25 April Thursday

ഇടതുസര്‍ക്കാരിന്റെ നയം സാമ്പത്തിക സംവരണമോ? സംശയങ്ങള്‍ക്ക് മറുപടിയുമായി ആര്‍ കെ ബേബി പെരിഞ്ഞനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017

മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഒരു ചെറിയ ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതു സര്‍ക്കാരിന്റെ നയം സാമ്പത്തിക സംവരണ നയമാണെന്ന് പ്രചാരണം സോഷ്യല്‍ മോഡിയയിലും മറ്റും പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

ജാതി സംവരണമാണോ സാമ്പത്തിക സംവരണമാണോ യുക്തിഭദ്രമായത് എന്ന ചോദ്യത്തിന് വസ്തുതകള്‍ നിരത്തി മറുപടി പറയുകയാണ് അധ്യാപകനും ചരിത്ര ഗവേഷകനുമായ ആര്‍ കെ ബേബി പെരിഞ്ഞനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെരിഞ്ഞനത്തിന്റെ കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജാതി സംവരണമാണോ സാമ്പത്തിക സംവരണമാണോ യുക്തിഭദ്രമായത് എന്ന ചോദ്യത്തിന് തീർച്ചയായും ആദ്യത്തേതാണ് ശരിയെന്ന് ആർക്കാണ് സംശയം.......!
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്
ഒരു ചെറിയ ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഇടതു സർക്കാരിന്റെ നയം സാമ്പത്തിക സംവരണ നയമാണെന്ന്
ഇടതുപക്ഷക്കാരോ ഇടതു വിരുദ്ധരോ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കിൽ അത്തരക്കാരോട് ഒന്നേ പറയാനുള്ളു സംവരണ ശ്രമങ്ങൾ ആരംഭിച്ച നാൾ മുതൽ ഇന്ന് വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും CPIM ന്റെയും നയം
ജാതി സംവരണത്തിന്റേതാണ്

എന്നാൽ ദേവസ്വത്തിന് കീഴിലുള്ള ഉദ്യോഗങ്ങളിൽ ഇപ്പോൾ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ച മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കുള്ള പത്ത് ശതമാനം സംവരണം വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

സംവരണത്തിന്റെ ആദ്യ നാളുകൾ മുതൽ
പാർടി എന്ത് നിലപാടാണ് ഉയർത്തി പിടിച്ചിട്ടുള്ളത് എന്ന് പരിശോധിക്കണം
SC ST ഒഴികെയുള്ള
പിന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിൽ ആദ്യ പരിഗണന അതാത് വിഭാഗങ്ങളിലെ പാവങ്ങൾക്ക് നൽകണമെന്നും അത്തരക്കാർ ഇല്ലെങ്കിൽ മാത്രം അത്
മറ്റ് സമുദായങ്ങളിലേക്ക് പോകാത്ത വിധം ജനസംഖ്യ തോതനുസരിച്ചുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താനായ് അതാത് വിഭാഗങ്ങളിലെ തന്നെ മുന്നോക്കക്കാർക്കത് നൽകാമെന്നും ഒപ്പം മുന്നോക്ക ജാതിയിലെ
വളരെ പാവപ്പെട്ടവരായവർക്ക്
ഒരു ചെറിയ ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം എന്നതുമാണ് സംവരണ കാര്യത്തിൽ പാർട്ടിയുടെ എക്കാലത്തേയും പ്രഖ്യാപിത നിലപാട്

എന്നാൽ അമ്പത് ശതമാനം വരുന്ന സംവരണ ക്വാട്ടയിൽ നിന്ന്
ഒന്ന് പോലും കുറയാതെ വേണം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകാനെന്നും
പാർട്ടി കൃത്യമായ് തന്നെ പറയുന്നുമുണ്ട്

സംവരണത്തിന്റെ ചരിത്രം പരിശോധിച്ചാൽ
ആർക്കും വ്യക്തമാവുന്ന ഒന്നാണിത്

സംവരണ ചരിത്രം ഒന്നോടിച്ച് നോക്കിയാൽ
ബ്രിട്ടീഷ് ഭരണ ഘട്ടത്തിൽ
1902 ൽ
കോൽഹപൂറിലെ രാജാവായ സാഹു
അബ്രാഹ്മണരായ പിന്നോക്കക്കാർക്ക്
50% സംവരണം ഏർപ്പെടുത്തിയതിന് പുറമെ 1909 ലെ ബ്രിട്ടീഷ് ഇന്ത്യാ ആക്ടിലും
1932 ലെ വട്ടമേശ സമ്മേളനത്തിലും
ചില സംവരണ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്
1930ൽ തിരുകൊച്ചിയിലുമുണ്ടായി ചിലത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ
1954 ൽ വിദ്യാഭ്യാസ രംഗത്ത് SC, ST ക്ക്
20 % സംവരണം ഏർപ്പെടുത്തി
1982 ൽ സർക്കാർ ജോലികളിൽ
SC ക്ക് 15% ഉം STക്ക് 5 % ഉം
സംവരണം നിശ്ചയിച്ചുറപ്പിച്ചു

