15 April Monday

നിരോധനം ഭരണപരാജയം മറയ്ക്കാന്‍; "മോഡീ ജീ ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും": മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2017

കൊച്ചി> കന്നുകാലി കശാപ്പു നിരോധന ഉത്തരവിലൂടെ ജനങ്ങളുടെ ഭക്ഷണത്തില്‍ മോഡിയും കേന്ദ്രവും നടത്തുന്ന  മിന്നല്‍ അക്രമണം മൂന്നുവര്‍ഷത്തെ ഭരണ പരാജയം മറച്ചുവെയ്ക്കാനുള്ള തന്ത്രമാണെന്നും അതൊന്നും ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ വിലപോകില്ലെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്.മൂന്നുവര്‍ഷത്തെ ജന വിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരം വഴിതിരിച്ചു വിടാനുള്ള ഈ ആര്‍എസ്എസ് തന്ത്രം ജനം തിരിച്ചറിയും .ഗോവധ നിരോധനവും കപട കന്നുകാലി സംരക്ഷണവും പറഞ്ഞ്  നാം പൊരുതി നേടിയ സ്വാതന്ത്യ്രത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ  ശക്തമായ സമരം ഉയരുമെന്നും  മുഹമ്മദ് റിയാസ് പറയുന്നു." മോഡീ ജീ ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും" എന്ന തലക്കെട്ടിലുള്ള  ഫേസ്‌ബുക്ക് പോസ്റ്റിലാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചിട്ടുള്ളത്.


പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ
മോഡീ ജീ  ഞങ്ങള്‍ ബീഫും തിന്നും സമരവും ചെയ്യും

കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ച ഉത്തരവിലൂടെ, മൂന്നു വര്‍ഷത്തെ ജന വിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരം മതവര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ ഭിന്നിപ്പിക്കുക, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പരിപാടിയായി ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുക, എന്നീ ഉദ്ദേശങ്ങളാണ് മോഡി സര്‍ക്കാര്‍ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്നതാണ് ലക്ഷ്യം. മൂന്ന് വര്‍ഷം കൊണ്ട് ആറ് കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദ്ധാനം ചെയ്ത് അധികാരത്തില്‍ വന്ന്, ആറ് ലക്ഷം പേര്‍ക്കു പോലും തൊഴില്‍ നല്‍കാനാവാതെ പരാജയമായി മാറിയവര്‍ക്ക്, തൊഴിലില്ലായ്മ എന്ന അജണ്ടയെ വഴി മാറ്റി യുവജന സമൂഹത്തെ വര്‍ഗ്ഗീയമായി ചേരി തിരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് തീന്‍മേശയിലെ ഈ മിന്നല്‍ അക്രമണം.

വൈദികകാലം മുതല്‍ ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണ് ഗോമാതാപൂജയെന്ന സംഘപരിവാറിന്റെ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അശ്വമേധം, രാജസൂയം, വാജപേയ യാഗം, അഗ്നിഹോത്രം തുടങ്ങിയ വേദകാല ആചാരങ്ങളിലെല്ലാം വന്‍തോതില്‍ തന്നെ മൃഗബലി നടത്തിയിരുന്നു. ആര്യന്‍മാര്‍ ഭക്ഷണത്തിനായി പശുവിനെ കൊന്നിരുന്നുവെന്ന് ഋഗ്വേദത്തില്‍ നിന്നു തന്നെ വ്യക്തമാണ്.

ഇന്ത്യക്ക് പ്രതിവര്‍ഷം പോത്തിറച്ചി കയറ്റുമതിയിലൂടെ ലഭിച്ചു വരുന്ന വരുമാനം 3500 കോടിയിലധികം രൂപ വരും. ഇന്ത്യയില്‍ നിന്നുള്ള ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.ഇന്ത്യയുടെ ലതര്‍ വ്യവസായം ലോകത്ത് പ്രസിദ്ധമാണ് 2.5 മില്യണ്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ മുപ്പതു ശതമാനവും സ്ത്രീകളാണ്. വലിയ രീതിയുള്ള തൊഴില്‍ സാമൂഹിക പ്രശ്നങ്ങള്‍ ഗോവധ നിരോധനത്തോടെ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം  മാംസഭുക്കുകളാണ്, 31ശതമാനം സസ്യഭുക്കുകളും 9ശതമാനം കോഴിമുട്ട ഭക്ഷിക്കുന്ന സസ്യഭുക്കുകളാണ്.യുണെറ്റഡ് നേഷന്‍സ് ഇന്‍ ഫുഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം കോഴി കഴിഞ്ഞാല്‍ ഇന്ത്യയിലെ മാംസഭുക്കുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ബീഫ് ആണ്.26 ലക്ഷം ടണ്‍.ഇതില് നിന്നും മനസിലാക്കേണ്ടത് ബീഫ് ഇന്ത്യയില്‍ മാംസാഹാരം കഴിക്കുന്നവരുടെ ജീവിത ശൈലി ആയി മാറിയിട്ടുണ്ട് എന്നാണ്.

വര്‍ഗ്ഗീയ- വിഘടന ശക്തികളുടെ വര്‍ദ്ധിച്ചു വരുന്ന ശക്തിയാണ് പശുവിനെ രാഷ്ട്രീയ ചതുരംഗ പലകയിലേക്ക് കൊണ്ടുവരുന്നതിന്റെ ആണിക്കല്ല്. സമൂഹത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് ഹിന്ദുത്വ വലതുപക്ഷ ശക്തികളുടെ കൈയിലെ രാഷ്ട്രീയ ഉപകരണമായാണ് ഈ പ്രതീകം വളര്‍ത്തിക്കൊണ്ടു വരുന്നത് എന്നു മനസിലാക്കേണ്ടതുണ്ട്. ഇത്തരം നീക്കങ്ങള്‍ സാമ്പത്തികമായി വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ.

ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ സ്വാതന്ത്യ്രത്തിനു മുകളിലുള്ള കടന്നു കയറ്റവും, രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭിക്കുന്നതിനുള്ള ഏക വഴി നിഷേധിക്കലുമാണത്.
രാജ്യത്തിന്റെ സ്വാതന്ത്യ്ര സമര പോരാട്ടത്തെ ഭിന്നിപ്പിച്ച് തകര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ച അജണ്ടകളില്‍ ചിലതാണ് ഗോവധ നിരോധനവും കപട കന്നുകാലി സംരക്ഷണവും. നാം പൊരുതി നേടിയ സ്വാതന്ത്യ്രത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ ഭിന്നിപ്പിക്കുവാനുള്ള സംഘപരിവാരത്തിന്റെ പുതിയ കുടില തന്ത്രങ്ങളെ ചെറുക്കാന്‍ മാംസാഹാരികളും, സസ്യാഹാരികളും ഉള്‍പ്പെടെ പൌരാവകാശത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളും മുന്നോട്ട് വരേണ്ടതുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top