29 March Friday

രജിസ്‌ട്രാര്‍ ഓഫീസിലെ ദുരനുഭവം; ഫേസ്‌‌ബുക്ക് പോസ്റ്റില്‍ മന്ത്രിയുടെ ഇടപെടല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

രജിസ്‌ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട വ്യക്തിക്ക് മന്ത്രിയുടെ ഇടപെടലില്‍ പരിഹാരം. കോഴിക്കോട് സ്വദേശി മധുവാണ് മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടനെ മന്ത്രി ജി സുധാകരന്‍ ഇടപെട്ടു. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഐജി തന്നെ നേരിട്ട് മധുവിനെ ബന്ധപ്പെടുകയായിരുന്നു.

ഐജിയുടെ നിര്‍ദേശത്തെതുടര്‍ന്ന് മധു മുക്കം റജിസ്റ്റര്‍ ഓഫീസില്‍ എത്തുകയും വിഷയത്തില്‍ പറയാനുള്ള കാര്യം ചോദിച്ച് മനസ്സിലാക്കി രേഖപ്പെടുത്തുകയും ചെയ്തു. മധു തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

25.06.2019-ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുമ്പോള്‍ ഏകദേശം ഒന്നരയോളമായായി.

രാവിലെ മകനെ സ്‌കൂളില്‍ വിട്ട് പ്രാതലും കഴിച്ച് അല്പ സമയം ഉറങ്ങാമെന്ന് വെച്ചു കിടന്നു.

ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ഒരു ഫോണ്‍ കോള്‍.

അത് ഏകദേശം ഇപ്രകാരമായിരുന്നു.

'ഹലോ മധുസൂദനന്‍ അല്ലെ?'

'അതെ'.

'താങ്കള്‍ ഡ്യൂട്ടിയിലാണോ അതോ മറ്റെന്തെങ്കിലും തിരക്കിലാണോ?'

'അല്ല. ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്ന് ഓഫ് ആണ്. പറയൂ..'

'ഞാന്‍ റെജിസ്‌ട്രേഷന്‍ ഐജി.

താങ്കളുടെ ഒരു എഫ്ബി പോസ്റ്റ് മിനിസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ളതിന്റെ ഭാഗമായി വിളിക്കുകയാണ്.

ഞാനിപ്പോള്‍ മുക്കം സബ്‌റജിസ്ട്രാര്‍ ഓഫീസിലാണുള്ളത്.

ഇന്നലെ നിങ്ങള്‍ നൈറ്റ് ഡ്യൂട്ടി ആയത് കൊണ്ട് ഇപ്പോള്‍ വരണമെന്നില്ല.

സൗകര്യപ്പെടുന്ന സമയം ഒന്ന് കോഴിക്കോട് ഓഫീസില്‍ വരണം.'

'ശരി വരാം സര്‍'. ഇത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

കൃത്യമായി മറുപടി പറഞ്ഞെങ്കിലും ആരെങ്കിലും പറ്റിക്കുകയാണോന്നൊരു സംശയത്തിന്റെ പേരില്‍ നമ്പര്‍ വെരിഫൈ ചെയ്തതിന് ശേഷം ഞാനങ്ങോട്ട് വിളിച്ച് ഇന്ന് ഫ്രീയാണ്. ഇന്ന് തന്നെ സാറിനെ കാണാന്‍ വരാമെന്നും പറഞ്ഞു.

അങ്ങനെ ഒന്നര മണിക്കൂറിന് ഉള്ളില്‍ മുക്കം റജിസ്റ്റര്‍ ഓഫീസില്‍ എത്തുകയും എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ള കാര്യം ചോദിച്ച് മനസ്സിലാക്കി രേഖപ്പെടുത്തുകയും ചെയ്തു. ശേഷം എനിക്ക് വായിക്കാന്‍ തരികയും വായിച്ച് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു എന്ന് എഴുതി ഒപ്പ് ഇടുകയും ചെയ്തു. വളരെ മാന്യമായി എനിക്ക് പറയാനുള്ളത് ക്ഷമയോടെ കേട്ടു എന്നുള്ളത് എടുത്ത് പറയേണ്ടതാണ്.

