20 April Saturday

നിരോധനങ്ങളുടെ നാട്ടില്‍ പ്രതിരോധത്തിന്റെ പട പാട്ടുതിര്‍ക്കുന്നവരുടെ കയ്യിലുള്ളത് എസ്എഫ്ഐയുടെ വെള്ളപതാക തന്നെയാണ്: ജെയ്ക്ക് സി തോമസ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2017

നിരോധനങ്ങളുടെ നാട്ടില്‍ പ്രതിരോധത്തിന്റെ പട പാട്ടുതിര്‍ക്കുന്നവര്‍ക്ക് ഇന്ന് പ്രതീക്ഷ സഫ്ദറിന്റെയും സുധീഷിന്റെയും അരുണ നക്ഷത്രമടയാളം ചെയ്ത വെള്ളപാതക തന്നെയാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്് ജെയ്ക്ക് സി തോമസ്. ജെഎന്‍യുവിലും രോഹിത്വെമുലയുടെ ഹൈദ്രാബാദ് സെന്ററല്‍ യൂണിവേഴ്സിറ്റിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയും മതനിരപേക്ഷതയുടെ പ്രതീക്ഷാനിര്‍ഭരമായ സാന്നിദ്ധ്യമായി കാണുന്നത് നക്ഷത്രശോഭയാര്‍ന്ന ശുഭ്രപതാകയാണ്.

പതിറ്റാണ്ടിനു മുന്നേ സംഘപരിവാരം അധികാരമേറിയ സംസ്ഥാനമാണ് രാജസ്ഥാനിലെ 21 കലാലയങ്ങളില്‍ നിന്ന് ആര്‍എസ്.എസ് ന്റെ മതവര്‍ഗീയതയെ പുറത്താക്കുവാന്‍ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ അജയ്യമായി കയ്യിലേന്തിയ പതാക സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അരുണ നക്ഷത്രമടയാളം ചെയ്ത വെള്ളപാതക തന്നെയാണ് ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

നിരോധനങ്ങളുടെ കാലത്ത് ക്യാമ്പുസ്സകൾ പറയുന്നത് 'ഹല്ലാബോല്‍' എന്ന തലക്കെട്ടില്‍ നാടകമെഴുതി അവതരിപ്പിക്കവെ സഫ്ദര്‍ ഹാഷ്മി 'ഹല്ലാബോലി'നെ തര്‍ജിമചെയ്തത് റെയ്‌സ് യുവര്‍ വോയ്‌സ്നി,നിങ്ങള്‍ ശബ്ദമുയര്‍ത്തുക എന്നതായിരുന്നു. ഉയരുന്ന ശബ്ദം കടമയും ഉത്തരവാദിത്തവുമാകുന്ന ഇങ്ങനെയൊരു കാലം മുമ്പുണ്ടായിട്ടില്ല. നാവിന്റെ നിശ്ശബ്ദതയും നിലപാടിന്റെ നിഷ്പക്ഷതയും ഇത്രമേല്‍ കുറ്റകരമാകുന്ന പരിതസ്ഥിതിയും മുമ്പില്ല. നാസി ജര്‍മ്മനിയില്‍ നിന്നുള്ള യാത്രാമദ്ധ്യേ ആരാണ് ജര്‍മ്മന്‍ ഭരിക്കുന്നത് എന്ന ചോദ്യത്തിന് ഭയം എന്ന വാക്കുകൊണ്ട് മറുപടി തീര്‍ത്ത ബര്‍ത്തോള്‍ഡ് ബ്രഹത്തിനെ നമ്മൾ ആവേശത്തോടെ വായിക്കുന്നുണ്ട്.. നമുക്കുമുണ്ടായിരുന്നു,തെരുവിന്റെ അരങ്ങുകളില്‍ നാടകങ്ങള്‍കൊണ്ട് ഇന്ദ്രജാലങ്ങള്‍ തീര്‍ത്തൊരു ഇന്ത്യന്‍ ബ്രഹ്ത്. ഡി.യു വിലെ,സെന്‍സ്റ്റീഫന്‍സിലെ മിടുക്കനായ സാഹിത്യവിദ്യാര്‍ത്ഥി. തെരുവുനാടകങ്ങള്‍ കൊണ്ട് ജീവിതവിമോചനങ്ങളുടെ നൂറുപടപ്പാട്ടുകള്‍ രചിച്ച പ്രിയപ്പെട്ട സഫ്ദര്‍ഹാഷ്മി.

