ലോകത്തിന് ഇന്ന് ഒരു ഒന്നാം നമ്പര്‍ ശത്രു ഉണ്ട്. നോവല്‍ കൊറോണ വൈറസ്.
ലോകത്താകമാനം ആയിരങ്ങളെ ഈ സൂക്ഷമാണു കൊന്നു തള്ളിയിരിക്കുന്നു. രണ്ടു ലക്ഷത്തോളം പേരുടെ ശരീരത്തില്‍ കടന്നു കൂടുകയും ചെയ്‌തിരിക്കുന്നു. അണുബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങളുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. നിര്‍ണായക ഘട്ടത്തില്‍ രണ്ടു രാജ്യങ്ങള്‍ എങ്ങനെയാണ് ഈ പ്രതിസന്ധിയോട് പ്രതികരിച്ചതു എന്നതു പരിശോധിക്കുന്നതു ക്രൈസിസ് മനേജ്‌മെന്റിനു ഈ രാജ്യങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന അടിസ്ഥാന മൂല്യങ്ങളെയും അവയുടെ ഗുണ ദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കുന്നതിന് ഉതകും. സത്യസന്ധമായ ഒരു ഉപരിപ്ലവ വിശകലനത്തിന് പോലും അനേകം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ലാബ് ടെസ്റ്റുകള്‍. വൈറസ് ബാധ ഉണ്ടായ ശേഷം ഇന്നേ വരെ ലോകത്ത് ആകമാനം നടന്നിട്ടുള്ള കൊറോണ ടെസ്റ്റുകളുടെ ദിവസവും ആഴച്ചയും തിരിച്ചുള്ള കണക്കുകള്‍ പുറത്തു വന്നിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വികസിത സാമ്രാജ്യത്വ രാജ്യമാണ് അമേരിക്ക. ഏറ്റവും കുറഞ്ഞ അളവില്‍ ടെസ്റ്റുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ ഒന്നും ഇതേ അമേരിക്കയാണ് എന്നതു ശ്രദ്ധിക്കേണ്ടതാണ്. നിരവധി പേരുകള്‍ മതിയായ ടെസ്റ്റുകള്‍ ചെയ്യാന്‍ വേണ്ടി ദിവസങ്ങളോളം ക്യൂവില്‍ ആണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പോലും പരിശോധന ലഭ്യമാക്കാതെ വീടുകളിലേക്കു തിരിച്ചു അയച്ചു കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ചൈന ഒരുക്കിയിരിക്കുന്നതോ ? ഒരു ആഴ്ചയില്‍ 1.6 മില്ല്യണ്‍ ആളുകളെ ടെസ്റ്റ് ചെയ്യാന്‍ ഉതകുന്ന സംവിധാനങ്ങള്‍ (ലോകാരോഗ്യ സംഘടനയുടെ എസ്റ്റിമേറ്റ് പ്രകാരം). ഇത്രയും വലിയ തോതിലുള്ള ഒരു പ്രതിസന്ധിയെ നേരിടാന്‍ അമേരിക്ക സജ്ജമല്ല എന്നതു വളരെ വ്യക്തമാണ്.
പൊതു ജനാരോഗ്യത്തെക്കാള്‍ വ്യക്തിഗത ലാഭത്തിന് മുന്‍തൂക്കം നല്‍കുന്ന ഒരു ഭരണ സംവിധാനത്തിന്റെ ന്യൂനതയാണിത്. കൊറോണ എന്ന ഭയാനക വൈറസിന്റെ വ്യാപനം അനന്തതയിലേക്ക് നീണ്ടുപോകാന്‍ കാരണമാകുന്നത് ഈ സംവിധാന ന്യൂനത തന്നെ ആയിരിക്കും.
പരിശോധനകള്‍ വേണമെങ്കില്‍ സൗജന്യമായി നല്‍കാം പക്ഷേ ചികില്‍സ സൗജന്യമാക്കാന്‍ സാധ്യമല്ലെന്ന് അമേരിക്കയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരത്തെ തന്നെ വ്യക്തമാക്കികഴിഞ്ഞു. ചികില്‍സ ലഭിക്കില്ലെന്ന് അറിയുന്ന ഒരു രോഗി പിന്നെ ടെസ്റ്റ് ചെയ്യാന്‍ പോകേണ്ട കാര്യമെന്താണ്? ഇത് ഇന്‍ഷുറന്‍സ് ഉള്ള ആളുകളുടെ കാര്യം. കോടിക്കണക്കിന് വരുന്ന ഇന്‍ഷുറന്‍സ് ഇല്ലാത്ത മനുഷ്യര്‍ വസിക്കുന്ന നാട് ആണ് അമേരിക്ക. അവരുടെ കാര്യമോ? ലാഭക്കണക്ക് മാറ്റി വച്ച് ആവശ്യക്കാര്ക്കു വ്യക്തമായ പരിശോധനയും ചികില്‍സയും ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ആശുപത്രികളും നിര്‍ബന്ധിക്കപ്പെടണം. യൂണിവേഴ്‌സല്‍ കവറേജ് ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ ആശുപത്രികളിലെത്താനും പരിശോധനകളക്കും ചികില്‍സക്കും തയ്യാറാവുകയുള്ളൂ. അങ്ങനെ മാത്രമേ ഈ രോഗത്തെ പൂരണമായും തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളൂ.
