28 March Tuesday

നാവിറങ്ങിപോയ മാധ്യമങ്ങളെ, നിങ്ങളുടെ നീതിയും പാലും പഴവും കഴിച്ചിട്ടല്ല എസ്എഫ്ഐ ഹൃദയപക്ഷമായത് : ജെയ്‌ക്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2017

ഒരു കൈ കൊണ്ട് പൊരുതി ജീവിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ആ കരമങ്ങു അറത്തു മാറ്റിയ ഗാന്ധി ശിഷ്യരുടെ സ്പോണ്‍സേര്‍ഡ് കൊട്ടെഷന്‍ ക്രൂരതയ്ക്ക് മുന്‍പില്‍ മാത്രം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക്  നാവിറങ്ങിയും, കണ്ണടഞ്ഞും പോയിരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്. ഒരാള്‍ക്ക് മുഖത്തൊരു പ്രഹരമേറ്റപ്പോഴും,മറ്റൊരു യുവാവിന് യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ വെച്ച് മര്‍ദ്ദനമേറ്റപ്പോഴും,ജില്ലാ ഹര്‍ത്താല്‍ നടത്തിയവര്‍, ദിവസങ്ങള്‍ നീണ്ട ഇഴകീറി മുറിച്ചുള്ള വിചാരണ നടത്തിയവരും തുടങ്ങി ജനാധിപത്യ-ആക്രമണ രഹിത ട്യൂഷന്‍ ക്ളാസുകള്‍ വരെ നടത്തിയവര്‍. പക്ഷെ നിങ്ങളുടെ ഓഡിറ്റിംഗ് നീതി ഞങ്ങള്‍ക്കും വേണമെന്നൊരു അപേക്ഷയും ഇല്ല,ഒരു കാലത്തും മുഖ്യധാരാ മാധ്യമങ്ങളുടെ പാലും,പഴവും കഴിച്ചിട്ടായിരുന്നില്ല എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളുടെ ഹൃദയപക്ഷമായതെന്നും ജെയ്‌ക് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു.

സെലെക്ടിവ് നീതിയുടെ മാധ്യമ (അ)ധര്‍മങ്ങള്‍ ..!

ലൈബ്രറി സയന്‍സ് പഠിക്കുന്നൊരു വിദ്യാര്‍ത്ഥി,ഉണ്ടായിരുന്ന ഒരു കൈ കൊണ്ട് മാത്രം പുസ്തകങ്ങളുടെ ലോകത്തു വിഹരിച്ചു നടന്ന സച്ചുവിന്റെ ആസ്പ്ത്രി കിടക്കയില്‍ നിന്നും നീണ്ടു വന്നു ചോദ്യം
'എങ്ങനെയാണ് ഇനിയൊന്നു പുസ്തകം നിവര്‍ത്തി പിടിച്ചു വായിക്കുക..!'

ഒരു കരത്തിന് ശേഷി നഷ്ടപ്പെട്ട്,മറു കരം കൊണ്ട് മാത്രം പഠിച്ചും,പരീക്ഷ എഴുതിയും ഭാവി നെയ്ത ഒരു വിദ്യാര്‍ത്ഥി.ശേഷിയുടെ കോളം പരിശോധിച്ചാല്‍ ഭിന്നശേഷിക്കാരന്‍ എന്നടയാളം വെയ്ക്കേണ്ടവന്‍.ഒഴിഞ്ഞ കള്ളികളില്‍ ജാതിയുടെ പേര്‍ നിറയ്ക്കാന്‍ എഴുതിച്ചേര്‍ക്കേണ്ടി വരിക പട്ടികജാതി എന്നും.ദാരിദ്രത്തെയും,സാമൂഹിക അടിച്ചമര്‍ത്തലുകളുടെ നീണ്ട പട്ടികയെയും തരണം ചെയ്തു സര്‍വകലാശാല ക്യാമ്പസ്സില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥി.

അരികില്‍ നിര്‍ത്തിയിട്ട കാറിന്റെ അടഞ്ഞ ഡിക്കിയില്‍ നിന്നുമാണ് പ്രഫഷണല്‍ കൊലപാതകങ്ങളെ തോല്‍പ്പിക്കും വിധം,വലതു കരം മാത്രം ജീവിതാശ്രയമാക്കിയ സച്ചു സദാനന്ദന്റെ കൈ വെട്ടിയെടുക്കാന്‍ പാകത്തില്‍ അരുണ്‍ ഗോപന്റെ (കണ്ണൂരില്‍ ഇടതുപക്ഷ പ്രവര്‍ത്തകനായ ഷാജിയെ കൊലപ്പെടുത്തിയ കേസില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന,കാസര്‍ഗോഡ് കഴുത്തറുത്തു നടത്തിയ കൊലപാതക കേസിലുള്‍പ്പടെ 29 കവര്‍ച്ച-കൊലപാതക കേസുകളില്‍ മാത്രം പ്രതി) കൊട്ടെഷന്‍ സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിം അലക്സിന്റെ നേതൃത്വത്തില്‍ നരനായാട്ട് നടത്തിയത് .എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കൂടിയായ അരുണിന്റേയും, അറുത്തെടുക്കാന്‍ ശ്രമിച്ചത് പേനയെടുക്കാനും,മുദ്രാവാക്യം വിളിക്കാനുമുയര്‍ത്തുന്ന അതെ കരങ്ങള്‍ തന്നെയായിരുന്നു എന്നത് യാദൃശ്ചികം എന്ന് ചുരുക്കിയെഴുത്തില്‍ ഒതുക്കാവുന്നതല്ല .

എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആയതുകൊണ്ട് എന്തെങ്കിലുമൊരു അനൂകൂല്യം മാധ്യമങ്ങളില്‍ നിന്നോ,സമൂഹത്തില്‍ നിന്നോ അധികമായിയൊന്നു ആവശ്യപെട്ടിട്ടുമില്ല,പെടുന്നുമില്ല.പക്ഷേ അറവുകാരന്റെ ദയാരഹിതമായ കഠാരതലപ്പുകള്‍ക്കു സമീപകാല ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം,ഇരകളാക്കപ്പെടുകയും,അതുവഴി ജീവിതം തന്നെ തകര്‍ത്തെറിയപ്പെടുകയും ചെയ്യുമ്പോഴും നമ്മുടെ മാധ്യമ മുഖ്യധാരകളും,പ്രതികരണ ആക്ടിവിസ്റ്റുകളും പുലരുത്തുന്ന നിശബ്ദതയും,ആ നിഷ്പക്ഷതയും മാന്യതയുടെ അനര്‍ഹമായ അതിര്‍വരമ്പുകളിലെങ്കിലും,ഓര്‍മ്മിപ്പിക്കുന്നത് ഡെസ്മണ്ട് ടുട്ടുവിനെയാണ്.

ഉറുമ്പിന്റെ തലയ്ക്കു മേല്‍ ചവിട്ടുന്ന ആനയുടെ സംഘര്‍ഷ രംഗത്തില്‍ നിങ്ങള്‍ നിഷ്പക്ഷന്‍ ആണെന്നാണ് പുലമ്പുന്നതെങ്കില്‍ നിങ്ങള്‍ നിര്‍ദ്ദയമാവിധം വേട്ടക്കാരന്റെ പക്ഷത്താണ് എന്ന് ആഫ്രിക്കന്‍ ബിഷപ്പ് കൂടിയായ ടുട്ടു ക്രാന്തദര്‍ശിത്വത്തോടെ വിളിച്ചു പറഞ്ഞത് ഒട്ടൊന്നു നന്നായി തന്നെ നമ്മുടെ മാധ്യമങ്ങള്‍ക്കു ചേരുന്നതാണ്.

മര്‍ദ്ദനമേല്‍ക്കുന്നത് യൂണിവേഴ്സിറ്റി കോളേജിലായാലും,ജെ.എന്‍.യുവില്‍ ആയാലും ഒരേപോലെ ഒഴിവാക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.അതിക്രമങ്ങളൊക്കെയും നിര്‍ദ്ദയമായി വിചാരണ ചെയ്യപ്പെടുകയും,തെറ്റുകാര്‍ തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെടുകയും വേണം.

കഞ്ചാവ് കച്ചവടം നടത്തിയ(അതും മര്‍ദനത്തിന് മതിയായ ഒരു കാരണമായി കരുതുന്നുമില്ല) വിദ്യാര്‍ത്ഥിക്ക് മുഖത്തൊരു പ്രഹരമേറ്റപ്പോഴും,മറ്റൊരു യുവാവിന് യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ വെച്ച് മര്‍ദ്ദനമേറ്റപ്പോഴും,ജില്ലാ ഹര്‍ത്താല്‍ നടത്തിയവര്‍, ദിവസങ്ങള്‍ നീണ്ട ഇഴകീറി മുറിച്ചുള്ള വിചാരണ നടത്തിയവരും തുടങ്ങി ജനാധിപത്യ-ആക്രമണ രഹിത ട്യൂഷന്‍ ക്ളാസുകള്‍ വരെ നടത്തിയ ആ മഹാനിരയില്‍ ഒരാള്‍ക്കും,ഒരു കൈ കൊണ്ട് പൊരുതി ജീവിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ആ കരമങ്ങു അറത്തു മാറ്റിയ ഗാന്ധി ശിഷ്യരുടെ സ്പോണ്‍സേര്‍ഡ് കൊട്ടെഷന്‍ ക്രൂരതയ്ക്ക് മുന്‍പില്‍ മാത്രം നാവിറങ്ങിയും,കണ്ണടഞ്ഞും പോയിട്ടുണ്ടെങ്കില്‍ ചുരുങ്ങിയ ഭാഷയില്‍ 'കഴുവേറിയുടെ മകനെ പോയി ഗുജറാത്തിനെ കുറിച്ച് പറ'യെന്നു ആക്രോശിച്ച പി.കെ.പാറക്കടവിന്റെ കഥാസന്ദര്‍ഭം തിരുത്തിയൊന്നു മാധ്യമങ്ങളോട് ' എം.ജി സര്‍വ്വകലാശാലയെ കുറിച്ച് പറ 'എന്ന് പറയേണ്ടതായി വരുന്നു.