പിന്നീട് പല ഘട്ടങ്ങളിലായി
വിവിധ സംസ്ഥാനങ്ങൾ സംവരണത്തിനായ്
വിവിധ കമ്മീഷനുകളെ നിയോഗിച്ചു
1970ൽ ആന്ധ്ര പിന്നോക്ക വിഭാഗ കമ്മീഷൻ
1971 ൽ
തമിഴ്നാട് പിന്നോക്ക വിഭാഗ കമ്മീഷൻ
1975 ൽ
കർണ്ണാടകയിലെ ഹവാനൂർ കമ്മീഷൻ
കേരളത്തിൽ 1930 ൽ തിരുകൊച്ചിയിലും
1958 ൽ ഇ എം എസ് ചെയർമാനായ
ഭരണ പരിഷ്ക്കാര കമ്മീഷനും
സംവരണത്തെ സംബന്ധിച്ച് ശ്രദ്ധേയമായ
നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു
1971 ൽ പിന്നോക്ക വിഭാഗ കമ്മീഷൻ
അദ്ധ്യക്ഷനായ നെട്ടൂർ ദാമോദരനും
നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു

58 ൽ അവിഭക്ത പാർട്ടിയും
71 ൽ CPIM ഉം ജാതി സംവരണം വേണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു
1958ൽ തന്നെ പിന്നോക്ക വിഭാഗങ്ങളിലെ സമ്പന്നർക്ക് ആദ്യ പരിഗണന ലഭിക്കരുതെന്ന് പാർടി നിലപാടെടുത്തിരുന്നു

1990 ലും 91 ലും പിന്നീട് പലപ്പോഴും
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്
ചെറിയൊരു സംവരണം നൽകണമെന്ന വാദം പാർട്ടി ആവർത്തിച്ചുയർത്തി
(1995 ആഗസ്ത് 31ന് തിരഞ്ഞെടുപ്പ് ഗിമ്മിക്കായ് UDF കൊണ്ടുവന്നതും അതിനു ശേഷം ഉപേക്ഷിച്ചതുമായ സംവരണ സംരക്ഷണ ബില്ലിന്റെ ഘട്ടത്തിൽ CPI കയ്യടി കിട്ടാൻ നല്ലതെന്ന് തെറ്റിദ്ധരിച്ച് UDF ന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത് എന്നാൽ
ഇലക്ഷനിൽ ജനം UDF നെ തള്ളി )

മുന്നോക്കക്കാരിലെ പിന്നോക്ക സംവരണം
എന്തുകൊണ്ടാണ് CPIM ആവർത്തിച്ചത് ....?

1979-1980 ലെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സംവരണത്തെ തീപ്പിടിച്ച വിഷയമാക്കി
മാറ്റി തീർത്തതാണതിന്റെ
ചരിത്ര സാമുഹിക പശ്ചാത്തലം
വി.പി.സിംഗ് സർക്കാർ
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം
മറ്റ് പിന്നോക്ക വിഭാഗ വിഭാഗങ്ങൾക്ക്
27 % സംവരണം നടപ്പാക്കാൻ തീരുമാനിച്ചു

( കമ്മീഷനിലെ ഏക ദളിത് അംഗമായ
LR നായിക്കും സുപ്രീം കോടതിയും
CPIM ദീർഘനാളായ് ഉയർത്തിയ പിടിച്ച ക്രീമിലെയർ പ്രശ്നം ഉന്നയിച്ചു
അതനുസരിച്ചുള്ള
കോടതി വിധിയുമുണ്ടായി)

