19 April Friday

പ്രതികാരത്തിന്റെ പ്രതാപമല്ല ലക്ഷ്യം; വിഴുപ്പലക്കല്‍ തുടര്‍ന്ന് അടൂര്‍ പ്രകാശ്

വെബ് ഡെസ്‌ക്‌Updated: Friday Mar 18, 2016

തിരുവനന്തപുരം > കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോര് രൂക്ഷമാകുന്നു. റവന്യൂമന്ത്രി അടൂര്‍പ്രകാശും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംഎല്‍എയും തമ്മില്‍ ഫേസ്ബുക്കില്‍ വിഴുപ്പലക്കല്‍ തുടരുകയാണ്.

പ്രതികാരത്തിന്റെ പ്രതാപമല്ല തന്റെ ലക്ഷ്യം എന്ന് പ്രതാപന്റെ പേരെടുത്തുപറയാതെയാണ് അടൂര്‍ പ്രകാശിന്റെ പുതിയ പോസ്റ്റ്. വേലി തന്നെ വിളവു തിന്നുന്നതില്‍ ദുഖമുണ്ടെന്നും വ്യക്തിപരമായ വിമര്‍ശനങ്ങളെ അതീവ പുശ്ചത്തോടെ അവഗണിക്കുന്നുവെന്നും അടൂര്‍ പ്രകാശ് പറയുന്നു.

ഈ മന്ത്രിസഭയിലെ തന്റെ “'പുതിയ ബന്ധു'”വിലൂടെ ബാറുടമ ബിജു രമേശ് സര്‍ക്കാര്‍ തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് ഇന്നലെ ടി എന്‍ പ്രതാപന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അടൂര്‍ പ്രകാശിന്റെ പേരുപറയാതെയുള്ള പോസ്റ്റില്‍ കടുത്ത ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്.

' ഈ മന്ത്രിസഭയിലെ തന്റെ “'പുതിയ ബന്ധു'”വിലൂടെ ബാറുടമ ബിജു രമേശ് സര്‍ക്കാര്‍ തുടരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണോ എന്ന് പൊതുജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ ആവില്ല. മെത്രാന്‍ കായലും, കടമക്കുടിയും, കരുണ എസ്റ്റെറ്റും ഇടുക്കിയിലെ പീരുമേടിലെ ഭൂമികളും, പത്തനംതിട്ടയിലെ ‘ഭൂമി പതിച്ചു നല്‍കിയതും, തുടങ്ങി കെപിസിസി പ്രസിഡന്റ്നെയും പാര്‍ട്ടിയെയും വെല്ലു വിളിക്കുന്ന സമീപനം വരെ കാണുമ്പോള്‍ ജനങ്ങള്‍ വീണ്ടും സംശയിക്കുന്നു.

മദ്യമുതലാളി ബിജു രമേഷിന്റെ ഈ മന്ത്രി സഭയിലെ “'പുതിയ ബന്ധു' യു ഡി എഫ് തുടര്‍ന്ന് അധികാരത്തില്‍ വരാതിരിക്കാന്‍ ബാര്‍ ഉടമകളുമായി ഗൂഢാലോചന നടത്തുന്നുണ്ടോ എന്ന് സംശയമുയരും. കരുണ എസ്റ്റേറ്റ് കാര്യത്തില്‍ പിടിവാളി കാണിക്കുന്നത് ഗൂഡാലോചനയുടെ ‘ഭാഗമാണോയെന്ന് സംശയമുണ്ട്' എന്നും പ്രതാപന്‍ പറയുന്നു.

ഇതിനുള്ള മറുപടിയുമായണ് അടൂര്‍ പ്രകാശ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.  " പ്രതികാരത്തിന്റെ പ്രതാപമല്ല എന്റെ ലക്ഷ്യം പ്രവൃര്‍ത്തിയുടെ സത്യസന്ധതയാണ്....വേലി തന്നെ വിളവു തിന്നുന്നതില്‍ ദുഖമുണ്ട്... ആരോഗ്യകരമായ വിമര്‍ശനങ്ങളെ അതീവ ഗൌരവത്തോടെയും വ്യക്തിപരമായ വിമര്‍ശനങ്ങളെ അതീവ പുശ്ചത്തോടെയും അവഗണിക്കുന്നു ....''

സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും കൂട്ടുനില്‍ക്കാനാവില്ലെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ കെപിസിസി യോഗത്തിലെ പ്രസ്താവന പുറത്തുവന്നതോടെയാണ് വിഷയം വിഴുപ്പലക്കലിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അടൂര്‍ പ്രകാശും സുധീരനെ തള്ളി. തുടര്‍ന്ന്, കരുണ എസ്റ്റേറ്റിന് കരമടയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് സുധീരന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആവര്‍ത്തിച്ചു. ഇതോടെ സുധീരന്‍ തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് അടൂര്‍ പ്രകാശ് പ്രതികരിച്ചതോടെയാണ് വിഴുപ്പലക്കല്‍  ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top