15 April Monday

മോഡിയണ്ണന് സ്നേഹപൂര്‍വം........ കത്ത് ഹിറ്റാകുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2015

കൊച്ചി > ഉലകംചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാട്ടിലെ കാര്യങ്ങള്‍ വിശദീകരിച്ചുനല്‍കുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങളെയും ഷാരൂഖ് ഖാനും ആമിര്‍ ഖാനും എതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളും ഹാസ്യ രൂപേണ പരാമര്‍ശിച്ച് വയനാട് സ്വദേശി രഞ്ജിത്ത് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്താണ് ഹിറ്റായത്.

കത്തിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട മോഡിയണ്ണന്,
അണ്ണന്‍നാട്ടിലെത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞല്ലേ  ടി വി കണ്ടപ്പോളാണ് വിവരം അറിഞ്ഞത്.  എത്ര കത്തയച്ചു അണ്ണന്  ഒരെണ്ണത്തിന് പോലും അണ്ണന്‍മറുപടി തന്നില്ല.  അണ്ണനുള്ള സ്ഥലത്തെ അഡ്രസു തപ്പിപ്പിടിച്ച് കത്തയക്കും കത്ത് എഴുതി പോസ്റ്റു ചെയ്ത് കഴിയുമ്പോള്‍കാണാം അണ്ണന്‍വേറൊരു സ്ഥലത്ത് കൂളിംഗ് ഗ്ളാസും വെച്ചുകൊണ്ട് നില്‍ക്കുന്നത്.എന്തൊക്കെപ്പറഞ്ഞാലും അണ്ണന്‍ആ പച്ച കോട്ടൊക്കെ ഇട്ട് കൂളിംഗ് ഗ്ളാസും വെച്ചുള്ള ആ നില്‍പ്പൊക്കെ കാണാന്‍ഒരു ഗമയൊക്കെയുണ്ട്.  പിള്ളരൊക്കെയിപ്പോള്‍അണ്ണനെ സെല്‍ഫിമാമന്‍ എന്നാ വിളിക്കുന്നത്.  കുടുംബശ്രീക്ക് പോയപ്പോള്‍ചില അവളുമാര് പറയുവാ, അണ്ണന്‍റെ ഫോട്ടോ കണ്ടപ്പോള്‍ ഗള്‍ഫിലുള്ള ബംഗ്ളാദേശി നാട്ടില്‍പോകുന്നതു പോലെയുണ്ടെന്ന്  അവളുമാരുടെ കെട്ട്യോന്‍മാര്‍പറഞ്ഞതാണുപോലും അണ്ണനതൊന്നും കാര്യമാക്ക അവര്‍ക്കസൂയയാ. കെട്യോന്‍മാര്‍ ഗള്‍ഫുകാരാണെന്നതിന്റെ അഹങ്കാരമാണ് അവറ്റകള്‍ക്ക് അതൊക്കെപ്പോട്ടെ, അണ്ണനിങ്ങനെ വീടുനോക്കാതെ കണ്ടയിടത്തെല്ലാം കറങ്ങി നടന്നാല്‍മതിയോ  തറവാട് നാഥനില്ലാത്ത അവസ്ഥയിലാണ്. സാക്ഷിയങ്കിളും, സ്വാധി ചിറ്റയും ഉണ്ടാക്കുന്ന പുകിലിനൊരു കുറവുമില്ല.

അമീറിനോടും, ഷാരൂഖിനോടും തറവാട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍പറഞ്ഞാണ് ഇപ്പോള്‍ ബഹളം. അതിന്റെ കൂട്ടത്തില്‍ കൂടാന്‍ ആ തലതെറിച്ച ചെറുക്കന്‍ യോഗീനാഥും. വടക്കേപ്പറമ്പില്‍ നമ്മള്‍പ് ദാനം ചെയ്ത നവാസ്ക്കാന്റെ ഭൂമിയുണ്ടല്ലോ  അങ്ങോട്ട് പോയ്ക്കൊള്ളാന്‍ പറഞ്ഞാ ബഹളം.  ഇപ്പോള്‍സമാധാനം പറയാന്‍ വരുന്നവരോടൊക്കെ അങ്ങോട്ട് പോ , അങ്ങോട്ട് പോ.. എന്നും പറഞ്ഞ് അലര്‍ച്ചയാ...എത്ര കണ്ടാ നാട്ടുകാര്‍ ക്ഷമിക്കുക നാട്ടുകാരുടെ തെറികേട്ട് മടുത്തു.  ഇപ്പോളൊരു പശുവിനെ പിടിച്ച് അമ്മയാണെന്ന് പറഞ്ഞോണ്ട് നടക്കുവാ..അമിത്തണ്ണന്‍ കണ്ണുരുട്ടീട്ട് ഒരു പേടീം ഇല്ല അവറ്റകള്‍ക്ക്  അല്ല അതെങ്ങനെയുണ്ടാകും.  അമിത്തണ്ണന്റേം കയ്യിലിരിപ്പും അതൊക്കെത്തന്നെയല്ലേ  അവരുടെ ഗുളിക തീര്‍ന്ന കാര്യം കഴിഞ്ഞ തവണ വന്നപ്പോള്‍അണ്ണനോട് പറഞ്ഞതല്ലേ അണ്ണനത് വാങ്ങിയില്ലെന്നതു പോട്ടെ ആ ചീട്ടും പോക്കറ്റിലിട്ടോങ്ങ് പോയി.