ഉത്തരേന്ത്യൻ ജനസംഖ്യയിൽ 20% മുന്നോക്ക ജാതിക്കാരാണെന്നതിനാലും പൊതു മേഖല
വ്യവസായങ്ങളെല്ലാമവിടെയാണ് കൂടുതൽ ഉള്ളത് എന്നതിനാലും ജാതി സംവരണത്തിന് എതിരായുള്ള ഒരു സമര വേലിയേറ്റം തന്നെ
ഉയർന്നു വന്നു (ദക്ഷിണേന്ത്യയിലാകട്ടെ
10% മാത്രമാണ് മുന്നോക്ക ജനസംഖ്യ
വ്യവസായങ്ങളും താരതമ്യേന കുറവാണ് )
1990 സെപ്തംബറിൽ സമരങ്ങളുടെ ഭാഗമായ് സുരീന്ദർ സിങ്ങ് ചൗഹാൻ എന്ന സവർണ്ണ യുവാവ് തീ കൊളുത്തി മരിച്ചു രാജീവ് ഗോസ്വാമി തീ കൊളുത്തി മരിച്ചതോടെ സമരമൊരു
സവർണ്ണ ഭ്രാന്തായും
പിന്നോക്ക വിരുദ്ധ വികാരമായും
ആളി പടർന്നു. 200 പേർ തീകൊളുത്തിയതിൽ 67 പേരും മരിച്ചു
" അർമാനോൻ കാ ബലിദാൻ " പോലുള്ള ജനപ്രിയ സീരിയലുകളും കൂടി ചേർന്നതോടെ ഉത്തരേന്ത്യൻ സാമൂഹിക ധ്രുവീകരണം ജാതിയുടെ ചൂളയിൽ തിളച്ചു മറിഞ്ഞു
ജാതി മത വിഭാഗീയതകളുടെ
എരി തീയിലേക്ക് സംവരണ വിവാദം
സ്വന്തം എണ്ണ ആവോളം കോരിയൊഴിച്ചു

ഉന്നത വിദ്യാഭ്യാസം നേടിയ സവർണ്ണ യുവാക്കൾക്കൊപ്പം തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളുമെല്ലാം
ജാതിയുടെ പേരിൽ പലതായി പിരിഞ്ഞു
നിരവധിയായ പ്രാദേശിക പാർടികൾ ജാതിയെ അടിസ്ഥാനമാക്കി ഉയർന്നു വന്നു
ജാതി ബോധം രാഷ്ടീയത്തേയും രാഷ്ടീയം ജാതിഭ്രാന്തിനേയും പരസ്പരം വളർത്തി
സംവരണ വിരുദ്ധ സമരങ്ങളിൽ അണിനിരന്ന മേൽജാതിക്കാരെ
RSS നേരിട്ട് നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി
BJP യുടെ വളർച്ചക്കുമിത് സഹായകമായി

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യപ്പെട്ട സമരങ്ങൾ അസാധ്യമാവുന്ന സ്ഥിതിയുണ്ടായി വന്നു.
ഭരണ വർഗ്ഗങ്ങൾക്കും ഭരണകൂടങ്ങൾക്കും എതിരായ സമരങ്ങളേക്കാൾ
അവർ വെച്ചു നീട്ടുന്ന
സർക്കാർ ജോലികളുടെ പേരിൽ പരസ്പരം പോരടിക്കുകയെന്നത് പ്രധാനമായ്

ജാതി സംവരണമാണോ സാമ്പത്തിക സംവരണമാണോ വേണ്ടത് എന്ന് ചിലർ ചേരിതിരിഞ്ഞ് തർക്കിച്ചപ്പോൾ
സംവരണം തന്നെ എടുത്ത് കളയണമെന്ന്
സവർണ്ണ വിഭാഗങ്ങൾ വികാരം കൊണ്ടു
എന്നാൽ രണ്ടു തരം സംവരണങ്ങളിൽ ഏതെങ്കിലും ഒന്നോ
രണ്ടും ഒന്നിച്ച് ചേർന്നാൽ പോലുമോ സാമൂഹിക നീതിയുടെ പ്രശ്നം പരിഹരിക്കപ്പെടില്ല എന്ന യാഥാർത്ഥ്യം പറയാൻ CPIM മടിച്ചില്ല
സംവരണങ്ങൾക്കൊന്നും പരിഹരിക്കാൻ
കഴിയാത്ത വിധം വർഗ്ഗ വൈരുദ്ധ്യങ്ങൾ
സമൂഹത്തിൽ മൂർഛിക്കുകയായിരുന്നു

1980 കളുടെ അവസാനമായപ്പോഴേക്കും പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായ് തൊഴിൽ സാധ്യത വീണ്ടും ചുരുങ്ങി വന്നു
അഞ്ചപ്പത്തിന് വേണ്ടി അയ്യായിരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നിടത്ത് ജാതി എന്നത്
കക്ഷികളുടെ രാഷ്ട്രീയ ന്യായീകരണങ്ങളായ് മാറി.സവർണ്ണ ഹൈന്ദവ അടിത്തറയിൽ
ഉയർന്നു വന്ന ബി.ജെ.പി.
പതിയെ പതിയെ അവരുടെ നില ഭദ്രമാക്കി

