27 April Saturday

"പറയാനുള്ളത് എന്റെ സ്വന്തം മാധ്യമ വർഗ്ഗത്തോടുതന്നെയാണ്'; രാജേഷ്‌ കൃഷ്‌ണ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019
കൊച്ചി > പെരിയയിൽ രണ്ടു യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനത്തെ വിമർശിച്ച്‌ മാധ്യമപ്രവർത്തകൻ രാജേഷ്‌ കൃഷ്‌ണ. മാധ്യമങ്ങളുടേത്‌ സമാധാനത്തിനായുള്ള ആത്മാർഥമായ നിലപാടല്ല, മറിച്ച്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഒരുകൂട്ടരെ സമാധാനത്തിന്റെ അപ്പോസ്‌തലരാക്കുകയും, മറുകൂട്ടരെ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തുകയുമാണ്‌ മാധ്യമങ്ങൾ ചെയ്യുന്നതെന്നും രാജേഷ്‌ കൃഷ്‌ണ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറയുന്നു

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ ചിലർക്കായി ഒഴുക്കപ്പെട്ട കണ്ണീർ ഒന്ന് കടലിൽ ചേരാൻ കാത്തുനിൽക്കുവാരുന്നു, രണ്ടു വാക്കു പറയാൻ. പറയാനുള്ളത് എന്റെ സ്വന്തം മാധ്യമ വർഗ്ഗത്തോടുതന്നെയാണ്.

അക്രമിക്കപ്പെട്ടവരുടെ കദനകഥ വിളമ്പുമ്പോൾ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുമ്പോൾ ടീപിയും അരിയിൽ ഷുക്കൂറും കൃപേഷും മാത്രം തെളിഞ്ഞു നിൽക്കുന്നത്
അവരെ മാത്രം തെളിച്ചു നിർത്തുന്നത് ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങളുടെ തന്ത്രം തന്നെയാണ്.
മഹാരാജാസിലെ അഭിമന്യുവിന്റെ കാര്യത്തിൽ ഈ മാധ്യമങ്ങൾ തന്നെയല്ലേ എന്ന ചോദ്യം ചോദിയ്ക്കാൻ വരട്ടെ അവിടെ പ്രതികൂട്ടിൽ പലവിധ കാരണങ്ങളാൽ നിങ്ങൾക്കത്ര പഥ്യമല്ലാത്ത SDPI എന്ന സംഘടനയായിരുന്നു.
ഇവിടെ കാസർഗോഡ് നിങ്ങൾ ഉന്നം വയ്ക്കുന്നത് രണ്ടു പേരെയാണ്, രണ്ടു ജനകീയനായ നേതാക്കളെ, ഒന്ന് KV കുഞ്ഞിരാമൻ MLA യെയും രണ്ട് ഇത്തവണ പാർലമെന്റ് സ്ഥാനാർഥിയായേക്കാവുന്ന VPP മുസ്തഫയെയും. ഈ രണ്ടു പേരുകളും ആ ജില്ലയിൽ ഓടില്ലെന്നും നിങ്ങൾക്ക് നന്നായറിയാം, എന്നാൽ കേരളത്തിലെ വരാൻപോകുന്ന തിരഞ്ഞെടുപ്പാണ് നിങ്ങളുടെ ലക്ഷ്യമെന്ന് സാമാന്യ യുക്തിയുള്ളവർക്കു മനസ്സിലാവും.

കെവി കുഞ്ഞിരാമൻ MLAയിലേക്ക് അനാവശ്യമായി രാഷ്ട്രീയ ലാക്കോടെ വിരൽചൂണ്ടുമ്പോൾ അതിനുമുന്നിൽ നെഞ്ചുവിരിച്ചു നിൽക്കും ഈ പാർട്ടി. കാരണം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ അതും MLA ആയിരുന്ന കാലഘട്ടത്തിൽ ലോക്കപ്പിലിട്ട് തലങ്ങും വിലങ്ങും കൊതിതീരുവോളം തല്ലിയ പോലീസിന്റെ അമരത്തേക്ക്‌ അദ്ദേഹത്തെ കൈപിടിച്ചുയർത്തിയ ഈ പാർട്ടിയിലുള്ള വിശ്വാസമുണ്ടല്ലോ, ആ വിശ്വാസമാണ് സത്യസന്ധമായി പാർട്ടി പ്രവർത്തനം നടത്തുന്ന ഓരോ സഖാവിനും ഈ പാർട്ടിയിലുള്ളത്. എവിടെയോ വായിച്ച ഓർമ്മ ശരിയാണെങ്കിൽ പിണറായി വിജയൻ ലോക്കപ്പിൽ ഇരിക്കാൻ കൂട്ടാക്കാത്തതിനാൽ മാറി മാറി മർദ്ദിച്ചുവീഴ്ത്തി എന്നാണ്. ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ഇതര MLA ക്ക് എന്നെങ്കിലും ഈ ഗതി വന്നതായി ചൂണ്ടിക്കാണിക്കാമോ. എങ്കിൽ ഇവിടുത്തെ മാധ്യമങ്ങൾ എന്താവും അച്ചു നിരത്തുക.

