25 April Thursday
തിരുത്ത് നല്‍കണം

എംപി ഫണ്ട് വിനിയോഗം മനോരമ വാര്‍ത്ത പ്രത്യേക താത്പര്യപ്രകാരം : എം ബി രാജേഷ് എംപി

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016

പാലക്കാട് > എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യാഴാഴ്ച മനോരമയില്‍ പ്രസിസിദ്ധീകരിച്ച  വാര്‍ത്ത തെറ്റിദ്ധാരണയുളവാക്കുന്നതാണെന്നും വാര്‍ത്ത പ്രത്യേക താത്പര്യപ്രകാരം സൃഷ്ടിച്ചതാണെന്നും ചൂണ്ടിക്കാട്ടി എംബി രാജേഷ് എംപി.

എംപിയുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് വിലയിരുത്തുന്നത് മനസ്സിലാക്കാം. ഓരോ മാസവും പുതുക്കുന്നതനുസരിച്ച് മാറി വരുന്ന വിനിയോഗ കണക്കില്‍ തങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ളയാള്‍ മുന്നില്‍ വരുന്ന പ്രത്യേക ഘട്ടത്തില്‍ മാത്രം വാര്‍ത്ത കൊടുക്കുകയും മറ്റുള്ളവരൊന്നും ഫണ്ട് വിനിയോഗിച്ചില്ല എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും മര്യാദയല്ല.

മേയ് 31 ലെ കണക്കനുസരിച്ച് എന്‍റെ ഫണ്ടില്‍ അനുവദിച്ച അഞ്ചു കോടിയില്‍ ചെലവഴിച്ചത് 81 ശതമാനമാണ്. എന്നാല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പുതുക്കാത്തത് കാരണം 33.45 ശതമാനം എന്ന തെറ്റായ കണക്ക് അതുപോലെ മനോരമ നല്‍കുകയായിരുന്നു. പിന്നീട് ജൂണില്‍ 2.5 കോടി രൂപ കൂടി അനുവദിച്ചതോടെ 81 ശതമാനം 53.78 ശതമാനം ആയി സ്വാഭാവികമായും കുറഞ്ഞു. ഇത് വരെ 9.45 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രവൃത്തി പൂര്തിയായാലും സാങ്കേതിക തടസ്സങ്ങളാല്‍ ബില്ലുകള്‍ മാറിയില്ലെങ്കില്‍ അത് പൂര്‍ത്തിയായ പ്രവൃത്തികളുടെ കണക്കില്‍ വരില്ലെന്ന് കൂടി അറിയണം. ഇന്ന് വെബ്സൈറ്റില്‍ പുതുക്കിയ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. പുതുക്കിയ കണക്കനുസരിച്ച് ശ്രീ.ആന്റോ ആന്റണിയുടെ 93.37% വാര്‍ത്ത വന്ന ഈ ദിവസം തന്നെ 70.03% ആയി കുറയുകയും മറ്റ് പലരുടെയും കൂടുകയും ചെയ്തിട്ടുണ്ട് എന്ന് കാണാം. എല്ലാ മാസവും ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് പുതുക്കുകയും അധിക ഗടു വരുന്ന മുറക്ക് ഫണ്ട് വിനിയോഗത്തിന്റെ ശതമാനം കുറയുകയും ചെയ്യും. ഇന്നലത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്ത കൊടുത്ത മനോരമ ഇന്നത്തെ പുതുക്കിയ കണക്കിന്റെ കൂടി അടിസ്ഥാനത്തില്‍ തിരുത്തല്‍ കൊടുക്കാന്‍ തയ്യാറാവണമെന്നും എംബി രാജേഷ് ആവശ്യപെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷിന്റെ പ്രതികരണം. എംപി ഫണ്ട് വിനിയോഗത്തില്‍ ആന്റോ ആന്റണി എംപി മുന്‍പന്തിയിലാണെന്നും ഇടതു എംപിമാര്‍ പിന്നിലാണെന്നും കാട്ടിയായിരുന്നു മനോരമയുടെ വ്യാജവാര്‍ത്ത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top