ആദ്യമാദ്യം അവരുടെ ഹിന്ദുത്വത്തെ
മായാവതിയുടെ ദളിത് സ്വത്വവും മുലായമിന്റെയും ലാലുവിന്റേയും
യാദവ വീറും ചേർന്ന് ചെറുത്ത് നിന്നെങ്കിലും ഫ്യൂഡൽ പ്രമാണിത്തവും
നവലിബറൽ നയങ്ങളും നടപ്പാക്കിയ
ജാതി നേതാക്കളുടെ വർഗ്ഗ താത്പര്യങ്ങളും
അതാത് ജാതിയിലെ പാവങ്ങളുടെ
വർഗ്ഗ താത്പര്യങ്ങളും
അകമേ മുഷിയുന്നുണ്ടായിരുന്നു.

മേൽജാതിക്കാരുടെ ശക്തമായ അടിത്തറയിൽ വളർന്ന ബി.ജെ.പി.യാകട്ടെ രാമജന്മഭൂമി പ്രശ്നത്തോടെ പ്രധാന ശത്രുവായ മുസ്ലീങ്ങൾക്കെതിരെ നമ്മളൊന്ന് എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞിരുന്നു.
കോൺഗ്രസ്സിലും പ്രാദേശിക പാർടികളിലും വിശ്വാസം നഷ്ടപ്പെട്ട വിവിധ ജാതിക്കാരുടെ സ്വത്വബോധത്തെ മതപരമായി ഏകീകരിക്കുന്നതിലും BJP ഏറെ വിജയിച്ചു
തങ്ങളുടെ ജാതിവിരുദ്ധത ആവുംവിധം മറച്ച് വെച്ച ബി ജെ പി മുസ്ലീം വിരോധം ആളി കത്തിച്ചു.വാജ്പേയ്, അദ്വാനി, നരേന്ദ്ര മോദി എന്നിവരുടെ പെരുപ്പിച്ച് കാണിച്ച വ്യക്തിത്വവും ജനങ്ങളുടെ വികസന ദാഹവും കോൺഗ്രസ്സ് സർക്കാരുകളോടുള്ള വെറുപ്പും മുതലെടുത്ത് ബി.ജെ.പി. പലവട്ടം കേന്ദ്രാധികാരം പിടിച്ചു. ഇന്നും വെറും 31 % വോട്ട് മാത്രമുള്ള ബി.ജെ.പി.യുടെ ഉറച്ച വോട്ട് ബാങ്കുകളിൽ പ്രധാനം പട്ടേലർമാരെ പോലുള്ളവരാണ് എന്ന് നമുക്കിന്നറിയാം

സംവരണമാണ് തങ്ങളുടെ രക്ഷാമാർഗ്ഗം എന്ന് തെറ്റായി ധാരണയുള്ള ഇവർക്ക് എങ്ങനെയാണ് മറ്റ് ജാതിയിലുൾപ്പെട്ട കർഷകരുമായും തൊഴിലാളികളുമായും ഐക്യപ്പെട്ട് സമരം ചെയ്യാനാവുക

നവ ലിബറൽ നയങ്ങളും
ഫ്യൂഡൽ പ്രമാണിത്തവും ചേർന്ന്
പരമ ദരിദ്രരാക്കിയ പട്ടേലർ കുടുംബങ്ങൾ പട്ടിണി കിടക്കുമ്പോൾ
സംവരണാനുകൂല്യത്താൽ പിന്നോക്കക്കാർ ചിലരെങ്കിലും തങ്ങളുടെ കൺമുന്നിൽ മെച്ചപ്പെട്ട ജീവിതം നയിക്കുന്നതാണ്
അവർ ദിനേന കാണുന്നത് അവരിൽ
ഐക്യമല്ല അകൽച്ചയാണ് സംഭവിക്കുന്നത്
ജാതി സംവരണമല്ല അവരുടെ ദുസ്ഥിതിക്ക്
കാരണക്കാർ എന്ന് തിരിച്ചറിയാത്ത അവർ
വീണ്ടും ജാതീയമായാണ് പ്രശ്നത്തിന്
പരിഹാരം കാണാൻ ശ്രമിച്ചത്

ഒന്നുകിൽ ജാതി സംവരണം അവസാനിപ്പിക്കുക
അല്ലെങ്കിൽ ഞങ്ങൾക്കും സംവരണം തരിക എന്ന തെറ്റായ മുദ്രാവാക്യമാണ്
ഗുജ്ജറുകളും പട്ടേലർമാരും ഉയർത്തുന്നത്

RSS ആണെങ്കിൽ ഏതാനും പതിറ്റാണ്ടുകളായ് മിണ്ടാതിരുന്നതിന് ശേഷം
സംവരണം തന്നെ അവസാനിപ്പിക്കണമെന്ന്
തിരഞ്ഞെടുപ്പ് കാലത്ത് പോലും പറയുന്നു !

