12 June Wednesday

എങ്കില്‍ ആ കുറിപ്പു ഹാജരാക്കൂ; മനോരമ വാര്‍ത്ത പച്ചക്കള്ളം, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമോ, ഉദ്ദേശമോ ഇല്ല: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

കൊച്ചി > സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചതായുള്ള മനോരമ വാര്‍ത്ത പച്ചക്കള്ളമെന്ന് മന്ത്രി തോമസ് ഐസക്. വാര്‍ത്തയെ ന്യായീകരിച്ച് ലേഖകന്‍ പത്രത്തിലെ എഡിറ്റ് പേജില്‍ നല്‍കിയ കുറിപ്പിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി.

ഫയലില്‍ അല്ല ധനവകുപ്പ് സെക്രട്ടറിയുടെ കുറിപ്പിലാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വെള്ളിയാഴ്ച മനോരമ വാദം നിരത്തിയത്. എന്നാല്‍ ആ കുറിപ്പ് ഇനിയെങ്കിലും തന്നെയൊന്നു കാണിക്കാനുള്ള ഔദാര്യമുണ്ടാകണമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. കുറിപ്പ് കാണാന്‍ അതിയായ ആഗ്രഹമുണ്ട്.. ബജറ്റിന്റെ പണികള്‍ തുടങ്ങാറായി. അതിനു വേണ്ടിതയ്യാറാക്കിയ ശുപാര്‍ശ മന്ത്രി കാണേണ്ടതല്ലേ. തന്നെയൊന്നു സഹായിക്കൂ ഐസക് പരിഹസിച്ചു.

മനോരമയുടെ വാര്‍ത്ത നിഷേധിച്ചതിന്റെ നാള്‍വഴിയും സമയക്രമവുമൊക്കെ ലേഖകന്‍ പരത്തി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാര്‍ത്തയോട് അദ്ദേഹം ആഗ്രഹിക്കുന്ന സമയത്ത് പ്രതികരിച്ചിരിക്കണം എന്ന വാശിയൊക്കെ നല്ലതു തന്നെ. പക്ഷേ, വിശദീകരണം എപ്പോള്‍ നല്‍കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം അദ്ദേഹം എനിക്കുഅനുവദിക്കണം ഐസക് പറഞ്ഞു.

പെന്‍ഷന്‍ പ്രായം സംബന്ധിച്ച് മനോരമ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചത്. ആ വാര്‍ത്ത പിന്‍വലിക്കണം. ഇന്നു പ്രസിദ്ധീകരിച്ചതുപോലുള്ള തൊടുന്യായങ്ങള്‍ ലേഖകനെയും പത്രത്തെയും കൂടുതല്‍ പരിഹാസ്യരാക്കുകയേ ഉള്ളൂ.പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമോ, വര്‍ദ്ധിപ്പിക്കാനുള്ള ഉദ്ദേശമോ സര്‍ക്കാരിനില്ല ഐസക് വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

പെന്‍ഷൻ പ്രായ വ‍ര്‍ദ്ധന സംബന്ധിച്ച മനോരമാവാ‍ര്‍ത്തയ്ക്കെതിരെയുള്ള എന്റെ വിമര്‍ശനങ്ങളോട് വിചിത്രമായ പ്രതികരണവുമായി ലേഖകന്‍ എത്തിയിട്ടുണ്ട്. എഡിറ്റ് പേജിലാണ് ഇത്തവണ പ്രതികരണം. വീണേടത്തു കിടന്ന് ഉരുളല്‍ ഒരു എഡിറ്റോറിയൽ അടവായി വികസിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നു.

ഈ വിഷയത്തില്‍ എന്‍റെ ആദ്യ വിശദീകരണം ഉള്‍പ്പേജിലെ മൂലയ്ക്കൊതുക്കി തടിതപ്പാനായിരുന്നു മനോരമ കഴിഞ്ഞ ദിവസം ശ്രമിച്ചത്. ഒരുപക്ഷേ, സോഷ്യല്‍ മീഡിയയുടെ ജാഗ്രതയാകാം, അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവിലേയ്ക്ക് അവരെ എത്തിച്ചത്. അങ്ങനെ പത്രത്തിലെ ഏതോ മൂലയിൽ നിന്ന് വിഷയം എഡിറ്റ് പേജിലെത്തി. അടുത്ത ഘട്ടത്തിൽ ആസ്ഥാനവിദൂഷകരെയും അരങ്ങിൽ പ്രതീക്ഷിക്കുന്നു.

മനോരമയുടെ ചുമതലക്കാരെ ഒരിക്കല്‍ക്കൂടി പ്രശ്നം ഓര്‍മ്മിപ്പിക്കാം. പെൻഷൻ പ്രായം ഉയർത്തണമെന്ന വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിയ്ക്ക് ഫയൽ കൈമാറി എന്നാണ് ഇതേ ലേഖകന്‍ ഡിസംബർ 13ന് മനോരമയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ആ ഫയലിന്‍റെ നമ്പരെങ്കിലും വെളിപ്പെടുത്തണമെന്നായിരുന്നു ആവര്‍ത്തിച്ചുള്ള എന്റെ അഭ്യര്‍ത്ഥന.
ഇല്ലാത്ത ഫയലിന് നമ്പരുണ്ടാവില്ലല്ലോ. പിടിവീണപ്പോൾ പുതിയ അടവെടുക്കുന്നു. ഫയലിലല്ല, ബജറ്റു നിര്‍ദ്ദേശങ്ങളിലാണത്രേ ശുപാര്‍ശ.

