20 April Saturday

ജിയോ, യൂബര്‍, എസ്‌ബിഐ- അടിമകളെ ഉണ്ടാക്കുന്ന വിധം

വെബ് ഡെസ്‌ക്‌Updated: Friday May 12, 2017
എടിഎം ഉപയോഗത്തിന് പണം ഈടാക്കാനുള്ള എസ്‌ബിഐ നടപടിയും ജനകീയ പ്രതിഷേധവും എസ്‌ബിഐയുടെ വിശദീകരണവും ചര്‍ച്ചയായിക്കഴിഞ്ഞു. ഇത്തരം ഒരു സര്‍ക്കുലറുമായി എസ്‌ബിഐ രംഗത്തുവരുന്നതിന് മുന്‍മാതൃകകള്‍ ഏറെയാണ്.  ജനത്തെ തങ്ങള്‍ക്ക് ആവശ്യമായ നിലയിലേക്ക് മാറ്റിയെടുത്ത് അടിമകളാക്കുന്ന കൌശലത്തേക്കുറിച്ച് അമല്‍ ലാല്‍ എഴുതുന്നു.

മസോണ്‍ ഒരു തരം സര്‍വീസ് ചാര്‍ജും ഇല്ലാതെ കടയില്‍ കിട്ടുന്നതിനേക്കാള്‍ എത്രയോ വിലകുറച്ച് അതിവേഗം സാധനങ്ങള്‍ വീട്ടില്‍ തരാന്‍ തുടങ്ങിയ സുഖത്തിലാണ് ആമസോണിന്‍റെ സ്ഥിരം കസ്റ്റമറായത്. പുറത്തു മുന്നൂറു രൂപ വിലയുള്ള പുസ്തകം ആമസോണില്‍ നൂറ്റിയമ്പത് രൂപയ്ക്ക് കിട്ടിയതിന്‍റെ ലാഭസന്തോഷം കാണുന്നവരോടൊക്കെ പങ്കുവച്ചിട്ടുണ്ട്, രണ്ടു ദിവസം ഒരു പുസ്തകം വൈകിയതിനു നൂറുരൂപ ഗിഫ്റ്റ് ഗാര്‍ഡ് തന്ന ആമസോണ്‍ എന്ത് മണ്ടന്മാരാണ് എന്ന് കരുതിയിട്ടുണ്ട്

അമല്‍ ലാല്‍

അമല്‍ ലാല്‍

പതുക്കെയാണ് അവരാ കളിമാറ്റിയത്, ഡെലിവെറി ചാര്‍ജ് അമ്പതു രൂപ വേണമെന്ന് പറഞ്ഞത്. പിന്നീടങ്ങോട്ട് അമ്പതുരൂപയില്‍ കുറവുള്ള സാധാനം വാങ്ങിയാലും അമ്പതുരൂപ ഡെലിവറിയ്ക്ക് കൊടുക്കേണ്ടി വന്നത്. അവസാനം അവര് പറഞ്ഞു നിങ്ങളിങ്ങനെ കഷ്ടപ്പെടരുത് അഞ്ചൂറ് രൂപയ്ക്ക് ഒരു വര്‍ഷത്തെയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ ഫ്രീ ആയി സാധനം വീട്ടിലെത്തിയ്ക്കാം എന്ന്, ആദ്യകാലത്ത് ഫ്രീയായി തന്ന അതെ സേവനത്തിനു ഒരു കൊല്ലം അഞ്ഞൂറെന്ന വിലയിട്ട് മുന്നില്‍ വയ്ക്കുമ്പോഴും, ശരി ഞാന്‍ സമ്മതിച്ചിരിയ്ക്കുന്നു എന്ന് പറയേണ്ടുന്ന രീതിയിലേക്ക് ആമസോണ്‍ എന്നെ ഓണ്‍ലൈന്‍ ഉപഭോക്താവാക്കിമാറ്റിയിട്ടുണ്ട്. പുറത്തെ പുസ്തകക്കടയില്‍ അന്വേഷിച്ചു, തിരഞ്ഞു, മറ്റൊരുമനുഷ്യനോടു ചോദിച്ചു, വിലകൊടുത്തു പുസ്തകം വാങ്ങിയ്ക്കുന്ന ഒരു ശീലത്തെ പാടെ ആമസോണ്‍ ഇല്ലാതാക്കിയിരിക്കുന്നു എന്നും, വീട്ടിലെ കസേരയില്‍ ഇരുന്നു പുസ്തകം വാങ്ങിയ്ക്കാന്‍ അവരെന്ത് കണ്ടീഷന്‍ പറഞ്ഞാലും അംഗീകരിയ്ക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ഞാന്‍ എന്നുമുള്ള തിരിച്ചറിവായിരുന്നു അത്.