അതുറപ്പ് നൽകുന്ന ഭരണഘടനയെ തന്നെ
മാറ്റിയെഴുതാനവർ തുനിഞ്ഞിറങ്ങുകയാണ്

മറ്റു പല വിഷപ്രചരണങ്ങൾക്കുമൊപ്പം
ഇതേ സംഘപരിവാരം കേരളത്തിലടക്കം
"മേൽജാതിക്കാരെ" അണിനിരത്താനായി
പ്രധാനമായും പിറുപിറുക്കുന്നതിലൊന്ന്
സംവരണ രാഷ്ട്രീയമാണെന്നത് മറക്കരുത്
മുന്നോക്കക്കാരിലെ ചെറിയൊരു വിഭാഗം
ദരിദ്രരെ ചൂണ്ടിക്കാട്ടി അവശേഷിക്കുന്നവരെ
മുഴുവൻ രാജ്യദ്രോഹപരമായ വർഗ്ഗീയതക്ക്
കീഴിൽ അണിനിരത്താൻ അവർക്കാവുന്നു

എല്ലാ ജാതി മതങ്ങളിലും പെട്ടവരൊന്നിച്ച്
അണിനിരക്കേണ്ട ജീവിത സമരങ്ങളെ
ഭിന്നിപ്പിക്കാനുള്ള ആയുധമായ് സംവരണത്തെ അവരുപയോഗപ്പെടുത്തുന്നു
"പോസിറ്റീവ് ഡിസ്ക്രിമിനേഷൻ എന്നതിനെ
നെഗറ്റീവ് പൊളിറ്റിക്കൽ പോളറൈസേഷൻ"
എന്നതിനുള്ള രാസ ത്വരകമാക്കി മാറ്റുന്നു

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്
10 % സംവരണം വിട്ട് കൊടുക്കുന്നതിലൂടെ
ജനറൽ വിഭാഗത്തിൽ നഷ്ടമായേക്കാവുന്ന ഒന്നാ രണ്ടോ ശതമാനം വരുന്ന
അവസരങ്ങളുടെ പേര് പറഞ്ഞ്
50 % ത്തോളം വരുന്ന ജോലി സംവരണവും
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ
വാഗ്ദത്തം ചെയ്യുന്ന ഭരണഘടനയും വരെ
തകർക്കാനുള്ള ശേഷി സംഭരണത്തിന്
നമ്മൾ അവസരമുണ്ടാക്കണോ

സാമൂഹിക നീതിയുടെ കൃതകൃത്യതയെന്നത്
ജോലി സംവരണവുമായ്
മാത്രം ബന്ധപ്പെട്ട ഒന്നാണോ
ജാതി മത സംഘർഷങ്ങളില്ലാത്ത സമൂഹവും
പണിയെടുക്കുന്ന വർഗ്ഗങ്ങളുടെ ഐക്യവും
അതിലും താഴെയാണെന്നാണോ കരുതുന്നത്
ഇവയൊന്നുമില്ലാത്തിടത്ത് ആദ്യം പറഞ്ഞത്
സുരക്ഷിതമായ് നിലനിൽക്കുമെന്ന്
ആർക്കെങ്കിലും കരുതാനാവുമോ

ജാതി സംവരണത്തിന് പകരമാവില്ല സാമ്പത്തിക സംവരണമെന്ന വാദം
നൂറ് ശതമാനം സത്യമാവുമ്പോൾ തന്നെ
ഫ്യൂഡൽ അവശിഷ്ടങ്ങളും
മുതലാളിത്ത ഉൽപ്പാദന ക്രമങ്ങളും നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ
ഘടനാപരമായ മാറ്റങ്ങൾക്ക് പകരമാവാൻ
ജാതി സംവരണത്തിന് കഴിയില്ല എന്നതും നൂറ് ശതമാനം സത്യമായ കാര്യമാണല്ലൊ

