25 April Thursday

ഇങ്ങനെപോയാല്‍ പൊട്ടന്‍തെയ്യത്തിന്റെ പേര് മാറ്റാനും പറയും ഇവര്‍; ബിജു മുത്തത്തിക്കെതിരായ സംഘപരിവാര്‍ വേട്ടയാടലിനെതിരെ ടി വി രാജേഷ് എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2017

കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ബിജു മുത്തത്തിക്കെതിരായ സംഘപരിവാര്‍ വേട്ടയാടലിനെതിരെ ടി വി രാജേഷ് എംഎല്‍എ. കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരള എക്സ്പ്രസ് പരിപാടിയില്‍ ഓച്ചിറയിലെ ആല്‍ത്തറയെ  തെണ്ടികളുടെ ദൈവം എന്ന വിശേഷിപ്പിച്ചതിനെതിരെ ആയിരുന്നു സംഘപരിവാര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും നേരിട്ടും ബിജു മുത്തത്തിയെ ഭീഷണിപെടുത്തിയത്.

ഫോണിലും മറ്റും ഭീഷണിസന്ദേശങ്ങളും ലഭിച്ചിരുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട് ബിജു മുത്തത്തി. ഗൌരി ലങ്കേഷിന് ശേഷം ശേഷം മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ ചരിത്രവും സംസ്കാരവും വിളിച്ച് പറയുന്നു എന്നതാണ് ബിജു മുത്തത്തിയെ വേട്ടയാടാന്‍ അവര്‍ കണ്ടെത്തിയ കാരണം ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.

തെണ്ടികളുടെ ദൈവം എന്ന് പറഞ്ഞാല്‍ അത് ദൈവത്തെ അപമാനിക്കലാകുമെങ്കില്‍ മലബാറിലെ സജീവ സാന്നിധ്യമായ പൊട്ടന്‍ തെയ്യത്തിന്‍െര്‍ പേര് മാറ്റാനായിരിക്കും അടുത്തതായി ഇവര്‍ പറയുക. നമ്മുടെ സംസ്കാരത്തിന് മേലുള്ള ഈ കടന്നുകയറ്റം ഇനിയും അനുവദിച്ചുകൂടെന്നും ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി വി രാജേഷിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

ഇങ്ങനെപോയാല്‍ പൊട്ടന്‍തെയ്യത്തിന്‍റെ പേര് മാറ്റാനും പറയും ഇവര്‍..

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രാജ്യം ഗൗരി ലങ്കേഷിനെ ചര്‍ച്ച ചെയ്തെങ്കില്‍ ഇപ്പോള്‍ കേരളം ബിജു മുത്തത്തി എന്ന പേരാണ് ചര്‍ച്ച ചെയ്യുന്നത്. ഗൗരി ലങ്കേഷിന് ശേഷം മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ ചരിത്രവും സംസ്കാരവും വിളിച്ച് പറയുന്നു എന്നതാണ് ബിജു മുത്തത്തിയെ വേട്ടയാടാന്‍ അവര്‍ കണ്ടെത്തിയ കാരണം.

വ്യത്യസ്തവും ശ്രദ്ധേയവുമായ ഒന്നാണ് കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിക്കുന്ന കേരള എക്സ്പ്രസ് പരിപാടി. അറിയാതെപോകുന്ന നമ്മുടെ ചുറ്റുവട്ടത്തെയാണ് കേരള എക്സ്പ്രസ് പരിചയപ്പെടുത്തുന്നത്. അറിഞ്ഞിരിക്കേണ്ട നമ്മുടെ സംസ്കാരവും പൈതൃകവും വരച്ചുകാട്ടുന്ന വേറിട്ടൊരു പരിപാടിയാണത്. ഇപ്പോള്‍ മുന്നൂറോളം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയായി.