500 mb കൊണ്ട് ഒരു മാസം ജീവിച്ചവരെയാണ് ദിവസവും ഒരു ജിബിയെങ്കിലും വേണമെന്ന നിലയിലേക്ക് സൗജന്യം കൊടുത്ത് എത്തിച്ചത്, പിന്നെയാണ് സൗജന്യം മാറി മാസം മുന്നൂറെന്നാക്കിയത്. അങ്ങനെ തന്നെയാണ് ജനങ്ങളുടെ ശീലത്തെ മുഴുവനങ്ങു മാറ്റിയത്.

ഈ വെയിലത്ത്‌ ഓട്ടോറിക്ഷയില്‍ കുലുങ്ങി കുലുങ്ങി യാത്ര ചെയ്തു, അവരുടെ വായില്‍തോന്നിയ വിലയും കൊടുത്തതിനേക്കാള്‍ എത്രയോ ലാഭവും, സൗകര്യവും Uber ടാക്സിയല്ലേ എന്ന് തന്നെയാണ് അവര്‍ നമ്മളെക്കൊണ്ട് ചിന്തിപ്പിയ്ക്കുന്നത്. അതിനാണവര്‍ ഒരു ടാക്സിക്കാരനും തരാന്‍ കഴിയാത്ത വിലയിളവ് തരുന്നത്. ഇളവിനുമേല്‍ പിന്നയും ഓഫര്‍ തരുന്നത്, സുരക്ഷിതരായും, എ സിയില്‍ വെയില്കൊള്ളാതെയും പോകാമെന്ന് പറയുന്നത്. പതുക്കെ പതുക്കെ ടാക്സിക്കാരും, ഓട്ടോക്കാരും പൂട്ടിപോവുമ്പോഴാണ്, അല്ലെങ്കില്‍ Uber ഇല്ലാതെ പറ്റില്ലെന്ന നമ്മുടെ സുഖങ്ങളോടുള്ള അടിമബോധത്തില്‍ എത്തുമ്പോഴാണ് അവര്‍ വിലകൂട്ടുന്നത്, വിലകൂട്ടുകയാണ് എന്ന് തോന്നിയ്ക്ക പോലും ചെയ്യാതെ, അതിലും കുറഞ്ഞ കാശിനല്ലേ ഓട്ടോറിക്ഷയില്‍ പോയിരുന്നത് എന്ന ഓര്‍മ്മ പോലും ബാക്കിയാക്കാതെ അവര്‍ വിലകൂട്ടികൊണ്ടിരിക്കും