ഭൂപരിഷ്ക്കരണവും എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും
വിഭവങ്ങളിൽ ഉടമസ്ഥതയും അധികാരത്തിൽ പങ്കും ലഭ്യമാവാതെ സാമൂഹിക നീതി
എങ്ങനെയാണ് നേടാനാവുക
ഇവയെല്ലാം നേടുന്നതിൽ സംവരണം
വളരെ പ്രധാനപ്പെട്ട പങ്കാണ്
വഹിക്കുന്നതെങ്കിലും അതിനോളം പോന്ന
പരിമിതമായ ഒരു പങ്കേ ഇവയ്ക്കുളളൂ
എന്ന യാഥാർത്ഥ്യവും
നമ്മൾ മറന്നു പോകരുത്

പലപ്പോഴും കീഴാളരോട് വൈകാരികമായ്
ഐക്യപ്പെടാനുള്ള ഒന്നായി സംവരണ സംവാദ വേദികൾ മാറിയെന്നതാണ് സത്യം
ആധുനികതയുടെ കുറ്റപത്രങ്ങളിൽ
സ്വന്തം പേര് കണ്ടെത്തിയവരുടെ
ചരിത്രപരമായ കുറ്റ ബോധം
സംവരണ വിഭാഗങ്ങളോടുള്ള കേവലമായ ധാർമ്മികതയുടെ ഉദാരമായ
പിന്തുണയായ് മാറുകയായിരുന്നു
ഏതാനും ചില മാർക്സിസ്റ്റുകൾ പോലും
ഇത് തങ്ങളുടെ ചരിത്രപരമായ
രാഷ്ട്രീയ കടമയായ് തെറ്റിദ്ധരിച്ചു
എന്നതും നമുക്ക് കാണാൻ കഴിയും
മിക്കവാറും വിവേചന രഹിതമായ ജീവിതം നയിക്കാവുന്ന ജാതികളിൽ പിറന്നതും പുലർന്നതുമോർത്ത് നീതിബോധത്താൽ നീറുന്ന ഇത്തരക്കാരെ തീർത്തും
കുറ്റം പറയാനാവില്ല എങ്കിലും
മൂർത്ത സാഹചര്യങ്ങളെ മൂർത്തമായ്
വിശകലനം ചെയ്യേണ്ടവരുടെ ബുദ്ധിയെ
കേവല നീതിയുടെ ഹൃദയതാളം സ്വാധീനിച്ച്
വഴിതെറ്റിക്കുമ്പോൾ അതിനൊപ്പം പോവാൻ
ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമായ്
സ്വീകരിച്ചവർക്ക് ആവുകയില്ല എന്നത്
സുചിപ്പിക്കപ്പെടേണ്ടതുണ്ട്

മറ്റു ചിലർ സ്വയം പ്രതിഷ്ഠിച്ച മേന്മയിൽ അമർന്നിരുന്ന് ഭൂതദയയും കാരുണ്യവും നിറഞ്ഞ അതിവിപ്ലവത്തിന്റെ ഔദാര്യം
സംവരണ ജന്മങ്ങൾക്ക് നീട്ടുന്നത്
രാഷ്ട്രീയമായ് അതിലേറെ അരോചകമാണ്
ഏത് മേലാള വിഭാഗങ്ങളെയാണോ ഇവർ
എതിർക്കുന്നുവെന്ന് കരുതുന്നത്
അതേ വർഗ്ഗങ്ങൾക്ക് മേൽ കയ്യുള്ള
സാമൂഹിക വ്യവസ്ഥയുടെ പുന: സംഘാടനം
വഴി മാത്രമേ ആത്യന്തികമായി സാമൂഹിക നീതി നടപ്പിലാവുകയുള്ളു എന്നിരിക്കെ
അത് തടയാൻ അതേ അധികാര ഘടന
വെച്ച് നീട്ടുന്ന സംവരണമെന്ന പരിഷ്ക്കാര പദ്ധതിയെയാണ് ഇത്തരക്കാർ അതിവിപ്ലവം എന്ന് വാചാലമായും വൈകാരികമായും
അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്