ഹെല്‍ത്ത്‌കെയര്‍ സംവിധാനങ്ങളുടെ ന്യൂനതകളില്‍ മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. ശമ്പളത്തോട് കൂടിയ സിക്ക് ലീവ് രാഷ്ട്രങ്ങള്‍ ഒരു പോളിസി ആയി തന്നെ സ്വീകരിക്കാതെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ജോലി ഒഴിവാക്കാന്‍ തയ്യാറാവില്ല. അമേരിക്കന്‍ കോണ്ഗ്രസ്സ് ഈ ഘട്ടത്തില്‍ പോലും അത്തരം ഒരു പോളിസി രൂപീകരിക്കുന്നത് ഗൗരവമായി കാണുന്നില്ല. ഇത് മിക്ക തൊഴില്‍ മേഖലകളിലും പ്രത്യേകിച്ച് നിരന്തരമായി benefit നിരകരണത്തിന് വിധേയമാവുന്ന തൊഴില്‍ മേഖലകളിലുള്ളവര്‍ രോഗ വാഹകരായി തുടര്ന്ന് കൊണ്ടേ ഇരിക്കുന്നതിന് കാരണമാവും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു മുന്നറിയിപ്പും കൂടാതെ അവരുടെ വാതിലുകള്‍ അടക്കുകയാണ്. വീടും കുടിയും ഇല്ലാത്ത ഒരു ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളാണ് ന്യൂയോര്‍ക്ക് നഗരത്തില് മാത്രം ഉച്ചയൂണിന് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗജന്യ ഭക്ഷണത്തെ ആശ്രയിക്കുന്നത്. ഈ കുട്ടികള്‍ക്കൊക്കെ ഭക്ഷണം ലഭ്യമാക്കാന്‍ ഉള്ള ബദല്‍ സംവിധാനം ഒരുക്കിയില്ലെങ്കില്‍ രാജ്യം തന്നെ കൊടിയ പട്ടിണിയിലേക്ക്‌പോകുന്ന അവസ്ഥ വരും. ഡോര്‍മീട്ടറികളില്‍ താമസിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ അവ അടച്ചിടുന്നതോടെ വീടുകളിലേക്കു തിരിക്കേണ്ടതായി വന്നിരിക്കുകയാണ്. ഈ വിദ്യാര്‍ഥികളില്‍ ഒട്ടുമുക്കാലും വീട് ഇല്ലാത്തവരും ആണ്.
38 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ഹവാര്‍ഡ് യൂണിവേര്‍സിറ്റി പോലും അത്തരം വിദ്യാര്‍ഥികളോട് റീലൊക്കേഷന്‍ കോസ്റ്റ് കണ്ടെത്താന്‍ ആലുംനി അസ്സോസിയേഷനുകളെയോ മറ്റ് സ്റ്റുഡന്റ് നെറ്റ് വര്‍ക്കുകളെയോ ആശ്രയിച്ചു കൊള്ളാന്‍ അറിയിച്ചിരിക്കുകയാണ്. തിരിച്ചു പോകാന്‍ വീടുകളില്ലാത്ത ലക്ഷങ്ങള്‍ വരുന്ന വിദ്യാര്‍ഥികളെ എന്നത് ചെയ്യും?
