികേന്ദ്രീകരണവും പ്രാദേശിക ജനപങ്കാളിത്ത വികസന പരിപാടികളും. ഇന്ത്യയില്‍ ഇന്ന് പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഏറ്റവും അസന്തുലിതമായിത്തീര്‍ന്നിരിക്കുകയാണ്. നവലിബറല്‍ നയങ്ങളെ എതിര്‍ക്കുമ്പോള്‍ത്തന്നെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുത്തുകൊണ്ടാണ് ബദല്‍ പരിപാടി കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്നത്. അങ്ങനെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നേറാനാകൂ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top