20 April Saturday

മോഹന്‍ലാല്‍ നിങ്ങള്‍ കനയ്യയുടെ പ്രസംഗം കേള്‍ക്കണം: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2016

ജാതിവാദത്തെയും സംഘപരിവാറിന്റെ മതാധിഷ്ടിത രാഷ്ട്രവീക്ഷണത്തെയും ചോദ്യം ചെയ്തതിന് രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട കനയ്യ കുമാറിന്റെ പ്രസംഗം കേള്‍ക്കാന്‍ മോഹന്‍ലാല്‍ തയാറാകണമെന്ന് എം ബി രാജേഷ് എംപി. മോഹന്‍ലാല്‍ തന്നെ ചൂണ്ടിക്കാണിച്ച അസമത്വത്തിന് (ഫയര്‍ സൈഡും വിസ്കിയുമെല്ലാമായി ആര്‍ഭാടജീവിതം നയിക്കുന്നവരും ദരിദ്രഭൂരിപക്ഷവും തമ്മിലുള്ള അന്തരം) എതിരെ തീക്ഷണമായി പ്രസംഗിച്ചതാണ് കനയ്യ രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെടാന്‍ കാരണം.

ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെപോലെ തന്നെ ജീവനും ജീവിതവും തോക്കിനുമുന്നിലും തടവറയിലും കഴുമരത്തിലും ബലി നല്‍കിയ പതിനായിരങ്ങളുടെ ചോരയിലാണ് രാജ്യവും സ്വാതന്ത്യ്രവും നിലനില്‍ക്കുന്നതെന്നും എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു.

ഗോഡ്സേയ്ക്കുവേണ്ടി ചിലര്‍ മുറവിളികൂട്ടുമ്പോള്‍ അത് കേട്ടിട്ടും രോഷം തോന്നുന്നില്ലെങ്കില്‍ ഒന്നുറക്കെ പ്രതിഷേധിക്കണമെന്ന് തോന്നുന്നില്ലെങ്കില്‍ ആ നിസ്സംഗതയും മൌനവും അദ്ഭുതപ്പെടുത്തുന്നതാണ്.

നമ്മുടെരാജ്യത്തെ 121 കോടി മനുഷ്യരില്‍ വിരലിലെണ്ണാവുന്ന ധനാഢ്യര്‍ തണുപ്പിനെ മറികടക്കാന്‍ ഫയര്‍സൈഡും വിസ്കിയുമായൊക്കെയായി ആര്‍ഭാടജീവിതത്തില്‍ അഭിരമിക്കുന്നവരാണ്. ഫയര്‍സൈഡും വിസ്കിയുമായി ആര്‍ഭാടത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് ജീവിതം നയിക്കുന്നവര്‍ക്ക് മനസാക്ഷിക്കുത്ത് തോന്നുമ്പോള്‍ പട്ടാളക്കാരുടെ ജീവത്യാഗത്തെക്കുറിച്ച് ചിലവില്ലാതെ വാഴ്ത്തുകയും ഇതുപോലുള്ള വാഴ്ത്തുകളില്‍ ദേശസ്നേഹം പ്രകടിപ്പിക്കുകയും ചെയ്യാം. അത്തരക്കാര്‍ക്ക് ദേശസ്നേഹം പ്രകടനപരത മാത്രമാണ്. എന്നാല്‍ ഈ ശബളിമയാര്‍ന്ന ആഡംബര ജീവിതം വെള്ളിത്തിരയില്‍ മാത്രം കണ്ടു ശീലമുള്ള ഞങ്ങളെപ്പോലുള്ള മഹാഭൂരിപക്ഷത്തിന് ദേശസ്നേഹമെന്നു പറഞ്ഞാല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ പറഞ്ഞത്പോലെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടുള്ള പ്രതിബന്ധതയും കൂറുമാണ്. ഭരണഘടനയോടും ഇന്ത്യയെന്ന ആശയത്തോടുമുള്ള ഉത്തരവാദിത്തമാണെന്നും എം ബി രാജേഷ് വ്യക്തമാക്കുന്നു.

' ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെയും മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിന് ഇത് രണ്ടും തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചില കാര്യങ്ങള്‍ കുറിക്കട്ടെ.