തെരുവുകള്‍ നിശ്ശബ്ദമാകാതിരിക്കാന്‍ പെയ്തിറങ്ങിയ സഫ്ദറിനെ പക്ഷേ, ഇരുമ്പുദണ്ടിന് അടിച്ചു കൊലപ്പെടുത്തിയത് കോണ്‍ഗ്രസായിരുന്നു. 1989 ന് ജനുവരി നാലിന് സഫ്ദര്‍ കൊല്ലപ്പെട്ട് 48 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജീവിത പങ്കാളി മാല്യ ശ്രീ ഹാഷ്മിയും സഫ്ദറിന്റെ സഹകലാകാരന്മാരും അടിയേറ്റുവീണ സഹിബാബാദിലേക്ക് തിരികെ എത്തി. മുറിഞ്ഞുപോയ വാക്കുകളും ഇടര്‍ച്ച വന്ന ശബ്ദങ്ങളും അണമുറിയാതെ പ്രവഹിക്കുകയും ആയുധങ്ങളെ തോല്‍പ്പിച്ചു കളയുകയും ചെയ്യുന്നതിന് അന്ന് ദില്ലി സാക്ഷിയായി. പാതിമുറിഞ്ഞ 'ഹല്ലാബോല്‍ ' പൂര്‍ണമായി അവതരിപ്പിച്ചു, അതെ തെരുവില്‍. തെരുവുകളിലെ രക്തം കാണാന്‍ വിളിച്ചു പറഞ്ഞ നെരൂദ വര്‍ദ്ധിച്ച പ്രഹരശേഷിയോടെ വീണ്ടും ഓര്‍മ്മിക്കപ്പെട്ട മറ്റൊരു ദിനം.

ഇഷ്ടിക കല്ലെടുത്തു വെയ്ക്കാൻ മാത്രം വലിപ്പമേറിയ ഗർത്തങ്ങൾ നിറഞ്ഞയൊരു ശരീരം,ഇങ്ങനെ ഒരു മനുഷ്യായുസ്സും കൊല്ലപെടുവാൻ പാടില്ലായെന്നു 'പോസ്റ്റ് മാർട്ടം ടേബിൾ'ൽ എഴുതി വെച്ചത് സ .കെ.വി.സുധീഷിന്റെ ശരീരംപരിശോധിച്ച ഡോ.ഷേർളി വാസു ആയിരുന്നു. ഇൻഡ്യയ്‌യുടെ കലാലയങ്ങൾ പ്രത്യാശയോടെ ഇന്ന് സഫ്ദറിന്റെയും,സുധീഷിന്റെയും പതാകയേന്തുകയാണ്. നിരോധനങ്ങളുടെ നാട്ടില്‍ പ്രതിരോധത്തിന്റെ പട പാട്ടുതിര്‍ക്കുന്നവര്‍ക്ക് ഇന്ന് പ്രതീക്ഷ സഫ്ദറിന്റെയും സുധീഷിന്റെയും പതാകയാണ്.

പണ്ഡിറ്റ് നെഹ്‌റുവിന്റെ സര്‍വകലാശാലയും രോഹിത്‌വെമുലയുടെ ഹൈദ്രാബാദ് സെന്ററല്‍ യൂണിവേഴ്‌സിറ്റിയും പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയും മതനിരപേക്ഷതയുടെ പ്രതീക്ഷാനിര്‍ഭരമായ സാന്നിദ്ധ്യമായി കാണുന്നത് നക്ഷത്രശോഭയാര്‍ന്ന ശുഭ്രപതാകയാണ്. പതിറ്റാണ്ടിനു മുന്നേ സംഘപരിവാരം അധികാരമേറിയ സംസ്ഥാനമാണ് രാജസ്ഥാൻ,മാധവ സദാശിവ ഗോൾവാൾക്കർ വിദ്യാർത്ഥികളെ കാത്തു സ്‌കൂൾ ലൈബ്രറികളിലെ നിര്ബന്ധ പാരായണ പുസ്തകമായിരിക്കുന്ന നാട്.ആദ്യമായി എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളേനത്തിനു രാജസ്ഥാനിലെ സിക്കർ(കാർഷിക പ്രക്ഷോഭം ഇരമ്പിയാർക്കുന്ന അതെ സിക്കർ തന്നെ..!) വേദിയായിട്ടു രണ്ടു വയസ്സ് തികയുന്നില്ല.ഇന്ന് 21 കലാലയങ്ങളിൽ നിന്ന് ആർ.എസ്.എസ് ന്റെ മതവർഗീയതയെ പുറത്താക്കുവാൻ രാജസ്ഥാനിലെ വിദ്യാർത്ഥികൾ അജയ്യമായി കയ്യിലേന്തിയ പതാക സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അരുണ നക്ഷത്രമടയാളം ചെയ്ത വെള്ളപാതക തന്നെയാണ്.