കേരളത്തില്‍ നിരവധി കാവുകളും, ക്ഷേത്രങ്ങളും, ആരാധനാ കേന്ദ്രങ്ങളും ഉണ്ട്. ഓരോന്നിന്‍റെ പിറകിലും വിചിത്രകരമായ മിത്തുകളും ഐതിഹ്യങ്ങളുമാണുള്ളത്. തെണ്ടികളുടെ ദൈവം എന്ന പരിപാടിയില്‍ പറഞ്ഞ ഓച്ചിറയിലെ ആല്‍ത്തറ തന്നെ കേരള സംസ്കാരത്തിന്‍റെ മഹത്തായ മാതൃകയായി മാത്രമെ കാണാന്‍ സാധിക്കു. ജാതിയും മതവും നോക്കി മനുഷ്യരെ വേര്‍തിരിച്ച് വിശ്വസികളാക്കുന്ന രാജ്യത്താണ് നിരാലംബര്‍ക്ക് വിശ്രമിക്കാന്‍ വിശ്വാസമപരമായി തന്നെ ഒരു സ്ഥലം. ഇങ്ങനെ ഒട്ടേറെ വിചിത്ര സ്വഭാവവുമുള്ള മഹത്തായ മാതൃകകള്‍ നമ്മുടെ നാട്ടിലെമ്പാടും ഉണ്ട്. ഇത്തരം മാതൃകകളാണ് കേരളത്തെ ലോകത്തിന് മാതൃകയാകുന്ന നിലയിലുള്ള സംസ്കാരസമ്പന്നരാക്കിയത്.

നമ്മുടെ വ്യത്യസ്തതകളെ അതിന്‍റെ തനിമ ചോരാതെ നമുക്ക് മുന്നില്‍ എത്തിക്കുന്ന കേരള എക്സ്പ്രസ് പരിപാടിക്കെതിരെ ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ അപലപനീയം തന്നെയാണ്. അതിന്‍റെ അവതാരകന്‍ ബിജു മുത്തത്തിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് കുറച്ച് ദിവസങ്ങളായി കണ്ടുവരുന്നത്. ഏകരൂപ സംസ്കാരം എന്ന തലത്തിലേക്ക് നമ്മെ കൊണ്ടുപോകാനുള്ള ചിലരുടെ വ്യഗ്രതയാണ് ഈ വിവാദങ്ങളില്‍ നിഴലിച്ചുനില്‍ക്കുന്നത്. അത് കേരളത്തില്‍ വിലപ്പോവില്ല.

തെണ്ടികളുടെ ദൈവം എന്ന് പറഞ്ഞാല്‍ അത് ദൈവത്തെ അപമാനിക്കലാകുമെങ്കില്‍ മലബാറിലെ സജീവ സാന്നിധ്യമായ പൊട്ടന്‍ തെയ്യത്തിന്‍റെ പേര് മാറ്റാനായിരിക്കും അടുത്തതായി ഇവര്‍ പറയുക. നമ്മുടെ സംസ്കാരത്തിന് മേലുള്ള ഈ കടന്നുകയറ്റം ഇനിയും അനുവദിച്ചുകൂട.

'...ഋതുവായപെണ്ണിനുമിരപ്പനും
ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീര്‍ത്തനമിതൊരു നാളുമാര്‍ക്കുമുട
നരുതാത്തതല്ല, ഹരിനാരായണായനമ:..'

എഴുത്തച്ഛന്‍റെ ഈ വരികളില്‍ ഇരപ്പന്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഇരപ്പന്‍ എന്നാല്‍ തെണ്ടി എന്നാണ് അര്‍ത്ഥം.

പരമശിവനോട് 'നീയോ എരപ്പാളി, ഞാനോ പിച്ചക്കാരൻ'‍ എന്ന് ചോദിച്ച വാക്കുകള്‍ നാം ഇവിടെ ഓര്‍ക്കണം..

'രണ്ട് തുട്ടേകിയാല്‍ ചുണ്ടില്‍ ചിരി വരും തെണ്ടിയല്ലോ മതം തീര്‍ത്ത ദൈവം' എന്ന ചങ്ങമ്പുഴയുടെ വരികള്‍ ഇവിടെ ഓര്‍ക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top