ഇത്രയും കാര്യങ്ങളില്‍ നിന്നും ഒരു കാര്യം പ്രത്യേകം എടുത്തു പറയാതിരിക്കാന്‍ വയ്യ. എനിക്ക് മനപ്രയാസം ഉണ്ടാക്കിയ ഉദ്യോഗസ്ഥരില്‍ ഒരാളില്‍ നിന്നും ഉണ്ടായ അഭ്യര്‍ത്ഥന മാനിച്ചു ഞാന്‍ കൊടുക്കാനിരുന്ന പരാതി കൊടുത്തില്ല എങ്കിലും പരാതിയൊന്നും ഇല്ലാതെ തന്നെ ആരോ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നു സ്വമേധയാ തന്നെ മന്ത്രി സുധാകരന്റെ ഇടപെടല്‍ ഉണ്ടാകുകയും രെജിസ്‌ട്രേഷന്‍ ഐ ജി യുടെ അന്വേഷണം ഉണ്ടാകുകയും ചെയ്തു എന്നത് തികച്ചും അഭിനന്ദനാര്‍ഹമായ കാര്യമാണ്.

ഈ രീതിയില്‍ എല്ലാ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മുന്നോട്ടു പോകുന്ന പക്ഷം ഏതൊരു സര്‍ക്കാരിനും ഒരു ജനകീയ സര്‍ക്കാര്‍ ആകാന്‍ കഴിയും.

അതോടൊപ്പം സിസ്റ്റത്തില്‍ കാതലായ മാറ്റം വരുത്തുകയും, ഇത്തരം കാര്യങ്ങളുടെ നടപടിക്രമങ്ങള്‍ എളുപ്പവും സുതാര്യവും ആക്കുകയും വിദേശ രാജ്യങ്ങളില്‍ ഉള്ളതുപോലെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും സര്‍വോപരി മുന്നില്‍ വരുന്ന ജനങ്ങളോട് വലിപ്പച്ചെറുപ്പം നോക്കാതെ സൗഹൃദപരമായി ഇടപെടുന്നതിനെ കുറിച്ചുള്ള ട്രെയിനിങ്ങുകള്‍ ഇടയ്ക്കിടെ കൊടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുകയും ഒക്കെ ചെയ്താല്‍ കേരളം ഇന്ത്യക്ക് മാത്രമല്ല ലോകത്തിനു തന്നെ മാതൃകയായി മാറും.

=======
സാമ്പിള്‍:ഒരു അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്റ്റാര്‍ ഹോട്ടലിലെ വീഡിയോ ട്രൈനിങ്ങില്‍ നിന്നുള്ള ഒരു ഭാഗം അവിടെ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരാള്‍ നിങ്ങളോട് വന്നു ഹോട്ടലിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള വഴി ചോദിക്കുന്നു എന്ന് കരുതുക.
അയാള്‍ക്ക് വഴി പറഞ്ഞു കൊടുക്കരുത്. പകരം അയാളെ ആ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടു പോയി ആക്കി കൊടുക്കുക.
=======
ഇതാണ് പരിഷ്‌കൃത ആധുനിക ജനാധിപത്യ ലോകത്തെ പൗരന്മാര്‍ ആര്‍ജ്ജിക്കേണ്ട സംസ്‌കാരം. അല്ലാതെ 'ഭാരതത്തിനു പതിനായിരം വര്‍ഷത്തെ സംസ്‌കാരം' ഉണ്ടെന്നു അവകാശവാദം ഉന്നയിച്ചുകൊണ്ടോ കുറേ പുരാണ കഥാപുസ്തകങ്ങള്‍ പൊക്കി കാണിച്ചുകൊണ്ടോ നാം സംസ്‌കാരമുള്ളവര്‍ എന്ന് അവകാശപ്പെടുന്നതില്‍ കഥയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top