നവോത്ഥാന ഘട്ടത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം ചേർന്നും
ദേശീയ പ്രസ്ഥാന പർവ്വങ്ങളിൽ
ഭദ്ര ലോകരും നവ നാഗരികരും ചേർന്നും സ്വാതന്ത്ര്യാനന്തര നാളുകളിൽ
പദ്ധതി പ്രമാണിമാരും നാട്ടുപ്രമാണിമാരും പുത്തൻകൂറ്റ് മുതലാളിമാരും ചേർന്ന് പാവങ്ങൾക്ക് നിഷേധിച്ച ഭൂപരിഷ്ക്കരണത്തിനും അധികാര അവസരങ്ങൾക്കും പകരം കിട്ടിയ
വലുപ്പം കൂടിയ അപ്പ കഷ്ണം മാത്രമാണ് സംവരണം എന്ന് ബഹളത്തിനിടയിൽ
നമ്മളാരും മറന്നു പോകാനേ പാടില്ല
ഒപ്പം, അതിന്റെ ചരിത്രപരമായ പങ്കും പ്രാധാന്യവും നമ്മൾ മറക്കാൻ പാടില്ല
എന്നാൽ അതിൽ തന്നെ തട്ടി നിൽക്കാനും
നമുക്ക് ആവുകയുമില്ല ആവുകയുമരുത്

ഇന്ന് അധികാര മേലാളരുടെ സഖ്യത്തിന്റെ
നേതൃത്വമേറ്റെടുത്ത് പുളക്കുന്നത്
ഡോളർ ഹിന്ദുത്വവും കോർപ്പറേറ്റുകളുമാണ്
ഇവരോട് എതിരിടാനുള്ള വർഗ്ഗ ഐക്യം
തകരാതെ നോക്കുന്നത് രാഷ്ട്രീയ പാപമല്ല
എന്ന് നല്ല നിശ്ചയവുമുണ്ടാവണം നമുക്ക്

ഭൂപരിഷ്ക്കരണ ശ്രമങ്ങൾ നടന്നിടങ്ങളിലും
അല്ലാത്തിടങ്ങളിലും അനുഭവിച്ചറിയാവുന്ന
വ്യത്യാസം കണക്കുകളിൽ വ്യക്തമാണ്
2015 ൽ കണക്കെടുത്തപ്പോൾ
79483 ഒ ബി സി ക്കാർ കേറേണ്ടിടത്ത്
ആകെ കേറിയത് 9040 മാത്രമായിരുന്നു
(ഡിസം: 26 2015--ടൈംസ് ഓഫ് ഇന്ത്യ )
തൊഴിലാളികളും കർഷകരും മറ്റും
ഒന്നിച്ച് സമരം ചെയ്ത് മുന്നേറാത്തിടങ്ങളിൽ
സംവരണ കൊക്കുകൾ
പരന്ന പാത്രത്തിൽതന്നെയാണ്
പാൽ കഞ്ഞി കഷ്ടപ്പെട്ട് കുടിച്ചതെന്നർത്ഥം

എണ്ണത്തിൽ കുറവാണെങ്കിലും
കുടിച്ച് തടിച്ചവർ പട്ടിണി പതിനായിരങ്ങൾക്ക്
നൽകിയ ആത്മവിശ്വാസം ചെറുതല്ല
എന്നത് തീർച്ചയായും സമ്മതിക്കുന്നു
പക്ഷെ
തടിച്ചു കൊഴുത്തവർ ഏമാന്മാരുടെ
ക്ലബ്ബിൽ മെമ്പർമാരായി കൂട്ടുകച്ചവടവും
ഭരണവും പങ്കിട്ട് ഏമ്പക്കം വിടുമ്പോൾ
ആത്മവിശ്വാസവും അഭിമാനവുമല്ല
ബാക്കി വന്നവർക്കുണ്ടായത് പകരം
അപകർഷതയും അന്യവൽക്കരണവുമാണ്

ജനിച്ചപ്പോഴത്തെ തഴമ്പും ചെതമ്പലും
വ്യത്യസ്തതകളുമൊക്കെ പോയി
അവരൊക്കെ ഇപ്പൊ ഒറ്റ വർഗ്ഗമായില്ലെ

NSS പ്രസിഡണ്ടിന്റെ വീട്ടിൽ പെണ്ണന്വേഷിച്ച് ചെന്ന SNDP പ്രസിഡണ്ടിന്റെ മുഖത്ത്
മാത്രമല്ല കാർക്കിച്ച് നീട്ടി തുപ്പിയത്
SN കോളേജിൽ സീറ്റന്വേഷിച്ച് പോയ
സാക്ഷാൽ "നാണു"വിന്റെ
മുഖത്ത് കൂടിയാണ്

