20 April Saturday

'നീലകുറുക്കന്‍ കൂവല്‍ മറക്കില്ല'; കൊലവിളി ശീലിച്ച ആര്‍എസ്എസിന് എന്ത് സമാധാന ജാഥ:എം വി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

എല്ലാവര്‍ക്കും ജീവിക്കണംഎന്നുപറഞ്ഞ് ബിജെപിയും ആര്‍എസ്എസും നടത്തുന്ന സമാധാന ജാഥയുടെ തനിനിറം പുറത്തു വന്നത് ജാഥയിലെ നീലകുറക്കന്‍മാര്‍ കൊലവിളി നടത്തിയപ്പോഴാണെന്ന് സിപിഐ എം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ  പ്രൈവറ്റ് സെക്രട്ടറിയുമായ എം വി ജയരാജന്‍. സമാധാന ജാഥയിലും കൊലവിളി നടത്തുന്നത് നീലചായത്തില്‍ വീണ് നിറംമാറിയാലും  കുറുക്കന് കൂവാതിരിക്കാന്‍ കഴിയാത്തപോലെയാണെന്ന് ബിജെപി ജാഥയും നീലക്കുറുക്കന്‍ നയവും എന്ന തലകെട്ടില്‍ ഫേസ്ബുക്കിലെഴുതിയ  പോസ്റ്റില്‍ എം വി ജയരാജന്‍  പറയുന്നു.സമാധാനം പറഞ്ഞ് അസമാധാനം സൃഷ്ടിക്കാനാണോ വംശഹത്യയുടെ നായകര്‍ ഈ മതനിരപേക്ഷ കേരളത്തിലെത്തിയതെന്നും എം വി ജയരാജന്‍ ചോദിക്കുന്നു.
പോസ്റ്റ് ചുവടെ

ബിജെപി ജാഥയും നീലക്കുറുക്കന്‍ നയവും
ബി.ജെ.പി ജാഥ തുടക്കത്തില്‍ത്തന്നെ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമത്തിനെതിരെ മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണം. എല്ലാവര്‍ക്കും ജീവിക്കണം എന്ന ബി.ജെ.പി ജാഥയുടെ മുദ്രാവാക്യം ജാഥയിലുള്ള ആ പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടിന് പോലും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സമാധാനത്തിന് വേണ്ടിയെന്ന് പറഞ്ഞ് നടത്തിയ ജാഥയിലാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറിക്കു നേരെ കൊലവിളി മുദ്രാവാക്യം ബി.ജെ.പി ഉയര്‍ത്തിയത്. ജാഥയില്‍ പങ്കെടുത്ത സാധാരണ പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ അത് തിരുത്തിക്കുന്നതിനാണ് നേതാക്കള്‍ക്ക് സാധിക്കേണ്ടത്. എന്നാല്‍ തെറ്റ് പ്രോത്സാഹിപ്പിക്കാനെന്നോണം തന്റെ ഫേസ്ബുക്ക് പേജില്‍ അതുള്‍ക്കൊള്ളിച്ച് കൊലവിളിക്കാര്‍ക്ക് പരസ്യമായി പിന്തുണനല്‍കുക യാണ് ബി.ജെ.പി നേതാവ് വി മുരളീധരന്‍ ചെയ്തത്.



എല്ലാവര്‍ക്കും ജീവിക്കണമെന്ന് പറഞ്ഞ് ജാഥ നടക്കുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് തിരുവനന്തപുരം ധനുവച്ചപുരത്ത് ഒരു വിദ്യാര്‍ത്ഥിയെ നഗ്നനാക്കി തല്ലിച്ചതച്ചത്. ഉത്തരേന്ത്യയില്‍ ദളിത് വിഭാഗത്തിനുനേരെ നടക്കുന്ന അതേ ആക്രമണരീതിയാണ് ധനുവച്ചപുരത്തും കണ്ടത്. ആര്‍.എസ്.എസ്സുകാര്‍ ഗൃഹനാഥനെ മര്‍ദ്ദിച്ച് തോട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയതും തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു അക്രമസംഭവമാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ നടന്ന ബിജെപി ആക്രമണവും ഇന്ന് വാര്‍ത്തയാണ്.