ഇനിയിപ്പം നാട്ടുകാര് കേറി മേയുമോന്നാണ് പേടി അണ്ണനറിഞ്ഞോ അണ്ണന്റെ കയ്യിലിരുപ്പ് ശരിയല്ലെന്ന് പറഞ്ഞ് ആ ബീഹാര്‍ മുഴുവന്‍ മാമന്‍ലാലുഅണ്ണനും, നിതീഷണ്ണനും കൂടി ആധാരം ചെയ്തു കൊടുത്തു. അണ്ണന്‍റെ പേരില്‍ആകെ ഒരമ്പത് സെന്‍റോ മറ്റോ എഴുതീട്ടുള്ളൂ എന്നാണറിഞ്ഞത് സോണിയമ്മായി ചുളുവില്‍അണ്ണന്‍മാരുടെ കൂടെ കൂടി ഒരു പതിനാറ് സെന്റ് ഒപ്പിച്ചെടുക്കുകയും ചെയ്.തു  യശോദേടത്തി ഇന്നലേം വന്നിരുന്നു  അണ്ണന്‍വിളിക്കുമെന്ന പ്രതീക്ഷയൊക്കെ അവസാനിച്ചു എന്നു പറഞ്ഞു.  റേഷന്‍ കാര്‍ഡുാക്കാന്‍ആ കല്യാണ സര്‍ട്ടിഫിക്കറ്റ് ഒന്നു കൊടുക്കണമെന്ന് പറഞ്ഞുവന്നതാണ്  അവരുടെ കാര്യം വല്യ കഷ്ടമാണ് അണ്ണന്‍ എലിസബത്താന്റിക്ക് സാരീം തേനും വാങ്ങിക്കാണ്ടു പോയതിനെ കുറിച്ച് പറഞ്ഞ് ഒരുപാട് കരഞ്ഞു.  അണ്ണനിതുവരെ ഒരു അടിപ്പാവാടപോലും വാങ്ങിക്കൊടുത്തിട്ടില്ലെന്ന് ഏടത്തി സങ്കടം പറഞ്ഞു അണ്ണന് അംബാനിയങ്കിളിന്‍റെ മക്കളോടും, അദാനിച്ചെക്കനോടും മാത്രമേ ഇഷ്ടമുള്ളൂ എന്നാണ് കുടുംബത്തില്‍എല്ലാവരുടേയും പരാതി.

എനിക്കും തോന്നീട്ടുണ്ട് .. ആ.. കാശുള്ളവരോടല്ലേ എല്ലാവര്‍ക്കും അടുപ്പം കാണൂ അല്ലേ...അണ്ണന്‍പോകുന്നിടത്തെല്ലാം അവരുമുണ്ടല്ലോ കൂടെ  അവര്‍ക്കടിക്കടി വില കൂട്ടിക്കൊടുത്തു എന്നും, അങ്ങ് ഓസ്ട്രേലിയയിലും, വേറെവിടെയൊ ഒക്കെ കടയിട്ടു കൊടുത്തു എന്നും ഒക്കെ ഇവിടെ ആരൊക്കെയോ പറയുന്നതു കേട്ടു ആ വിഴിഞ്ഞത്ത് അദാനി ചെക്കനെന്തോ തുടങ്ങാന്‍പോകുന്നൂ എന്നും അതിന്‍റെ ബ്രോക്കര്‍ കാശ് വാങ്ങാനാണെന്നും പറഞ്ഞ് ഒരാള്‍വന്നിരുന്നു.  അയാളുടെ മുടീടെ കോലം കിട്ട് ഭിക്ഷക്കാരനാണെന്നാണ് ആദ്യം കരുതിയത്. എന്തോ ചാണ്ടിയെന്നോ, ഉമ്മനെന്നോ ആണ് പേര് പറഞ്ഞത്  കിട്ട് ഒരവലക്ഷണം പിടിച്ചതാണെന്ന് തോന്നുന്നു  പിന്നെ വരാന്‍പറഞ്ഞപ്പോള്‍അവിടെ നിന്ന് കുറേ നേരം ബാ..ബ്ബ്ബ ബാ.. എന്ന് പറഞ്ഞു.  എനിക്കൊന്നും മനസ്സിലായില്ല  അപ്പുറത്തെ വീട്ടിലെ കോഴി മുഴുവന്‍വീട്ടിലെത്തിയത് മിച്ചം ഞങ്ങളുടെ കാര്യമൊന്നും അണ്ണനറിയേല്ലോ ഇവിടെ ആകെ കഷ്ടപ്പാടിലാണ് മോഹനേട്ടന്‍ പോയതോടെ നരകം അവസാനിച്ചു എന്നു കരുതിയതാ. എവിടെ  ഇപ്പോള്‍ മനസ്സമാധാനം കൂടി പോയി  അണ്ണനിങ്ങനെ കറങ്ങി നടന്നാല്‍ അവസാനം കേറിക്കിടക്കാന്‍ഒന്നും ബാക്കിയുണ്ടാവില്ല.