VPP മുസ്തഫയുടെ പ്രസംഗം പൊക്കിപ്പിടിച്ചുചിലർ നടക്കുന്നത് കണ്ടു "കഴിഞ്ഞ കുറച്ച് കാലമായി സി.പി.ഐ.എം മാറാനായുള്ള ശ്രമത്തിലാണ്. പദ്ധതികളും പരിപാടികളും മാറി. ആ ഞങ്ങളുടെ ക്ഷമ പരിശോധിക്കരുത്. ക്ഷമയുടെ നെല്ലിപ്പടിയും കഴിഞ്ഞ് പാതാളത്തിലെത്തിയാല്‍ ഞങ്ങള്‍ റോക്കറ്റ് പോലെ കുതിച്ചുയരും. ആ റോക്കറ്റില്‍ പെട്ടുപോയാല്‍ ആരും ബാക്കിയുണ്ടാകില്ല. ചിതറിച്ച് കളയും" ഇതാണ് ആ വാക്കുകൾ. ഒരു പ്രാദേശിക വിഷയത്തിൽ തല്ലുവാങ്ങികൂട്ടുമ്പോൾ പ്രതിരോധിക്കുന്ന ശബ്ദത്തെ വികാരത്തെ ചിലപ്പോൾ ചങ്ങലക്കിടാൻ കഴിഞ്ഞെന്നുവരില്ല.അന്വേഷണം MLA യിലേക്ക് എത്തണമെന്ന് VT ബൽറാം പറഞ്ഞതുകണ്ടു അത് ഏറ്റുപിടിക്കുന്ന ആരാധകരെയും കണ്ടു. ഇന്ന് യുഡിഫ് ഭരണമാണെങ്കിൽ അതുനിങ്ങൾ എവിടെയോ അതിനപ്പുറമോ എത്തിക്കുമെന്നും ഉറപ്പ്. കുഞ്ഞനന്തന്റെ കാര്യത്തിലും ഇതല്ലേ സംഭവിച്ചത്. തിരുവഞ്ചൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ തിരക്കഥ നടപ്പിലാക്കാൻ ചില പൊലീസുകാരെ ഉപയോഗിച്ചു. അതിലേക്കെത്താൻ വേണ്ട സൂചനകൾ എന്നും വലതുപക്ഷ മാധ്യമങ്ങളിൽ പ്ലാന്റ് ചെയ്തുകൊണ്ടേയിരുന്നു. ആവലയിൽ വീണുപോയ കുഞ്ഞനന്തനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്. വീണ്ടും പറയുന്നു സംരക്ഷിക്കേണ്ട ബാധ്യതയല്ല പിന്തുണയ്‌ക്കേണ്ട ബാധ്യത.

ഒന്ന് ചിന്തിച്ചു നോക്കിയേ, നിങ്ങൾ ബിംബവൽക്കരിച്ച രമയ്ക്കപ്പുറം ഒരു വിധവയെയും ഈ നാടിനറിയില്ല. ഷുക്കൂറിനപ്പുറം സൽസ്വഭാവിയായ ഒരു ചെറുപ്പക്കാരനെയും നിങ്ങൾക്കറിയില്ല. കൃപേഷിന്റെ അച്ഛൻ ബിംബവൽക്കരിക്കപ്പെടുമ്പോഴും കെവി സുധീഷിനെയോ കണ്മുന്നിൽ മകനെ കണ്ടം തുണ്ടം വെട്ടുന്നത് കണ്ടു നിൽക്കേണ്ടി വന്ന അയാളുടെ മാതാപിതാക്കളെയോ നിങ്ങൾ ഈ നാടിന് പരിചയപ്പെടുത്തിയിട്ടില്ല.