ബിജെപി ജാഥ ജില്ല വിട്ടതൊടെ കണ്ണൂരില്‍ വ്യാപകമായി ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ അക്രമണം അഴിച്ചുവിടുകയാണ്. ചൊക്ളിയിലും കക്കറയിലും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. സിപിഐ എം പാനൂര്‍ ഏരിയാ സമ്മേളനം നടക്കുന്ന പുത്തൂര്‍ ലോക്കലില്‍ വ്യാപക ആക്രമണം നടത്തി. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാകെ തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് (08.10.2017) പാനൂര്‍ കൈവേലിക്കലില്‍ സിപിഐ എം പ്രതിഷേധയോഗം തീരുമാനിച്ചത്. ഇന്ന് ഈ പരിപാടിക്കുനേരെയും ആര്‍എസ്എസ് ആക്രമണം നടത്തി. ബോംബാക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്നവിവരം. 5 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. ബിജെപി ജാഥ തുടങ്ങിയ കണ്ണൂരില്‍ തന്നെ അത് അമ്പേ പരാജയപ്പെട്ടതോടെ ജനശ്രദ്ധമാറ്റാനാണ് കൂട്ടക്കൊല ലക്ഷ്യമിട്ട് ബി.ജെ.പി നേതൃത്വത്തില്‍ സിപിഐ എം പ്രകടനത്തിനുനേരെ ബോംബാക്രമണം നടത്തിയതെന്ന് ന്യായമായും കരുതണം.

ഇത്തരം ഏകപക്ഷീയ കടന്നാക്രമണങ്ങളെ സിപിഐഎം-ബിജെപി സംഘര്‍ഷം എന്ന് വാര്‍ത്തനല്‍കി കുറ്റവാളികളെ സഹായിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നടത്തുന്ന ഏകപക്ഷീയ കടന്നാക്രമണങ്ങളെ സംഘര്‍ഷമാക്കിയും അക്രമങ്ങള്‍ക്കിരയാകേണ്ടിവന്ന സിപിഐ എമ്മിന്റെ പേര് ആദ്യംവച്ചും നിങ്ങള്‍ വസ്തുതയ്ക്ക് മറയിട്ട് വാര്‍ത്തനല്‍കുമ്പോള്‍ അത് അക്രമികള്‍ക്ക് സഹായകരമാകുന്നുണ്ട് എന്നത് തിരിച്ചറിയാന്‍ സാധിക്കണം. 'അവസാനിക്കാത്ത അക്രമണങ്ങളെ'ക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അറിഞ്ഞോ അറിയാതെയോ 'അവസാനിക്കാത്തതിന്റെ' ഒരുപങ്ക് തങ്ങള്‍ വഹിക്കുന്നുണ്ടെന്നത് ഇത്തരം മാധ്യമപ്രവര്‍ത്തകരും തിരിച്ചറിയണം. ആര് കടന്നാക്രമണം നടത്തിയാലും വസ്തുത ജനങ്ങളിലെത്തിക്കാനാണ് മാധ്യമങ്ങള്‍ക്ക് സാധിക്കേണ്ടത്.

'എല്ലാവര്‍ക്കും ജീവിക്കണം' എന്നുപറഞ്ഞ് സംസ്ഥാനത്തും ദേശീയതലത്തിലും പ്രചരണം നടത്തുന്ന ബിജെപി നേതൃത്വം ഈ ആക്രമകാരികളെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറുണ്ടോ..? സമാധാന മുദ്രാവാക്യം വെച്ച് നടത്തിയ ജാഥയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ചവരേയും അതിനെ പ്രോത്സാഹിപ്പിച്ച വി. മുരളീധരനേയും ബി.ജെ.പി ജാഥയുടെ മുദ്രാവാക്യം പോലും ഉള്‍ക്കൊള്ളാത്തതിന് പുറത്താക്കുമോ..? അതോ സമാധാനം പറഞ്ഞ് അസമാധാനം സൃഷ്ടിക്കാനാണോ വംശഹത്യയുടെ നായകര്‍ ഈ മതനിരപേക്ഷ കേരളത്തിലെത്തിയത്..!?. എല്ലാവര്‍ക്കും ജീവിക്കണമെന്ന് പറഞ്ഞ് അക്രമം വ്യാപകമാക്കുന്ന ബി.ജെ.പിയുടെ ഈ നീലക്കുറുക്കന്‍ നയത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ് മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പി ജാഥയെ തുടക്കത്തില്‍ ത്തന്നെ കയ്യൊഴിഞ്ഞതെന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനെങ്കിലും ബിജെപി നേതൃത്വം തയ്യാറാകുമോ..?
- എം.വി ജയരാജന്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top