ലേഖകന്‍റെ വാക്കുകള്‍ കേള്‍ക്കൂ 'ഫയല്‍ രൂപത്തിലല്ല ഇതു മന്ത്രിയുടെ ഓഫീസിലേയ്ക്കു പോകുന്നത്. ധനവകുപ്പു സെക്രട്ടറി കുറിപ്പായി ഇതു കൈമാറുകയേഉള്ളൂ. അതിനാല്‍ ഫയൽ നമ്പർ ഇടുകയില്ല'.

സഹോദരാ, ഏതു ധനകാര്യ സെക്രട്ടറി നല്‍കിയ കുറിപ്പിനെ സംബന്ധിച്ചാണ് താങ്കൾ പറയുന്നത്? മനോജ് ജോഷി ഐഎഎസാണ് ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി. അദ്ദേഹം ഇങ്ങനെയൊരു കുറിപ്പു തയ്യാറാക്കുകയോ കാണുകയോ ചെയ്തിട്ടില്ല.. ഇനി, കേരളസംസ്ഥാനത്തെ ധനസെക്രട്ടറിയെക്കുറിച്ചു തന്നെയാണോ താങ്കള്‍ പറയുന്നത്? അതോ മറ്റേതെങ്കിലും സംസ്ഥാനത്തെയോ? ഇത്രയുമായ സ്ഥിതിയ്ക്ക് നാളെ അങ്ങനെയൊരു വിശദീകരണവുമായി ഇറങ്ങിയാലും അത്ഭുതമില്ല.

ഏതെങ്കിലും ഒരു ഉറവിടത്തെ ആശ്രയിച്ചായിരിക്കുമല്ലോ ഈ വാർത്ത. ആ വാർത്താ ഉറവിടത്തെ ദയവായി ഇനി വിശ്വസിക്കരുത്. ഒന്നാം പേജിൽ ബൈലൈൻ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാൻ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളിൽ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്. മാത്രമല്ല, സെക്രട്ടേറിയറ്റിലെ നടപടിക്രമങ്ങൾ ലേഖകൻ മനസിരുത്തി പഠിക്കുകയും വേണം. നയ നിര്‍ദ്ദേശങ്ങൾ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും, അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യ മന്ത്രിക്കു നല്‍കുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തതുകൊണ്ടാണ്. ഈ വക കാര്യങ്ങളിൽ ലേഖകനൊരു പരിശീലനം സംഘടിപ്പിച്ചു കൊടുക്കാൻ മനോരമ തയ്യാറാകണം.

അദ്ദേഹത്തിനു മുന്നിൽ ഒരപേക്ഷ സമർപ്പിക്കുന്നു. താങ്കള്‍ പറയുന്ന കുറിപ്പ് ഇനിയെങ്കിലും എന്നെയൊന്നു കാണിക്കാനുള്ള ഔദാര്യമുണ്ടാകണം. അതു കാണാന്‍ അതിയായ ആഗ്രഹമുണ്ട്. ബജറ്റിന്റെ പണികള്‍ തുടങ്ങാറായി. അതിനു വേണ്ടിതയ്യാറാക്കിയ ശുപാര്‍ശ മന്ത്രി കാണേണ്ടതല്ലേ. എന്നെയൊന്നു സഹായിക്കൂ..

മനോരമയുടെ വാര്‍ത്ത നിഷേധിച്ചതിന്റെനാള്‍വഴിയും സമയക്രമവുമൊക്കെ ലേഖകന്‍ പരത്തി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വാര്‍ത്തയോട് അദ്ദേഹം ആഗ്രഹിക്കുന്ന സമയത്ത് പ്രതികരിച്ചിരിക്കണം എന്ന വാശിയൊക്കെ നല്ലതു തന്നെ. പക്ഷേ, വിശദീകരണം എപ്പോള്‍ നല്‍കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കുഅനുവദിക്കണം.

അവസാനമായി പറയട്ടെ, ഏതു വാര്‍ത്തയും വസ്തുതാപരമാകണം. ഡിസംബര്‍ 13ന് പെന്‍ഷന്‍ പ്രായം സംബന്ധിച്ച് മനോരമ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചത്. ആ വാര്‍ത്ത പിന്‍വലിക്കണം. ഇന്നു പ്രസിദ്ധീകരിച്ചതുപോലുള്ള തൊടുന്യായങ്ങള്‍ ലേഖകനെയും പത്രത്തെയും കൂടുതൽ പരിഹാസ്യരാക്കുകയേ ഉള്ളൂ.

ഇപ്പോഴും പരാതി, പെൻഷൻ പ്രായം പിൻവലിക്കണമെന്ന നിർദ്ദേശമില്ലെന്നേ പറയുന്നുള്ളൂ എന്നാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന നിർദ്ദേശമോ, വർദ്ധിപ്പിക്കാനുള്ള ഉദ്ദേശമോ സർക്കാരിനില്ല. തൃപ്തിയായോ? 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top