29 March Friday

അതെ,ദളിത്‌ വിമോചനത്തിന്റെ പതാക ചുവപ്പ് തന്നെയാണ്... ജയ്‌ക് സി തോമസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 10, 2018

നവോത്ഥാനം ഇരമ്പിയാർത്ത സമരമുന്നേറ്റമായി ജ്വലിച്ച കേരളം, പെരിയോറുടെ കരുത്ത് നഷ്ടപ്പെട്ട തമിഴ്‌നാടിനും, ഭൂലെയുടെ സ്മരണപോലും കലാപമാവുന്ന മഹാരാഷ്ട്രയുമായി മാറാതെ സമരോത്സുകമതനിരപേക്ഷതയുടെ പ്രത്യാശയും പ്രതീക്ഷയുമായി  തുടരുന്നത് ഒരാക്ടിവിസ്റ്റ് കൂട്ടത്തിന്റെയും ബോധനിർമ്മിതിയിലല്ല. ഇന്ത്യൻ മതനിരപേക്ഷതയെ കൂട്ടിക്കൊടുത്ത ഒറ്റുകാരുടെ ചരിത്രത്തിലെ തിളക്കമാർന്ന നാമങ്ങളായി മാറിയ  കോൺഗ്രസിന്റെയോ ലീഗിന്റെയോ സാന്നിധ്യത്തിലല്ല. അത് അധ:സ്ഥിത ജനലക്ഷങ്ങളുടെ ജീവിതമുന്നേറ്റത്തിന്റെ പതാകയായി മാറിയ ചെമ്പതാകയുടെ കരുത്തിലും സംരക്ഷണയിലുമാണെന്ന് ജെ‌യ്ക് സി തോമസ് പറ‌യുന്നു.

പോസ്റ്റ് ചുവടെ

ഗീവർഗീസ് മോർ കൂറിലോസ് മുതൽ സണ്ണി .എം.കപിക്കാട് വരെയുള്ളവരോട്,
ദളിത് വിമോചനത്തിന്റെ രാഷ്ട്രീയ പതാകയുടെ നിറം നീലയുമല്ല,കാവിയും ത്രിവർണ്ണവുമല്ല അത് ചുവപ്പു തന്നെയാണ്.
 
കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ അതിസൂക്ഷ്മമായ ഇടതുപക്ഷ വിരുദ്ധ പ്രചരണങ്ങളുടെ സവിശേഷകരമായ ഒരു കാലയളവു കൂടിയാണിത്. വടയമ്പാടി മുതൽ ചിത്രകാരനായ അശാന്തൻ വരെയുള്ള സംഭവങ്ങൾക്കു സവർണബ്രാഹ്മണിക്കൽ മൂല്യബോധമാണ് പ്രതിയെങ്കിലും അതിന്റെ സമ്പൂർണമുഖമായ സംഘപരിവാരത്തെ നാവനക്കി പോലുമൊന്നു ഉലച്ചു നോവിക്കുവാൻ തയ്യാറാവാതെ ദളിത് രഹിത ഇടതുപക്ഷ നിർമ്മിതിക്കായുള്ള സാധ്യതകളുടെ വഴികൾ തേടുകയാണ് ആക്ടിവിസ്റ്റ് പ്രമുഖർ.

ഇടതുവിരുദ്ധ ജ്വരം ബാധിച്ച നിലപാടുകളെ  ആശയസംവാദം കൊണ്ടുപോലുമൊരു പോരിനു വിളിക്കാൻ അനുയായികൾ അനുവദിക്കാത്ത ആക്ടിവിസ്റ്റ് എഴുതിയ ലേഖനത്തിൽ 'കേരളത്തിലെ സംഘപരിവാര'മാണ് മാർക്‌സിയൻ പ്രസ്ഥാനം എന്നുവരെ കണ്ടെത്തി വച്ചിരിക്കുന്നു.യുക്തിപൂർവപരമായ ചിന്തകൾ അടയാളം ചെയ്ത നിലപാടുകൾ സ്വീകരിച്ച ബിഷപ്പാവട്ടെ മാർക്‌സിനെക്കാൾ ശരി അംബേദ്കറാണെന്നും അതിലേക്കു കേരളം മാറുമെന്നുവരെ പറഞ്ഞുകളഞ്ഞു.

