26 April Friday

"ഉള്ളില്‍ കാക്കിനിക്കര്‍, പുറത്ത് മൂവര്‍ണക്കൊടി; ബിജെപിയുടെ പ്രലോഭനത്തെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് പോലും സാധിക്കുന്നില്ല'

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

കൂറുമാറ്റി ഭരണം പിടിക്കാനുള്ള ബിജെപിയുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാക്കള്‍ക്കുപോലും സാധിക്കുന്നില്ലെന്ന് ടി എം തോമസ് ഐസക്. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ നിലപാട്. ഏതു നിസാരകാരണം പറഞ്ഞും ഇവര്‍ക്കു ബിജെപിയെ പുല്‍കാന്‍ കഴിയുന്നതിനു കാരണം, കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുമ്പോഴും പയറ്റിയത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടവുകള്‍ തന്നെ ആയിരുന്നതുകൊണ്ടാണെന്നും തോമസ് ഐസക് ഫെയ്‌‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫെയ്‌‌സ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഒരു നേതാവിന് ചെയ്യാന്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലത്രേ. ജ്യോതിരാദിത്യസിന്ധ്യയുടെ രാജിക്കത്തിലെ ഒരു ന്യായമാണ്. നോക്കൂ. സംഘ പരിവാറിന്റെ കിരാത ഭരണം രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ വെല്ലുവിളിക്കുമ്പോള്‍, സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം നട്ടംതിരിയുമ്പോള്‍, സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപിയെ കൈയൊഴിയുമ്പോള്‍, തനിക്ക് പാര്‍ടിയ്ക്കുള്ളില്‍ ചെയ്യാന്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലെന്ന് പരിതപിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് രായ്ക്കുരാമാനം ബിജെപിയിലേയ്ക്ക് കാലു മാറുന്നു.  കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അദ്ദേഹത്തിന് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യം സംരക്ഷിക്കാനാവില്ലത്രേ.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും താല്‍പര്യം അവിടെ നില്‍ക്കട്ടെ.  എന്താണ് ഇവരുടെ താല്‍പര്യം? ആ താല്‍പര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഇടമുണ്ടോ? അങ്ങനെയൊരു ആലോചനയുണ്ടെങ്കില്‍ ഇങ്ങനെയൊന്നുമാവില്ലല്ലോ സംഭവിക്കുക.

ഈ പ്രതിഭാസത്തിന്റെ രാഷ്ട്രീയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനങ്ങളോട് വിശദീകരിച്ചേ മതിയാകൂ. അധികാരത്തിനുവേണ്ടി കൂറുമാറി എന്ന ലളിതയുക്തിയുടെ മറ പിടിച്ച് ഒഴിഞ്ഞു മാറരുത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ആണ് അധികാരത്തില്‍. ജ്യോതിരാദിത്യസിന്ധ്യക്കൊപ്പം രാജിവെച്ചത് ആറു മന്ത്രിമാരാണ്. മന്ത്രിമാര്‍ രാജിവെച്ച് മറുകണ്ടം ചാടി പ്രതിപക്ഷത്തിരിക്കുന്ന പാര്‍ടിയുടെ മന്ത്രിസഭയുണ്ടാക്കി അതില്‍ അംഗങ്ങളാകുന്ന പ്രതിഭാസത്തെ, അധികാരത്തിനുവേണ്ടിയുള്ള കാലു മാറ്റം എന്ന് ലളിതമായി വിശദീകരിച്ച് തടിതപ്പാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാനാവില്ല.

ഇവര്‍ ബിജെപിയില്‍ ചേരുന്ന രാഷ്ട്രീയസാഹചര്യം ആലോചിക്കൂ. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ കാവിത്തിളക്കം അസ്തമയത്തിന്റെ അവസാനമണിക്കൂറുകളിലാണ്. 2018 മാര്‍ച്ചില്‍ 21 സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി ഇന്ന് പതിനാറ് സംസ്ഥാനങ്ങളിലേ ഭരണത്തിലുള്ളൂ. അതില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രധാന സംസ്ഥാനങ്ങളില്‍ മഹാഭൂരിപക്ഷവും അവരെ കൈവിട്ടു കഴിഞ്ഞു. മഹാരാഷ്ട്രയും മധ്യപ്രദേശും രാജസ്ഥാനുമൊന്നും ഇന്ന് ബിജെപിയല്ല ഭരിക്കുന്നത്. ആ പരമ്പരയില്‍ അവര്‍ക്കേറ്റ അവസാന പ്രഹരമായിരുന്നു ഝാര്‍ഖണ്ഡിലേത്. അങ്ങനെ മതനിരപേക്ഷ സമൂഹത്തിനാകെ പ്രത്യാശയുണര്‍ത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് മധ്യപ്രദേശില്‍ ജനവിധി അട്ടിമറിച്ച് ഒരു സംഘം ബിജെപിയിലേയ്ക്ക് കൂടു മാറുന്നത്. കര്‍ണാടകത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. എതിര്‍പക്ഷ എംഎല്‍എമാരെ കൂറു മാറ്റി ഭരണം പിടിക്കാന്‍ കോടാനുകോടികള്‍ ബിജെപി വാരിയെറിയുന്നുണ്ട്.

ആ പ്രലോഭനത്തെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന്റെ അത്യുന്നത നേതാക്കള്‍ക്കുപോലും സാധ്യമാകുന്നില്ല. പണത്തിന്റെയും സ്ഥാനമാനങ്ങളുടെയും പ്രലോഭനത്തിനു മീതേയാണ് ഇക്കൂട്ടരുടെ രാഷ്ട്രീയ നിലപാട്. ഏതു നിസാരകാരണം പറഞ്ഞും ഇവര്‍ക്കു ബിജെപിയെ പുല്‍കാന്‍ കഴിയുന്നതിനു കാരണം, കോണ്‍ഗ്രസിനുള്ളില്‍ നില്‍ക്കുമ്പോഴും പയറ്റിയത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടവുകള്‍ തന്നെ ആയിരുന്നതുകൊണ്ടാണ്. ഉള്ളിലിട്ടിരിക്കുന്ന കാക്കിനിക്കറിന്റെ മറയായിട്ടാണ് അവര്‍ പുറത്ത് മൂവര്‍ണക്കൊടി ഇത്രയും നാള്‍ പിടിച്ചു നടന്നത്. ഇത്തരക്കാര്‍ ഇനിയെത്രപേരുണ്ടെന്ന് കണ്ടെത്തി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിനു കഴിവുണ്ടോ? അങ്ങനെ ചോദിക്കുന്നതിലും അര്‍ത്ഥമില്ല.
ഈ പാര്‍ടിയ്ക്ക് നേതൃത്വമെന്നൊന്നുണ്ടോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top