20 April Saturday

"ആ തീരുമാനം ശരിയാണെന്ന് ഇന്ന് വീണ്ടും തെളിഞ്ഞു'; ബ്രിട്ടീഷ് സംഘത്തിനൊപ്പം വിമാനത്തിലുണ്ടായിരുന്ന യാത്രികന്‍ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കൊച്ചി > രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും താന്‍ കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് വിമാനത്തില്‍നിന്ന് ഇറങ്ങിയതെന്ന് കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് സംഘത്തിനൊപ്പമുണ്ടായിരുന്ന യാത്രികന്‍. അന്നത്തെ ആ തീരുമാനം ശരിയാണെന്ന് ഇന്ന് വീണ്ടും തെളിഞ്ഞുവെന്നും, യാത്രികനായിരുന്ന ലോകകേരളസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് കൃഷ്‌ണ പറഞ്ഞു.

17 അംഗ ബ്രിട്ടീഷ് സംഘത്തിലുണ്ടായിരുന്നവരില്‍ അഞ്ചുപേര്‍ക്ക് കൊറോണ സ്ഥിരീകരിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ഇന്നാണ് വന്നത്. സംഘത്തിലെ ചിലര്‍ രാജേഷിന്റെ അടുത്താണ് വിമാനത്തിലിരുന്നത്. ഇതിനെ തുടര്‍ന്നാണ് സ്വയം തീരുമാനമെടുത്ത് രാജേഷ് യാത്ര മാറ്റിവെച്ച് ക്വാറന്റൈനിലേക്ക് പോയത്. എന്നാല്‍ തന്റെ ആ തീരുമാനത്തെ പരിഹസിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നുവെന്നും രാജേഷ് പറഞ്ഞു.

രാജേഷ് കൃഷ്‌‌‌‌‌ണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'പേടിത്തൊണ്ടന്‍ ...! '

ഒരു പത്രവാര്‍ത്തയെയും ചില സുഹൃത്തുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിനെയും തുടര്‍ന്ന് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ചില ഫേസ് ബുക്ക് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ എന്റെ ചിത്രത്തിന്റെ അടിക്കുറിപ്പിതാണ്.

മറ്റു ചില കമന്റുകള്‍ ഇങ്ങനെയും

1. പ്യാടിച്ച് ഇറങ്ങി ഓടിയതല്ലേ സത്യം?
2. വാര്‍ത്തയ്ക്ക് വേണ്ടി വാര്‍ത്ത ഉണ്ടാക്കിയ മഹാന്‍.
3. സ്വന്തം നിലയില്‍ PR ഉണ്ടാക്കാന്‍ തിരിച്ചിറങ്ങിയവന്‍.

കഴിഞ്ഞ 15ന് UK യിലേക്ക് പോകാന്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ബോര്‍ഡ് ചെയ്തതിനു ശേഷം അടുത്തിരുന്ന വിദേശികളായ 17 യാതക്കാരെ തിരിച്ചിറക്കിയ വാര്‍ത്ത പലരും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതില്‍ നിന്ന് സ്വയം ഇറങ്ങിയ യാത്രക്കാരനാണ് ഞാന്‍. അന്ന് മുതല്‍ പരിഹാസ്യനാകുന്ന വാട്ട്‌സാപ്പ് ഫേസ്ബുക്ക് കമന്റുകള്‍ എന്റെ സുഹൃത്തുക്കള്‍ തന്നെ എന്റെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

'കൊറോണ സ്ഥിരീകരിച്ച വിദേശ സംഘം കയറിയ വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങി എങ്ങനെ സഹയാത്രികരെ സഹായിച്ചു ? പേടിച്ചിറങ്ങി ഓടിയതാണ് ' എന്നാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ഒരു ചേട്ടന്റെ സംശയം.

19 അംഗ വിദേശസംഘത്തില്‍ കൊറോണ സ്ഥിരീകരിച്ചയാളെയും ഭാര്യയെയും വിമാനത്തില്‍ കയറ്റിയിരുന്നില്ല. അവരുടെ സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവരോടാണ് വിമാനത്തില്‍ ബോര്‍ഡ് ചെയ്തതിനു ശേഷം ഇറങ്ങാന്‍ പറഞ്ഞത് ഇതില്‍ രണ്ടുപേര്‍ എന്റെ തൊട്ടടുത്ത സീറ്റുകളിലായിരുന്നു. രണ്ടുപേര്‍ തൊട്ടുപിന്നിലെ സീറ്റിലും. ഞാന്‍ എഴുന്നേറ്റ് മാറിക്കൊടുത്തപ്പോഴാണ് രണ്ടുപേര്‍ക്ക് ഇറങ്ങാനായത്.

അപ്പോള്‍ തന്നെ വിമാനം രണ്ട് മണിക്കൂര്‍ ലേറ്റായിരുന്നു. ദുബായില്‍നിന്നുള്ള കണക്ഷന്‍ ഫ്ളൈറ്റ് അപ്പോഴേക്കും പോയിട്ടുണ്ടാകും. അതുകൊണ്ട് അവര്‍ താമസ സൗകര്യം തരും. എനിക്ക് രോഗബാധയുണ്ടെങ്കില്‍ ആ ഹോട്ടലിലും ഇനി കയറാന്‍ പോകുന്ന ഫ്ളൈറ്റിലും ഞാന്‍ രോഗാണു വാഹകനാകും. അല്ലെങ്കില്‍ ദുബായില്‍ ക്വാറന്റൈന്‍ ചെയ്യപ്പെടും. ഇതെല്ലാം ആലോചിച്ചപ്പോള്‍ ഇറങ്ങുന്നതാണ് ശരിയെന്ന് തോന്നി.

ആ തീരുമാനം ശരിയാണെന്ന് ഇന്ന് വീണ്ടും തെളിഞ്ഞു. 17 അംഗ സംഘത്തിലെ അഞ്ചു പേര്‍ക്ക് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതായി അറിയുന്നു.

പിന്നെ പത്രവാര്‍ത്ത.
ഇത് ജനങ്ങള്‍ അറിയേണ്ട കാര്യമാണെന്ന ഒരു മാധ്യമ സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞാന്‍ വാര്‍ത്ത കൊടുക്കാന്‍ സമ്മതിച്ചത്.

എന്റെ പ്രിയ സുഹൃത്തുക്കളോട്,
ലോകത്തിന്റെ ഏത് കോണിലായാലും നിങ്ങള്‍ സേഫായും സന്തോഷമായും ഇരിക്കൂ.
അനാവശ്യ യാത്രകള്‍ ഒഴിവാക്കൂ.
നമുക്കൊന്നിച്ച് നേരിടാം ഈ കെട്ട കാലത്തെ.

ഞാന്‍ ഇതുവരെ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇനി അസുഖം വന്നാല്‍ തന്നെ നേരിടാന്‍ വേണ്ട നല്ല മനക്കരുത്തുമുണ്ട്.
വന്നാല്‍ വന്നതിന്റെ ബാക്കി -

അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ...!
ഹാപ്പി കോറന്റൈന്‍ ദിനങ്ങള്‍ ...!

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top