ആയിരം വിയോജിപ്പുകളുണ്ടെങ്കിലും യോജിക്കുവാൻ കഴിയുന്ന മാനവികതയുടെ ഒരു അംശമെങ്കിലും ഉണ്ടെങ്കിൽ അവിടെ കരങ്ങൾ ചേർത്തണക്കണമെന്നത് മുമ്പേതൊരു കാലത്തിലും അധികം അനിവാര്യതയായി മാറുന്ന ഒരു ദശാസന്ധിയിലൂടെയാണ് നമ്മളൊക്കെയും കടന്നുപോകുന്നത്. പക്ഷേ, എന്തുകൊണ്ടാണ് അപഹാസ്യകരവും,അബദ്ധജഢിലമായ വാക്പ്രയോഗങ്ങൾ നിറച്ച് ദളിത്‌രഹിത ഇടതുപക്ഷബോധ നിർമ്മിതിക്കായുള്ള ശ്രമങ്ങൾ നടത്തപ്പെടുന്നത്..സമകാലികാവസ്ഥയിൽ ഇത്തരം ശ്രമങ്ങൾ ഏത് രാഷ്ട്രീയത്തെയാണ് സഹായിക്കുക..?

 കേരളത്തിന്റെ നവോത്ഥാനചരിത്രവായനയിൽ ആയിരത്തിതൊള്ളായിരമാണ്ടിന്റെ ആദ്യനാളുകളിൽ സവർണബ്രാഹ്മണ്യം കൊലപ്പെടുത്തിയ 17 വയസുകാരന്റെ കഥ പറയുന്നുണ്ട്. ഇന്നു പലർക്കും അവിശ്വസനീമായിരുന്നുവെന്ന് തോന്നിക്കുവാൻ പാകത്തിൽ 17 വയസുകാരന്റെ കൊലപാതകകാരണം 'ഉപ്പ്' എന്ന വാക്കുച്ഛരിച്ചതായിരുന്നു. പിന്നീട് വായിച്ചറിഞ്ഞ ചരിത്രത്തിൽ മഹാരാഷ്ട്രയിലെ ജ്യോതിഭാ ഫുലെയുടെ സത്യശോധകസമാജ പ്രവർത്തകർ വരെയെത്തിയ  പ്രക്ഷോഭസമരങ്ങൾക്ക് നമ്മുടെ സമൂഹം സാക്ഷിയായി. ജ്യോതിഭാ ഫൂലെയുടെ പത്‌നി സാവിത്രി ഫൂലെയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസം,വിലക്കപ്പെട്ട കനിയായിരുന്ന കാലത്ത് നടത്തിയ ഐതിഹാസികമായ പ്രവർത്തനങ്ങളുടെ ഒടുവിൽ ഒരു ജനതയാകെ  വിളിച്ച മുദ്രാവാക്യം 'നിങ്ങളുടെ വിദ്യാദേവതയായ സരസ്വതിയല്ല മറിച്ച് ഞങ്ങൾക്ക് അറിവക്ഷരങ്ങളുടെ ആദ്യകിരണങ്ങൾ പകർന്ന സാവിത്രിയാണ് ഞങ്ങളുടെ വിദ്യാദേവത' എന്നായിരുന്നു.ഫൂലെയുടെ, അംബേദ്കറുടെ മഹാരാഷ്ട്ര ഇന്ന് അധ:സ്ഥിതരുടെ ജീവനെടുക്കുന്നത് വിനോദമായി കാണുന്ന ഇടമാണ്. മണ്ണിന്റെ മക്കൾ വാദമുയർത്തിയ ശിവസേന പതിനായിരങ്ങളെ ആട്ടിയോടിക്കുകയും വേട്ടയാടുകയും ചെയ്ത മണ്ണായിരിക്കുന്നു മഹാരാഷ്ട്ര.