ഞാൻ പഠിച്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ കാര്യം പറഞ്ഞാൽ സിവി ജോസ്, എം എസ് പ്രസാദ് എന്നീ രണ്ട് വിദ്യാർത്ഥിനേതാക്കളെ കൊന്നു എന്ന് മാത്രമല്ല ഭരണ സ്വാധീനം ഉപയോഗിച്ച് അവരെ നിയമത്തിന്റെ മുന്നിൽ നിന്നും തന്ത്രപൂർവം മോചിപ്പിച്ചവരുമാണ് കോൺഗ്രസ്സേ നിങ്ങൾ. ആകലാലയത്തിൽ തന്നെയല്ലേ ഞാനും സുരക്ഷിതമായി പഠിച്ചിറങ്ങിയത് എന്നാണ് നിങ്ങളുടെ ന്യായവാദമെങ്കിൽ അന്ന് മുതൽ ഇന്നോളം നിങ്ങൾക്കതിന് ശേഷി ഇല്ലാഞ്ഞിട്ടും അവസരം കിട്ടുമ്പോഴെല്ലാം RSS ന്റെ കയ്യിൽ ആയുധം തിരുകി കുറുക്കന്റെ പണിയിലായിരുന്നു നിങ്ങൾ എന്നും കൃത്യമായി പറയേണ്ടി വരും. ആക്രമിക്കപെട്ടപ്പോൾ ക്ഷിപ്രകോപത്തിൽ തിരിച്ചടിക്ക് മുതിരുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ചവർക്ക് നന്ദി. എന്തെങ്കിലും അരുതാത്തതു സംഭവിച്ചിരുന്നെങ്കിൽ നിങ്ങൾ ആരിലേക്കൊക്കെ ഗൂഢാലോചന കുറ്റം ചാർത്തിയേനേ എന്ന് ഊഹിക്കാൻ കഴിയും.രണ്ടുപേർ തമ്മിലുള്ള നിസ്സാര തർക്കം മുതൽ വ്യക്തിവൈരാഗ്യം മൂലമുള്ള കൊലവരെ നിങ്ങൾക്ക് പിണറായിയിലോ കൊടിയേരിയിലോ വരെ എത്തിക്കണം. മറ്റുകൊലകളെ വെറും മുൻവൈരാഗ്യമായി കുളിപ്പിച്ചെടുക്കണം. കലാകാലങ്ങളായി ഇതല്ലേ ഇതുമാത്രമല്ല നിങ്ങളുടെ ഉദാത്തമായ മാധ്യപ്രവർത്തനം.

തന്റെ മകന്റെ പ്രായമുള്ള യുവാക്കളുടെ മർദ്ദനമേറ്റ്‌ നാട്ടിൽ അപമാനിതനായി ജീവിക്കേണ്ടി വരുന്ന, രണ്ടു കയ്യും ഒടിഞ്ഞ ആളെ നിങ്ങൾ കണ്ടതേയില്ല. മറിച്ച് 1000 ദിവസങ്ങളിൽ 20 പേര് രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു എന്ന് അച്ചുനിരത്തിയത് കണ്ടു. അവിടെ നിങ്ങൾ സൗകര്യപൂർവം കാണാതെ പോയ ചിലരുണ്ട്. കയ്യും കാലും വെട്ടി മൃതപ്രായരാക്കി അക്രമികൾ ഉപേക്ഷിച്ചവർ. അവരെ മറ്റുചിലരെപ്പോലെ രക്തസാക്ഷികളാകാൻ വിടാതെ ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽനിന്നും കൈപിടിച്ചു കയറ്റിയത് ഈ പാർട്ടിയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ പാനൂർ മേഖലയിൽ മാത്രം അങ്ങനെ രക്ഷപ്പെട്ടവർ മൂന്നുപേരാണ്. തലശ്ശേരിയിലും മട്ടന്നൂരും പാലക്കാടും രണ്ടുവീതം സഖാക്കൾ. ഇവിടെ ഞങ്ങൾ കൊല്ലപ്പെടാത്തത് ഒരു കുറ്റമായി മാറുന്നു.

ഓരോ കൊലയും ഓരോ അക്രമവും അപലപിക്കപ്പെടേണ്ടതാണ്.
അഭിമന്യു കൊല്ലപ്പെട്ട അതെ നഷ്ടം തന്നെയാണ് കൃപേഷിന്റേയും ശരത്‌ലാലില്ന്റെയും മരണം കൊണ്ടുണ്ടായിട്ടുള്ളത്. അതേപോലെ ജീവച്ഛവമായി കഴിയേണ്ടി വരുന്നവർ രക്ഷപ്പെട്ടു എന്നകാരണത്താൽ മാത്രം വെറും ജീവൻ മാത്രം കയ്യിൽപിടിച്ചു ദിനങ്ങൾ തള്ളിനീക്കുന്നു. ഒരുകൂട്ടർ മാത്രം സമാധാനത്തിന്റെ അപ്പോസ്തലരാകുമ്പോൾ, മറുകൂട്ടരെ എന്നും നിങ്ങൾ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു.

നിങ്ങൾക്ക് ശവങ്ങളാണ് വേണ്ടത്. ആഘോഷമായി കൊണ്ടാടാൻ, നിങ്ങളുടെ താല്പര്യക്കാരെ ഏതുവിധേനയും ഭരണത്തിൽ പ്രതിഷ്ഠിക്കാൻ മൂല്യമുള്ള ശവങ്ങൾ. നിങ്ങളുടെ മുറവിളി സമാധാനത്തിനായുള്ള ആത്മാർഥമായ കരച്ചിലല്ല. സെലക്ടിവ് ബ്ലൈൻഡ്‌നെസ്സ് ഉള്ള വൃത്തികെട്ട വലതുപക്ഷ മാധ്യമപ്രവർത്തനമേ നിങ്ങളാണ് നിങ്ങൾ മാത്രമാണ് ഈ ആരും കൊലയ്ക്കു പിന്നിലെ പ്രധാനപ്രതി...!!!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top