അടിയന്തരാവസ്ഥയെ വെല്ലുവിളിക്കുന്ന നിരോധനങ്ങളുടെ കാലമാണ്. മതവര്‍ഗീയത കുടിലതയാര്‍ന്ന ഫണം വിടര്‍ത്തുന്ന കാലം. രാജ്യം സാകൂതം അന്വേഷിക്കുന്ന രാഷ്ട്രീയശരി,വര്‍ഗീയതയ്‌ക്കെതിരെ വിരിയുന്ന സാര്‍ത്ഥകമായ രാഷ്ട്രീയപ്രതിരോധത്തിന്റേതാണ്. എസ്.എഫ്.ഐ ക്യാമ്പസുകളുടെയും, സമൂഹത്തിന്റെയും പ്രത്യാശാപൂരിതമായ ഉത്തരമായി മാറുന്നതും ഇവിടെത്തന്നെയാണ്. ഭക്ഷണം ലഭിക്കാതെ പൊലിഞ്ഞുപോയ മനുഷ്യായുസ്സുകളുടെ ദുരന്തത്തില്‍ അസ്വസ്ഥമായവര്‍ക്ക് ഇന്ന് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ നിര്‍ദ്ദയമായി വേട്ടയാടപ്പെട്ടതിന്റെ വാര്‍ത്തകള്‍ കേട്ടുനടുങ്ങേണ്ടി വരുന്ന കാലമാണ്. ഇന്ത്യൻ പാട്ടാളുദ്യോഗസ്ഥൻ ഡാനിഷ് അഖ്ലാഖിന്റെ പിതാവ് മഹ്മൂദ് അഖ്‌ലാകും,കന്നുകാലി കർഷകനായ പെഹ്‌ലുഖാനും,പെരുന്നാൾ ദിനത്തിലെ ജുനൈദും കൊല്ലപ്പെട്ടവർ മാത്രമാവാതെ അതിജീവനത്തിന്റെ പേരുകൾ കൂടിയായ കാലമാണ്. ഭക്ഷണത്തിന് നിരോധനവും,അതിനു മരണവാറണ്ട് ശിക്ഷയുമാകുന്ന കാലമിതാണ്. ചലച്ചിത്രകാരന്മാരും ചിത്രകാരന്മാരും എഴുത്തുകാരും നിലപാടുകള്‍ സ്വീകരിച്ച പത്രപ്രവര്‍ത്തകരും നിഷ്‌കാസിതരാക്കപ്പെട്ട കാലവും ഇതുതന്നെയാണ്.