അശാന്തനോട് കാട്ടിയ മാപ്പർഹിക്കാത്ത ക്രൂരത ഓർമ്മിപ്പിച്ചത് ഇനിയും ദയാരഹിതമായി ആവർത്തിക്കേണ്ട വൈക്കംസത്യാഗ്രഹസമരത്തിലെ പെരിയോറുടെ വാക്കുകളാണ്. മനുഷ്യസാന്നിധ്യത്തിൽ അശുദ്ധി മണക്കുന്ന ദേവനാണെങ്കിൽ ആ കല്ല് കടവിൽവെച്ച് തുണി വെളുപ്പിക്കാൻ ഉപയോഗിക്കാം എന്ന് സത്യാഗ്രഹ സമരം ഇരമ്പിയാർത്ഥ മുന്നേറ്റമായപ്പോൾ പ്രഖ്യാപിച്ചത്  പെരിയോർ ആയിരുന്നു. ദർബാർഹാളിനു  മുൻപിൽ കേരളത്തിന്റെ മനുഷ്യമനസൊന്നാകെ സമരമിറങ്ങി. ഒരു മൃതദേഹസാന്നിധ്യത്തിൽ അശുദ്ധിയും അനിഷ്ഠവും അനുഭവിക്കുന്ന ദൈവങ്ങൾ അർത്ഥപൂർണമായ അനിവാര്യതയോടെ ആക്രമിക്കപ്പെടുകതന്നെ വേണം.മതിൽ കെട്ടിനപ്പുറമുള്ള മൃതദേഹത്തിന്റെ സാന്നിധ്യം അശുദ്ധമാക്കുന്ന  ദൈവങ്ങൾക്ക് വൈക്കം കായൽ പോലെ എറണാകുളം അറബിക്കടലും ഉചിതമാവുമെന്നു പറയേണ്ടതായി വരുന്നു.
 
പക്ഷേ, മഹാനായ പെരിയോറുടെ നാട്ടിലാണ് ഏറ്റവുമധികം ജാതി ദുരഭിമാനകൊലകൾ നടക്കുന്നത്. 22 വയസുകാരനായ ശങ്കരൻ എന്ന എഞ്ചിനിയീറിംഗ് വിദ്യാർഥി ജാതി മാറി വിവാഹം കഴിച്ചപ്പോൾ കൊലപ്പെടുത്തിയത് വധുവിന്റെ മാതാവും പിതാവും നേതൃത്വം നൽകിയ സംഘമാണ്.

ഇങ്ങനെ ജാതിയും,മതവും,ഭക്ഷണവും,കന്നുകാലിയും,മാധ്യമപ്രവർത്തനവും,ചലച്ചിത്രവും ബഹുസ്വരതകളുമൊക്കെ  മാനദണ്ഡങ്ങളായി അറുത്തുമാറ്റപ്പെട്ട ശിരസുകൾക്ക് അപവാദമായി കേരളം എങ്ങനെയാണ് തുടരുന്നത്.?
 ഭൂലെയുടെ മഹാരാഷ്ട്രയും പെരിയോറുടെ തമിഴ്‌നാടും ഇങ്ങനെ ജാതിദുരഭിമാനക്കൊലകളുടെ വിളനിലമായിട്ടും കേരളമെങ്ങനെ വ്യതിരിക്തമായി പ്രതിരോധിക്കുന്നു, ഏത് രാഷ്ട്രീയശക്തിയുടെ കരുത്തിൽ...?