ഈ മഹാമാരിയുടെ സമാന്തര വിപത്തുകളുടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ചില ഉദാഹാരണങ്ങള്‍ മാത്രമാണിതെല്ലാം. അനന്തര ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു വിഭാഗമാണ് ജയിലിലെ അന്തേവാസികള്‍. നിറഞ്ഞു കവീഞ്ഞിരിക്കുന്ന അമേരിക്കന്‍ ജയിലുകളില്‍ ആവശ്യത്തിന് സോപ്പുകളോ സാനിറ്റയിസറുകളോ ലഭ്യമല്ല. ലിസ്റ്റുകള്‍ ഒരു പാട് നീണ്ടു പോകുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്നും അമേരിക്കന്‍ ഭരണ കൂടം ചിന്തിച്ചിട്ടു പോലും ഇല്ല എന്നതാണ് വസ്തുത.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ആളുകള്‍ തിങ്ങി പാര്‍ക്കുന്നിടങ്ങളിലേക്ക് ബോംബുകളും മിസൈലുകളും വര്‍ഷിച്ചു മനുഷ്യരെ കൊന്നൊടുക്കുന്നതിനു മല്‍ട്ടി ബില്ല്യണ്‍ ഡോളറുകളുടെ ബട്ജറ്റ് കരുതി വയ്ക്കുന്ന ഒരു ലോക സാമ്പത്തിക ശക്തി മനുഷ്യ വംശത്തിന്റെ നാശത്തിനു തന്നെ കാരണമായേക്കാവുന്ന ഒരു പകര്‍ച്ച വ്യാധിയോട് മുഖം തിരിച്ചു നില്‍ക്കുന്നതു യാദൃശ്ചികമായി സംഭവിക്കുന്നതാവില്ല. ആ രാജ്യത്തെ നയിക്കുന്ന സാമൂഹ്യ വ്യവസ്ഥയ്ക്ക് പൊതുജന്യരോഗ്യത്തോടും മാനവീകതയോടും ഒക്കെ ഉള്ള സ്വാഭാവിക സമീപനമാണത്.
ചൈനയും ക്യൂബയും വിയറ്റ്‌നാമും അടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങളെ നോക്കൂ. അതുമല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിന്‍ കീഴിലുള്ള നമ്മുടെ കൊച്ചു കേരളത്തിലേക്ക് നോക്കൂ. സമീപനത്തിലെ വ്യത്യാസം കാണുന്നില്ലേ ?
ദ്രുതഗതിയില്‍ അമ്പരപ്പിക്കുന്ന നിശ്ചയ ദാര്‍ഢ്യത്തോടെ ആണ് ചൈന ഈ വിപത്തിനെ തുടക്കം മുതല്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.
പരിശോധനകളും ചികില്‍സയും അവിടെ താമസിക്കുന്ന ഓരോ വ്യക്തിക്കും തികച്ചും സൗജന്യമാക്കി. നിലവിലുള്ള ആശുപത്രികള്‍ക്കു നിയന്ത്രിക്കാവുന്നതിനപ്പുറമായിരിക്കും കാര്യങ്ങള്‍ എന്നു കൃത്യമായി മനസ്സിലാക്കി എപ്പിസെന്ററുകളില്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ നിരവധി പുതിയ ആശുപത്രികള്‍ റെക്കോര്ഡ് വേഗത്തില്‍ പണിതു തീര്‍ത്തു. കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആര്‍മിയുടെയും എയര്‍ഫോഴ്‌സിന്റെയും നേവിയുടെയും ഒക്കെ റിസര്‍വില്‍ നിന്നു പോലും ഇറക്കി വിനിയോഗിച്ചു.
വൈദ്യുതി, ഇന്റര്‍നെറ്റ്, ഹീറ്റിങ് സര്‍വീസ് എന്നിവ ഒന്നും പണം അടക്കാത്തത്തിന്റെ പേരില്‍ കട്ട് ചെയ്യാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. അത്യാവശ്യ മെഡിക്കല്‍ സാമഗ്രികളും മറ്റും കൂടുതല്‍ ഉല്‍പാദിപ്പിക്കാന് രാജ്യത്തെ ഉല്‍പ്പാദന ശാലകളെയും മറ്റും സജ്ജമാക്കി.
വീട്ടില്‍ നിന്നു ജോലി ചെയ്യാന്‍ സാധിക്കുന്ന തൊഴിലാളികളെയും മറ്റ് മേഖലകളില്‍ ജോലി എടുക്കുന്നവരെയും ഇത്തരം അത്യാവശ്യ സാമഗ്രികളുടെ ഉല്‍പാദനത്തിനായി വിനിയോഗിച്ചു. ഓരോ തൊഴിലാളിക്കും അവരുടെ വേതനം നിലനിര്‍ത്തി പോകാന്‍ ആയി എന്നത് മാത്രമല്ല, ഈ അവശ്യസാധാനങ്ങളുടെ ലഭ്യത എല്ലാ സമയത്തും ലഭ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞു.
