27 April Saturday

ഇത് സൌഹൃദത്തിന്റെ വിഷയമല്ല, അവള്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു;അതിനാല്‍ അവള്‍ക്കൊപ്പംമാത്രം: ദീദി ദാമോദരന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2017

 ദിലീപും കാവ്യയും തന്റെ സുഹൃത്താണെന്നതോ കാവ്യയുടെ സഹോദരന്റെ കല്യാണത്തിന് താന്‍ പോയെന്നതോ അല്ല ഇപ്പോള്‍ വിഷയം. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ താന്‍ അവള്‍ക്കൊപ്പമാണെന്നും സിനിമാ-സാമൂഹ്യ പ്രവര്‍ത്തകയായ ദീദി ദാമോദരന്‍. കുറ്റാരോപിതര്‍ക്ക് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അത് കോടതിയില്‍ തെളിയിക്കാം.ഇരക്കൊപ്പം നില്‍ക്കുമ്പോള്‍ ഇരയേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പതിവ് രീതിക്ക് വിപരീതമായി ഒരുപാടുപേര്‍ ഇന്നവള്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്വാസമേകുന്നതായും ദീദി അവള്‍ക്കൊപ്പംമാത്രമെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

പോസ്റ്റ് ചുവടെ
അവള്‍ക്കൊപ്പംമാത്രം
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല ,ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജന്‍സിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാന്‍ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പോലീസും കോടതിയുമാണ്. എന്നാല്‍ പെണ്‍കുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകള്‍ ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ശേഷിയെയല്ല മറിച്ച് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണയെയാണ് കുറിക്കുന്നത്.

കാവ്യയുടെ സഹോദരന്റെ വിവാഹത്തിന് പള്‍സര്‍ സുനി പോയിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാല്‍ ഞാന്‍ പോയിട്ടുണ്ട്. എന്റെ അച്ഛന്‍ ഈ ലോകം വിട്ടു പോയപ്പോള്‍ കാവ്യയും കുടുംബവും വീട്ടിലെത്തി എന്നോടൊപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. കാവ്യ ഒരു പുസ്തകമെഴുതിയപ്പോള്‍ എന്നെയാണ് അതിന് അവതാരിക എഴുതാന്‍ ഏല്‍പിച്ചത്. ഞാനത് ചെയ്തിട്ടുണ്ട് . മാതൃഭൂമി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.

ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൌഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവള്‍ക്കൊപ്പം നില്‍ക്കാനേ കഴിയൂ. അതില്‍ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്. കുറ്റാരോപിതര്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും അത് കോടതിയില്‍ തെളിയിക്കട്ടെ എന്ന നിലപാടെടുക്കാനേ കഴിയൂ. ഇതുപോലെ ഇരക്കൊപ്പം നില്‍ക്കുമ്പോള്‍ ഇരയേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരേയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്റെ പതിവ് രീതിക്ക് വിപരീതമായി ഒരു പാട് പേര്‍ ഇന്നവള്‍ക്കൊപ്പം നില്‍ക്കുന്നത് ആശ്വാസമേകുന്നു. സ്വന്തം സ്ഥാപന മേധാവിയോട് കലഹിച്ചു കൊണ്ട് ജീവിതത്തില്‍ വലിയ വില കൊടുത്ത് ഒപ്പം നില്‍ക്കുന്ന മനീഷിനെപ്പോലുള്ളവര്‍ മാറുന്ന കാലത്തിന്റെ സൂചനയാണ്. അത് തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. അതെ , ഞാന്‍ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം മാത്രമാണ്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top