26 April Friday

ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന അരാജകത്വം അവസാനിപ്പിക്കണം: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 23, 2018


അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കമുണ്ടാക്കുന്നതാണെന്നും അത്തരം അരാജകത്വങ്ങൾ അവസാനിപ്പിക്കണമെന്നും എം ബി രാജേഷ്‌ എം പി. മാപ്പർഹിക്കാത്ത ഈ കൊടുംപാതകത്തിനുത്തരവാദികളായ ഒരാളും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടരുത്. ഉത്തരേന്ത്യൻ അരാജകത്വം കേരളത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാമോരുരുത്തരും ഉറപ്പുവരുത്തണമെന്നും രാജേഷ്‌ പോസ്‌റ്റിൽ പറഞ്ഞു.

പോസ്‌റ്റ്‌ ചുവടെ

അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകം നടുക്കമുളവാക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. കൊലചെയ്യപ്പെട്ട മധു മനോനില തകരാറിലായ ഒരു ആദിവാസിയുവാവാണ് എന്നത് സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഒരിക്കലും വച്ചുപൊറുപ്പിക്കാനാവാത്തതും മുളയിലേ നുള്ളേണ്ടതുമാണ് ഈ നൃശംസത. കൊല്ലും മുമ്പ് ഈ നിസ്സഹായനായ മനുഷ്യനെ കൈകാലുകൾ ബന്ധിച്ച് സെൽഫിയെടുത്ത അക്രമികളുടെ ക്രൂരത ചോരമരവിപ്പിക്കുന്നതാണ്.

രാജസ്ഥാനിലെ അഫ്രാസുളിന്റെ കൊലയെയും പ്രതികളുടെ ക്രൂരതയെയും ഇത് അനുസ്മരിപ്പിക്കുന്നു. കേരളത്തെ ഉത്തരേന്ത്യയാക്കി മാറ്റിക്കൂടാ. നമ്മുടെ നാടിന്റെ ജനാധിപത്യബോധത്തിനും പ്രബുദ്ധതക്കും നീതിബോധത്തിനും നേരെയുള്ള ആക്രമണമാണിത്. ഹിംസയെ ജീവിതമൂല്യമാക്കി മാറ്റുന്ന സെൽഫി സംസ്‌കാരം ഭയം ജനിപ്പിക്കുന്നു. ഈ പ്രവണതകൾ എന്തുകൊണ്ട് വളർന്നുവരുന്നുവെന്നും കാരണങ്ങളെന്തൊക്കെയെന്നും വിശദമായി വേറെ ചർച്ചചെയ്യേണ്ടതുണ്ട്.

ആൾക്കൂട്ട മന:ശാസ്ത്രവും സമൂഹത്തിന്റെയാകെ മനോഭാവത്തിൽ ആദിവാസികൾ,ദളിതർ,സ്ത്രീകൾ,ലൈംഗികന്യൂനപക്ഷങ്ങൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ടവരോടും ദുർബ്ബലരോടുമെല്ലാമുള്ള അവജ്ഞയും വെറുപ്പും ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണതകളും ഗൗരവമായി വിശകലനം ചെയ്യേണ്ടതുണ്ടെങ്കിലും ഇപ്പോൾ അതിനുമുതിരുന്നില്ല. അടിയന്തിരമായി വേണ്ടത് കുറ്റവാളികളെ ഉടൻ പിടികൂടുക എന്നതാണ്. ചില പ്രതികളെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു. പട്ടികജാതിപട്ടികവർഗക്ഷേമ വകുപ്പ് മന്ത്രി ഏ.കെ.ബാലനും കർശനനടപടി ഉണ്ടാവുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

മുഖ്യമന്ത്രിയും ഏ.കെ.ബാലനുമായും ഇത് സംബന്ധിച്ച് ഞാൻ നേരിട്ട് സംസാരിക്കുകയുണ്ടായി. കേരള സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി ഇത്തരമൊരു ദാരുണാനുഭവം ആർക്കും ഉണ്ടാകാതിരിക്കാനുള്ള കടുത്ത നടപടി തന്നെ ഉണ്ടാവണം. പ്രതികൾക്ക് ശിക്ഷ ഉറപ്പിക്കാവുന്ന പഴുതടച്ച അന്വേഷണം പോലീസ് നടത്തണം.

മാപ്പർഹിക്കാത്ത ഈ കൊടുംപാതകത്തിനുത്തരവാദികളായ ഒരാളും നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടരുത്. ആൾക്കൂട്ടം നീതി നടപ്പാക്കുന്ന ഉത്തരേന്ത്യൻ അരാജകത്വം കേരളത്തിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാമോരുരുത്തരും ഉറപ്പുവരുത്തണം. ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരായ അവബോധം വളർത്തിയെടുക്കാൻ ജനാധിപത്യവാദികളാകെ മുന്നോട്ടു വരികയും വേണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top