ദീപാമേത്തയുടെ 'വാട്ടര്‍' ജലം പോലെ സത്യസന്ധമായ നേരിന്റെ നേര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുവാനുള്ള ശ്രമങ്ങളുടെ ചുരുക്കമായിരുന്നു. അമീര്‍ഖാന്റെ പി.കെയും കമലഹാസന്റെ വിശ്വരൂപവും തിരശീലയ്ക്കു തീകൊളുത്തിയും നിരോധനമാവാം എന്നുകാട്ടിയതിന്റെ നേരടയാളങ്ങള്‍, ഈ കാലത്തിന്റേതു മാത്രമായിരുന്നു. എം.എഫ്.ഹുസൈനും തസ്ലിമ നസ്രീനും പെരുമാള്‍ മുരുകനും വിഭിന്ന വര്‍ഗീയതയുടെ നിരോധനസ്വപ്നങ്ങളായ കാലവും മറ്റൊന്നായിരുന്നില്ല. ഇന്ന് നമ്മുക്ക് 'ലജ്ജ' ഒരു നോവലും 'സരസ്വതി' ഒരു ചിത്രവുമല്ലാതായി മാറിയിരിക്കുന്ന കാലവുമാണ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ കേസിലെ ആറാംപ്രതി ഇന്ന് 'വീര്‍'സവര്‍ക്കറും,പാർലമെന്റ് ചുവരിലെ രാജ്യസ്‌നേഹികളുടെ അപ്പോസലുമായിരിക്കുന്ന കാലവുമാണ്. ഭാരതത്തിന്റെ അഭിമാനമായ അമര്‍ത്യാസെന്‍ ഇത് ആദ്യമായി 'ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യ'യുടെ പേരില്‍ കാലത്തിന്റെ കരങ്ങള്‍ക്ക് മായ്ക്കാനാകാത്ത സ്വാഭാവികത എന്നപോല്‍ നിരോധിക്കപ്പെട്ട കാലവും ഇതു തന്നെയാണ്. 'നമുക്ക് ഈ നാലുകെട്ട് പൊളിച്ചു കളയണം. പകരം കാറ്റും വെളിച്ചവും ആവോളമെത്തുന്ന ചെറിയ കൂര പണിയണം' എന്നു പറഞ്ഞ നാലുകെട്ടിലെ 'അപ്പുണ്ണി'യെ സമ്മാനിച്ച എം.ടി യുടെ നാവിന് വിലങ്ങ് പ്രഖ്യാപിച്ച കാലവും മറ്റൊന്നല്ല.

ചലച്ചിത്രകാരൻ കമലിനെ കമാലുദീനാക്കി കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് നിരോധനവാറണ്ട് പുറപ്പെടുവിച്ച കാലവും നമ്മുടേതാണ്. ബസവേശ്വേര സ്മൃതികള്‍ പകര്‍ത്തിയ കല്‍ബുര്‍ഗി വൈസ്ചാന്‍സിലര്‍ കൂടിയായിരുന്നു. നമ്മുടെ സ്മൃതികളില്‍ ആദ്യമായി ഒരു വൈസ്ചാന്‍സിലര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന് രണ്ടാം വാർഷികം അനുസ്മരിച്ച ദിനവും നമ്മുടെ 2017 ാം മാണ്ടിലാണ്.

"If you are to suffer, you should suffer in the interest of the country."' ഹിരാക്കുഡ് ഡാമിന്റെ നിര്‍മാണവേളയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ജനതയോട് പണ്ഡിറ്റ് നെഹ്‌റു നടത്തിയ പൊള്ളയായ വാഗ്ദാനത്തെ ഓര്‍ത്തെടുത്തുകൊണ്ടാണ് അരുന്ധതി റോയിയുടെ ‘ദി ഗ്രെയ്റ്റർ കോമണ് ഗുഡ് ’ ആരംഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത് അവരുടെ നിർഭയ സത്യങ്ങളുടെ പുസ്തകത്തെ കത്തിച്ച് ചാമ്പലാക്കിക്കൊണ്ടായിരുന്നു. എന്നിരുന്നാലും നെഹ്‌റുവിനെതിരെ എഴുതിയ അരുന്ധതി റോയിയെ സ്പര്‍ശിക്കുവാന്‍ ഭയപ്പെട്ടിരുന്ന കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭയമായ സത്യങ്ങളെ പുല്‍കിയ ഗൗരിലങ്കേഷ്‌കറിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിയിരിക്കുന്നു കാലം. നിശ്ശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്ത് അവകാശം എന്ന ചോദ്യം ചൂട് പിടിപ്പിക്കേണ്ടതും അസ്വസ്ഥമാക്കേണ്ടതും സംശയരഹിതമായി ഈ കാലത്തെതന്നെയാണ്.