ഇങ്ങനെ  തലകളറുത്തുമാറ്റുന്ന കാലത്തിലും തലമുടിയിൽ സൗന്ദര്യം കാണുന്നപോലെയാവുന്നു  ദളിത്‌രഹിത ഇടതുപക്ഷബോധനിർമിതിക്കായുള്ള ശ്രമങ്ങൾ. വടയമ്പാടി ഭൂമിപ്രശ്‌നത്തിൽ ഇടതുപക്ഷനിലപാട് ഭൂമിയുടെ പൊതു ഉടമസ്ഥത തന്നെയായിരിക്കേ മാർക്‌സിസ്റ്റുകാർ കേരളത്തിലെ ആർഎസ്എസ് ആണെന്ന അന്തസാരശൂന്യവും അറപ്പുളവാക്കുന്നതുമായ വാദഗതി ഏത് പരമപാണ്ഡിത്യത്തിന്റെ ലക്ഷണമാണ്.

വടയമ്പാടി പ്രശ്‌നത്തിൽ ഇടതുവിരുദ്ധപ്രചാരണത്തിന്റെ നൂറിലൊരംശത്തിൽ ആർഎസ്എസിന്റെ നിലപാട്തറയെന്ത് എന്ന രാഷ്ട്രീയചോദ്യമുയർത്താൻ എന്തുകൊണ്ട് ഒരു ആക്ടിവിസ്റ്റ് പ്രമുഖനും പ്രഖ്യാപിത ദളിത്‌വാദപണ്ഡിതർക്കും കഴി‌യുന്നില്ല..?

യഥാർത്ഥത്തിൽ വടയമ്പാടിയിലെ ആദ്യ സമരമുയർത്തിയ മുഴുവൻ ആളുകളും ആർജവത്തോടെ ചോദിക്കേണ്ടിയിരുന്നത് ഭൂപ്രശ്‌നത്തിലെ, ബി.ഡി.ജെ.എസ് ഉൾപ്പെടുന്ന,സി.കെ.ജാനു ഉൾപ്പെടുന്ന സംഘപരിവാർ സംഘടനയുടെ നയമായിരുന്നില്ലെ. രാജ്യത്തെമ്പാടുമുള്ള ആർ.എസ്.എസിന്റെ മനുഷ്യവിരുദ്ധവും ദളിത്‌വിരുദ്ധവുമായ സമീപനത്തെ ഒന്ന് സ്പർശിക്കുവാൻ പോലും തുനിയാതെ ദളിത്‌വിരുദ്ധ ഇടതുപ്രതിഛായ നിർമ്മിതി ഏത് രാഷ്ട്രീയ ദുർമേതസിന്  കൊഴുപ്പു പകരുമെന്നത് രാഷ്ട്രീയുക്തിക്ക് കാര്യമായ പരിക്കേൽപ്പിക്കാതെ മുഴുവൻ തലച്ചോറുകൾക്കും ചിന്തിക്കാൻ കഴിയും.

നവോത്ഥാനം ഇരമ്പിയാർത്ത സമരമുന്നേറ്റമായി ജ്വലിച്ച കേരളം, പെരിയോറുടെ കരുത്ത് നഷ്ടപ്പെട്ട തമിഴ്‌നാടിനും, ഭൂലെയുടെ സ്മരണപോലും കലാപമാവുന്ന മഹാരാഷ്ട്രയുമായി മാറാതെ സമരോത്സുകമതനിരപേക്ഷതയുടെ പ്രത്യാശയും പ്രതീക്ഷയുമായി  തുടരുന്നത് ഒരാക്ടിവിസ്റ്റ് കൂട്ടത്തിന്റെയും ബോധനിർമ്മിതിയിലല്ല. ഇന്ത്യൻ മതനിരപേക്ഷതയെ കൂട്ടിക്കൊടുത്ത ഒറ്റുകാരുടെ ചരിത്രത്തിലെ തിളക്കമാർന്ന നാമങ്ങളായി മാറിയ  കോൺഗ്രസിന്റെയോ ലീഗിന്റെയോ സാന്നിധ്യത്തിലല്ല. അത് അധ:സ്ഥിത ജനലക്ഷങ്ങളുടെ ജീവിതമുന്നേറ്റത്തിന്റെ പതാകയായി മാറിയ ചെമ്പതാകയുടെ കരുത്തിലും സംരക്ഷണയിലുമാണ്.

