എസ്എഫ്ഐ രക്തസാക്ഷി എം എസ് പ്രസാദിന്റെ സ്‌മരണക്കായി പേരിനൊപ്പം 'പ്രസാദ്' എന്ന് ചേർത്തതാണ് അനന്തരവൻ ധനു. പേരിലെ പ്രസാദ് കണ്ട് ചോദിക്കുന്നവരോട് കോൺഗ്രസുകാർ കൊലപ്പെടുത്തിയ മാമന്റെ ഓർമകൾ ഫേസ്‌ബുക്കിൽ പങ്കുവയ്‌ക്കുകയാണ് ധനുപ്രസാദ്.
പരിചയപ്പെടുന്ന സമയത്ത് പേര് പറഞ്ഞു കഴിയുമ്പോൾ പലരും ചോദിക്കാറുണ്ട്, ''ധനു പ്രസാദ് , പ്രസാദ് എന്നാണല്ലേ അച്ഛൻറെ പേര്?'' , ഇപ്പോഴും പല കൂട്ടുകാരും മനസ്സിലാക്കി വച്ചിരിക്കുന്നതും അങ്ങനെ തന്നെയാണ്. അച്ഛൻറെ പേര് ജി സുന്ദരേശൻ എന്നാണ് G Sundaresan Swaralaya.
പിന്നെ "പ്രസാദ്", പ്രസാദ് മാമനാണ്,ഞാൻ ജനിക്കുന്നതിനു മുമ്പേ മരിച്ചുപോയ മാമന്റെ സ്‌മരണാർത്ഥമാണ് ഈ പേര്. മരിച്ചതല്ല കൊന്നതാണ്, ഒരു തിരുവോണ ദിവസം ഉച്ചയ്ക്ക് കോൺഗ്രസുകാർ ചിറ്റാർ (പത്തനംതിട്ട - സീതത്തോട്) ജങ്‌ഷനിൽവച്ച് കുത്തി കൊലപ്പെടുത്തിയതാണ്. മരിക്കുന്ന സമയത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ചെയർമാനും, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു സഖാവ് എം എസ് പ്രസാദ്.

സി വി ജോസും എം എസ് പ്രസാദും
കോൺഗ്രസ് ഗുണ്ടകൾ അദ്ദേഹത്തെ കൊലപ്പെടുത്താൻ കാരണങ്ങൾ ഇവയായിരുന്നു, ഉറ്റ സുഹൃത്തായിരുന്ന സഖാവ് സി വി ജോസിനെ കോളേജിൽ വച്ച് കെഎസ് യു പ്രവർത്തകർ കുത്തി കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷിയായി എന്നതായിരുന്നു, അദ്ദേഹത്തെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച് പരിക്കുപറ്റി ഹോസ്പിറ്റലിൽ ആയി എന്നതായിരുന്നു,അവരുടെ ഭീഷണി വകവെക്കാതെ , പല തവണ വധ ശ്രമങ്ങളെ അതിജീവിച്ച് കോടതിയിൽ സാക്ഷി പറയും എന്ന ഉറച്ച നിലപാടെടുത്തതിനാലായിരുന്നു, കെ എസ് യുവിന്റെ കൊലപാതക രാഷ്ട്രീയത്തെ / അപ്രമാദിത്വത്തെ വെല്ലുവിളിച്ച് കാതോലിക്കറ്റിൽ എസ്എഫ്ഐയുടെ ശുഭ്രപതാക പാറിച്ചതായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..