26 April Friday

തുപ്പല്‍ പ്രയോഗം; മേജര്‍ രവിക്ക് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Sunday Mar 13, 2016

കൊച്ചി > അനുമതി ലഭിച്ചാല്‍ ഏഷ്യാനെറ്റ് ന്യൂസ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പുമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ 'പൊങ്കാല'.

വ്യക്തികള്‍ക്ക്പുറമെ ശ്രദ്ധേയരായ ട്രോള്‍ മലയാളം, ഐസിയു തുടങ്ങിയ ഫ്െയ്സ് ബുക്ക് പേജുകളില്‍ മേജര്‍ രവിക്കെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ്. സിനിമാ രംഗങ്ങളുമായി കോര്‍ത്തിണക്കി മേജര്‍ രവിയുടെ മുന്‍ പ്രസ്താനകള്‍ക്കുള്ള മറുപടിയായും 'തുപ്പല്‍' പ്രയോഗത്തെക്കുറിച്ചുമാണ് മിക്ക പോസ്റ്റുകളും.  വിക്കിപീഡിയയില്‍ മേജര്‍ രവിയുടെ പ്രൊഫൈലില്‍ 'തുപ്പല്‍ രവി' എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ പലരും എതിര്‍ത്തും അനുകൂലിച്ചും പ്രസ്താവനകളുമായി രംഗത്തെത്തി. മുഖപുസ്തകത്തില്‍ ആര്‍എസ്എസ് അനൂകൂലികളെന്നവകാശപ്പെട്ടെത്തിയ ചിലര്‍ മേജര്‍രവിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'ഒഴിവുദിവസത്തെ കളി' യുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, സംവിധായകന്‍ ആഷിക് അബു, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രവിയ്ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഒരു സിനിമാ ഷൂട്ടിങ് സൈറ്റില്‍ നടന്‍ ഉണ്ണിമുകുന്ദനെ അപമാനിച്ച് സംസാരിച്ചതിന് അദ്ദേഹം രവിയെ അടിച്ചതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ചിരിയുണര്‍ത്തുന്നതും ചിന്തിപ്പിക്കുന്നതുമാണ്.

'പെര്‍മിഷന്‍ കൊടുത്താല്‍ തുപ്പാമെന്നാണ് മേജര്‍ പറഞ്ഞത്. ആദ്യം പെര്‍മിഷന്‍ കൊടുക്കൂ, എന്നിട്ട് വിമര്‍ശിക്കൂ സഹോദരാ' എന്നാണ് സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'സിന്ധുവിന്റെ മുഖത്ത് തുപ്പാന്‍ മേജര്‍ രവി ചേട്ടനെ പ്രേരിപ്പിച്ച വീഡിയോ' എന്ന കുറിപ്പോടെ നിര്‍ദ്ദിഷ്ട ചാനല്‍ ചര്‍ച്ച തന്റെ ഫേസ്ബുക്ക് പേജില്‍ സിന്ധു സൂര്യകുമാറിനൊപ്പമെന്ന് ഹാഷ്ടാഗ് ചെയ്താണ് ആഷിക് അബു പ്രതികരിച്ചത്. തോക്കിന് 'തുപ്പാക്കി' എന്നും അര്‍ത്ഥമുണ്ടല്ലോയെന്നാണ് രവിയുടെ തുപ്പല്‍ പ്രയോഗത്തെ സൂചിപ്പിച്ചുകൊണ്ടാണ് മറ്റൊരാളുടെ കമന്റ്. 'താന്‍ 11 പേരെ കൊന്നിട്ടുണ്ട്' എന്ന മേജര്‍ രവിയുടെ പ്രസ്താവനയ്ക്ക് താഴെ 'തുപ്പിയായിരിക്കും' എന്നു പറഞ്ഞാണ് ഒരു ട്രോള്‍ മലയാളം ഇമേജ്. 'തേന്‍മാവിന്‍ കൊമ്പത്ത്' സിനിമയിലെ 'കാര്‍ത്തുമ്പി' എന്ന പേരും 'ടൈറ്റാനിക്' സിനിമയിലെ രംഗവും എല്ലാം ചിരിയുണര്‍ത്തുന്ന കമന്റുകളോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്്.

പരാമര്‍ശം വിവാദമായി ഏതാനും മണിക്കൂറുകള്‍ക്കകം വിക്കീപീഡിയയിലും മേജര്‍ രവിയുടെ പ്രൊഫൈല്‍പേജില്‍ തിരുത്തലുകള്‍ വന്നു. മേജര്‍ രവി കരസേനയില്‍ മേജര്‍ കുക്ക്’ ആണെന്നാണ് വിക്കിപീഡിയയിലെ വിവരം. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച സംഘത്തില്‍ പാചകസംഘത്തിന് നേതൃത്വം നല്‍കിയത് രവിയായിരുന്നുവെന്നും ഈ അവസരത്തില്‍ പതിനേഴ് തീവ്രവാദികളുടെ മുഖത്ത് തുപ്പാനുള്ള അവസരം ലഭിച്ചുവെന്നും സ്ത്രീകളുടെ മുഖത്ത് തുപ്പാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നും വിക്കിപീഡിയയില്‍ ആരോ എഡിറ്റ് ചെയ്ത് ചേര്‍ത്തു. സിന്ധു സൂര്യകുമാറിനെതിരെ പരാമര്‍ശം നടത്തിയതോടെ അദ്ദേഹത്തിന് 'തുപ്പല്‍ രവി'’എന്ന പേരും ലഭിച്ചിട്ടുണ്ടെന്നും ചേര്‍ത്തു. ഇതെല്ലാം പിന്നീട് നീക്കം ചെയ്തു.

അതിനിടെ സിന്ധു സൂര്യകുമാറിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഖേദമില്ലെന്നാണ് മേജര്‍ രവിയുടെ പ്രതികരണം. വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍  അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ താന്‍ പറഞ്ഞത് എന്തിന് കാര്യമാക്കണമെന്നാണ് രവിയുടെ ചോദ്യം. ഹിന്ദുത്വ ആദര്‍ശം നെഞ്ചേറ്റി സിനിമയെടുക്കുന്ന തനിക്ക് നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ആരെയും ഭയക്കാതെ ഇനി സിനിമയെടുക്കാമെന്ന പ്രസ്താവനയും വിവാദം സൃഷ്ടിച്ചിരുന്നു. 

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചില ട്രോളുകളും അഭിപ്രായങ്ങളും താഴെ കാണാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top