'നിങ്ങള്‍ക്കെന്നോട് യോജിക്കാനും വിയോജിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ എന്നോട് വിയോജിക്കാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി മരണം വരെയും പോരാടുമെന്നത് ജനാധിപത്യത്തിന്റെ എക്കാലത്തെയും ത്രസിപ്പിക്കുന്ന പ്രഖ്യാപനമാണ്. വിയോജിക്കാനുള്ള അവകാശമായ ജനാധിപത്യം സംഘപരിവാര്‍ കാലത്തും മരിച്ചിട്ടില്ല എന്ന് തെളിയിച്ചത് മറ്റാരേക്കാളും വിദ്യാര്‍ത്ഥികളായിരുന്നു. മറ്റെന്തിനെക്കാളും കലാലയങ്ങളായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിജീവനത്തിന്റെ ചരിത്രനാമങ്ങളില്‍ അതുകൊണ്ടു തന്നെ ജെ.എന്‍.യു ഉണ്ട്. എച്ച്.സിയുമുണ്ട്. നമ്മുടെ നാട്ടിലെ തൊടുപുഴ ഐ.എച്ച്.ആര്‍.ഡിയും തിരുവനന്തപുരം എം.ജി കോളേജുമുണ്ട്. എസ്.എഫ്.ഐ സംസ്ഥാനക്കമ്മിറ്റിക്കു നേരെ ആര്‍.എസ്.എസ് ബോംബെറിഞ്ഞത് മാസങ്ങള്‍ക്കു മുമ്പായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേരളത്തിന്റെ കലാലയങ്ങളില്‍ ആര്‍.എസ്.എസിന്റെ ഒരു വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകന്‍ പോലും ആക്രമിക്കപ്പെടാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത എസ്.എഫ്.ഐ സ്വീകരിച്ചിരുന്നു. പക്ഷേ, ഒരു മധുരമായ പ്രതികാരം തീര്‍ത്തുവച്ചു കലാലയയൂണിയന്‍ തെരഞ്ഞെടുപ്പില്‍. കേരളത്തില്‍ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കലാലയയൂണിയന്‍ അധികാരമുണ്ടായിരുന്ന കോളേജുകള്‍ മഞ്ചേശ്വരം ഗോവിന്ദപൈയും തിരുവനന്തപുരം എം.ജിയും ചങ്ങനാശ്ശേരി എന്‍.എസ്.എസും തൊടുപുഴ ഐ.എച്ച്.ആര്‍.ഡിയും കുന്നകുളം വിവേകാനന്ദയും കോന്നി എന്‍.എസ്.എസും മാത്രമായിരുന്നു.

എന്നാല്‍ പ്രിന്‍സിപ്പലിന് സംരക്ഷണം കൊടുക്കാന്‍ വേണ്ടി പോയ യു.ഡി.എഫ് കാലത്തെ സർക്കിൾ ഇസ്പെക്ടർ മോഹനചന്ദ്രന്‍ നായരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച എം.ജി.കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി വര്‍ഷയുടെ നേതൃത്വത്തില്‍ ഇന്ന് അനേകം വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസിന്റെ പ്രതിരോധിക്കാന്‍ അഭംഗുരം ഉയര്‍ത്തിപ്പിടിക്കുന്ന പതാക എസ്.എഫ്.ഐയുടേതാണ്. മതവര്‍ഗീയതയുടെ കാവി അധികാരം കയ്യാളിയ മഞ്ചേശ്വരം ഗോവിന്ദപൈയിലും തൊടുപുഴ ഐ.എച്ച്.ആര്‍.ഡിയിലും ചങ്ങനാശ്ശേരി എന്‍.എസ്.എസിലും കുന്നംകുളം വിവേകാനന്ദയിലും കോന്നി എന്‍.എസ്.എസിലും ഇപ്പോള്‍ പറക്കുന്നത് മതനിരപേക്ഷതയുടെ, മാനവികതയുടെ ശുഭ്രപതാകയാണ്. കേരളത്തിന്റെ കലാലയ രാഷ്ട്രീയ ചിത്രത്തില്‍ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടന തുടച്ചു നീക്കപ്പെട്ടകാലം സ്വാഭിമാനം ഇതേ 2017 തന്നെ ആണ്. ഭിന്നലിംഗക്കാർ ഇന്ത്യ ചരിത്രത്തിലാദ്യമായി മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാവുന്നതു കേരളത്തിലെ എസ്.എഫ്.ഐ യുടെ മെമ്പർഷിപ് ഫോറത്തിലൂടെ ആയിരുന്നതും ഇതേ കാലത്തു തന്നെയാണ്.ഇന്നിപ്പോൾ ദി ഗാർഡിയൻ കൊച്ചി മെട്രോയിൽ ഭിന്നലിംഗ വിഭാഗത്തിന് സംവരണം നൽകിയ ഇടതുപക്ഷ സർക്കാർ നടപടിയുടെ വാർത്ഥം എഴുതുമ്പോൾ സന്തോഷാശ്രുക്കളുടെ ആദ്യ വിളി എത്തിയത് എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കൂടിയായിരുന്നു. ഇന്ത്യയുടെ തന്നെ ആദ്യ കലാലയമായ കോട്ടയം സി.എം.എസ്സിൽ യൂണിയന്റെ നേതൃത്വ മായ ചെയർപേഴ്സൺ ചരിത്രത്തിലാദ്യമായി പെൺകുട്ടിയാണ്,ജനറൽ സെക്രട്ടറി പെൺകുട്ടിയാണ്,വൈസ് ചെയര്പേഴ്സണും,ആർട്സ് ക്ലബ് സെക്രട്ടറിയും പെൺകുട്ടിയാണ്.

