29 September Friday

'രക്തത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ അവര്‍ മാറി മാറി പണി തുടരുകയായിരുന്നു'

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

എസ്എഫ്‌ഐ പ്രവര്‍ത്തകനായതുകൊണ്ട് എബിവിപി-ബിജെപി ക്രിമിനല്‍ സംഘം ജീവിതം തകര്‍ത്ത അനേകം പേരിലൊരാളാണ് തിരുവന്തപുരം സ്വദേശി ഗോകുല്‍ രത്‌നാകര്‍. സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് വീല്‍ചെയറിലാണ് ഗോകുലിന്റെ ജീവിതം. ഇപ്പോള്‍ അക്രമരാഷ്ട്രീയത്തിനെതിരെ എന്ന പേരില്‍ എസ്എഫ്‌ഐക്കെതിരെ പ്രചരണം നടത്തുന്ന മാധ്യമങ്ങള്‍ക്കും സംഘപരിവാറിനും കോണ്‍ഗ്രസിനും തന്റെ ഭൂതകാലം ഓര്‍മ്മപ്പെടുത്തുകയാണ് ഗോകുല്‍.

ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

പ്ലസ് ടുവിനു പഠിയ്ക്കുമ്പോള്‍ കരണകുറ്റിയ്ക്കു ഒരിയ്ക്കല്‍ ആഞ്ഞൊരടി കിട്ടിയിട്ടുണ്ട്. പൊന്നീച്ച പറന്നെന്നു പറഞ്ഞാല്‍ എന്താണെന്നു അന്നറിഞ്ഞു. സ്‌കൂളില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് തുടങ്ങാന്‍ പ്ലാനിടുന്നു എന്നതായിരുന്നു കാരണം.. എബിവിപി യൂണിറ് മാത്രമേ അന്നവിടെ ഉണ്ടായിരുന്നുള്ളൂ . ഉച്ചഭക്ഷണത്തിനു ശേഷം സ്‌കൂളിനു മുന്നിലുള്ള ബാപ്പുജി ഗ്രന്ഥശാലയില്‍ പത്രം വായിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നും വിളിച്ചിറക്കിയാണ് അടിച്ചത്.. അന്നൊരു 16 വയസ്സാണുണ്ടായിരുന്നത്. സ്‌കൂളിലെ എബിവിപി സംഘം വിളിച്ചുകൊണ്ടു വന്നതാണ്. മുപ്പതിലേറെ വയസ്സു പ്രായം വരുന്ന ഒരുത്തന്‍.കൂടെ വേറെയും രണ്ടു-മൂന്നു പേര്‍. ഇപ്പോഴും ഇടയ്ക്കിടക്ക് ഈ ഭാഗത്തൊക്കെ കാണാറുണ്ട്. ബിജെപി നേതാവാണ്. സ്‌കൂളില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടായിട്ടേയില്.ല ആ കാളപോലെ ശരീരം വളര്‍ന്നവന് വന്നടിയ്ക്കാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ല..

തീര്‍ന്നില്ല 2004ലാണ് അടുത്ത അനുഭവം. അന്നു ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിയ്ക്കുകയാണ്. പട്ടത്തു സെന്റ് മേരിസ് സ്‌കൂളിനു സമീപം ഇന്നത്തെ ഇന്‍ഡസ് മോട്ടോഴ്സ് ബില്‍ഡിങ്ങിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. അന്നവിടെ കെട്ടിടം പണി നടക്കുന്നുണ്ട്. ഒരു സുഹൃത്തുമുണ്ടു കൂടെ. തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ കുറേ കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നു അറിഞ്ഞതേയില്ല. എതിര്‍ സൈഡില്‍ ആറേഴു ബൈക്കുകള്‍ വന്നു നിന്നു.. കുറേയാള്‍ക്കാര്‍ ആയുധങ്ങളുമായി ഓടിയടുത്തു. ഒന്നും മനസ്സിലായില്ല. അപകടം മണത്ത ഉടനെ ഒന്നോടാന്‍ ശ്രമിച്ചു. കൂടെ നിന്നവന്റെ തലയ്ക്കായിരുന്നു പൈപ്പുകൊണ്ടുള്ള ആദ്യത്തെ അടി. രക്തം കുതിച്ചു ചാടി. അതുകണ്ടതും പിന്നെ ഓടാനും പറ്റിയില്ല. പത്തിലേറെപ്പേരുണ്ടായിരുന്നു. മൂന്നുനാലടികള്‍ തലയ്ക്ക്..പച്ചിരുമ്പ് ചോരതെറിപ്പിച്ചുകൊണ്ടു ശരീരത്തില്‍ ആഞ്ഞാഞ്ഞു പതിച്ചു. കയ്യിലും, തോളിലും വെട്ടുകള്‍. ..വീണു കിടക്കുന്ന എന്റെ വലത്തേക്കാലിന്റെ കുഴി ഞരമ്പിനെ മുറിച്ചുകൊണ്ട് മൂര്‍ച്ചയുള്ള മുനയുള്ള ആയുധം കുത്തിക്കയറ്റി. രക്തത്തില്‍ കുളിച്ചു കിടക്കുമ്പോള്‍ അവര്‍ മാറി മാറി പണി തുടരുകയായിരുന്നു. യാദൃശ്ചികമായി അതുവഴി മെഡിക്കല്‍ കോളേജ് സിഐ വന്നതുകൊണ്ടു ജീവന്‍ തിരിച്ചു കിട്ടി.ഒരാളെ കയ്യോടെ പിടിച്ചു. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. തലയോട്ടിയില്‍ മൂന്നു പൊട്ടലുകള്‍.തലയില്‍ മൊത്തം പന്ത്രണ്ടു സ്റ്റിച്ചുകള്‍. കാലില്‍ അടിയന്തിര സര്‍ജറി. ഒരു കാലില്‍ ഫുള്‍ പ്ലാസ്റ്ററുമായി ആറുമാസങ്ങള്‍. .