ഭൂമിയിലും വിദ്യാഭ്യാസത്തിലും കേരളത്തിൽ മാത്രം അത്ഭുതപൂർവമായി നടത്തപ്പെട്ട പരിവർത്തനത്തിൽ രാജ്യത്തെ ഇൻഡക്‌സിൽ കേരളത്തിലെ അധ:സ്ഥിതമായ മനുഷ്യന്റെ സ്ഥാനം കോൺഗ്രസ് ദീർഘകാലം ഭരിച്ച, ഇപ്പോൾ ആർ.എസ്.എസ് ഭരിക്കുന്ന ഹിമാചൽപ്രദേശിലെ സവർണബ്രാഹ്മണന്റെ ജീവിതനിലവാരത്തിനൊപ്പമാണ്.
ഇനിയും ഇടവേളകളില്ലാത്ത സമരസപ്പെടാത്ത ആയിരം ശ്രമങ്ങളിലൂടെയും സമരങ്ങളിലൂടെയും തന്നെയാണ്. പിന്നാമ്പുറത്തേക്ക് സാമൂഹ്യവ്യവസ്ഥകൾ ആട്ടിയോടിച്ച മനുഷ്യായുസുകൾക്ക് കരുത്ത് പകരുവാൻ കാലം ആവശ്യപ്പെടുന്നത്.

ഹരിജനങ്ങൾക്ക് പ്രവേശനമില്ലെന്ന് സ്വതന്ത്രഇന്ത്യയിൽ ബോർഡ് എഴുതി  പ്രദർശിപ്പിച്ച പാലിയം ക്ഷേത്രത്തിനു മുന്നിൽ സമരം ചെയ്തതും രക്തസാക്ഷിത്വം വരിച്ചതും ആ മനുഷ്യവിരുദ്ധ പ്രവേശനത്തിന്റെ നേർക്ക് നിറയൊഴിച്ചതും,കടപുഴക്കിയെറിഞ്ഞതും ആക്ടിവിസ്റ്റ് കൂട്ടങ്ങളോ ജാതിസാമൂഹ്യപ്രസ്ഥാനങ്ങളോ ആയിരുന്നില്ല. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ നേതൃത്വമായിരുന്നു,ജീവനൊടുക്കേണ്ടി വന്നത്  ബ്രാഞ്ച് സെക്രട്ടറി സ:എ.ജി.വേലായുധനായിരുന്നു. അധ:സ്ഥിതാവസ്ഥകളെ  ആട്ടിയോടിച്ച സ:ചാത്തുണ്ണി മാസ്റ്റർ കേരളത്തിന്റെ ആദ്യമന്ത്രി സഭയിലെത്തിയതും ലോക്‌സഭയിലെത്തിയ സ:പി.കെ.കുഞ്ഞച്ചനും തുടങ്ങി  പി.കെ.ബിജുവും വരെയുള്ളവർ ചുവപ്പൻ പതാകയുടെ തണലിൽ അധികാരമുഖങ്ങളെ വെല്ലുവിളിച്ചവരാണ്.