സംവരണത്തിന്റെ ആനുകൂല്യമല്ല പെണ്കുട്ടികളാൽ സമ്പൂർണമായി നയിക്കുന്ന യൂണിയനാണ് ഇന്ന് ഭാരതത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ 200 വര്ഷം പൂർത്തിയാക്കുന്ന ആദ്യത്തെ കലാലയത്തിന്റെ വിദ്യാർത്ഥി ഭരണം. മഹാരഥന്മാരുടെ 'മഹാരാജാസി'ൽ ഇതാദ്യമായി വനിതാ കലാലയ യൂണിയന്റെ നേതൃനിരയായ കാലവും ഇതു തന്നെയാണ്.പെൺകുട്ടികൾ മാത്രമല്ല ഇവർ ഈ കാലത്തിന്റെ അനീതികളോട് സമരസപ്പെടാതെ സമരം ചെയുന്ന എസ്.എഫ്.ഐയുടെ ശബ്ദവും,മുഖവുമാണ്. കേരളം ഇന്ത്യക്ക് വെളിച്ചവും പ്രതീക്ഷാനിര്‍ഭരവുമായ സാന്നിദ്ധ്യവുമായി മാറുന്നത് ഇങ്ങനെയൊക്കെകൂടിയാണ്. ''തലയില്‍ വെളിച്ചം ചൂടിയ തലമുറകള്‍'' എന്ന് വൈലോപ്പിള്ളി ക്രാന്തദര്‍ശിത്വത്തോടു കൂടി പാടി എന്നു പറയാനാവുംവിധം കേരളത്തിന്റെ വിദ്യാര്‍ത്ഥി മനസൊന്നാകെ ചരിത്രപ്രസക്തമായ ഒരു സമരത്തിനിറങ്ങുന്നു. മതനിരപേക്ഷ കലാലയങ്ങള്‍ക്കായി,വിദ്യാര്‍ത്ഥിപക്ഷ വിദ്യാഭ്യാസനയത്തിനായി,കലാലയരാഷ്ട്രീയത്തിന്റെ നിയമനിര്‍മാണത്തിനായി മുദ്രാവാക്യമുയര്‍ത്തുകയാണ്. വര്‍ഗീയതയുടെ ഫണം വിടര്‍ത്തുന്ന കാലത്ത് കേരളത്തിലെ കലാലയങ്ങള്‍ മാനവികതയുടെ മതനിരപേക്ഷതയുടെ പുരോഗമനപരതയുടെ പതാകയേന്തിക്കൊണ്ട് മാര്‍ച്ച് ചെയ്യുകയാണ്. നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത ക്യാമ്പസ്. 'നിശ്ശബ്ദരാക്കപ്പെടും മനുഷ്യര്‍തന്‍ ശബ്ദങ്ങള്‍ എങ്ങുനിന്നൊക്കെയോ കേള്‍ക്കുന്നു നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം വന്നിടും നാമൊറ്റയ്ക്കല്ല നമ്മുടേതാണീഭൂമി' എന്ന് ഒ.എന്‍.വി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top