ത്യാഗപൂര്‍ണ്ണമായ ഭൂതകാലം തള്ളിയതൊന്നുമല്ല. ഇപ്പോള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നതിനെ ന്യായീകരിയ്ക്കാന്‍ വേണ്ടി പറയുന്നതുമല്ല. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ മുഴുവന്‍ കാരണവും എസ്എഫ്‌ഐ ആണെന്നു പറയുന്നതൊക്കെ കേട്ടപ്പോള്‍ ഓര്‍ത്തു പോയതാണ്. അന്നു എംജി കോളേജില്‍ പഠിയ്ക്കുന്നവരുടെ കയ്യിലെവിടുന്നാ ആയുധമെന്നൊന്നും ആരും ചോദിക്കുന്നതു കേട്ടില്ല. ദേശാഭിമാനി പത്രത്തില്‍ വാര്‍ത്തയുണ്ടായിരുന്നു, കൈരളി ചാനലിലും. മറ്റൊരിടത്തും അതു വര്‍ത്തപോലുമായില്ല(ഇന്നൊന്നു തപ്പിയപ്പോള്‍ ഹിന്ദു പത്രത്തില്‍ വന്നൊരു വാര്‍ത്തയും കണ്ടു).
അന്നു കോളേജിലെ പ്രധാനപ്പെട്ട എസ്എഫ്‌ഐക്കാരുടെ ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള വീടുകള്‍ ഒരേ സമയം ആക്രമിക്കപ്പെട്ടു.
********************************************
അന്നു വെട്ടിയവരൊക്കെ നാളെ അക്രമരാഷ്ട്രീയത്തിനെതിരെ യുവമോര്‍ച്ച നടത്തുന്ന യൂണിവേഴ്‌സിറ്റി കോളേജ് മാര്‍ച്ചിലും പങ്കെടുക്കുമായിരിക്കും എന്നതാണ് ആകെയൊരാശ്വാസം.

ഒരു പ്രശ്‌നം തീരണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണങ്ങളെ കണ്ടെത്തി പരിഹരിക്കണം. ഇപ്പോള്‍ നടക്കുന്നതു അങ്ങനെ ഒരു ചര്‍ച്ചയല്ല. സദുദ്ദേശപരവുമല്ല. ഇതിന്റെ ഫലമായി നമുക്കിഷ്ടമില്ലാത്തവരെ പത്തു കുറ്റം പറഞ്ഞു രോഷമൊടുക്കാം എന്നല്ലാതെ മറ്റൊന്നുമുണ്ടാകാന്‍ പോകുന്നില്ല.ഓര്‍ക്കുക കേരളത്തിലെ ക്യാമ്പസുകളില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ കൊന്നുതള്ളിയവര്‍ കെഎസ്‌യുക്കാരാണ്. അതുകഴിഞ്ഞാല്‍ അതു എബിവിപിയും, എംഎസ്എഫും, പോപ്പുലര്‍ ഫ്രന്റുമൊക്കെയാണ്. കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസില്‍ എസ്എഫ്‌ഐക്കാരുടെ കയ്യാല്‍ കൊല്ലപ്പെട്ട ഒരാളെ കാട്ടിത്തരാന്‍ പറ്റുമോ ഗുയ്‌സ്? 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top