Who dies if India lives and who lives if India dies എന്ന് ഇപ്പോള്‍ മോഹന്‍ലാല്‍ ഉദ്ധരിക്കുന്ന ഈ ചോദ്യം യഥാര്‍ത്ഥത്തില്‍ ചോദിച്ചത് നെഹ്രുവായിരുന്നു. ഇന്ത്യ ജീവിക്കുക എന്ന്‍ പറഞ്ഞാല്‍ ഇന്ത്യ എന്ന ആശയം ജീവിക്കുക എന്നാണര്‍ത്ഥം. ഇന്ത്യ മരിക്കുകയെന്നാലും അതു തന്നെ.

" ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ല. ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ...." എന്ന ദേശഭക്തി ഗാനത്തിന്റെ വരികള്‍ അര്‍ത്ഥമാക്കുന്നത് പോലെ ഒരു ഭൂപ്രദേശം മാത്രമല്ല ഇന്ത്യ. ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയം വൈവിധ്യവും ബഹുസ്വരതയുമാണ്. ജാതി, മതം, ഭാഷ, ഭക്ഷണം, വേഷം, ആചാരങ്ങള്‍, ആഘോഷങ്ങള്‍, സംഗീതം, സാഹിത്യം, കല, രാഷ്ട്രീയം എന്നിവയിലെല്ലാമുള്ള വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാനാവുന്നതാണ് ഇന്ത്യ എന്ന ആശയം. സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന ജനകീയ ഐക്യമാണ് വൈവിധ്യങ്ങളുടെ ഒരു സമന്വയമായി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത്. ആ വൈവിധ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിലൂടെ മതനിരപേക്ഷജനാധിപത്യഇന്ത്യ എന്ന ആശയം ഉയര്‍ന്നു വന്നത്. ആ ആശയത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. വൈവിധ്യങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഒന്നിപ്പിക്കുന്നത് മതനിരപേക്ഷതയും ജനാധിപത്യവുമാണ്. സഹിഷ്ണുത, പരസ്പരവിശ്വാസം, വിയോജിക്കാനുള്ള അവകാശം എന്നിവയാണ് രാജ്യത്തെ നിലനിര്‍ത്തുന്ന മൂല്യങ്ങള്‍. ആ മൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടുമ്പോള്‍ ചോദ്യം ചെയ്യുക എന്നതാണ് യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ കടമ. അങ്ങനെ ചോദ്യം ചെയ്തവരാണ് ഷാരൂഖ്‌ ഖാന്‍, അമീര്‍ഖാന്‍, എ.ആര്‍. റഹ്മാന്‍, ആനന്ദ് പട്വര്‍ദ്ധന്‍, തുടങ്ങിയ അനേകം കലാകാരന്മാരും നയന്‍താര സൈഗാള്‍ മുതല്‍ അശോക്‌ വാജ്പേയ് വരെയുള്ള എഴുത്തുകാരും ജെ.എന്‍.യു. വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും. ഈ മൂല്യങ്ങള്‍ ചവിട്ടിമെതിക്കുന്നത് ചോദ്യംചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ആ സംഘപരിവാര്‍ വാദം പൊതുവില്‍ ലിബറല്‍ ചിന്താഗതിക്കാരനായ മോഹന്‍ലാലിന് അംഗീകരിക്കാനാവുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഷാരൂഖ്ഖാനും അമീര്‍ഖാനുമുള്‍പ്പെടെയുള്ള ചലച്ചിത്ര ലോകത്തെ മഹാപ്രതിഭകളെ സംഘപരിവാര്‍ വേട്ടയാടിയപ്പോള്‍ മൌനം പാലിക്കേണ്ടി വന്നെങ്കിലും രാജ്യസ്നേഹിയും സുമനസ്സുമായ മോഹന്‍ലാല്‍ അതിനോട് മനസ്സുകൊണ്ടെങ്കിലും വിയോജിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇവരെയെല്ലാം രാജ്യദ്രോഹികളായി മോഹന്‍ലാലിനെപ്പോലൊരാള്‍ അധിക്ഷേപിക്കുകയില്ലെന്നും എനിക്കുറപ്പുണ്ട്. ഗുലാം അലിയെപ്പോലെ വിശ്രുതനായ പ്രണയത്തിന്റെയും സംഗീതത്തിന്റെയും മധുരസംഗീതം പൊഴിക്കുന്ന ഗസല്‍ ഗായകന്‍ ഗുലാം അലിയെ സഹൃദയനായ മോഹന്‍ലാല്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടാവും എന്നെനിക്കുറപ്പാണ്. ഗുലാംഅലിക്കെതിരായി വിലക്കും ഭീഷണിയും ഉയര്‍ന്നപ്പോള്‍ വിവാദങ്ങളില്‍ തലയിടാന്‍ ആഗ്രഹിക്കാതിരുന്നത്കൊണ്ട് മാത്രമായിരിക്കണം ശ്രീ. മോഹന്‍ലാല്‍ പരസ്യമായൊന്നും പറയാതിരുന്നത്. ഒടുവില്‍ ആ ഗുലാംഅലിക്ക് കേരളത്തില്‍ വന്ന്‍ പാടാന്‍ കഴിഞ്ഞപ്പോള്‍ ആഹ്ലാദി്ചവരുടെ കൂട്ടത്തില്‍ മോഹന്‍ലാലും ഉണ്ടായിരിക്കുമെന്നതില്‍ എനിക്ക് സംശയമില്ല.

