29 March Friday

'കേരളത്തില്‍ ഇടതുപക്ഷ മുസ്ലിങ്ങള്‍ ഹിന്ദുസ്ത്രീയെ കൊല്ലുന്നു'; ഡിവൈഎഫ്ഐ തെരുവ് നാടകം വര്‍ഗീയ സംഘര്‍ഷമാക്കി ചിത്രീകരിച്ച് സി ന്യൂസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

ന്യൂഡല്‍ഹി > ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കാളികാവില്‍ ഡിവൈഎഫ്ഐ അവതരിപ്പിച്ച തെരുവ് നാടകത്തെ വര്‍ഗീയ സംഘര്‍ഷമാക്കി ചിത്രകരിച്ച് ദേശീയ മാധ്യമമായ സീന്യൂസ്.

എഴുത്തുകാരി ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ തെരുവ് നാടകത്തിന്റെ ദൃശ്യങ്ങള്‍ നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ളിങ്ങള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു എന്ന തലക്കെട്ടോടെയാണ് ചാനല്‍ പ്രചരിപ്പിച്ചത്. കാറില്‍നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇതാണ് സീന്യൂസ് വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിച്ച് വാര്‍ത്തയാക്കിയത്. നാടകത്തില്‍ അഭിനയിച്ച ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ സെക്രട്ടറി സിടി സകരിയ്യയുടേത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് വര്‍ഗീയ സംഘര്‍ഷമായി ചാനല്‍ കാണിച്ചത്. വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ വാര്‍ത്തയും വീഡിയോയുംസൈറ്റില്‍ നിന്നും സീ ന്യൂസ് പിന്‍വലിച്ചു. രണ്ടുലക്ഷത്തോളം ആളുകളാണ് ഈ വിഡിയോ കണ്ടിട്ടുള്ളത്.

വ്യാജവാര്‍ത്തയ്ക്കെതിരെ  എം ബി രാജേഷ് എം പി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി. ജന്മാഷ്ടമി ദിനത്തിലും കേരളത്തിനെതിരെ കൊടും നുണയുടെ വിഷം ചീറ്റുന്നു കോര്‍പ്പറേറ്റ് മാധ്യമമായ സീ ന്യൂസ് എത്തിയിരിക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇതോ മാധ്യമ പ്രവര്‍ത്തനം. കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ വാര്‍ത്ത മുക്കി. ഒരു മാപ്പുപോലും പറയാതെ.

ഇതേ സീ ന്യൂസ് തന്നെയാണ് ജെ.എന്‍.യു.വിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിര്‍മ്മിച്ചതും. ഈ നെറികേടിനു കൂട്ടുനില്‍ക്കാനാവില്ലെന്നു വ്യക്തമാക്കി സത്യം തുറന്നു പറഞ്ഞ വിശ്വദീപക് എന്ന മാധ്യമ പ്രവര്‍ത്തകന്‍ പടിയിറങ്ങിയതും ഇവിടെ നിന്ന് തന്നെയാണ്. എന്നിട്ടും ഒരു മാറ്റവുമില്ലാതെ വീണ്ടും അതുതന്നെ നടക്കുകയാണ് എംബി രാജേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top