കാണ്ഡമാലിൽ  സംഘപരിവാരം മതവർഗീയ കലാപത്തിൽ ലക്ഷ്യമിട്ടതു ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയായിരുന്നു.വേട്ടയാടപ്പെട്ട ക്രിസ്ത്യൻ മതവിശ്വാസികൾക്കായി ചരിത്രത്തിലാദ്യമായി ഒറീസ്സയിലെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി ഓഫീസ് വിട്ടുനല്കിയതു സ്വത്വ സംഘർഷങ്ങളെ മനുഷ്യൻറെയാകെ വിമോചന സമരവുമായി കണ്ണി ചേർത്ത് വെയ്ക്കുന്ന വർഗ്ഗരാഷ്ട്രീയത്തിന്റെ തെളിമയാർന്ന രാഷ്ട്രീയപാഠമായിരുന്നു.
തലശേരി കലാപവേളയിൽ ആർ.എസ്.എസ് ലക്‌ഷ്യം വെച്ചത് മുസ്ലിം മത ന്യൂനപക്ഷ വിഭാഗങ്ങളെയായിരുന്നു.അഗ്നിക്കിരയാക്കപ്പെട്ട മുസ്ലിം പള്ളികളിലൂടെ പടർത്തിയ കലാപത്തിൽ, മുഴുവൻ പള്ളികൾക്കു മുൻപിലും ജീവതം കൊണ്ട് കാവിലിരുന്നതത്രയും  മാർക്സിസ്റ്റുകാരായിരുന്നു.ആയുധങ്ങൾക്ക് മുൻപിൽ ജീവനുഴിഞ്ഞു പള്ളി സംരക്ഷിച്ചപ്പോൾ ഹൈന്ദവ വിശ്വാസികളുടെ കുടുംബത്തിൽ ജനിച്ച സ.യു.കെ.കുഞ്ഞിരാമൻറെ ജീവെടുക്കാനും ആർ.എസ്.എസ് മറന്നിരുന്നില്ല .

കണ്ഠന്മാലിൽ ഒരു ക്രിസ്ത്യനാവുക എന്നതായിരുന്നു പ്രയാസകരം,തലശ്ശേരി കലാപ വേളയിലാവട്ടെ വേട്ടയാടപ്പെട്ടത് മുസ്ലിം സ്വത്വവുമായിരുന്നു.  ഇവിടങ്ങളിലൊക്കെ  സ്വത്വ സംഘർഷങ്ങളെ നേരിട്ടത് സ്വത്വാധിഷ്ടിമായി  തന്നെ  മനുഷ്യരെ സംഘടിപ്പിച്ചു കൊണ്ടായിരുന്നില്ല.
അങ്ങനെയായിരുന്നുവെങ്കിൽ പള്ളി സംരക്ഷച്ചതിന്റെ  പേരിൽ ഭഗവാൻറെ പേരുള്ള ഒരു മനുഷ്യൻ സംഘപരിവാർ ആക്രമണത്തിൽ രക്തസാക്ഷിയാവുകയില്ലായിരുന്നു,ഒറീസ്സയിലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് ആരാധനാലയമായി വിഭിന്ന മതവിശ്വാസികളുടെയും,മതരഹിതരുടെയും ജീവൽ പ്രസ്ഥാനമായ മാർക്സിയൻ ഓഫീസ് മാറില്ലായിരുന്നു.രാഷ്ട്രീയ സ്വയം സേവക സംഘ(ആർ.എസ്.എസ് )ത്തിനു ബദലും,പ്രതിരോധവും ഇസ്ലാമിക സേവാ സംഘം (ഐ.എസ്.എസ്) ആയിരുന്നില്ല പരിഹാരം എന്ന് ഒരുപക്ഷെ മഅദനി പോലും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്ന കാലമാണ്.

സ്വത്വ  സംഘർഷങ്ങളെ നേരിടേണ്ടത് മനുഷ്യരുടെ വിശാലമായ ഐക്യത്തെ മുൻനിർത്തി തന്നെയാവണം  എന്നതാണ് രാഷ്ട്രീയ ശരികൾ വിളിച്ചു പറയുന്നത്.അതുകൊണ്ടു തന്നെ നിശ്ചയമായും കേരളം പറയുകയും,സമരോത്സുകമായ തെളിയിക്കുകയും ചെയ്തു കൊണ്ടേയിരിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top