26 April Friday

ബെന്യാമിന്‍ 'പശുജീവിതം' എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി പൂജിക്കുമായിരുന്നു: എന്‍ എസ് മാധവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

പശുജീവിതമാണ് ബെന്യാമിന്‍ എഴുതിയിരുന്നെങ്കില്‍ മേജര്‍ രവി അദ്ദേഹത്തെ പൂജിക്കുമായിരുന്നെന്ന് പ്രമുഖ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. ബെന്യാമിന്‍ ആരാണെന്നറിയില്ലെന്ന് കഴിഞ്ഞദിവസം മേജര്‍ രവി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്.

സംവിധായകന്‍ മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണു മോഹന്‍ലാലെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രതികരിച്ചിരുന്നു. ഇതിനുമറുപടിയായാണ് ആരാണീ ബെന്യാമിന്‍ ? എന്ന മറുചോദ്യം മേജര്‍ രവി ഉന്നയിച്ചത്.

കോട്ടയം പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ബെന്യാമിന്‍, മേജര്‍ രവിക്കെതിരെ പ്രതികരിച്ചത്. മേജര്‍ രവി വ്യാജ ആശയനിര്‍മിതിയുടെ ആളായി മാറിയിരിക്കുകയാണ്. മേജര്‍ രവിയുടെ വാക്ക് കേട്ടു പ്രവര്‍ത്തിക്കുന്ന നടന്‍ മോഹന്‍ലാല്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അതിനാലാണു മോഹന്‍ലാലില്‍നിന്ന് ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാകുന്നത്. അഴിമതിയെക്കാള്‍ അപകടം വര്‍ഗീയതയാണെന്നും അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ചെറുത്തുനില്‍പ്പിനെതിരായി മോഹന്‍ലാല്‍ എഴുതിയ ബ്ളോഗിനെയും ബെന്യാമിന്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മേജര്‍രവിക്കെതിരെ വിമര്‍ശനം ഉണ്ടായത്.

ബെന്യാമിന്‍ ആരാണെന്ന് പോലും എനിക്കറിയില്ല. മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൌഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നുമായിരുന്നു മേജര്‍ രവിയുടെ പ്രതികരണം.

പ്രവാസലോകത്തെ വ്യത്യസ്ത അനുഭവം അവതരിപ്പിച്ച ബെന്യനന്റെ 'ആടുജീവിതം' എന്ന നോവല്‍ സമീപകാലത്ത് ഒരുപാട് ചര്‍ച്ചചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top