29 March Friday

ലീഗിന്റെ നുണബോംബുകള്‍ വിലപ്പോവില്ല; ശരിയുടെ തീര്‍ഥാടകസംഘം ലക്ഷ്യത്തിലെത്തും: കെ ടി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Apr 19, 2016

വിഷുദിനത്തില്‍ തവനൂരിലെ പാപ്പിനിക്കാവ് ഭഗവതി ക്ഷേത്ര സന്ദര്‍ശനം വിവാദമാക്കാന്‍ ശ്രമിച്ച മുസ്ളിം ലീഗിന്റെ നുണബോംബുകള്‍ വിലപ്പോവില്ലെന്ന് തവനൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ ടി ജലില്‍. പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരി വിഷുകൈനീട്ടമായി കെ ടി ജലീലിന് ഒരു ഡബിള്‍ മുണ്ട്’ (പുടവ) സമ്മാനിക്കുന്ന ചിത്രം ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു എന്ന നിലയില്‍ പ്രചരിപ്പിച്ച ലീഗിനാണ് ജലീലിന്റെ രൂക്ഷമായ മറുപടി.

പൂജാരി ഒരു ആഘോഷദിനത്തില്‍ എനിക്ക് നല്‍കിയ പുടവ ഞാന്‍ നിഷേധിച്ചു പോരണമെന്നാണ് ഇത്തരക്കാരുടെ വാദഗതി. ഇസ്ളാമിനെ കുറിച്ചും മുസ്ളിം സമുദായത്തെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത്യാദി പ്രചരണം നടത്തുന്നത്. ഇവരെപോലുള്ളവരാണ് ലോകത്തിന്‍റെ പലദിക്കിലും ഇസ്ളാമിന്‍റെ മാനവിക മുഖം വികൃതമാക്കി അതിനെ ഭീകരതയുടെ മതമാക്കി അവതരിപ്പിക്കുന്നത്.

അക്ഷരങ്ങളെ സ്നേഹിച്ച മലാല യൂസഫെന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ത്തവരുടെ ഇന്ത്യന്‍ പതിപ്പുകളായേ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ കാണാന്‍ കഴിയൂ. മത സൌഹാര്‍ദ്ദത്തിന് പേരുകേട്ട ദേശമാണ് കേരളം. മങ്ങാട്ടച്ചനും കുഞ്ഞായിമുസ്ളിയാരും സ്നേഹിച്ചും സ്നേഹത്തോടെ കലഹിച്ചും ജീവിച്ച മണ്ണില്‍ ഈ നുണബോംബുകള്‍ വിലപ്പോവില്ല. നിഷ്ക്കളങ്കരും നിസ്വാര്‍ത്ഥരുമായ മുസ്ളിം സമൂഹം ഇത്യാദി പ്രചാരവേലകളെ അവജ്ഞയോടെ തള്ളികളയും.

മുസ്ളിം സംഘടനകളുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍ തെറ്റായ അടിക്കുറിപ്പോടെയുള്ള ഫോട്ടോക്ക് വേണ്ടുവോളം പ്രചാരംനല്‍കി എന്നെയങ്ങ് മൂക്കിലൂടെ വലിച്ചുകളയാമെന്നാണ് ഈ അല്‍പന്മാരുടെ ധാരണയെങ്കില്‍ അവര്‍ക്കുതെറ്റി. സൂഫികളും പഴയകാല പണ്ഡിതന്‍മാരും വഴിനടത്തിയ കേരളത്തിലെ മുസ്ളിം സമൂഹം ഹൈന്ദവവിരുദ്ധരോ ക്ഷേത്രവിരുദ്ധരോ അല്ലെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ ബോധ്യമാകും.

കുരക്കുന്നവര്‍ എത്ര കുരച്ചാലും ശരിയുടെ തീര്‍ഥാടകസംഘം അതിന്റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top