18 April Thursday

നവമാധ്യമങ്ങള്‍ 'അറിയാനും അറിയിക്കാനുമുള്ള'തല്ലേ? വിദ്വേഷത്തിന്റെ വേദിയായി അവയെ മാറ്റരുത്

പുത്തലത്ത് ദിനേശന്‍Updated: Sunday Feb 18, 2018

ശാസ്‌‌ത്ര സാങ്കേതിക മേഖലയുടെ വികാസം വാര്‍ത്താവിനിമയ മേഖലയില്‍ അപാര സാധ്യതയാണ് നമുക്ക് തുറന്നുതന്നിട്ടുള്ളത്. നവ മാധ്യമങ്ങളുടെ രൂപീകരണം ഉണ്ടാവുന്നത് ഈ വികാസത്തിന്റെ ഭാഗമായാണ്. അത് ലോകത്തിന്റെ ഏത് ഭാഗത്തിരിക്കുന്ന മനുഷ്യരുമായി സൗഹാര്‍ദ്ദം സ്ഥാപിക്കാനും അവരുമായി ആശയവിനിമയം നടത്താനും അവസരമൊരുക്കുന്നുമുണ്ട്. മാനുഷിക ബന്ധങ്ങളെ ഊഷ്‌മളമാക്കി തീര്‍ക്കുന്നതിന് ഈ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

അണുശക്തി മനുഷ്യന്റെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിന് ഏറെ സാധ്യതകള്‍ പ്രദാനം ചെയ്യുന്നുണ്ട്. അതേ സമയം സംഹാരത്തിന്റെ വലിയ അപകട സാധ്യതയും അതില്‍ പതിയിരിപ്പുണ്ട്. നമ്മുടെ മുമ്പിലുള്ള എല്ലാ സാധ്യതകളെയും ചുറ്റുപാടിന്റെയും മനുഷ്യരുടെയും മുന്നോട്ടുപോക്കിന് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. നവമാധ്യമങ്ങളെ ഊഷ്മള സൗഹൃദങ്ങളുടെയും ജനാധിപത്യപരമായ ആശയസംവാദങ്ങളുടെയും വേദിയായി ക്രിയാത്മകമായി തീര്‍ക്കാനാവണം. അതാണ് ഏത് ജനാധിപത്യവാദിയുടെയും ഉത്തരവാദിത്തം.

വര്‍ത്തമാനകാലത്ത് ഫേയ്‌സ്‌‌‌ബുക്കും വാട്ട്‌‌‌സ്‌‌അപ്പും നമ്മുടെ ജീവിതത്തില്‍ സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഒഴിവുവേളകളിലെ വായനയില്‍ നിന്ന് മാറി ഇതിലേക്ക് നാം പൊതുവെ ചുവട്‌ മാറ്റിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോള്‍ മുന്‍കാലങ്ങളില്‍ പുസ്തക വായനയില്‍ മുഴുകിയവര്‍ ഏറെയുണ്ടായിരുന്നു. ഇന്ന് അത് നവമാധ്യമങ്ങളില്‍ മുഖംപൂഴ്ത്തി നില്‍ക്കുന്നവരെയാണ് കാണാനാവുന്നത്. യാത്രാ വാഹനങ്ങളില്‍ വൈഫൈ ഉണ്ട് എന്നത് അതിന്റെ പ്രചരണങ്ങളിലൊന്നായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ തന്നെ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതും കേരളത്തിലാണല്ലോ? ഓര്‍ക്കൂട്ട് പോലുള്ള ഈ രംഗത്തെ സൗഹൃദ കൂട്ടായ്മകളും മാറിമറഞ്ഞുപോയി. ലോകവും കാലവും നമ്മളുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റത്തിന് മാത്രമാണല്ലോ മാറ്റമില്ലാത്തത്?

നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവും. പരസ്‌പരം അറിയാനും മനസ്സിലാക്കാനും കാര്യങ്ങള്‍ പങ്കുവയ്ക്കാനും ഉള്ള അനന്ത സാധ്യതയുള്ള ഒരു സൗഹൃദവേദിയായി നവമാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമുള്ള' ഒരിടമാണ്. അത്തരത്തില്‍ അതിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുമ്പോഴാണ് അതിന്റെ സാധ്യതകള്‍ വിപുലമാകുന്നത്.

ഫേയ്‌സ്ബുക്കിലെ പോസ്റ്റുകള്‍ക്ക് യോജിച്ചും വിയോജിച്ചും പ്രതികരണങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അവ ഒരിക്കലും പരസ്പര വിദ്വേഷം രൂപപ്പെടുത്തുന്ന വിധത്തില്‍ ആകാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നത്. പോസ്റ്റ് ഇടുന്നവരെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നയിക്കുന്നതും പോരായ്മകള്‍ തിരുത്തുന്നവിധത്തിലും ഇടപെടുന്ന രീതി സൗഹൃദങ്ങളെ ശക്തിപ്പെടുത്തുന്നതിനിടയാക്കും. ഒരോരുത്തരും തങ്ങളെപോലെ തന്നെയുള്ള സ്വതന്ത്ര വ്യക്തിത്വമായി അംഗീകരിച്ച് ബഹുമാനിക്കുക എന്നത് ജനാധിപത്യ ജീവീതക്രമത്തിന്റെ ബാലപാഠമാണ്. ഇത്തരം മനസ്സുകള്‍ വര്‍ഗ്ഗീയമായ ചിന്തകള്‍ക്കോ അടിച്ചമര്‍ത്തലിന്റെ ചാട്ടവാര്‍ പ്രയോഗങ്ങളിലേക്കോ കുരുങ്ങുകയില്ല.