സൈനികരുടെ ത്യാഗത്തെക്കുറിച്ചും ജീവാര്‍പ്പണത്തെക്കുറിച്ചും സിനിമയില്‍ സൈനിക വേഷമണിയുകയും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഹോണററി ലെഫ്.കേണല്‍ പദവിയിലിരിക്കുകയും ചെയ്യുന്ന ശ്രീ. മോഹന്‍ലാല്‍ പറയുന്നതിനെ ഞാനും പിന്തുണക്കുന്നു. 71 ല്‍ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത, അതിര്‍ത്തിയിലെ മഞ്ഞിലും കൊടുംതണുപ്പിലുമെല്ലാം ത്യാഗപൂര്‍ണ്ണമായ സേവനം നടത്തിയ ഒരു മുന്‍ സൈനികന്റെ മകനായ എനിക്ക് ആ വികാരം ശരിക്കും മനസ്സിലാവും. ജലന്ധറിലെ ആര്‍മി ഹോസ്പിറ്റലില്‍ ജനിച്ച് ജലന്ധറിലെയും സെക്കന്തരാബാദിലേയും ആര്‍മി ക്വാര്‍ട്ടേഴ്സുകളില്‍ വളര്‍ന്ന് സൈനികജീവിതത്തെ അടുത്ത്നിന്ന് നേരിട്ടറിഞ്ഞ ഒരാളെന്ന നിലയിലും എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐ.യിലും ഒരേ കൊടിയുടെ തണലില്‍ മുദ്രാവാക്യം മുഴക്കിയ ഒട്ടേറെപ്പേര്‍ ഇപ്പോഴും സൈനികയൂണിഫോമില്‍ സുഹൃത്തുക്കളായി ഉള്ളത്കൊണ്ടും സൈനികരുടെ ജീവിതം എനിക്കൊരു ചലച്ചിത്രാനുഭവമല്ല, അടുത്തറിഞ്ഞ യാഥാര്‍ത്ഥ്യമാണ്.

ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെപോലെ തന്നെ ജീവനും ജീവിതവും തോക്കിനുമുന്നിലും തടവറയിലും കഴുമരത്തിലും ബലി നല്‍കിയ പതിനായിരങ്ങളുടെ ചോരയിലാണ് രാജ്യവും സ്വാതന്ത്ര്യവും നിലനില്‍ക്കുന്നത്. അങ്ങനെയുള്ള ഒരാളാണ് മഹാത്മാഗാന്ധി. നമ്മുടെ രാഷ്ട്രപിതാവ്‌. ഗാന്ധിജിയല്ല അദ്ദേഹത്തിന്റെ കൊലയാളി ഗോട്സെയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ നായകനെന്ന് നിരന്തരമായി ചിലര്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് മുറിവേല്‍ക്കുകയും വേദനിക്കുകയും ചെയ്യും. അത് കേട്ടിട്ടും രോഷം തോന്നുന്നില്ലെങ്കില്‍ ഒന്നുറക്കെ പ്രതിഷേധിക്കണമെന്ന് തോന്നുന്നില്ലെങ്കില്‍ ആ നിസ്സംഗതയും മൌനവും അദ്ഭുതപ്പെടുത്തുന്നതാണ്.