സംവരണ കുറ്റിക്ക് ചുറ്റും കിട്ടുന്ന
പച്ചിലയുടെ ഒട്ടും കുറയാത്ത ആശ്വാസത്തിൽ തൃപ്തിപെടാനല്ല
വിശാലവും സ്വതന്ത്ര്യവുമായ മേച്ചിൽപുറങ്ങൾ പോരടിച്ച് നേടാനാണ്
നമ്മൾ ശ്രമിക്കേണ്ടത്
കുറ്റിക്ക് ചുറ്റും വിതറുന്ന പ്ലാവിലകൾ
ഭരണഘടന പ്രകാരം
ഒന്നോ രണ്ടോ കുറയുന്നതിനേക്കാൾ
നമ്മെ ഭയപ്പെടുത്തേണ്ടത്
കുറ്റിയും പ്ലാവും ഭരണഘടനയും തന്നെ
ഇല്ലാതാവുന്നതല്ലേ

മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ
ജീവിത ദൈന്യതകൾ കാണാതെ പോകാമോ

അനുദിനം ക്ഷേമ പദ്ധതികൾ കയ്യൊഴിയുന്ന ഒരു നവ ലിബറൽ കാലത്ത് ഇത്തരക്കാരെ
കൈ പിടിച്ചുയർത്താൻ സാമ്പത്തിക പാക്കേജുകൾ നടപ്പാക്കട്ടെ എന്ന് പറഞ്ഞ് ആർക്കാണ് ഒഴിയാനാവുക ഇടതു പക്ഷ ബദൽ ഇന്ത്യയിലാകെ വരും വരെ
ആശ്വാസ നടപടികൾക്ക് അവരുമർഹരല്ലെ
അല്ലാതെ മുജ്ജന്മ പാപങ്ങളുടെ പേരിൽ
അവരെ ശിക്ഷിക്കാനും അതേ മുജ്ജന്മത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രതിലോമ രാഷ്ടീയത്തിന്റെ ശാഖകളിലേക്കുള്ള
സ്ഥിര നിക്ഷേപമായ്
അവരെ വിട്ടു കൊടുക്കാനും
പുരോഗമന പക്ഷത്ത് നിൽക്കുന്ന ആർക്കെങ്കിലും കഴിയുമൊ
അതി വിപ്ലവകാരികൾക്കും വൈകാരിക ധാർമികവാദികൾക്ക് കഴിഞ്ഞാലും
ജനകീയ ജനാധിപത്യത്തിന്റെ വിപ്ലവ പാത
സ്വീകരിച്ചിട്ടുള്ള ഒരിടത് സർക്കാരിന്
ഒരിക്കലുമത് കഴിയില്ലെന്നുറപ്പാണ്

മുത്തപ്പനെ ദേശീയ ദൈവമാക്കാൻ
പാവങ്ങളോട് ഐക്യപ്പെടാൻ വരുന്ന ചിലർ
ഉപദേശീയതാ സംവരണ സ്വത്വത്തിന്റെ
ചാപ്പ മാത്രം കുത്തി നിൽക്കാൻ
സംവരണക്കാരോട് നിർണ്ഡം പറയുന്നത്
എന്തിനാണെന്ന് മാത്രം
എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നുമില്ല
എന്നാൽ
അത്തരക്കാരിൽ ചിലർ
വർഗ്ഗവും ജാതിയും പരസ്പര ശത്രുതയുടെ
വ്യത്യസ്ത അറകളാണെന്ന് കൗശലത്തോടെ
വാദിച്ചുറപ്പിക്കുന്നത് എന്തിനാണെന്ന് ഞങ്ങൾക്ക് വ്യക്തമായും മനസ്സിലാവുന്നുണ്ട്

പിണറായി സർക്കാർ
ഇപ്പോൾ നിർവ്വഹിച്ചിരിക്കുന്നത്
ജനകീയ ജനാധിപത്യ സമര സഖ്യത്തിലേക്ക്
യഥാർത്ഥ അവകാശമുള്ള പങ്കാളികളെ
രാഷ്ട്രീയമായ് കൂട്ടിച്ചേർക്കുന്ന ശരിയായതും
ചരിത്രപരമായതുമായ ഒരു കടമയാണ്

ജാതി സംവരണ നിയമത്തിന്റെ
അടിസ്ഥാന തത്വങ്ങൾ മാറ്റാതെ തന്നെ നാടിന്റെ പരസ്പര സഹകരണവും
സമര ഐക്യവും
ഭാവി സുരക്ഷയും ലക്ഷ്യം വെക്കുന്നതും
വർഗ്ഗ സമരം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രദ്ധേയമായ ഒരു ചുവട് വെയ്പ്പാണിത്

തീർച്ചയായും ചരിത്രപരമായ ഒന്ന്

അഭിനന്ദനീയമായ ഈ കാൽവെപ്പിന് അഭിവാദനങ്ങൾ നേരുന്നു ..................!!!



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top