26 April Friday

കേരളം ‘നമ്പർ വൺ’ തന്നെയോ? ‘നിഷ്‌കളങ്ക’ സംശയങ്ങൾക്ക്‌ മറുപടിയുമായി അനു ദേവരാജന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 24, 2018

അട്ടപ്പാടിയിലെ ആദിവാസി യുവാവ്‌ മധുവിന്റെ കൊലപാതകത്തെ തുടർന്ന്‌ സാമൂഹ്യമാധ്യമങ്ങളിലെ ഇടതുസർക്കാരിനും കേരളത്തിനും എതിരായ പ്രചരണങ്ങൾക്ക്‌ മറുപടിയുമായി അനു ദേവരാജന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌. കേരള നമ്പർ വൺ ക്യാമ്പയ്‌നെതിരെയും കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ തുല്യമാണെന്ന്‌ സ്ഥാപിക്കുന്നതുമായ പോസ്റ്റുകൾ അട്ടപ്പാടി സംഭവത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇവയുടെ പൊള്ളത്തരം തുറന്നുകാട്ടുകയാണ്‌ അനു ദേവരാജൻ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ.  

അനു ദേവരാജന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌ :

1) #KeralaNo:1

സംഘടിതമായി നിർമിക്കപ്പെട്ട ഒരു പ്രതികൂലാവസ്ഥയെ നേരിടാൻ രൂപം കൊടുത്ത തികച്ചു സാന്ദർഭികമായ ഒരു ക്യാമ്പയിൻ ആയിരുന്നു #KeralaNo:1. ആധികാരികമായ കണക്കുകളുടെയും സൂചികകളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ പലസൂചികകളിലും ബഹുദൂരം മുന്നിലെന്ന് ഉറക്കെ പറഞ്ഞ ആ ക്യാമ്പയിനു, ആത്യന്തികമായി കേരളം മുന്നിലാണെന്നോ 'വിശുദ്ധരായ' മനുഷ്യരുടെ നാടാണെന്നോ ഇവിടെ കുറ്റങ്ങളോ കുറവുകളോ ഇല്ലെന്നോ അർത്ഥമില്ല. മറിച്ചു ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ടെന്നും മെച്ചപ്പെടാൻ ഇനിയും പലതുമുണ്ടെന്നും അതിനു വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരിക്കണം എന്നും കൂടി ഓർമപ്പെടുത്തൽ തന്നെ ആയിരുന്നു.

2) ‘സർക്കാരിന്റെയും പോലീസിന്റെയും പിടിപ്പുകേടാണ് കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാൻ കാരണം’

ഓരോ പൗരന്റെയും ഓരോ ആൾകൂട്ടത്തിന്റെയും പിന്നാലെ സർവൈലൻസിന്റെ വാളുമായി നടക്കുന്ന മൈക്രോ മാനേജ്‌മെന്റ്‌ സംവിധാനമല്ല പോലീസും സർക്കാരും. അത് കൊണ്ട് തന്നെ ആൾക്കൂട്ട നീതിയുടെ പഴികൾ മൊത്തം സർക്കാരിലും പോലീസിലും ചാർത്തുക എന്നത് ഉള്ളിൽ ഉറഞ്ഞുകൂടിയിരിക്കുന്ന പൈശാചികത മറ്റെവിടെയെങ്കിലും ചാർത്തി രക്ഷപ്പെടുക എന്ന തന്ത്രത്തിന്റെ ഭാഗം ആണ്. പക്ഷെ കുറ്റക്കാർക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളാനും ഇത്തരം വയലെൻസ് ആവർത്തിക്കപ്പെടാതിരിക്കാനുമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും പോലീസും സർക്കാരും ഉൾപ്പെടുന്ന സംവിധാനത്തിന് ഒരുപരിധി വരെ സാധിക്കും. പക്ഷെ, കാതലായ മാറ്റം നിരന്തരമായ സാമൂഹികരാഷ്ട്രീയ വിദ്യാഭ്യാസം കൊണ്ടും സ്വയം നവീകരണത്തിൽ കൂടിയുമേ സാധ്യമാവുള്ളു.

3) യുപിയിലും മറ്റു സംസ്ഥാനങ്ങളിലും ബീഫ് തിന്നതിനല്ലേ കൊന്നത്, ഇവിടെ ഒരു നാഴി അരി കട്ടതിനും’

ബോധമുള്ള മനുഷ്യരിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതും, ഉത്തരം അർഹിക്കാത്തതും ആയ ഒന്ന്. പക്ഷെ ഈ സംഭവങ്ങൾക്കു ശേഷം പ്രസ്തുത സംസ്ഥാനങ്ങളിലെ വലിയ വിഭാഗം ജനവും അതാതു സംസ്ഥാന സർക്കാരുകളും വിഷയത്തിൽ ഇടപെട്ട രീതി ചിന്തിച്ചാൽ തീരാവുന്നതേയുള്ളു, ഈ 'നിഷ്കളങ്ക സംശയം'. പ്രഥമദൃഷ്ട്യാ കുറ്റവാളികൾ എന്ന് കണ്ടവർക്കെതിരെ പ്രാരംഭ നടപടികൾ കൈക്കൊള്ളുകയും ഉചിതമായ തുടർനടപടികൾ ഉറപ്പു നൽകുകയും ചെയ്ത ഒരു സർക്കാരിനെയാണ് നിങ്ങൾ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയവർക്ക് ജോലി നൽകിയ ഒരു ഭരണകൂടവുമായി ചേർത്തുകെട്ടാൻ ശ്രമിക്കുന്നത്.

4)പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ കിട്ടിയിട്ട് പോരെ ശിക്ഷാവിധികൾ'/ 'അവൻ അല്ലെങ്കിലും വലിയ ശല്യം ആയിരുന്നു എന്നെ'

റിപ്പോർട്ട്‌എന്തുമാകട്ടെ, അയാൾ നിരന്തരം ആയി കളവുകൾ ചെയ്യുന്ന ആൾ ആയിരുന്നു എന്ന് തന്നെ ഇരിക്കട്ടെ... പക്ഷെ, ഒരാളെ കെട്ടിയിട്ടോ അല്ലാതെയോ തല്ലാൻ, ആൾക്കൂട്ട വിചാരണക്ക് വിധേയനാക്കാൻ ആർക്കാണ് അധികാരം ??
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top