ശരിയാണ്, നമ്മുടെരാജ്യത്തെ 121 കോടി മനുഷ്യരില്‍ വിരലിലെണ്ണാവുന്ന ധനാഢ്യര്‍ തണുപ്പിനെ മറികടക്കാന്‍ ഫയര്‍സൈഡും വിസ്കിയുമായൊക്കെ ആര്‍ഭാടജീവിതത്തില്അഭിരമിക്കുന്നവരാണ്‌.ഫയര്സൈടും വിസ്കിയുമായി ആര്‍ഭാടത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന്‍ ജീവിതം നയിക്കുന്നവര്‍ക്ക് മനസാക്ഷിക്കുത്ത് തോന്നുമ്പോള്‍ പട്ടാളക്കാരുടെ ജീവത്യാഗത്തെക്കുറിച്ച് ചിലവില്ലാതെ വാഴ്ത്തുകയും ഇതുപോലുള്ള വാഴ്ത്തുകളില്‍ ദേശസ്നേഹം പ്രകടിപ്പിക്കുകയും ചെയ്യാം. അത്തരക്കാര്‍ക്ക് ദേശസ്നേഹം പ്രകടനപരത മാത്രമാണ്. എന്നാല്‍ ഈ ശബളിമയാര്‍ന്ന ആഡംബര ജീവിതം വെള്ളിത്തിരയില്‍ മാത്രം കണ്ടു ശീലമുള്ള ഞങ്ങളെപ്പോലുള്ള മഹാഭൂരിപക്ഷത്തിന് ദേശസ്നേഹമെന്നു പറഞ്ഞാല്‍ ജെ.എന്‍.യു. വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ്‌ കന്ഹയ്യകുമാര്‍ പറഞ്ഞത്പോലെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രരും ചൂഷിതരുമായ മനുഷ്യരോടുള്ള പ്രതിബന്ധതയും കൂറുമാണ്. ഭരണഘടനയോടും ഇന്ത്യയെന്ന ആശയത്തോടുമുള്ള ഉത്തരവാദിത്തമാണ്.

അംഗന്‍വാടി ജീവനക്കാരിയായ അമ്മയുടെ 3500 രൂപ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്ന പഠിക്കാന്‍ മിടുക്കനായ കനയ്യയെപ്പോലുള്ള കുട്ടികളെ ഒന്നടങ്കം രാജ്യദ്രോഹികളായി ചിത്രീകരിച്ച് കല്ലെറിഞ്ഞ് രസിക്കാം. ശ്രീ. മോഹന്‍ലാല്‍ തന്നെ ചൂണ്ടിക്കാണിച്ച അസമത്വത്തിന്‌ (ഫയര്‍ സൈഡും വിസ്കിയുമെല്ലാമായി ആര്‍ഭാടജീവിതം നയിക്കുന്നവരും ദരിദ്രഭൂരിപക്ഷവും തമ്മിലുള്ള അന്തരം) എതിരെ തീക്ഷണമായി പ്രസംഗിച്ചതാണ് കന്ഹയ്യ രാജ്യദ്രോഹി എന്ന് മുദ്രകുത്തപ്പെടാന്‍ കാരണം. ജാതിവാദത്തെയും സംഘപരിവാറിന്റെ മതാധിഷ്ടിത രാഷ്ട്രവീക്ഷണത്തെയും ചോദ്യം ചെയ്തതാണ് കന്ഹയ്യ രാജ്യദ്രോഹിയാകാനും തുറുന്കിലടപ്പെടാനും കാരണം. രോഹിത് വെമുല എന്ന ദളിത്‌ വിദ്യാര്‍ഥി മരണാനന്തരം രാജ്യദ്രോഹിയായി തീരാനുള്ള കാരണവും ഇത് തന്നെ. തിരക്കേറിയ ജീവിതത്തിനിടയില്‍ ശ്രീ. മോഹന്‍ലാലിന് കനയ്യ കുമാറിന്റെ പ്രസംഗം കേള്‍ക്കാനോ വായിക്കാനോ സമയം കിട്ടിയിട്ടുണ്ടാവില്ല. തിരക്കൊഴിഞ്ഞ് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ കനയ്യകുമാറിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം വായിക്കണമെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ബ്ലോഗിലൂടെ പങ്ക് വയ്ക്കണമെന്നും സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

വാല്‍ക്കഷണം: രാജ്യദ്രോഹികളായ വിദ്യാര്‍ഥികളെ കൊല്ലുമെന്ന ഭീഷണിയുമായി അധോലോക നായകന്‍ രവിപൂജാര രംഗത്തിറങ്ങിയതായി വാര്‍ത്ത. രാജ്യസ്നേഹികളുടെ എണ്ണം കൂടി വരുന്നു. ജാഗ്രതൈ! '

 

ശ്രീ.മോഹന്‍ലാലിന്റെ ബ്ലോഗ്പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അനേകം പേരെ പോലെ എനിക്കും നടനെന്ന നിലയില്‍ അദ്ദേ...

Posted by M.B. Rajesh on Monday, February 22, 2016

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top