ഒരോ ആശയത്തിന്റെയും വക്താവായി പ്രത്യക്ഷപ്പെടുന്നവര്‍ ഫേയ്‌സ്ബുക്കില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ അതില്‍ ചിലരുടെ സമീപനം അവരുടെ ആശയത്തോട് മറ്റുള്ളവര്‍ക്ക് ഒരുകാലത്തും അടുപ്പം തോന്നാത്തവിധമായും കാണാറുണ്ട്. ഇത് തിരുത്തിയെങ്കില്‍ മാത്രമേ നമ്മുടെ ആശയങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുകയുള്ളൂ എന്ന് മനസ്സിലാക്കാനാവണം.

ഒരോ മനുഷ്യര്‍ക്കും ആത്മപ്രകാശനത്തിന്റെ രീതി വ്യത്യസ്തമായിരിക്കും. ചിലര്‍ കവിതകളില്‍, മറ്റു ചിലര്‍ വാക്കുകളില്‍ അങ്ങനെ പലവിധം. മികച്ച ഫോട്ടോകളിലൂടെയും പെയിന്റിംങ്ങുകളിലൂടെയും ആത്മപ്രകാശനം നടത്തുന്നവരും കുറവല്ല. ഒരോരുത്തര്‍ക്കും അവരുടേതായ പ്രകാശനരീതിയുണ്ടെന്ന് അംഗീകരിക്കുമ്പോഴാണ് ബഹുസ്വരതയുടെ അടിസ്ഥാനപാഠങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്.

വിക്ടര്‍ ഹ്യൂഗോ പാവങ്ങളില്‍ പറയുന്നതുപോലെ ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടയാളമാണ് സ്ത്രീകളോടും കുട്ടികളോടും എങ്ങനെ പെരുമാറുന്നു എന്നുള്ളത്. സ്ത്രീ വിരുദ്ധമായ സമീപനം ഇല്ലാതാക്കാന്‍ ഒരു കൂലംകഷമായ ആത്മപരിശോധനയ്ക്ക് തന്നെ നാം വിധേയമാകേണ്ടതുണ്ട്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുമായി ഐക്യപ്പെടുക എന്നത് ഉയര്‍ന്ന നീതിബോധത്തിന്റെ ദ്യഷ്ടാന്തവുമാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവരായാലും എഴുതുന്ന വാക്കുകള്‍ ജനാധിപത്യപരമായ സംവാദത്തിന്റെ വാതിലുകള്‍ തുറക്കുന്നതാവുന്നതല്ലേ നല്ലത്? അല്ലാതെ ആക്ഷേപങ്ങളിലും അപവാദങ്ങളിലും കെട്ടുകഥകളിലും കുരുങ്ങിനിന്നുകൊണ്ട് നടത്തുന്ന പ്രചരണങ്ങള്‍ സംവാദസാധ്യതകളെ തന്നെ നിരാകരിക്കുന്നതിന് വഴിതുറക്കുകയല്ലേ ചെയ്യുന്നത്?

സര്‍വ്വകക്ഷി യോഗങ്ങളില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ഒരു പ്രശ്‌നമുണ്ട്. നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആഹ്വാനങ്ങള്‍ പലപ്പോഴും സംഘര്‍ഷം സൃഷ്ടിക്കുകയും അവയെ സങ്കീര്‍ണ്ണമാക്കുന്നതിനും ഇടയാക്കുന്നു എന്നതാണ്. ജനനേതാക്കളുടെ ഇത്തരം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ തിരുത്തല്‍ വരുത്തി ജനാധിപത്യപരമായ സംവാദത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിയണം.

ഫേയ്‌സ്ബുക്കിലൂടെ ഒരിക്കലും പിരിയാത്ത നിരവധി സൗഹൃദങ്ങള്‍ ലഭിക്കുക സ്വാഭാവികമാണ്. ചിലരുടെ ഇടപെടല്‍ പല കാരണങ്ങള്‍ കൊണ്ട് നമുക്ക് ഇഷ്ടമായില്ല എന്നുംവരാം. അത്തരം സാഹചര്യത്തില്‍ അവരെ ഒഴിവാക്കി നിര്‍ത്തുന്നതിനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതാവുമല്ലോ നല്ലത്?

സൗഹൃദത്തിന്റെയും ആരോഗ്യപരമായ ആശയത്തിന്റെയും വേദിയാക്കി നവമാധ്യമങ്ങളെ മാറ്റുന്നതിന് പകരം വിദ്വേഷത്തിന്റെ പ്രചാരകരായി നവമാധ്യമങ്ങള്‍ മാറുന്നവര്‍ക്കെതിരെ ജാഗ്രതപ്പെടേണ്ടതുണ്ട്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും ആശയവിനിമയത്തിന്റെ തലത്തില്‍ സംവാദത്തിന്റെ സാധ്യതതകള്‍ തുറക്കുന്നവിധമാകുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നമ്മളെല്ലാം കൂടുതല്‍ ക്രിയാത്മകമായി ഇടപെടാനും ആത്മപരിശോധന നടത്തി ആരോഗ്യകരമായ സൗഹൃദങ്ങളിലൂടെ നീങ്ങാനും ശ്രമിക്കേണ്ടതല്ലേ? എല്ലാ സാധ്യതതകളെയും ഊഷ്മളമായ മാനുഷിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും പരസ്പരം ഉള്‍ക്കൊള്ളാനും കഴിയുന്ന തലത്തിലേക്ക് വളര്‍ത്തുകയല്ലേ നാം ചെയ്യേണ്ടത്?




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top