29 March Friday

'ഓമനക്കുട്ടന്മാരുടെ പാര്‍ട്ടി ആണ്, അവരുടെ വിയര്‍പ്പിന്റെ ഉപ്പാണ് പാര്‍ട്ടി'

നൃപന്‍ ദാസ്Updated: Saturday Aug 17, 2019

പത്തില്‍ എട്ട് പാര്‍ട്ടിക്കാരും ഓമനക്കുട്ടന്‍മാരാണ്. ലോക്കല്‍ - ഏരിയ കമ്മിറ്റികളില്‍ സര്‍വീസ് മേഖലയില്‍ നിന്ന് വന്നിട്ടുള്ളവരൊഴികെയുള്ള ഭൂരിഭാഗം സഖാക്കള്‍ക്കും ഒരു സ്ഥിര വരുമാനവുമില്ല. ആവോളം സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടു താനും.

ലോണുകളും വീട്ടാക്കടങ്ങളുമില്ലാത്ത പ്രാദേശിക രാഷ്‌ട്രീയക്കാരെ കണ്ടുകിട്ടുക തന്നെ പ്രയാസമാണ്. അടുത്തു നില്‍ക്കുന്നവര്‍ക്കേ അതിന്റെ ഗൗരവം അറിയാവൂ.

പുറമെ നിന്നു നോക്കുന്നവരുടെ കണ്ണില്‍ ഇവരൊക്കെ അഴിമതിക്കാരാണ്. ഇവരുടെ ഭാര്യക്കോ മക്കള്‍ക്കോ പാര്‍ട്ടി സഹകരണ സംഘത്തിലോ പാല്‍ സൊസൈറ്റിയിലോ പതിനായിരം രൂപ ശമ്പളത്തില്‍ ഒരു പ്യൂണ്‍ ജോലി കൊടുത്തു എന്നിരിക്കട്ടെ. ജേക്കബ് തോമസിന്റെയോ ശ്രീറാം വെങ്കട്ടരാമന്റെയോ പടം ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ആക്കിയിട്ടുള്ള നാട്ടിലെ മാന്യന്മാര്‍ അപ്പോള്‍ പറയും 'അവനൊക്കെ രാഷ്‌ട്രീയം കൊണ്ടു രക്ഷപ്പെട്ടില്ലേ. വേറെന്തു വേണം.'

ഈ മാന്യന്മാര്‍ക്ക് ഒരാവശ്യം വന്നാല്‍ പക്ഷെ, ആദ്യം ഓമനക്കുട്ടനെ തന്നെ തേടിയെത്തും. പാതി ദിവസത്തെ പണി കളഞ്ഞ് ഓമനക്കുട്ടന്‍ സഖാവ് അവരോടൊപ്പം ഏരിയ സെക്രട്ടറിയെ കണ്ട് കത്ത് വാങ്ങി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടെപ്പോകും. പോയ കാര്യം ചിലപ്പോള്‍ നടക്കും. ചിലപ്പോള്‍ നടക്കില്ല. നടന്നില്ലെങ്കില്‍ ഈ ഗുണഭോക്തൃ സമിതി ഓമനക്കുട്ടനെതിരെ നാട്ടിലാകെ മൈക്ക് വയ്‌ക്കും.

ഓമനക്കുട്ടന്റെ മക്കള്‍ ഉറപ്പായും SFI ആയിരിക്കും. പൊതുവിദ്യാലയത്തില്‍ അവരുണ്ടാകും. ഓമനക്കുട്ടനാകും പി ടി എ പ്രസിഡന്റ്. അയാളുടെ ജീവിതം എന്നും പോരാട്ടമാണ്. തെരുവില്‍ അയാള്‍ ന്യായീകരിച്ചു തളരും. വനിതാ മതിലിന് വിളിച്ചു കൊണ്ടു പോയ ബസിന്റെ വാടക കൊടുക്കാന്‍ ഭാര്യയുടെ വള പണയം വയ്‌ക്കും.

തെരഞ്ഞെടുപ്പും പാര്‍ട്ടി സമ്മേളനവും വരുമ്പോള്‍ ആഴ്‌ചകള്‍ പണിക്കു പോകാന്‍ പറ്റില്ല. ബന്ധുക്കള്‍ ജീവിക്കാനറിയാത്തവന്‍ എന്നു പരിഹസിക്കും.

പ്രളയം വന്നാലും നിപ്പ വന്നാലും ഓമനക്കുട്ടന്‍ ആരുടെയെങ്കിലും ബൈക്കിന്റെ പിറകില്‍ അവിടെയെത്തും. ഊണും ഉറക്കവും ഉപേക്ഷിക്കും.

ഓമനക്കുട്ടന്മാരുടെ പാര്‍ട്ടി ആണ്.
അവരുടെ വിയര്‍പ്പിന്റെ ഉപ്പാണ് പാര്‍ട്ടി.

പ്രിയ സഖാവിനൊപ്പം ഞങ്ങളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top