ആ ചായക്കട പൊളിച്ചു കളയാന്‍ തോന്നാതിരുന്നത് നന്നായി  ഇങ്ങനെ പോയാല്‍ആ പണി തന്നെ നോക്കിേ വരും പിന്നെ ഒരേഒരാശ്വാസം സോണിയ കുഞ്ഞമ്മേടെ ആ മോനണ്ടുല്ലോ പപ്പു  അവനിപ്പോളും പഴയതുപോലെ തന്നെയാ.. ഒരു വകതിരിവില്ലാത്ത കളിയാണ്  സോണിയക്കുഞ്ഞമ്മ നേരാത്ത നേര്‍ച്ചയില്ല കാുെപോകാത്ത ഇടമില്ല പക്ഷെ ചെക്കനിപ്പോളും ഒരു മന്ദബുദ്ധിക്കളിയാണ് !സോണിയക്കുഞ്ഞമ്മ കുറേ ഞെളിഞ്ഞതല്ലേ അങ്ങനെ തന്നെ വേണം അതുകൊണ്ട് അവനവകാശം പറഞ്ഞു വരുമെന്ന പേടി തല്‍ക്കാലം വേണ്ട പക്ഷെ വേറെ പലരും കളി തുടങ്ങിയെന്നാണ് അറിയുന്നത്  സുഷമേടത്തിയുടെ വിസക്കാര്യം എന്തായി.

ആ പാവം എത്ര നാളായി കാത്തിരിക്കുന്നു  അണ്ണനല്ലെ ഏട്ടത്തിക്ക് വാക്കു കൊടുത്തത് എല്ലായിടത്തും വിടുമെന്ന്  അണ്ണനിങ്ങനെ കറങ്ങുന്നതിന്‍റെ ഫോട്ടോ കുട്ട്യോ ള് കാണിക്കുമ്പോളാണ് ഏട്ടത്തിക്ക് കൂടുതല്‍വിഷമം. പിന്നെയൊരു കാര്യം  നമ്മുടെ ഷിബാനിക്കുഞ്ഞമ്മേടെ മോള് സ്മൃതിപ്പെണ്ണിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറഞ്ഞ് അവളുടെ ജോലി പോകുന്ന ലക്ഷണമാണ്.  അണ്ണന്റെ എംഎ സര്‍ട്ടിഫിക്കറ്റ് വേഗം എടുത്ത് കത്തിച്ചു കളഞ്ഞോ.. അതിനി ആരെങ്കിലും പൊക്കിക്കൊണ്ടുവന്നാല്‍കുഴപ്പമാകും  അണ്ണന്‍കുറച്ചു ദിവസം നാട്ടില്‍തന്നെ കാണുമോ ? അതോ വീണ്ടും പോകുമോ കണ്ട കാലം മറന്നൂ എന്നാണ് തറവാട്ടിലുള്ളവര്‍പലരും പറയുന്നത് കഴിയുമെങ്കില്‍തറവാട്ടിലുള്ളവരെ ഒക്കെ ഒന്ന് കാണാന്‍നോക്ക്  വയസ്സായവരൊക്കെയുണ്ടല്ലോ  കുറേ കാര്യങ്ങള്‍കൂടി എഴുതാനുണ്ട്, ബാക്കി അടുത്ത കത്തില്‍ എഴുതാം.

സ്നേഹപൂര്‍വ്വം (ഒപ്പ് )

വാട്സാപ്പിലും ഫെയ്സ്ബുക്കിലുമായി കൈമാറിയെത്തിയ കത്ത് ആരുടെ സൃഷ്ടിയാണെന്ന് അവ്യക്തമായിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് കുമാര്‍ തന്നെ താനാണ് ആ 'അജ്ഞാതനെന്ന്' വ്യക്തമാക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top