പക്ഷെ നിങ്ങളുടെ ഓഡിറ്റിംഗ് നീതി ഞങ്ങള്‍ക്കും വേണമെന്നൊരു അപേക്ഷയും ഇല്ല,അതിനു മൂക്കില്‍ നിന്ന് വലിച്ചെടുത്തു തുപ്പി കളയുന്ന മലിനജലത്തിന്റെ വിലപോലും ഞങ്ങള്‍ കല്പിക്കുന്നുമില്ല.ഒരു കാലത്തും മുഖ്യധാരാ മാധ്യമങ്ങളുടെ പാലും,പഴവും കഴിച്ചിട്ടായിരുന്നില്ല എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളുടെ ഹൃദയപക്ഷമായത്. വ്യവസ്ഥിതിയോടും,പൊതുബോധത്തോടും കലഹിച്ചും കലാപം തീര്‍ത്തും തന്നെയാണ് 'നിഷേധി'കളുടെ മഹാനിരയായി എസ്.എഫ്.ഐ. വളര്‍ന്നതും,പന്തലിച്ചതും.പിന്നിട്ട വഴികളിലത്രയും ജീവനെടുക്കാനായി പാഞ്ഞു വന്ന കത്തിമുനകളില്‍ യൂത്ത് കോണ്‍ഗ്രസ്സും -കോണ്‍ഗ്രസ്സും മാത്രമായിരുന്നില്ല,ആര്‍.എസ്.എസ്-എന്‍.ഡി.എഫ്-മുസ്ളിം ലീഗ് . എന്ന കേട്ടുപഴകിയെതെന്നു തോന്നാവുന്ന സഖ്യത്തില്‍ മാത്രമായിയങ്ങ് ഒതുങ്ങുന്നുമില്ല.

ജീവനെടുത്തവരില്‍ ദളിത് പാന്തേഴ്സ് എന്ന കേട്ടുകാണാന്‍ ഒരോര്‍മ്മയും മാധ്യമ കോളങ്ങള്‍ പകുത്തു വെച്ചിട്ടില്ലാത്ത ഒരു സംഘം ഉണ്ട്,കൊന്നു തള്ളാന്‍ നേതൃത്വം ആയ പേരുകളില്‍ പി.ഡി.പിയും ഉണ്ടായിരുന്നു.കണ്‍സഷന്‍ അവകാശമാക്കാന്‍ ഇറങ്ങിയപ്പോള്‍ ബസ് ഡ്രൈവറും കൊലപ്പെടുത്തിയിട്ടുണ്ട് ഒരു ദേവപാലനെ.32 വിദ്യാര്‍ത്ഥികള്‍ കത്തിമുനയില്‍ ഇല്ലാതായിപ്പോഴും,മകനെ തേടിയെത്തി അച്ഛനെ തന്നെ കൊലപ്പെടിത്തിയപ്പോഴും,അതേ മാതൃക തിരികെ ഒരു വിദ്യാര്‍ത്ഥിയുടെയും നേര്‍ക്കു സ്വീകരിക്കാഞ്ഞപ്പോഴും ലഭിക്കാതിരുന്ന ഒരു മാധ്യമ പിന്തുണയും ഇനിയങ്ങോട്ടുംആഗ്രഹിക്കുന്നില്ല.

വിരല്‍ ചൂണ്ടുന്ന അഭിനവ ഗാന്ധി ശിഷ്യരുടെയും,ജോര്‍ജ് ഓര്‍വെല്‍ ആരാധകരുടെയും മാലാഖ രൂപമാര്‍ന്ന വെളുക്കെ ചിരികള്‍ക്കു നാളെയും മുന്‍പേജ് കോളങ്ങളും,സമയമാപിനിയിലെ പ്രൈം ഹവറുകളും മാറ്റി വെയ്ക്കുമെന്നതില്‍ ഒരു അതിശയോക്തിയുമില്ല.പക്ഷെ നിങ്ങള്‍ മറച്ചു പിടിക്കുമ്പോഴും ക്രൂരതയുടെ നേതൃത്വം,മാലാഖ ചിരികളില്‍ ഉള്ളിലൊളിപ്പിച്ച രാക്ഷസ ചിത്തര്‍ക്കു തന്നെയാണെന്നത് കാലം ഉച്ചസ്ഥൈരം വിളിച്ചറിയിച്ചു കൊണ്ടേയിരിക്കും.

ആശപുത്രി കിടക്കയിലെ അസ്വസ്ഥജനകമായ ചോദ്യം സമൂഹത്തിനു മുന്‍പിലേക്ക് കൂടി വെയ്ക്കുകയാണ് 'എങ്ങനെയാണ് ഇനിയൊന്നു പുസ്തകം നിവര്‍ത്തി പിടിച്ചു വായിക്കുക..!'


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top