ജനങ്ങളെക്കൊണ്ട് സാമൂഹ്യ അകലം പരിപാലിപ്പിച്ചും, വൈറസ് ബാധിതരെ കേന്ദ്രീകൃത ക്വാറന്റൈനിന് വിധേയമാക്കിയും മാരകമായി വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട എപ്പിസെന്ററുകളെ മുഴുവന്‍ വൈറസ് വിമുക്തമാക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു.
പൊതുജന്യരോഗ്യത്തെയും മാനവികതയെയും മുന്‍ നിര്‍ത്തി കാര്യങ്ങള്‍ ചെയ്യാന്‍ ചൈനയെ പ്രേരിപ്പിച്ച അതേ അടിസ്ഥാന ആശയ മൂല്യങ്ങളെ മുന്‍ നിര്‍ത്തിയാണ് കേരള സര്‍ക്കാരും കാര്യങ്ങളെ സമീപിച്ചതും മൈക്രോ ലെവല്‍ പ്ലാനിംഗ് നടത്തിയതും.
യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ചൈനയെക്കാള്‍ കൂടുതല്‍ സമയം മറ്റെല്ലാ രാജ്യങ്ങള്‍ക്കും ലഭിച്ചിരുന്നു. ദുഖകരമെന്ന് പറയട്ടെ, പല രാജ്യങ്ങളും ഇതെല്ലാം പാടെ തമസ്‌കരിച്ചു. മാത്രമല്ല തങ്ങള്‍ക്ക് ലഭിച്ച വിലപ്പെട്ട ആഴ്ചകള്‍ അവര്‍ വിനിയോഗിച്ചത് ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ആയിരുന്നു. കഠിന കര്‍ശന നിയന്ത്രണങ്ങള്‍, അടിച്ചേല്‍പ്പിക്കുന്ന അധികാര ഭ്രാന്ത് എന്നൊക്കെ അവര്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. . ചൈന എടുത്ത ഈ നടപടികളില്‍ നിന്നു എന്തെല്ലാം തങ്ങള്‍ക്കും ഉള്‍ക്കൊള്ളാം എന്നു നോക്കാതെ ചര്‍ച്ചകള്‍ മുഴുവന്‍ ചൈനയുടെ സാമ്പത്തിക അടിത്തറ ഇലകാന്‍ പോകുന്നതിനെ കുറിച്ചും മറ്റുമായിരുന്നു. അതു പ്രതീക്ഷിച്ചത് തന്നെയാണ്.
ഭാവനാ വിലാസത്തില്‍ പോലും സഹകരണത്തിന്റെയും സഹവര്‍ത്തിത്തന്റെയും മുകളില്‍ സാമ്രാജ്യത്വ ശക്തികള്‍ മുന്‍ഗണന നല്‍കുന്നത് കഴുത്തറുപ്പിനു തന്നെ ആയിരിക്കും. ദുഖകരമായ അവസ്ഥ എന്താണെന്നു വച്ചാല്‍ ഈ പ്രതിസന്ധിയെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന ഭരണകൂടമോ അതിന്റെ തലപ്പത്തു ഇരിക്കുന്നവരോ അല്ല ദുരവസ്ഥ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അതിനൂതന മെഡിക്കല്‍ കെയര്‍ ഇവര്‍ക്കെല്ലാം ലഭ്യമാവുകയും ചെയ്യും. പാവപ്പെട്ടവരും തൊഴിലാളികളും ആണ് ദൂരന്തങ്ങള്‍ മുഴുവന്‍ പേറേണ്ടി വരുന്നത്.
കൊറോണ വൈറസ് ബാധ വെളിച്ചത്തു കൊണ്ട് വരുന്നത് രണ്ടു സാമ്പത്തികതത്ത്വശാസ്ത്രങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ഭരണ വ്യവസ്ഥകളുടെ യഥാര്‍ഥ നിറമാണ്. ഒന്ന് മനുഷ്യരാശിക്കും ആരോഗ്യത്തിനും മുന്‍ഗണന കൊടുക്കുമ്പോള്‍ മറ്റേത് മരണത്തില്‍ പോലും ലാഭത്തിന്റെ സാധ്യതകള്‍ തേടുകയാണ്.
ആ ലാഭക്കൊതിയുടെ ഭവിഷ്യത്തുകള്‍ എത്ര മനുഷ്യ ജീവനുകളാണ് കവര്‍ന്നെടുക്കാന്‍ പോകുന്നതെന്ന് വരും ദിനങ്ങളില്‍ അറിയാന്‍ ഇരിക്കുന്നതേയുള്ളൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..