26 April Friday

റജീനയെ തെറിവിളിച്ചു നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്ക്കാരമാണ്: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 19, 2015

കൊച്ചി> റജീനയല്ല; മത വിശ്വാസത്തിന്റെ പേരില്‍ സംസ്ക്കാര ശൂന്യമായ നടപടികളെ ന്യായീകരിക്കുന്നവരാണ് വിശ്വാസത്തിനു കളങ്കം വരുത്തുന്നതെന്ന്  എം ബി രാജേഷ് എം പി പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകയായ റജീന തുറന്നു പറഞ്ഞ അനുഭവങ്ങളെ മത വിശ്വാസത്തിന്റെ മറപിടിച്ച് അവഹേളിക്കുന്നവര്‍ക്കുള്ള മറുപടിയായി തന്റെ എഫ് ബി പോസ്റ്റിലാണ് എം ബി രാജേഷിന്റെ കുറിപ്പ്.

സ്വന്തം അനുഭവം തുറന്നു പറഞ്ഞ ഒരു സ്ത്രീയെ തെറിവിളിച്ചു നിശ്ശബ്ദയാക്കുന്നത് എന്ത് തരം സംസ്ക്കാരമാണ്? ഏത് സദാചാരമാണ്?റജീനയെ അശ്ളീല വാക്ക് കൊണ്ട് പീഡിപ്പിച്ചവരുടെ മനോഭാവം സ്ത്രീകളെ ശാരീരികമായി പീഡിപ്പിക്കുന്നവരുടെതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല. കപടസദാചാരക്കാരായ ഒളിഞ്ഞുനോട്ടക്കാരുടെ വൈകൃതം പുറത്തുവരുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. ഒരു സ്ത്രീയോട് ഇത്ര ഹീനമായ ഭാഷ ഉപയോഗിക്കുന്ന മാനസികാവസ്ഥയുള്ളവരാണ് അവസരം ഒത്തുവരുമ്പോള്‍ മോശമായി പെരുമാറുന്നതും. സ്ത്രീയും പുരുഷനും അടുത്തിരുന്നാല്‍ അരുതാത്തത് സംഭവിക്കുമെന്ന് കരുതുന്നതും ഈ വൈകൃതക്കാരാണ്.

റജീന ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക തന്നെ വേണം. വര്‍ഗ്ഗീയവാദികളുടെ വിഴുപ്പലക്കലല്ല. ധീരമായ ചര്‍ച്ചയും നിശിതമായ വിചാരണയും പൊള്ളുന്ന ചോദ്യങ്ങളും ഉയരട്ടെ. ഒരേ തൂവല്‍ പക്ഷികളായ വര്‍ഗ്ഗീയ വാദികളുടെ അസഹിഷ്ണുത പോയി തുലയട്ടെയെന്നും കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 മുന്‍ സുപ്രീംകോടതി ജഡ്ജിക്കെതിരായി അദ്ദേഹത്തിനൊപ്പം ഇന്റെന്‍ഷിപ് ചെയ്ത പെണ്‍കുട്ടി ബ്ളോഗിലൂടെ ഉന്നയിച്ച ആരോപണവും നോബേല്‍ ജേതാവ് പച്ചൌെരിക്കെതിരായും പ്രമുഖ പത്ര പ്രവര്‍ത്തകന്‍ തരുണ്‍ തെജ്പാലിനെതിരായും വന്ന ആരോപണങ്ങളും വലിയ ചര്‍ച്ചയായവയാണ്.അന്നൊന്നും ഉണ്ടാവാത്ത വിധം ചിലര്‍ക്കെതിരായി മാത്രം ആരോപണം വരുമ്പോള്‍ പരാതിക്കാരെ തെറിവിളിച്ചു നിശ്ശബ്ദരാക്കാന്‍ വിശ്വാസം മറയാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും രാജേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top