20 April Saturday

'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' ദിലീപിനെ ട്രോളി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍Updated: Wednesday Jul 12, 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതുമുതല്‍ ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങളടക്കമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴയാണ്.

ഉണ്ണിക്കുട്ടന് സെന്‍ട്രല്‍ ജയില്‍ സ്വന്തം തറവാടാണ്. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ഉടന്‍ കേസുണ്ടാക്കി തിരിച്ചെത്തും. 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' എന്ന ചിത്രത്തില്‍  ദിലീപ് അവതരിപ്പിച്ച കഥാപാത്രമാണ് ഉണ്ണിക്കുട്ടന്‍. ഇതടക്കമുള്ള ദിലീപ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴയാണ് ദിലീപിനെതിരെ.

ഒപ്പം, എത്ര പ്രമുഖനായാലും കുറ്റംചെയ്താല്‍ രക്ഷപ്പെടില്ല എന്ന് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള അഭിനന്ദനപ്രവാഹവും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ തിങ്കളാഴ്ച വൈകിട്ടുമുതല്‍ ട്രോളര്‍മാര്‍ക്ക് ചാകരക്കോളാണ്. അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഫെയ്സ്ബുക്ക് അക്കൌണ്ട് ദിലീപിന്റെ അറസ്റ്റോടെ അപ്രത്യക്ഷമായി.

കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമകള്‍ എന്ന തലക്കെട്ടില്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, കിങ്ലയര്‍ (രാജനുണയന്‍) എന്നീ ദിലീപ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഒരു ട്രോള്‍. അറസ്റ്റിലാകുന്നതിനുമുമ്പ് ദിലീപും കാവ്യയും ചേര്‍ന്ന് ക്ഷേത്രത്തിലെത്തി ശത്രുസംഹാര പൂജ നടത്തിയ വാര്‍ത്ത വന്നിരുന്നു. ഇതും 'കൊച്ചി രാജാവ്' എന്ന ചിത്രത്തില്‍ ദിലീപ് കഥാപാത്രത്തിന്റെ പേരില്‍ കാവ്യയുടെ കഥാപാത്രം നടത്തുന്ന ശത്രുസംഹാര പൂജയുടെ സീനും ചേര്‍ത്താണ് മറ്റൊരു ട്രോള്‍. ജ്യോതിഷത്തിലും നിമിത്തത്തിലും അതിയായ വിശ്വാസമുള്ള ദിലീപ് കഥാപത്രം സദാനന്ദനെയും (സദാനന്ദന്റെ സമയം) വെറുതെവിട്ടില്ല.

രണ്ടു സിനിമയില്‍ പട്ടാളക്കാരനായി അഭിനയിച്ച മോഹന്‍ലാലിന് കേണല്‍പദവി കിട്ടി. 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' എന്ന ഒറ്റചിത്രത്തിലൂടെ ജയില്‍ സ്വന്തമാക്കിയ ദിലീപിനെ സമ്മതിക്കണം എന്നത് മറ്റൊരു ട്രോള്‍. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തിയറ്റര്‍ ഉടമകളുടെ സംഘടന പിളര്‍ത്തി ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിച്ചിരുന്നു. ലിബര്‍ട്ടി ബഷീര്‍ സ്ഥിരമായി പോകുന്ന പള്ളിയില്‍ ഒന്നു പോകണം എന്ന് ആഗ്രഹിച്ച ട്രോളറുമുണ്ട്.

ദിലീപ് കഥാപാത്രങ്ങളും സംഭാഷണവും സിനിമകളും ട്രോളുകളില്‍ നിറയുന്നു. പിള്ളേച്ചാ മാധവനെ പൊക്കി, ചേക്കിലെ കള്ളനെ പൊലീസ് പിടിച്ചു, പെരുനുണയന്റെ പ്രണയകഥ, ജാങ്കോ.. നീ അറിഞ്ഞോ ഞാന്‍ പെട്ടു, മീശ മാധവന്‍, മര്യാദരാമന്‍ തുടങ്ങിയവയും ചിരിപടര്‍ത്തുന്നു. പുട്ടുകച്ചവടത്തില്‍ തുടങ്ങി ഗോതമ്പുണ്ടയില്‍ എത്തി എന്നാണ് 'ദേ പുട്ട്' എന്ന ദിലീപിന്റെ കടയുടെ പേരിലുള്ള പരസ്യചിത്രത്തിനൊപ്പം പ്രചരിക്കുന്നത്.

പഞ്ചാബി ഹൌസില്‍ വലയില്‍ കുടുങ്ങിയ ദിലീപിനെ വന്‍ സ്രാവായും ചന്തയില്‍പോയി സ്രാവിനെ ചൂണ്ടി ദിലീപിനെന്താ വില എന്ന് ചോദിക്കുന്നവരുമുണ്ട്. ദിലീപിനെ അനുകൂലിച്ച് രംഗത്തുവന്ന സലീംകുമാര്‍, അജു വര്‍ഗീസ് എന്നിവരെയും വെറുതെവിട്ടില്ല. ഉമ്മന്‍ ചാണ്ടിയാണ് കേരളം ഭരിച്ചിരുന്നതെങ്കില്‍ ദിലീപും കാവ്യയുംകൂടി ഇപ്പോള്‍ വിദേശത്ത് ഉല്ലാസജീവിതം നയിച്ചേനെ എന്ന പ്രതികരണവും ചിന്തകള്‍ക്ക് വഴിവയ്ക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top