എ ടി എം ഇല്ലാത്ത, എ ടി എം ഉപയോഗിക്കനറിയാതിരുന്ന ജനങ്ങളാണ് നമ്മള്‍. ആവശ്യത്തിനുള്ള കാശൊക്കെ കയ്യില്‍ തന്നെ സൂക്ഷിച്ചു ജീവിച്ചിരുന്ന മനുഷ്യരാണ്. അവരെയാണ് എ ടി എം എന്ന സുഖസൗകര്യത്തിലേക്ക് നിര്‍ബന്ധിച്ചു കൊണ്ട് പോയത്, അവര്‍ക്കാണ് ഏത് നിമിഷവും പണം ലഭ്യമാക്കിയത്, ഓരോ മൂലയ്ക്കും എ ടി എം വന്നത്, നമുക്ക് എ ടി എം ഇല്ലാതെ ജീവിയ്ക്കാനെ കഴിയാതായത്. എസ് ബി ഐയുടെ മാത്രമല്ല ഇത് മുതലാളിത്തത്തിന്‍റെ പരീക്ഷണമാണ്, എത്രത്തോളം ജനങ്ങളുടെ ഭാഗത്ത്‌ നിന്നും റെസിസ്റ്റന്‍സുണ്ടാവുമെന്ന ഒരു ലിറ്റ്മസ് ടെസ്റ്റ്. ഒരു പക്ഷെ മോഡിഇടപെട്ട് ചാര്‍ജ് കുറച്ചെന്ന വാര്‍ത്തയിലേക്ക് ഈ സിറ്റുവേഷന്‍ താല്‍കാലികമായി നീങ്ങിയാലും, ഈ അവസ്ഥയും ആദ്യപ്രതികരണങ്ങള്‍ കഴിഞ്ഞാല്‍ പെട്രോള്‍വിലവര്‍ദ്ധനവ് പോലെ ഒരു കോളം വാര്‍ത്തപോലുമാവാത്ത സ്വാഭാവികമായ ഒന്നായി മാറുന്നത് കാണാം. ബാങ്കുകള്‍ സര്‍വീസ് ചാര്‍ജുകള്‍ കൂട്ടും, കസ്റ്റമറുടെ ഓരോവകാശങ്ങളും ഇല്ലാതാകും.

ഇതില്‍ വേറെയൊരു കളി കൂടി ഉണ്ടാവാന്‍ സാധ്യതയുണ്ട് . അങ്ങനെ ചാര്‍ജും ചാര്‍ജിനു മേലെ ചാര്‍ജുമായി എസ് ബി ഐ സാധാരണകസ്റ്റമറെ പുകച്ചു പുറത്താക്കുമ്പോഴാവും പേടീഎം അടക്കമുള്ള സൗകര്യ ബാങ്കുകള്‍ എല്ലാ സര്‍വീസും സൗജന്യമാണെന്ന് പറഞ്ഞു നമ്മളെ കാത്തു പുറത്തു നില്‍ക്കുന്നുണ്ടാവുക, ആ അങ്കലാപ്പിലാവും ആദ്യം കണ്ട സൗജന്യത്തിലേക്ക് നമ്മളോടുക . ആ ചിലന്തിവലയിലേക്കുള്ള വഴി തന്നെയാവണം എസ് ബി ഐയും മറ്റു പൊതുമേഖലാ ബാങ്കുകളും ഈ വെട്ടികൊണ്ടിരിയ്ക്കുന്നത്.

ജനങ്ങളാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിയ്ക്കുന്ന ജനാധിപത്യമാണെങ്കിലും അതിനപ്പുറം ഇതെല്ലാം നിയന്ത്രിയ്ക്കുന്ന മുതലാളിമാരുണ്ട്, എകണോമിക്സ് ഒരു കാലത്തും ജനങ്ങളുടെ തീരുമാനപ്രാകാരമായിരുന്നില്ല, എക്കണോമിക്സിന്‍റെ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയാറെയില്ല. സാമ്പത്തികമായി എന്ത് നയമാണ് നിങ്ങള്‍ സ്വീകരിയ്ക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് മാത്രം പ്രതിനിധികളെ അധികാരത്തില്‍ എത്തിയ്ക്കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി.

പുത്തന്‍സാമ്പത്തികനയങ്ങള്‍ക്ക് അനുസരിച്ച്, പൊള്ളയായ വികസന മോഡല്‍ മുന്നില്‍ വച്ച് അധികാരത്തില്‍ വന്ന ഒരു ഹിന്ദുത്വമുതലാളിത്ത ഭരണകൂടം നിങ്ങളോട് വേറെന്ത് ചെയ്യും എന്നാണു പ്രതീക്ഷിയ്ക്കുന്നത്.

അതെ നാളിതുവരെ നിലനിന്ന മനുഷ്യചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രം തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top